തച്ചങ്കരിയെ മാറ്റിയത് ഗതാഗത മന്ത്രി അറിഞ്ഞില്ല; അസ്വാഭാവികതയില്ലെന്നു ശശീന്ദ്രൻ

tomin-thachankary-ak-saseendran
SHARE

തിരുവനന്തപുരം ∙ പരിഷ്കരണ നടപടികളുമായി മുന്നോട്ടുപോകുന്ന കെഎസ്ആർടിസിയുടെ തലപ്പത്തെ സുപ്രധാനമാറ്റം ഗതാഗതമന്ത്രി പോലും അറിഞ്ഞില്ല. യൂണിയനുകളുടെ കടുത്ത സമ്മര്‍ദത്തെ തുടർന്നു കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്നു ടോമിൻ ജെ.തച്ചങ്കരിയെ നീക്കിയതു ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിഞ്ഞില്ല. അജന്‍ഡക്കു പുറത്തുള്ള വിഷയമായാണ് ഇക്കാര്യം മന്ത്രിസഭ പരിഗണിച്ചത്. തച്ചങ്കരിയുടെ സ്ഥാനമാറ്റത്തിൽ അസ്വാഭാവികതയില്ലെന്നു എ.കെ.ശശീന്ദ്രന്‍ പിന്നീടു പ്രതികരിച്ചു. തിരഞ്ഞെടുപ്പിനു മുന്നോടിയായുളള മാറ്റത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.

എംപാനൽ ജീവനക്കാരുടെ പിരിച്ചുവിടല്‍, സാമ്പത്തിക പ്രതിസന്ധി എന്നിവയാൽ വലയുന്നതിനിടെയാണു സിഎംഡി സ്ഥാനത്തുനിന്നു തച്ചങ്കരിയെ നീക്കിയത്. തൊഴിലാളിവിരുദ്ധ നിലപാടുകളാണു തച്ചങ്കരി പിന്തുടരുന്നതെന്ന് ഇടത്, വലത് യൂണിയനുകള്‍ ഒരുപോലെ പരാതിപ്പെട്ടിരുന്നു. ഡബിള്‍ഡ്യൂട്ടി സിംഗിൾ ഡ്യൂട്ടി ആക്കിയതു ജീവനക്കാര്‍ക്ക് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാക്കി. സ്ഥാനക്കയറ്റം, ശമ്പള വര്‍ധന എന്നിവ സംബന്ധിച്ച നിലപാടുകളോട് യൂണിനുകൾ യോജിച്ചില്ല. സിപിഎമ്മിന്റേയും ഇടതു തൊഴിലാളി സംഘടനയായ കെഎസ്ആര്‍ടിസി എംപ്ളോയിസ് അസോസിയേഷന്റെയും കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണു തച്ചങ്കരിയെ നീക്കിയതെന്നാണു സൂചന.

ഇത്രയുംനാൾ പല പ്രതിസന്ധിഘട്ടങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ശക്തമായ പിന്തുണ തച്ചങ്കരിക്കുണ്ടായിരുന്നു. എന്നാൽ പരാതികൾ ഉയർന്നതോടെ മുഖ്യമന്ത്രി കൈവിട്ടു. കെഎസ്ആർടിസിയെ കടക്കെണിയിൽനിന്നു രക്ഷിക്കുമെന്നു വാഗ്ദാനം നൽകിയാണ് എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയത്. കെഎസ്ആർടിസി തലപ്പത്ത് തച്ചങ്കരി ഒരു വർഷം തികയ്ക്കാൻ രണ്ടര മാസത്തോളം ശേഷിക്കേയാണു സ്ഥാനചലനം. തച്ചങ്കരിയെ കെഎസ്ആർടിയിലേക്കു കൊണ്ടുവരുന്നതിനോടു മന്ത്രി എ.കെ.ശശീന്ദ്രന് ആദ്യം താൽപര്യമുണ്ടായിരുന്നില്ല.

സിഎംഡി നടപ്പാക്കുന്നതു സർക്കാരിന്റെ നയമാണെന്ന മന്ത്രിയുടെ പ്രസ്താവന കാര്യങ്ങൾ മനസ്സിലാക്കാതെയാണെന്നു കെഎസ്ആർടിഇഎ (സിഐടിയു) നേരത്തേ കുറ്റപ്പെടുത്തിയിരുന്നു. തൊഴിലാളിക്കു സംഘടിക്കാനും യോഗം ചേരാനും പ്രകടനം നടത്താനും പ്രതിഷേധിക്കാനുമുള്ള അവകാശത്തെ ഒരുഘട്ടത്തിലും എൽഡിഎഫ് സർക്കാർ വിലക്കിയിട്ടില്ല. എന്നാൽ കെഎസ്ആർടിസിയിൽ അതു വിലക്കി ഉത്തരവിറക്കിയതിൽ യൂണിയൻ പ്രതിഷേധിച്ചിരുന്നു. 3000 പേർ അദർഡ്യൂട്ടിയിൽ ഇരിക്കുന്നുവെന്ന സിഎംഡിയുടെ അസത്യ പ്രചരണത്തിനു മന്ത്രി കൂട്ടുപിടിക്കുന്നതു ശരിയല്ലെന്നും അവർ ചൂണ്ടിക്കാട്ടി.

കാൽ നൂറ്റാണ്ടിനിടെ ആദ്യമായി കെഎസ്ആർടിസി സർക്കാരിന്റെ സാമ്പത്തിക പിന്തുണയില്ലാതെ ജീവനക്കാർക്കു ശമ്പളം നൽകാൻ ഒരുങ്ങിയിരുന്നു. സർക്കാരിൽ നിന്ന് 20 മുതൽ 50 കോടി വരെ സഹായം വാങ്ങിയാണ് എല്ലാ മാസവും ശമ്പളം നൽകിയിരുന്നത്. നിലയ്ക്കൽ–പമ്പ സർവീസ് വഴി 45.2 കോടി രൂപ കെഎസ്ആർടിസിക്കു ലഭിച്ചു. ഇതിനു പുറമെ കോർപറേഷനിൽ നടപ്പാക്കിയ ഭരണപരിഷ്കാരങ്ങളിലൂടെ ചെലവു കുറയ്ക്കുകയും വരുമാനം വർധിപ്പിക്കുകയും ചെയ്തതിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA