മംഗളൂരു ∙ ശബരിമലയിലെ സ്ട്രിക്ട് ഓഫിസറായി സമൂഹമാധ്യമത്തിൽ തരംഗമായ യുവ ഐപിഎസ് ഓഫിസർ യതീഷ് ചന്ദ്രയുടെ വ്യത്യസ്ത ലുക്കിന് കയ്യടിക്കുകയാണ് ആരാധകർ. ഇതുവരെ കണ്ടിട്ടില്ലാത്ത വേഷത്തിലാണു യതീഷ് ചന്ദ്ര പ്രത്യക്ഷപ്പെട്ടത്. മുണ്ടും ഷർട്ടും ധരിച്ചു വിവാഹചടങ്ങിൽ പാട്ടിനൊപ്പം നൃത്തം വയ്ക്കുന്ന തൃശൂർ എസ്പിയുടെ വിഡിയോ വൈറലായി.
ബന്ധുവും കര്‍ണാടകയിലെ പ്രമുഖ വ്യവസായിയുമായ കെ.എസ്.പ്രസാദ് പണിക്കരുടെ രണ്ട് ആൺമക്കളുടെ കല്യാണത്തിനാണു കസവു മുണ്ടും ഷര്‍ട്ടും ധരിച്ച് മാസ് ലുക്കിൽ യതീഷ് എത്തിയത്. മലയാളത്തിലെയും കന്നടയിലെയും സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്ത വിവാഹത്തിൽ എല്ലാവരെയും അമ്പരപ്പിക്കാൻ യതീഷ് ചന്ദ്രയുടെ നൃത്തച്ചുവടുകൾക്കായി.
മംഗലാപുരത്തായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. നൃത്തത്തിനു പിന്നാലെ യതീഷിനൊപ്പം സെൽഫിയെടുക്കാൻ തിരക്കേറി. ലിയോ മീഡിയയാണു തകർപ്പൻ ഡാൻസിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. കര്‍ണാടകയിലെ ദാവന്‍ഗരെ ജില്ലക്കാരനാണു യതീഷ്. ഇലക്ട്രോണിക് എന്‍ജിനീയർ ജോലി ഉപേക്ഷിച്ചാണ് ഐപിഎസുകാരനായത്. സോഫ്റ്റ്‍വെയര്‍ എന്‍ജിനീയര്‍ ശ്യാമളയാണു ഭാര്യ.
പുതുവൈപ്പ് സമരം, അങ്കമാലി ഹർത്താൽ, ശബരിമല യുവതീപ്രവേശം തുടങ്ങിയ സംഭവങ്ങളിലെ ഇടപെടലുകളിലൂടെയാണു യതീഷ് ചന്ദ്ര താരമായത്. ശബരിമലയിൽ സമരക്കാരെ പ്രകോപനമില്ലാതെ നേരിട്ടതും കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ നിയമം പഠിപ്പിച്ചതും ചർച്ചയായി. കഴിഞ്ഞദിവസം തൃശൂരിലെ ചടങ്ങിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൈകൊടുക്കുന്ന യതീഷ് ചന്ദ്രയുടെ ചിത്രവും വൈറലായിരുന്നു.