കാലങ്ങൾക്കു ശേഷം കൂടിക്കാഴ്ച, കൊലപാതകം; സുഹൃത്തിനെ കുടുക്കി മുൻ കാമുകി

ന്യൂയോർക്ക് ∙ കാലങ്ങൾക്കുശേഷം സ്കൂൾ സഹപാഠിയെ കണ്ടുമുട്ടിയതിന്റെ സന്തോഷം കൊലപാതകത്തിലേക്ക് എത്തിയതിന്റെ നിഗൂഢത തേടുകയാണു ന്യൂയോർക്ക് പൊലീസ്. പ്രണയത്തെയും പെൺസുഹൃത്തിനെയും ചൊല്ലിയുള്ള വഴക്കാണു കാലങ്ങൾക്കു ശേഷമുള്ള അപ്രതീക്ഷിത സമാഗമം അക്രമത്തിലേക്കു നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.

ന്യൂയോർക്കിലെ സ്വയംഭരണ പ്രദേശമായ സ്റ്റാറ്റൻ ഐലൻഡിലാണു അധികൃതരെ ഞെട്ടിച്ച സംഭവമുണ്ടായത്. മൈക്കി എന്നു വിളിപ്പേരുള്ള മൈക്കൽ സ്റ്റുവർട്ടും സ്കൂൾ സുഹൃത്ത് എയ്ഞ്ചലോ നെസിമിയുമാണു കഥാപാത്രങ്ങൾ. കഴിഞ്ഞ ഡിസംബർ 20ന് രാത്രിയിൽ ഐറിഷ് പബ്ബിലെത്തിയതായിരുന്നു മൈക്കൽ സ്റ്റുവർട്ട്. അവിടെനിന്നും പുറത്തിറങ്ങിയപ്പോഴാണു ഹൈസ്കൂൾ കാലത്തെ സുഹൃത്ത് എയ്ഞ്ചലോ നെസിമിയെ കണ്ടുമുട്ടിയത്.

ഒരു ബാർബർഷോപ്പിനു സമീപത്തായിരുന്നു ഇരുവരും കണ്ടുമുട്ടിയതെന്നു സിസിടിവി ദൃശ്യങ്ങളിൽ വ്യക്തം. ഏറെക്കാലത്തിനുശേഷമുള്ള സമാഗമമായതിന്റെ ത്രില്ലിലായിരുന്നു മൈക്കി. നെസിമിയുടെ കയ്യിലടിച്ചു കെട്ടിപ്പിടിച്ചാണു മൈക്കി സന്തോഷം പങ്കിട്ടത്. സുഹൃത്തുക്കളുടെ കൂടിക്കാഴ്ചയിലെ പതിവുപ്രകടനങ്ങൾ അവിടെ അരങ്ങേറി. ഇരുവരും 86 മാഡ അവന്യൂവിലെ അപ്പാർട്മെന്റിലേക്കു പോയി.

കാര്യങ്ങൾ മാറിമറിഞ്ഞതു പിറ്റേന്നായപ്പോഴാണ്. മൈക്കൽ സ്റ്റുവർട്ട് കൊല്ലപ്പെട്ടു ! കൊലപാതകത്തിന്റെ തെളിവുകളെല്ലാം ഒന്നൊന്നായി 33കാരനായ നെസിമി ഒളിപ്പിച്ചു. സ്റ്റുവർട്ടിന്റെ മൃതദേഹം തന്റെ അപ്പാർട്ടുമെന്റിൽനിന്നു മാറ്റി. സഹഉടമ വില്യം ഫോർമികയുടെ (58) സഹായവും നെസിമിക്കു ലഭിച്ചു. മൈക്കൽ സ്റ്റുവർട്ടിന്റെ കൊലപാതകം ചുരുളഴിഞ്ഞതു കഴിഞ്ഞ ദിവസങ്ങളിലാണ്.

സ്റ്റുവർട്ടിനെ കാണാനില്ലെന്നായിരുന്നു ആദ്യ പരാതി. ഡിസംബർ 21ന് പുലർച്ചെ മാതാവിനു സ്റ്റുവർട്ട് മൊബൈൽ സന്ദേശം അയച്ചശേഷമായിരുന്നു കാണാതകൽ. പൊലീസ് അന്വേഷണം തുടങ്ങി. അഞ്ചാഴ്ചയായുള്ള അന്വേഷണത്തിലാണു സിസിടിവി ദൃശ്യങ്ങൾ പിടിച്ചെടുത്തത്. സ്റ്റുവർട്ടിന്റെ കാണാതാകലിൽ നെസിമിക്കു പങ്കുണ്ടെന്ന സംശയമുയർന്നു.‌

നെസിമിയെ ചോദ്യം ചെയ്തപ്പോൾ മൊഴിയിലെ വൈരുധ്യം പൊലീസ് ശ്രദ്ധിച്ചു. അങ്ങനെ കാണാതാകൽ പരാതി കൊലപാതക കേസിലേക്കു വഴി മാറി. സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം സ്റ്റുവർട്ടിന്റെ മൃതദേഹത്തിനായി പരിശോധന നടത്തി. ന്യൂജഴ്സി മുതൽ പെൻസിൽവാനിയ വരെയുള്ള സ്ഥലങ്ങളിലെ മാലിന്യശേഖര സ്ഥലങ്ങളിലും ഒഴിഞ്ഞ പറമ്പുകളിലെല്ലാം പരിശോധന നടന്നു. പക്ഷേ മൃതദേഹം വീണ്ടെടുക്കാനായില്ല.

മൃതദേഹം വീണ്ടെടുക്കാതെ കൊലക്കുറ്റം ചുമത്താറില്ലെന്ന കീഴ്‍വഴക്കം ലംഘിക്കുകയെന്ന അപൂർവത ഈ സംഭവത്തിലുണ്ടായി. നെസിമിക്കെതിരെ ‘ആസൂത്രിതമല്ലാത്ത നരഹത്യയ്ക്ക്’ കേസെടുത്തു. നെസിമിയെ വിശ്വസിക്കാനാവില്ലെന്ന തരത്തിൽ മുൻ പെൺസുഹൃത്തിന്റെ മൊഴിയാണു പൊലീസിനു തുണയായത്. എന്നാൽ ഈ മൊഴി വൈരാഗ്യത്തിൽ നിന്നുണ്ടായതെന്നാണു നെസിമിയുടെ അഭിഭാഷകൻ പറയുന്നത്.

കൊലയ്ക്കുശേഷമുള്ള ആഴ്ചകളിൽ വില്യം ഫോർമികയുടെ സഹായത്തോടെ അപ്പാർട്മെന്റിലെ റഫ്രിജറേറ്റർ, കാർപറ്റ്, കിടക്കകൾ, സിങ്കുകൾ, കണ്ണാടികൾ, തൂവാലകൾ തുടങ്ങിയ വസ്തുക്കൾ നശിപ്പിക്കാനാണു നെസിമി സമയം ചെലവിട്ടത്. ഫോർമികയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു സ്ഥലത്താണ് ഇവയെല്ലാം ഉപേക്ഷിച്ചത്. ഇവയിൽനിന്നും കൊല്ലപ്പെട്ട സ്റ്റുവർട്ടിന്റെ ഡിഎൻഎ സാംപിൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

രണ്ടു മക്കളുടെ പിതാവാണ് സ്റ്റുവർട്ട്. കേസ് വിചാരണയ്ക്കായി സ്റ്റുവർട്ടിന്റെ അമ്മയും ഭാര്യയും കോടതിയിലെത്തി. ‘അദ്ദേഹം നല്ലൊരു അച്ഛനും വ്യക്തിയുമായിരുന്നു’– ഭാര്യ സ്റ്റെഫാനി ഗാർഷിയ പറഞ്ഞു. ‘അനുചിതവും ദുരന്തപൂർണവും’ ആയ  സംഭവമെന്നാണു കൊലപാതകത്തെ സ്റ്റാറ്റൻ ഐലൻഡ് ഡിസ്ട്രിക്ട് അറ്റോർണി മൈക്കൽ ഇ മക്മോഹൻ വിശേഷിപ്പിച്ചത്.

നെസിമി ഇതാദ്യമായല്ല അറസ്റ്റിലാകുന്നത്. മയക്കുമരുന്ന് കടത്ത്, ആയുധപ്രദർശനം തുടങ്ങി വിവിധ കേസുകളിൽ 2001 മുതൽ 14 തവണ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൊഴി നൽകിയ യുവതിയെ നേരത്തേ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയെന്നു കേസും നെസിമിക്കെതിരെയുണ്ട്.

എന്തായാലും കൊലപാതകം നടന്നെന്ന് ഉറപ്പായ കേസിൽ രണ്ടു കാര്യങ്ങൾക്കുമാത്രം ഉത്തരമായിട്ടില്ല: മൃതദേഹം എവിടെയാണെന്നതും കൊലയിലേക്കു നയിച്ച കാരണവും. സ്കൂൾ കാലത്തെ പ്രണയത്തെച്ചൊല്ലിയുള്ള മുൻവൈരാഗ്യമാണെന്ന നിഗമനത്തിൽ ബലം പോരെന്നാണു അന്വേഷണസംഘത്തിന്റെ തന്നെ നിലപാട്.