തിരുവനന്തപുരം∙ നഗരമധ്യത്തില്‍ പൊലീസുകാരെ ആക്രമിച്ച കേസ് സിപിഎമ്മിന്റെ രാഷ്ട്രീയ സമ്മര്‍ദത്തിനു വഴങ്ങി മരവിപ്പിക്കുന്നു. എസ്എഫ്ഐ ജില്ലാ നേതാവിനെ രക്ഷിക്കാനാണു നീക്കം. ആക്രമണം നടന്ന് ഒന്നരമാസം കഴിഞ്ഞിട്ടും എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം നസീമിനെ പിടിച്ചില്ല. ഒളിവിലെന്നു പൊലീസ് പറയുമ്പോഴും നസീം പല തവണ നഗരത്തില്‍ വന്നുപോയെന്നു രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടു നല്‍കിയിട്ടുണ്ട്.
ഡിസംബര്‍ 12നാണ് എസ്എഫ്ഐക്കാര്‍ പൊലീസുകാരെ നടുറോഡില്‍ വളഞ്ഞിട്ട് അടിച്ചത്. എസ്എഫ്ഐ നേതാക്കളുടെ ട്രാഫിക് നിയമലംഘനം തടഞ്ഞതിലുള്ള വൈരാഗ്യത്തിലായിരുന്നു യൂണിവേഴ്സിറ്റി കോളജില്‍നിന്നു കൂടുതല്‍പേരെ വിളിച്ചു വരുത്തിയുള്ള ആക്രമണം. പൊലീസുകാരെ തല്ലിയ കേസായിട്ടു കൂടി ആദ്യഘട്ടത്തില്‍ നാലുപേരെ പിടിച്ചതല്ലാതെ പിന്നീട് അന്വേഷണം മുന്നോട്ട് പോയില്ല. എസ്എഫ്ഐ ജില്ലാ നേതാവായ നസീമാണു മുഖ്യപ്രതിയെന്നു കണ്ടെത്തിയിട്ടും ഒളിവിലെന്ന പേരില്‍ സുരക്ഷ ഒരുക്കുകയാണ്.
കേസിന്റെ ആദ്യഘട്ടത്തില്‍ സിപിഎമ്മിന്റെ സമ്മര്‍ദത്തിനു വഴങ്ങി അന്വേഷണം അട്ടിമറിക്കുന്നതായി സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇപ്പോള്‍ പാര്‍ട്ടി ഓഫിസ് റെയ്ഡിന്റെ പേരില്‍ എസ്പി ചൈത്രക്കെതിരെ നടപടി ആവശ്യപ്പെടുന്ന അതേ നേതാക്കളുടെ സമ്മര്‍ദം ഈ കേസിലും തുടരുന്നതാണു നസീമിനെ രക്ഷിക്കാന്‍ കാരണം.
അന്വേഷണം അട്ടിമറിക്കുന്നതിന്റെ ഭാഗമായി തുടര്‍ അന്വേഷണം ആവശ്യപ്പെട്ടു പരുക്കേറ്റ പൊലീസുകാരന്റെ മാതാപിതാക്കള്‍ നല്‍കിയ പരാതി പൂഴ്ത്തുകയും ചെയ്തു. നസീം ഒളിവിലെന്നു പറയുന്ന പൊലീസ് കണ്ടെത്താനായി ഒരു ലുക്കൗട്ട് സര്‍ക്കുലര്‍ പോലും ഇറക്കിയുമില്ല. നസീം അടക്കം അവശേഷിക്കുന്ന പ്രതികളെ കണ്ടെത്തിയില്ലെന്നു കാണിച്ചു കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനും അതുവഴി ശിക്ഷ ഒഴിവാക്കാനുമാണു പൊലീസിന്റ നീക്കം. തലസ്ഥാനത്തെ പൊലീസിനെ സിപിഎം നിയന്ത്രിക്കുന്നുവെന്ന ആക്ഷേപം ശരിവയ്ക്കുന്നതാണു നസീമിനെ രക്ഷിക്കാനും ചൈത്രയെ ശിക്ഷിക്കാനുമെല്ലാമുള്ള സമ്മര്‍ദങ്ങള്‍.