കരാറിൽ മന്ത്രിക്ക് എന്താണ് പ്രത്യേക താൽപര്യം: ശശീന്ദ്രനോട് ഹൈക്കോടതി

ak-saseendran26
SHARE

കൊച്ചി ∙ കെഎസ്ആർടിസിയുടെ ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീൻ വാങ്ങാനുള്ള ടെൻഡറിൽ ഇടപെട്ട ഗതാഗത മന്ത്രിക്കെതിരെ ഹൈക്കോടതിയുടെ പരാമർശങ്ങൾ. പങ്കെടുക്കാൻ താൽപര്യം പ്രകടിപ്പിച്ച സ്വകാര്യ കമ്പനിയെ പ്രത്യേകം പരിഗണിക്കാൻ നിർദേശിച്ചു കെഎസ്ആർടിസി എംഡിക്ക് മന്ത്രി എ.കെ.ശശീന്ദ്രൻ നൽകിയ കത്തിനെ പരാമർശിച്ചായിരുന്നു കോടതിയുടെ വിമർശനം. മൈക്രോ എഫക്ട് എന്ന കമ്പനിയുടെ ഹർജി പരിഗണിക്കുന്നതിനിടെ ആണ് കത്ത് ഹൈക്കോടതിയുടെ ശ്രദ്ധയിൽപെട്ടത്. 

ഇടപാടിൽ മന്ത്രി ഇടപെടേണ്ട സാഹചര്യം എന്തായിരുന്നു? കരാറിൽ മന്ത്രിക്ക് എന്താണ് പ്രത്യേക താൽപര്യമുള്ളത് തുടങ്ങിയ ചോദ്യങ്ങൾ കോടതി ഉന്നയിച്ചു. കത്ത് വെറുതെ നൽകിയതാണെന്നും ഗൗരവമായി എടുക്കേണ്ടതില്ലെന്നും സർക്കാർ അഭിഭാഷകൻ ബോധിപ്പിച്ചെങ്കിലും കോടതി ചോദ്യങ്ങൾ ആവർത്തിച്ചു. ടെൻഡർ അനുവദിച്ചു നൽകുന്നതു ഹർജിയിലെ തീർപ്പിനു വിധേയമായിരിക്കുമെന്നു കോടതി വ്യക്തമാക്കി. 

തങ്ങളെ ഒഴിവാക്കുന്ന തരത്തിൽ ടെൻഡർ വ്യവസ്ഥകൾ തിരുത്തിയെന്നാരോപിച്ചു ബെംഗളൂരു ആസ്ഥാനമായ മൈക്രോഫിക്സ് കമ്പനി സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് അനിൽ കെ.നരേന്ദ്രനാണ് കെഎസ്ആർടിസിയുടെ സത്യവാങ്മൂലം തേടിയത്. ടെൻഡർ വിഷയത്തിൽ ആക്ഷേപമുന്നയിച്ച് തങ്ങൾ മന്ത്രിക്കു നൽകിയ നിവേദനം ‘വ്യക്തിപരമായി പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കണ’മെന്ന കുറിപ്പോടെ എംഡിക്കു വിട്ടതായി ഹർജിയിൽ പറഞ്ഞിരുന്നു. വാദത്തിനിടെ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടപ്പോഴായിരുന്നു കോടതി ചോദ്യങ്ങൾ ഉന്നയിച്ചത്. 

ടെൻഡർ ക്ഷണിച്ച് 2018 ഡിസംബർ 21നായിരുന്നു നോട്ടിസ്. പിന്നീട് ടെൻഡർ വ്യവസ്ഥ തിരുത്തി. മറ്റൊരു കമ്പനിയെ സഹായിക്കാൻ വ്യവസ്ഥകൾ മാറ്റിയെന്നാണു ഹർജിക്കാരുടെ ആക്ഷേപം. ഹർജിയിൽ വിശദീകരണം നൽകാൻ സർക്കാരിനോട് നിർദേശിച്ചു. പത്തു ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കാനായി കേസ് മാറ്റിവച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA