പനാജി∙ ഗോവയില്‍ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി മനോഹര്‍ പരീക്കറുമായി കൂടിക്കാഴ്ച നടത്തി. 'ഇന്നു രാവിലെ മുഖ്യമന്ത്രി മനോഹന്‍ പരീക്കറെ സന്ദര്‍ശിച്ചു. അദ്ദേഹത്തിന് എത്രയും പെട്ടെന്ന് രോഗശാന്തിയുണ്ടാകട്ടെ എന്ന് ആശംസിച്ചു. വ്യക്തിപരമായ സന്ദര്‍ശനമായിരുന്നു''- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. സോണിയാ ഗാന്ധിക്കൊപ്പമാണ് രാഹുല്‍ അവധിയാഘോഷിക്കാന്‍ ഗോവയിലെത്തിയിരിക്കുന്നത്.
റഫാല്‍ രഹസ്യങ്ങളാണ് ഗോവ മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിക്കു മേല്‍ അധികാരം നല്‍കുന്നതെന്നു രാഹുല്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. പരീക്കറുടെ പക്കല്‍ റഫാല്‍ രഹസ്യ ഫയലുകളുള്ളതിനാല്‍ നേതൃത്വത്തിനു മേല്‍ അധീശത്വമുണ്ടെന്ന തരത്തില്‍ പുറത്തുവന്ന ശബ്ദരേഖയെക്കുറിച്ച് അന്വേഷിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. റഫാല്‍ ശബ്ദരേഖ പുറത്തുവന്നിട്ട് 30 ദിവസമായി. ഇതുവരെ എഫ്‌ഐആര്‍ ഇടുകയോ അന്വേഷണത്തിന് ഉത്തരവിടുകയോ ചെയ്തിട്ടില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
റഫാല്‍ വിഷയത്തെക്കുറിച്ച് രാഹുല്‍, പരീക്കറുമായി സംസാരിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. അടുത്ത മാസം രാഹുല്‍ വീണ്ടും ഗോവയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുമെന്നും കോണ്‍ഗ്രസ് എംഎല്‍എ ചന്ദ്രകാന്ത് കവ്‌ലേക്കര്‍ പറഞ്ഞു.