വടക്കുകിഴക്ക് സ്ത്രീസാന്നിധ്യം വോട്ട് ക്യൂവില് മാത്രം; സഭയിൽ എത്തിയത് വെറും 8 പേര്
വടക്കുകിഴക്കൻ മേഖലയിലെ എട്ടു സംസ്ഥാനങ്ങളിൽനിന്ന് ചരിത്രത്തിലിതുവരെ ലോക്സഭയിലെത്തിയിട്ടുള്ളത് എട്ടു വനിതകൾ മാത്രം! സ്ത്രീ-പുരുഷ അനുപാതത്തിലും... lok Sabha Elections . Elections 2019 . Northeastern States
വടക്കുകിഴക്കൻ മേഖലയിലെ എട്ടു സംസ്ഥാനങ്ങളിൽനിന്ന് ചരിത്രത്തിലിതുവരെ ലോക്സഭയിലെത്തിയിട്ടുള്ളത് എട്ടു വനിതകൾ മാത്രം! സ്ത്രീ-പുരുഷ അനുപാതത്തിലും... lok Sabha Elections . Elections 2019 . Northeastern States
വടക്കുകിഴക്കൻ മേഖലയിലെ എട്ടു സംസ്ഥാനങ്ങളിൽനിന്ന് ചരിത്രത്തിലിതുവരെ ലോക്സഭയിലെത്തിയിട്ടുള്ളത് എട്ടു വനിതകൾ മാത്രം! സ്ത്രീ-പുരുഷ അനുപാതത്തിലും... lok Sabha Elections . Elections 2019 . Northeastern States
വടക്കുകിഴക്കൻ മേഖലയിലെ എട്ടു സംസ്ഥാനങ്ങളിൽനിന്ന് ചരിത്രത്തിലിതുവരെ ലോക്സഭയിലെത്തിയിട്ടുള്ളത് എട്ടു വനിതകൾ മാത്രം! സ്ത്രീ-പുരുഷ അനുപാതത്തിലും സാക്ഷരതയിലും സ്ത്രീകളുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തിലുമെല്ലാം മുന്നിട്ടുനിൽക്കുന്ന മേഖലയിൽ, രാഷ്ട്രീയത്തിലെ സ്ത്രീപ്രാതിനിധ്യം പോളിങ് ബൂത്തിലെ ക്യൂവിൽ ഒതുങ്ങുന്നു. പാർലമെന്റിലെത്തിയ എട്ടു വനിതകളും ദേശീയ തലത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. മൂന്നുപേർ കേന്ദ്രമന്ത്രിമാരായി, മറ്റുള്ളവർ ഉന്നത സ്ഥാനങ്ങളിലെത്തി. എന്നിട്ടും, വനിതകളുടെ മികവ് അംഗീകരിക്കുന്നതിലും കൂടുതൽ അവസരങ്ങൾ നൽകുന്നതിലും മേഖലയിലെ പുരുഷാധിപത്യ സമൂഹം ഇന്നും എത്രയോ പിന്നിലാണ്.
ചരിത്രം രചിച്ച പെണ്ണുങ്ങൾ
∙ രേണുക ദേവി ബർകതാകി: നോർത്ത്-ഈസ്റ്റിൽനിന്ന് ചരിത്രത്തിലാദ്യമായി ഒരു വനിതയെ ലോക്സഭയിലെത്തിച്ചത് കോൺഗ്രസാണ്. 1962ൽ അസമിലെ ബർപെട്ട മണ്ഡലത്തിൽ ജയിച്ചത് രേണുക ദേവി ബർകതാകി. 1972ൽ ഹാജോ മണ്ഡലത്തിൽനിന്നു നിയമസഭയിലെത്തിയ രേണുക ദേവി 1977ൽ വീണ്ടും ലോക്സഭയിലെത്തി; ഗുവാഹത്തി മണ്ഡലത്തിൽനിന്നു ജനതാ പാർട്ടി ടിക്കറ്റിൽ. അത്തവണത്തെ മൊറാർജി ദേശായി സർക്കാരിൽ വിദ്യാഭ്യാസ-സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു.
∙ ബിജോയ ചക്രവർത്തി: ജനതാ പാർട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ ബിജോയ ചക്രവർത്തി പിന്നീടു പ്രാദേശിക പാർട്ടിയായ അസം ഗണ പരിഷത്തിൽ (എജിപി) ചേർന്നു. 1986 മുതൽ 92 വരെ രാജ്യസഭാംഗമായിരുന്നു. തുടർന്നു ബിജെപിയിലേക്കു ചുവടുമാറ്റി. 1999ൽ അസമിലെ ഗുവാഹത്തിയിൽനിന്ന് ലോക്സഭാംഗം. വാജ്പേയി സർക്കാരിൽ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്നു. 2004ൽ ബിജോയയ്ക്കു പകരം ഗായകൻ ഭൂപേൻ ഹസാരികയെ മൽസരിപ്പിക്കാനുള്ള ബിജെപി നേതൃത്വത്തിന്റെ തീരുമാനം പാർട്ടി പ്രവർത്തകർക്കിടയിൽ വൻ പ്രതിഷേധത്തിനിടയാക്കി. അറുപതിനായിരത്തിൽപരം വോട്ടുകൾക്ക് ഹസാരിക തോറ്റു. തുടർന്നുവന്ന രണ്ടു തിരഞ്ഞെടുപ്പുകളിലും (2009, 2014) ഗുവാഹത്തിയിൽനിന്നു ബിജോയ തന്നെ ലോക്സഭയിലെത്തി. 2014ൽ കോൺഗ്രസിന്റെ മനാഷ് ബോറയെ മൂന്നു ലക്ഷത്തിൽപരം വോട്ടുകൾക്കു പരാജയപ്പെടുത്തിയ ബിജോയയ്ക്ക് ഇത്തവണ ബിജെപി ടിക്കറ്റ് നൽകിയിട്ടില്ല.
∙ റാണി നാര: 1995ൽ കോൺഗ്രസിൽ ചേർന്ന റാണി നാര ചുരുങ്ങിയ കാലംകൊണ്ട് അസം പ്രദേശ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് പദവികളിലെത്തി. 2003 ൽ യൂത്ത് കോൺഗ്രസ് ദേശീയ കൗൺസിൽ അംഗമായി. അസമിലെ ലാഖിംപൂർ മണ്ഡലത്തിൽനിന്ന് 1998ൽ ലോക്സഭയിലേക്കു വിജയിച്ചു. തുടർന്ന് 1999, 2009 പൊതു തിരഞ്ഞെടുപ്പുകളിലും അതേ മണ്ഡലത്തിൽനിന്നു ലോക്സഭയിലെത്തി. 15-ാം ലോക്സഭയിൽ കോൺഗ്രസിന്റെ ഡപ്യൂട്ടി ചീഫ് വിപ്പ് ആയിരുന്നു. 2012ൽ പിന്നാക്ക ക്ഷേമവകുപ്പ് സഹമന്ത്രിയായി. 2016 മുതൽ രാജ്യസഭാംഗം.
∙ സുസ്മിത ദേവ്: അസമിലെ സിൽഷർ മണ്ഡലത്തിൽനിന്ന് കോൺഗ്രസിന്റെ സിറ്റിങ് എംപി. ഓൾ ഇന്ത്യ മഹിള കോൺഗ്രസ് പ്രസിഡന്റ്. സിൽഷറിൽനിന്നുള്ള നിയമസഭാംഗം ബിതിക ദേവിയുടെയും ബംഗാളിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സന്തോഷ് മോഹൻ ദേവിന്റെയും മകൾ. ഇത്തവണയും സിൽഷറിൽ മൽസരിക്കുന്നു
∙ കിം ഗാങ്ടെ: മനുഷ്യാവകാശ പ്രവർത്തക, മണിപ്പുർ പീപ്പിൾസ് പാർട്ടി അംഗം. സ്ത്രീകളുടെ അവകാശസംരക്ഷണത്തിനുവേണ്ടി പ്രവർത്തിക്കുന്ന കുകി വിമൻ ഹ്യൂമൻ റൈറ്റ്സ് നെറ്റ്‌വർക്ക് എന്ന സംഘടനയുടെ ജനറൽ സെക്രട്ടറിയാണ്. മണിപ്പുരിലെ ഔട്ടർ മണിപ്പുരിൽനിന്ന് 1998ൽ ലോക്സഭയിലെത്തി. മണിപ്പുരിൽനിന്ന് പാര്‍ലമെന്റിലെത്തുന്ന ആദ്യ വനിത. സെവൻത്-ഡേ അഡ്വന്റിസ്റ്റ് വിഭാഗത്തിൽനിന്നു ലോക്സഭയിലെത്തുന്ന ആദ്യത്തെയാൾ കൂടിയാണ് കിം ഗാങ്ടെ.
∙ അഗത കെ. സാങ്മ: 2009ൽ മേഘാലയയിലെ ടൂറ മണ്ഡലത്തിൽനിന്ന് നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി(എൻസിപി) ടിക്കറ്റിൽ ലോക്സഭയിലെത്തി. രണ്ടാം യുപിഎ സർക്കാരിലെ പ്രായംകുറഞ്ഞ മന്ത്രിയായിരുന്നു. മുൻ ലോക്സഭാ സ്പീക്കർ പി.എ. സാങ്മയുടെ മകൾ. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ സഹോദരനാണ്. ഇത്തവണ മുതിർന്ന കോൺഗ്രസ് നേതാവ് മുകുൾ സാങ്മയ്ക്കെതിരെ നാഷനൽ പീപ്പിൾസ് പാർട്ടി(എൻപിപി) സ്ഥാനാർഥിയായി മൽസരിക്കുന്നു.
∙ ദിൽ കുമാരി ഭണ്ഡാരി: സിക്കിമിൽനിന്ന് ലോക്സഭയിലെത്തിയിട്ടുള്ള ഏക വനിത. 1985, 91 വർഷങ്ങളിൽ ലോക്സഭാംഗം. ഭാരതീയ ഗൂർഖ പരിഷത്ത് പ്രസിഡന്റായിരുന്നു. നേപ്പാളി ഭാഷ സംസാരിക്കുന്നവർക്കുവേണ്ടിയുള്ള അവകാശസംരക്ഷണ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയ. നേപ്പാളി ഭാഷ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയത് ദിൽ കുമാരി ഭണ്ഡാരിയുടെ പോരാട്ടങ്ങളുടെ ഫലമായാണ്. 1984 ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച നാർ ബഹാദൂർ ഭണ്ഡാരി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിനായി രാജിവച്ചതോടെ തൊട്ടടുത്ത വർഷം നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ദിൽ കുമാരി ഭണ്ഡാരി ആദ്യം ലോക്സഭയിലെത്തുന്നത്. ഒൻപതു പേർ നാമനിർദേശ പത്രിക സമർപ്പിച്ചെങ്കെലും അവസാന മണിക്കൂറുകളിൽ എട്ടുപേരും പത്രിക പിൻവലിച്ചതോടെ ദിൽ കുമാരി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. 1991ൽ ഒരു ലക്ഷത്തിലേറെ വോട്ടുകൾ നേടി അവർ വിജയിച്ചപ്പോൾ രണ്ടാമതെത്തിയ സ്വതന്ത്ര സ്ഥാനാർഥിക്കു കിട്ടിയത് 3759 വോട്ടുകള്‍.
∙ ബിഭു കുമാരി ദേവി: ത്രിപുരയിലെ മാണിക്യ രാജവംശത്തിലെ അവസാന രാജാവായിരുന്ന ബിക്രം കിഷോർ മാണിക്യ ദേബ് ബർമന്റെ ഭാര്യ. 1983ൽ കോൺഗ്രസ് ടിക്കറ്റിൽ നിയമസഭാംഗം. ആ വർഷംതന്നെ എഐസിസി അംഗമായി. 1989-91ൽ ത്രിപുര നിയമസഭയിൽ മന്ത്രിയായിരുന്നു. 1991 പൊതുതിരഞ്ഞെടുപ്പിൽ ത്രിപുര ഈസ്റ്റ് മണ്ഡലത്തിൽനിന്ന് ലോക്സഭയിലെത്തി.
രാജഭരണം അവസാനിച്ചെങ്കിലും ബിഭു കുമാരി ദേവിക്ക് ഇപ്പോഴും ‘രാജമാത’ പദവിയുണ്ട്. മകൾ പ്രഗ്യ ദേബ് ബർമൻ ഇത്തവണ ത്രിപുര ഈസ്റ്റ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയാണ്. മകൻ പ്രധ്യോദ് കിഷോർ ദേബ് ബർമനാണു രാജപാരമ്പര്യമനുസരിച്ചു നിലവിലെ മഹാരാജാവ്. ത്രിപുര പിസിസി അധ്യക്ഷൻ കൂടിയാണ് അദ്ദേഹം.
മൂന്നു ‘സംപൂജ്യ’ സംസ്ഥാനങ്ങൾ!
ആകെ എട്ടുപേരുടെ കണക്ക് പറയാനുണ്ടെങ്കിലും, വടക്കുകിഴക്കൻ മേഖലയിലെ എട്ടു സംസ്ഥാനങ്ങളിൽ മൂന്നെണ്ണം ഇതുവരെ വനിതകളെ ലോക്സഭയിലെത്തിച്ചിട്ടില്ല - അരുണാചൽ പ്രദേശ്, മിസോറം, നാഗാലാൻഡ് എന്നിവ. ഇത്തവണയും മൂന്നിടത്തും പ്രധാന പാർട്ടികൾക്കൊന്നും വനിതാ സ്ഥാനാർഥികളില്ല. സ്ത്രീപ്രാതിനിധ്യത്തിൽ കാര്യമായ മുന്നേറ്റമൊന്നും പ്രതീക്ഷിക്കാനില്ല എന്നർഥം. മിസോറമിൽ ഇത്തവണ ഒരു വനിത നാമനിർദേശപത്രിക സമർപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ജൂതസമൂഹത്തിനുവേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകയായ ലാൽത്‌ലമുവാനി(68) സ്വതന്ത്ര സ്ഥാനാർഥിയായി ജനവിധി തേടും. മാസങ്ങൾക്കു മുൻപു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ചെങ്കിലും 69 വോട്ടുകൾ മാത്രമാണു ലാൽത്‌ലമുവാനി നേടിയത്. വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും അവരുടെ സ്ഥാനാർഥിത്വം ചരിത്രമാണ്; സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത ലോക്സഭയിലേക്കു മൽസരിക്കുന്നു!
എട്ട്, പത്തെങ്കിലുമാകുമോ?
മൂന്നു സംസ്ഥാനങ്ങൾ വനിതകളെ പരിഗണിക്കുകപോലും ചെയ്തില്ലെങ്കിലും മറ്റു മൂന്നിടത്ത് ഇത്തവണ ദേശീയ ശ്രദ്ധ നേടുന്ന പോരാട്ടവുമായി വനിതകളാണു മുൻപിൽ. അസമിലെ സിൽഷറിൽ സുസ്മിത ദേവ്, മേഘാലയയിലെ ടൂറയിൽ അഗത കെ. സാങ്മ, ത്രിപുര ഈസ്റ്റ് മണ്ഡലത്തിൽ പ്രഗ്യ ദേബ് ബർമൻ.
കഴിഞ്ഞ തവണ മുപ്പത്തയ്യായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ സുസ്മിത ജയിച്ച സിൽഷർ പിടിച്ചെടുക്കാൻ ബിജെപി നിയോഗിച്ചിരിക്കുന്നത് മുതിർന്ന നേതാവ് രാജ്ദീപ് റോയ്‌യെയാണ്. രണ്ടാം യുപിഎ സർക്കാരിൽ മന്ത്രിയായിരുന്ന അഗത കെ. സാങ്മയ്ക്ക് ഇത്തവണ പ്രധാന എതിരാളി കോൺഗ്രസാണ്. ബിജെപി നേതൃത്വത്തിലുള്ള ‘നേദ’ സഖ്യത്തിൽ അംഗമായ എൻപിപി ടിക്കറ്റിൽ മൽസരിക്കുന്ന അഗതയെ നേരിടാൻ കോൺഗ്രസിന്റെ മുതിർന്ന നേതാവ് മുകുൾ സാങ്മ എത്തുന്നതോടെ പോരാട്ടം തീപാറും. മൂന്നുവർഷംകൊണ്ടു ശക്തമായ അടിത്തറ കെട്ടിയ ബിജെപിയാണു ത്രിപുരയിൽ കോൺഗ്രസിന്റെ പ്രധാന എതിരാളി. പ്രഗ്യയ്ക്കും സഹോദരൻ പ്രധ്യോദിനും ജനങ്ങൾക്കിടയിലുള്ള സ്വീകാര്യത വോട്ടായാൽ വിജയം ഉറപ്പെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്.