വീട്ടിനുള്ളില്‍ കടന്നത് സല്‍വാര്‍ കമ്മിസ് ധരിച്ച്; വൃദ്ധദമ്പതികളെ കൊന്നു മടങ്ങിയത് കോര്‍പ്പറേറ്റ് വേഷത്തില്‍

ന്യൂഡല്‍ഹി : വൃദ്ധദമ്പതികളെ കൊലപ്പെടുത്തി പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന സംഭവത്തില്‍ വീട്ടുജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ വീട്ടിനുള്ളില്‍ കടന്നതു സര്‍വാര്‍ കമ്മിസ് ധരിച്ച്. വീട്ടുജോലി കഴിഞ്ഞു ഉച്ചയ്ക്കു മടങ്ങും മുമ്പ് ജോലിക്കാരി തന്റെ മകനെ പിന്‍വാതിലിലൂടെ സ്ത്രീയുടെ രൂപത്തില്‍ വീട്ടിനുള്ളില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ ആദ്യം വീട്ടമ്മയേയും രാത്രിയോടെ ഗൃഹനാഥനേയും കൊലപ്പെടുത്തുകയായിരുന്നു. സല്‍വാര്‍ കമ്മിസ് ധരിച്ച് അകത്തു കയറിയ പ്രതി പിറ്റേദിവസം കോര്‍പ്പറേറ്റ് വേഷത്തിലാണു പുറത്തേക്കു വന്നത്. കയ്യില്‍ ഹാന്‍ഡ് ബാഗും ട്രോളി ബാഗും കരുതിയിരുന്നു. ഈ ട്രോളി ബാഗിലായിരുന്നു മോഷണ സാധനങ്ങള്‍ വച്ചിരുന്നത്. ദമ്പതികളുടെ കാറിന്റെയും വീടിന്റെയും താക്കോലുകളും ഇയാള്‍ കവര്‍ന്നിരുന്നു.

വീട്ടുജോലിക്കാരിയേയും 17 വയസുള്ള മകനേയും ഇന്നലെ അറസ്റ്റ് ചെയ്തു. സൗത്ത് ഈസ്റ്റ് ഡല്‍ഹിയിലെ അമര്‍ കോളനിയിലെ മൗണ്ട് കൈലാഷില്‍ വിരേന്ദര്‍ കുമാര്‍ ഖനേജ (77), ഭാര്യ സരല (72) എന്നിവരെയാണു കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങളായി മൗണ്ട് കൈലാഷിലെ ഫ്‌ലാറ്റില്‍ താമസിക്കുന്ന ദമ്പതികളുടെ ഏക മകന്‍ ഡോ. അമിത് ഖനേജ യുഎസിലാണു ജോലി ചെയ്യുന്നത്. വിരേന്ദറും ഭാര്യയും അയല്‍വാസികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുമില്ല. ഇരുവരെയും ഏതാനും ദിവസമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന മകന്റെ ഫോണ്‍ സന്ദേശം 26 നാണു പൊലീസിനു ലഭിച്ചത്.

തുടര്‍ന്നു പൊലീസ് സംഘമെത്തി ഫ്‌ളാറ്റ് തുറന്നു പരിശോധിച്ചപ്പോള്‍ മുറിക്കുള്ളില്‍ അഴുകിയ നിലയില്‍ ഇരുവരുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം വീട്ടുജോലിക്കാരി ഇവിടെ വരാറുണ്ടായിരുന്നെന്നു കണ്ടെത്തി. ഇവരെ ചോദ്യം ചെയ്‌തെങ്കിലും തെളിവൊന്നും ലഭിച്ചില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഒരു പയ്യന്‍ ഇടയ്ക്കു ഫ്‌ളാറ്റിലെത്തിയതു കണ്ടെത്തിയത്. ഇതു ജോലിക്കാരിയുടെ മകനാണെന്നു പൊലീസ് കണ്ടെത്തിയെങ്കിലും ചോദ്യം ചെയ്യലില്‍ അവര്‍ ഇതു നിഷേധിച്ചു. തുടര്‍ന്നു ചെറുപ്പക്കാരനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തെത്തിയത്.

18നു രാവിലെ 11നു ഫ്‌ളാറ്റില്‍ ജോലിക്കെത്തിയ സ്ത്രീ മകനെ രഹസ്യമായി ഉള്ളില്‍ പ്രവേശിപ്പിച്ചു. ജോലിക്കെത്തിയ ഇവര്‍ വാതില്‍ തുറന്നുകൊടുത്ത് മകനെ ഉള്ളില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്ത്രീയുടെ രൂപത്തില്‍ സര്‍വാര്‍ കമ്മീസ് ധരിച്ചാണ് പ്രതി വീടിനുള്ളില്‍ കയറിയത്. ജോലിക്കു ശേഷം സ്ത്രീ മടങ്ങിയെങ്കിലും മകന്‍ വീട്ടില്‍ തങ്ങി. ഉച്ചയ്ക്കു 2.30നു വിരേന്ദര്‍ ഖനേജ പുറത്തേക്കു പോയ തക്കത്തിനു സരലയെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണാഭരണവും കവരാന്‍ ശ്രമിച്ചു. എന്നാല്‍ ഇവ എവിടെയാണു സൂക്ഷിച്ചിരിക്കുന്നതെന്നു ഭര്‍ത്താവിനു മാത്രമേ അറിയൂവെന്നായിരുന്നു മറുപടി. സരലയെ കൊലപ്പെടുത്തിയ ചെറുപ്പക്കാരന്‍ ഇവരുടെ ആഭരണവും മറ്റും കവര്‍ന്നു. രാത്രി 8.30നു വിരേന്ദര്‍ ഖനേജ മടങ്ങിയെത്തിയപ്പോള്‍ ഇദ്ദേഹത്തെയും കൊലപ്പെടുത്തി. പ്രതികളില്‍ നിന്ന് 9 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തിയിട്ടുണ്ട്.