ശബരിമല വിഷയത്തില്‍ രാഹുലിന്റെ മൗനം ഇടതുപക്ഷത്തെ സഹായിക്കാന്‍: ബിജെപി

ps-sreedharan-pillai
SHARE

തിരുവനന്തപുരം∙ ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മൗനം കുറ്റകരവും ഇടതുപക്ഷത്തെ സഹായിക്കാനുള്ളതുമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. ഇന്നലെ കേരളം സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി സൂര്യനു താഴെ എല്ലാ വിഷയങ്ങളെക്കുറിച്ചും പ്രതികരിച്ചപ്പോള്‍ ശബരിമല പ്രശ്നത്തില്‍ മൗനം പാലിക്കുകയായിരുന്നു. ഇത് അര്‍ത്ഥഗര്‍ഭവും സിപിഎം നിലപാടിന് അനുകൂലമായി അവരുമായുള്ള ധാരണ പ്രകാരവുമാണ്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്നതില്‍ എഐസിസി ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു എന്നാണു ന്യായമായും കരുതേണ്ടത്. പാതിവഴിയില്‍ കോണ്‍ഗ്രസ് ശബരിമല സമരമുപേക്ഷിച്ചു വിശ്വാസികളെ കബളിപ്പിച്ച ചരിത്രം ആര്‍ക്കും മറക്കാനാവില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

രാഹുല്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍ ആയത് ശരിയായില്ല. ഇന്ത്യയില്‍ കൂടില്‍ വ്യവസായവും, ചെറുകിട വ്യവസായവും വളര്‍ച്ച കാട്ടുന്ന ചിത്രമാണു മോദി ഭരണത്തിന്‍ കീഴില്‍ ദൃശ്യമായിട്ടുള്ളത്. 2014 നേക്കാള്‍ മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദന രംഗത്തും മറ്റും രാജ്യത്തിനു വന്‍ മുന്നേറ്റമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ വന്ന് രാഹുല്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ 'ബ്രാന്‍ഡ് അംബാസിഡര്‍ ആയി അവരെ പുകഴ്ത്തുകയും സ്വന്തം നാടിനെ ഇകഴ്ത്തുകയും ചെയ്തതു രാജ്യതാല്‍പര്യങ്ങള്‍ക്കു ഹാനികരമാണ്.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെക്കുറിച്ചും വികസന കാര്യങ്ങള്‍ ഉള്‍പ്പെടെ നരേന്ദ്ര മോദി ഭരണത്തെക്കുറിച്ചും രാഹുല്‍ നടത്തിയ പ്രസ്താവനകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. ഇന്ത്യ ലോകത്തിപ്പോള്‍ ഏറ്റവും കൂടുതല്‍ സാമ്പത്തിക വളര്‍ച്ചാതോതുള്ള രാജ്യമാണ്. ഇന്നത്തെ നില തുടര്‍ന്നാല്‍ 2030ല്‍ ഇന്ത്യ അമേരിക്കയെ പിന്നിലാക്കുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ലണ്ടനിലെ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

2014ലെ ജിഡിപിയായ 5.4% ഇപ്പോള്‍ 7.3% ല്‍ എത്തിയിരിക്കുന്നു. 2014നു ശേഷം ഇന്ത്യയില്‍ ഗൗരവതരമായ ഭീകരാക്രമണമൊന്നുണ്ടായിട്ടില്ല. ഭരണനേതൃത്വം അഴിമതി നടത്തിയ കേസുകള്‍ 2014-2019ല്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ല. 2014നുശേഷം ഇന്ത്യയില്‍ കാര്യമായ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായിട്ടില്ല. ചൈനയെക്കാള്‍ മൂലധന നിക്ഷേപം ഇന്ത്യയില്‍ കൂടിയിരിക്കുന്നു. ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് മെച്ചപ്പെടുകയും ചെയ്തു.

മോദി ഭരണത്തിന്‍ കീഴില്‍ കാര്‍ഷിക രംഗം മുതല്‍ സമസ്ത മേഖലകളിലും മുന്നേറ്റവും പുരോഗതിയുമാണ് ഉണ്ടായിട്ടുള്ളത്. ഇക്കാര്യത്തില്‍ യുപിഎയുടെ 2004-2014 കാലഘട്ടവും എന്‍ഡിഎയുടെ 2014-2019 കാലഘട്ടവും അടിസ്ഥാനമാക്കി ഗുണപരമായ പൊതു സംവാദത്തിനു ബിജെപി തയാറാണ്. കെപിസിസി പ്രസിഡന്റോ പ്രതിപക്ഷ നേതാവോ അതിനു തയാറുണ്ടോ എന്നു വ്യക്തമാക്കണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA