ഗുരുതര രോഗമുള്ള ഒരാളോട് ഇത്തരം കുടിലത അരുത്: രാഹുലിനോട് പരീക്കർ

പനജി∙ തന്റെ ആരോഗ്യവിവരം അന്വേഷിച്ചെത്തിയ കോൺഗ്രസ് അധ്യക്ഷൻ ‘വെറും രാഷ്ട്രീയനേട്ടത്തിനായി’ അതുപയോഗപ്പെടുത്തിയെന്ന് ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ. രാഹുല്‍ കള്ളം പറയുകയാണെന്നും സ്വകാര്യ സംഭാഷത്തിനിടെ റഫാല്‍ വിഷയം ചര്‍ച്ചയായില്ലെന്നും പരീക്കര്‍ പറഞ്ഞു.

‘ആരോഗ്യകരമായ രാഷ്ട്രീയ താല്‍പര്യത്തോടെയാണ് താങ്കളെ സ്വീകരിച്ചത്. അഞ്ചു മിനിറ്റാണ് ഒപ്പം ചെലവഴിച്ചത്. അതിനിടെ റഫാല്‍ ചര്‍ച്ചയായില്ല. സൗഹൃദ സന്ദര്‍ശനത്തിനെത്തിയ ശേഷം രാഷ്ട്രീയ നേട്ടത്തിനായി തെറ്റായ പ്രസ്താവന നടത്തുന്നത് താങ്കളുടെ വിശ്വാസ്യതയെക്കുറിച്ച് മനസില്‍ സംശയങ്ങള്‍ക്കിടയാക്കുന്നു. ഗുരുതര രോഗവുമായി പോരാടുന്ന ഒരാളോട് ഇത്തരം കുടിലത പ്രയോഗിക്കരുത്. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് റഫാല്‍ ഇടപാട് നടന്നത്’- പരീക്കര്‍ കത്തില്‍ കുറിച്ചു.

റഫാലിലെ പുതിയ ഇടപാടിനെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്ന് പരീക്കർ വെളിപ്പെടുത്തിയതായാണ് കൊച്ചിയിൽ നേതൃസംഗമത്തിന് എത്തിയപ്പോൾ രാഹുൽ പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇടപാടിൽ തീരുമാനമെടുത്തത്. അനിൽ അംബാനിയെ സഹായിക്കാനായാണ് തീരുമാനമെന്നു പരീക്കർ പറഞ്ഞതായാണ് രാഹുൽ അറിയിച്ചത്.

അതേസമയം, ആരോപണങ്ങൾ പാടെ തള്ളിയാണു പരീക്കർ ഇന്നു കുറിപ്പിറക്കിയത്. ചൊവ്വാഴ്ചയാണ് ഗോവയിലെ വസതിയിൽ പരീക്കറെ രാഹുൽ സന്ദർശിച്ചത്. തന്റെ ആരോഗ്യവിവരം അന്വേഷിക്കാനെത്തി അതിൽ രാഷ്ട്രീയം കലർത്തിയതിൽ വിഷമമുണ്ടെന്നു പരീക്കർ വ്യക്തമാക്കി.