കൊച്ചി∙ ഇന്നലെ വിപണി ക്ലോസ് ചെയ്തതിനുശേഷം പുറത്തു വന്ന എച്ചസിഎൽടെക്, ആക്സിസ് ബാങ്ക് എന്നിവയുടെ മികച്ച പ്രവർത്തന ഫലം മൂലം ഇന്ന് ഇന്ത്യൻ വിപണി ഓപ്പൺ ചെയ്തത് ഒരു പോസിറ്റീവ് പ്രവണതയിലായിരുന്നു. ഇന്നലെ 10652.20ൽ ക്ലോസ് ചെയ്ത നിഫ്റ്റി ഇന്നു രാവിലെ 10702ലാണ് ഓപ്പൺ ചെയ്തത്. എന്നാൽ ഒരുവേള 10652.20 വരെ നിഫ്റ്റി സൂചിക ഇടിവു നേരിട്ടിരുന്നു. സെൻസെക്സാകട്ടെ 35592.50ന് ഇന്നലെ ക്ലോസ് ചെയ്തെങ്കിലും മികച്ച പോസിറ്റീവ് പ്രവണതയോടെ 35819.67ൽ വ്യാപാരം ആരംഭിച്ചു.
തുടർന്ന് കനത്ത ഇടിവ് നേരിട്ട സെൻസെക്സ് ഒരുവേള 35526.79 വരെ ഇടിവു രേഖപ്പെടുത്തിയിരുന്നു. ഇന്ന് നിഫ്റ്റിക്ക് താഴോട്ട് 10618 – 10587 എന്ന നിലയിൽ സപ്പോർട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുകളിലേക്ക് 10700ന്റെ അടുത്ത് ശക്തമായ റെസിസ്റ്റൻസ് നേരിടാനും സാധ്യതയുണ്ടെന്നു ചോയ്സ് ബ്രോക്കിങ് വൈസ് പ്രസിഡന്റ് ബിനു ജോസഫ് വിലയിരുത്തുന്നു.
∙ ആഗോള തലത്തിൽ നിലനിൽക്കുന്ന അനിശ്ചിതാവസ്ഥകളുടെ പശ്ചാത്തലത്തിൽ ഏഷ്യൻ വിപണിയിൽ നേരിയ കയറ്റിയിറക്കങ്ങൾ മാത്രമാണുള്ളത്.
∙ യുഎസ് – ചൈന വ്യാപാര ചർച്ചകൾ ഇന്ന് ആരംഭിക്കുകയാണ്. രണ്ടു ദിവസത്തെ ചർച്ചകളാണ് നടക്കുന്നത്.
∙ യുഎസ് ചൈനീസ് ടെലികോം കമ്പനികൾക്കെതിരെ നടപടിയുമായി മുന്നേട്ടു പോകുന്നതു ചർച്ചകളെ എപ്രകാരം സ്വാധീനിക്കും എന്ന് ആശങ്കയുണ്ട്.
∙ യുഎസ് സെൻട്രൽ ബാങ്ക് തീയതി പുറത്തു വരാനിരിക്കുകയാണ്.
∙ കമ്പനികളുടെ മൂന്നാം പാദ പ്രവർത്തന ഫലം വരുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ വിപണി അതിനെ ആശ്രയിച്ചാണ് ഇപ്പോഴും മുന്നോട്ടു പോകുന്നത്.
∙ ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, ജൂബിലന്റ് ഫുഡ്‍വർക്സ്, എൽഐസി ഹൗസിങ് ഫിനാൻസ്, അജന്ത തുടങ്ങിയവയുടെ പ്രവർത്തന ഫലം ഇന്നു വരാനിരിക്കുന്നു.
∙ വെള്ളിയാഴ്ച കേന്ദ്ര ബജറ്റ് വരാനിരിക്കുന്നത് വിപണി പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
∙ ക്രൂഡോയിൽ വിലയിൽ ഇന്നു നേരിയ വർധനവാണു പ്രകടമാകുന്നത്
∙ ഡോളറിനെതിരെ ഇന്ത്യൻ രൂപ ഇന്നും നേരിയ ഇടിവോടെയാണു വ്യാപാരം പുരോഗമിക്കുന്നത്.