തിരുവനന്തപുരം∙ രക്തസാക്ഷി ദിനാചരണവുമായി ബന്ധപ്പെടുത്തി തിരുവനന്തപുരത്ത് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ.ജോസഫിന്റെ പ്രാര്‍ഥനായജ്ഞം. ഉള്‍പാര്‍ട്ടി പ്രശ്നങ്ങളിലെ അതൃപ്തിയും പരിപാടി സംഘടിപ്പിച്ചതിനു പിന്നിലുണ്ടെന്നാണു സൂചന. കെ.എം. മാണി പക്ഷത്തെ എംഎല്‍എമാരായ എന്‍.ജയരാജ്, സി.എഫ്. തോമസ്, മുന്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ എന്നിവരും പിന്തുണയുമായി എത്തി. ഒപ്പം ഒരുകാലത്ത് ജോസഫിന്റെ ശത്രുപക്ഷത്തായിരുന്ന പി.സി. ജോര്‍ജ് എംഎല്‍എയുടെ സാന്നിധ്യവും.
പ്രാര്‍ഥനായജ്ഞത്തില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ലെന്നു ജോസഫ് പറഞ്ഞു. ജോര്‍ജിനെ താന്‍ ക്ഷണിച്ചിട്ടില്ല, മോന്‍സ് ജോസഫ് ക്ഷണിച്ചിട്ടാണ് അദ്ദേഹം വന്നതെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കും കോഴയ്ക്കും എതിരായുളളതിനാലാണു പ്രാര്‍ഥനായജ്ഞത്തില്‍ വിളിക്കാതെ പങ്കെടുത്തതെന്നു പി.സി ജോര്‍ജും പ്രതികരിച്ചു. ജോസഫും ജോര്‍ജും തമ്മില്‍ ചടങ്ങിനിടെ സൗഹൃദം പങ്കിട്ടതും കൗതുകമുണര്‍ത്തി.
പി.ജെ. ജോസഫിന്‍റെ പ്രാര്‍ഥനായജ്ഞത്തിന് എല്ലാവരുടെയും പിന്തുണയുണ്ടെന്ന് കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എംപി പറഞ്ഞു. പി.സി. ജോര്‍ജ് പങ്കെടുക്കുന്നതില്‍ അസ്വാഭാവികതയില്ല. കേരളാ കോണ്‍ഗ്രസ് പിളരുമെന്നതു മാധ്യമ സൃഷ്ടിയാണെന്നും ജോസ് കെ.മാണി മലപ്പുറത്ത് പറഞ്ഞു.