കേരള പൊലീസിന്റെ ചരിത്രത്തില്‍ ഏറ്റവും കാഠിന്യമേറിയ ഓപ്പറേഷനുകളിലൊന്നിനാണ് കഴിഞ്ഞയാഴ്ച കമ്പം സാക്ഷ്യം വഹിച്ചത്. അതിന്റെ മുന്നൊരുക്കത്തിന് ആഴ്ചകള്‍ വേണ്ടിവന്നു. കോട്ടയം നഗരത്തില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നവരെയും ലഹരി ...Ganja, Crime

കേരള പൊലീസിന്റെ ചരിത്രത്തില്‍ ഏറ്റവും കാഠിന്യമേറിയ ഓപ്പറേഷനുകളിലൊന്നിനാണ് കഴിഞ്ഞയാഴ്ച കമ്പം സാക്ഷ്യം വഹിച്ചത്. അതിന്റെ മുന്നൊരുക്കത്തിന് ആഴ്ചകള്‍ വേണ്ടിവന്നു. കോട്ടയം നഗരത്തില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നവരെയും ലഹരി ...Ganja, Crime

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള പൊലീസിന്റെ ചരിത്രത്തില്‍ ഏറ്റവും കാഠിന്യമേറിയ ഓപ്പറേഷനുകളിലൊന്നിനാണ് കഴിഞ്ഞയാഴ്ച കമ്പം സാക്ഷ്യം വഹിച്ചത്. അതിന്റെ മുന്നൊരുക്കത്തിന് ആഴ്ചകള്‍ വേണ്ടിവന്നു. കോട്ടയം നഗരത്തില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നവരെയും ലഹരി ...Ganja, Crime

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ തമിഴ്നാട്ടിലെ തേനി ജില്ലയിലുള്ള കമ്പത്തെ ലോഡ്ജില്‍ മണിക്കൂറുകളായി ഒരാള്‍ക്കുവേണ്ടി കാത്തിരിക്കുകയാണ് ഒരു സംഘം. തെരുവിനപ്പുറത്തെ കോളനിയുടെ ഭാഗത്തുനിന്ന് ഓടിപാഞ്ഞെത്തിയ ആള്‍ ഒറ്റശ്വാസത്തില്‍ അവരെ അറിയിച്ചു: ‘ആളെത്തിയിട്ടുണ്ട്’. ലോഡ്ജില്‍നിന്നിറങ്ങിയ അഞ്ചംഗ സംഘം കമ്പം നോര്‍ത്ത് പൊലീസ് സ്റ്റേഷനു മുന്നിലെ തെരുവിന്റെ വിവിധ ഭാഗങ്ങളില്‍ നിലയുറപ്പിച്ചു. 

സമയം രാവിലെ 9.45. കോളനിയിലെ ചെറുവഴിയിലൂടെ പൊലീസ് സ്റ്റേഷനിലേക്ക് നടന്നു വരുന്നയാളിലായിരുന്നു സംഘത്തിന്റെ ശ്രദ്ധ. സ്റ്റേഷന് മുന്നിലെത്തിയതും അഞ്ചംഗ സംഘം അയാളെ കീഴ്പ്പെടുത്തി തൊട്ടടുത്തു പാര്‍ക്കു ചെയ്തിരുന്ന ജീപ്പിലേക്ക് തള്ളി. വണ്ടി മുന്നോട്ട് കുതിക്കുമ്പോള്‍ ഇരുപതോളം ഓട്ടോറിക്ഷകളിലും ബൈക്കുകളിലും നിരവധിപേര്‍ ജീപ്പിനെ പിന്തുടരുന്നുണ്ടായിരുന്നു. കേരളാതിര്‍ത്തി കടന്നെന്നു ബോധ്യമായതിനുശേഷമാണ് പുറകേവന്ന ഓട്ടോറിക്ഷകളും ബൈക്കുകളും മടങ്ങിയത്. സിനിമയിലെ ആക്ഷന്‍ രംഗങ്ങളെ തോല്‍പ്പിക്കുന്ന രീതിയില്‍ കമ്പത്ത് ‘ഓപ്പറേഷന്‍’ നടത്തി മടങ്ങിയത് കോട്ടയം എസ്പിയുടെ ആന്റി ഗുണ്ടാ സ്ക്വാഡിലെ അഞ്ചുപേര്‍. കമ്പത്തെ പൊലീസ് സ്റ്റേഷനു മുന്നില്‍നിന്ന് പൊക്കിയത് തെക്കേ ഇന്ത്യയിലെ കഞ്ചാവ് കടത്തു സംഘത്തിന്റെ തലവന്‍ തലൈവര്‍ രാസാങ്കത്തെ.

ADVERTISEMENT

കേരള പൊലീസിന്റെ ചരിത്രത്തില്‍ ഏറ്റവും കാഠിന്യമേറിയ ഓപ്പറേഷനുകളിലൊന്നിനാണ് കഴിഞ്ഞയാഴ്ച കമ്പം സാക്ഷ്യം വഹിച്ചത്. അതിന്റെ മുന്നൊരുക്കത്തിന് ആഴ്ചകള്‍ വേണ്ടിവന്നു. കോട്ടയം നഗരത്തില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നവരെയും ലഹരി ഉപയോഗിക്കുന്ന യുവാക്കളെയും ചോദ്യം ചെയ്തതില്‍നിന്നാണ് കമ്പമെന്ന സ്ഥലവും രാസാങ്കം എന്നപേരും കോട്ടയം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. രാവിലെ കോട്ടയത്തുനിന്ന് പോയാല്‍ അതിര്‍ത്തികടന്ന് കമ്പത്തെത്തി കഞ്ചാവുവാങ്ങി തിരികെയെത്താമെന്നതിനാല്‍ യുവാക്കള്‍ കൂടുതലായും കമ്പത്തെയാണ് ആശ്രയിക്കുന്നത്. പുലർച്ചെ നാലുമണിക്ക് കമ്പത്തെ ബസ് സ്റ്റാന്‍ഡില്‍ വില്‍പ്പന ആരംഭിക്കും. 

കേരളത്തില്‍നിന്നും ഒരു സംഘം പൊലീസ് കമ്പത്തെത്തി അന്വേഷണം ആരംഭിച്ചു. കമ്പം സ്റ്റാന്‍ഡില്‍ കഞ്ചാവ് വില്‍പ്പന തകൃതി. മലയാളികളാണെന്ന് ബോധ്യപ്പെട്ടാല്‍ അടുത്തെത്തുന്ന ഏജന്റുമാര്‍ ആദ്യം ചോദിക്കുന്നത് ചരക്ക് വേണമോയെന്നാണ്. കഞ്ചാവ് വില്‍പ്പനക്കാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാസാങ്കത്തെ(45) പൊലീസ് തിരിച്ചറിയുന്നത്. ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളില്‍ നൂറു കണക്കിനു ഏക്കര്‍ കഞ്ചാവ് തോട്ടങ്ങള്‍ പാട്ടത്തിനെടുത്ത് തെക്കേ ഇന്ത്യയിലേക്ക് കഞ്ചാവ് കടത്തുന്ന മാഫിയ സംഘത്തിന്റെ തലവന്‍. നേരിട്ടു വില്‍പ്പനയ്ക്കിറങ്ങുന്ന പതിവില്ല. വലിയ കച്ചവടക്കാരോടും വിശ്വസ്തരോടും മാത്രമേ ഇടപാടുകളുള്ളൂ.

ADVERTISEMENT

ആന്ധ്രയില്‍നിന്നും ഒഡീഷയില്‍നിന്നും ട്രെയിന്‍ മാര്‍ഗം കഞ്ചാവ് മധുരയിലെത്തിക്കും. അവിടെനിന്ന് പാഴ്സല്‍ ലോറികളില്‍ കമ്പത്തെത്തിക്കുന്ന കഞ്ചാവ് നോര്‍ത്ത് പൊലീസ് സ്റ്റേഷന് എതിര്‍വശത്തുള്ള കോളനികളിലെ വീടുകളില്‍ സൂക്ഷിക്കും. പൊലീസ് സ്റ്റേഷനില്‍ എല്ലാവരും വിശ്വസ്തര്‍. കോളനിയിലെ വീടുകളില്‍ ഭൂമിക്കടിയില്‍ അറകള്‍ ഉണ്ടാക്കിയാണ് കഞ്ചാവ് സൂക്ഷിക്കുന്നത്. ഓരോ വീട്ടിലും കാവൽനായ്ക്കൾ, നിരീക്ഷണത്തിനു ഗുണ്ടാ സംഘം. 

ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ഫെബ്രുവരി രണ്ടാമത്തെ ആഴ്ച രാസാങ്കത്തെ പൊലീസ് സംഘത്തിന് ഒറ്റയ്ക്കു കിട്ടുന്നത്. അകമ്പടിക്ക് ഗുണ്ടാ സംഘമില്ലാത്തതിനാല്‍ പൊലീസ് സംഘം രാസാങ്കത്തെ പിടികൂടി. വണ്ടിയിലേക്ക് കയറ്റുന്നതിനിടയില്‍ നാട്ടുകാര്‍ കൂടി പൊലീസിനെ ആക്രമിച്ചു. പൊലീസ് ജീപ്പ് തകര്‍ത്തു. കൂട്ടത്തിലുണ്ടായിരുന്ന പൊലീസുകാരന്റെ തല പൊട്ടി. 26 തുന്നികെട്ടുകള്‍ വേണ്ടിവന്നു. പൊലീസുകാരുടെ പഴ്സും പണവും മൊബൈലുമെല്ലാം അക്രമിസംഘം പിടിച്ചെടുത്തു. തമിഴ്നാട് പൊലീസെത്തിയാണ് അക്രമികളെ തുരത്തിയത്. കമ്പം നോര്‍ത്ത് പൊലീസ് കേസെടുത്തെങ്കിലും കാര്യമായ നടപടിയൊന്നും ഉണ്ടായില്ല. 

ADVERTISEMENT

ഒരിക്കലുണ്ടായ വീഴ്ചയില്‍നിന്ന് പാഠം പഠിച്ചാണ് മാര്‍ച്ച് അവസാനത്തോടെ രണ്ടാമത്തെ പൊലീസ് സംഘം കമ്പത്തേക്ക് പോകുന്നത്. കേരള - തമിഴ്നാട് അതിര്‍ത്തിയില്‍, കേരളത്തിനുള്ളില്‍ താമസിച്ച് കമ്പം ബസ് സ്റ്റാന്‍ഡിലും കോളനിയുടെ പരിസരത്തും അന്വേഷണം ആരംഭിച്ചു. ഒരു കേസില്‍ റിമാന്‍ഡിലായി ജയിലിലായിരുന്ന രാസാങ്കത്തിനു ജാമ്യം ലഭിച്ചതായി അറിഞ്ഞതോടെ അഞ്ചംഗ പൊലീസ് സംഘം വേഷംമാറി കമ്പത്ത് ഒരു ലോഡ്ജെടുത്തു നിരീക്ഷണം ആരംഭിച്ചു.

കോളനിയില്‍ പകല്‍ സമയത്ത് സ്ത്രീകള്‍ മാത്രമേ ഉണ്ടാകൂ. കാവലിനു നായ്ക്കളുണ്ട്. സംശയം തോന്നിയാല്‍ സ്ത്രീകള്‍ ബഹളമുണ്ടാക്കി ആളെകൂട്ടും. ആദ്യ ദൗത്യം പരാജയപ്പെട്ടതിനാൽ കരുതലോടെയാണ് പൊലീസ് നീങ്ങിയത്. രാസാങ്കം കോളനിയില്‍നിന്ന് പുറത്തുവരാനായി പൊലീസ് സംഘം കാത്തിരുന്നു. മൂന്നാം ദിവസമാണ് സഹായികളില്ലാതെ രാസാങ്കം പുറത്തേക്ക് വരുന്നത്. ഒരു മാസം മുന്‍പ് ദുരനുഭവം ഉണ്ടായതിനാല്‍ കേരളത്തില്‍നിന്ന് പൊലീസ് എത്തില്ലെന്ന ആത്മവിശ്വാസത്തിലാണു സഹായികളില്ലാതെ പുറത്തിറങ്ങിയത്. ഒപ്പിടാന്‍ പൊലീസ് സ്റ്റേഷന്‍ ഗേറ്റു കടക്കുന്നതിനു മുന്‍പ് അഞ്ചംഗ സംഘം രാസാങ്കത്തെ വളഞ്ഞു പിടിച്ച് ജീപ്പിനുള്ളിലാക്കി കേരളത്തിലേക്ക് തിരിച്ചു. തെരുവിലുണ്ടായിരുന്ന ചിലര്‍ പറഞ്ഞതനുസരിച്ച് രാസാങ്കത്തിന്റെ സംഘം പുറകേ എത്തിയെങ്കിലും അപ്പോഴേക്കും േകരള പൊലിസ് അതിര്‍ത്തി കടന്നിരുന്നു. 

ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിലെ കഞ്ചാവ് തോട്ടങ്ങളില്‍നിന്ന് കിലോയ്ക്ക് 500 രൂപയ്ക്ക് കിട്ടുന്ന കഞ്ചാവ് ഇടനിലക്കാര്‍ക്ക് 6,000 രൂപയ്ക്കാണ് രാസാങ്കം വില്‍ക്കുന്നത്. കമ്പം, വടക്കുപെട്ടി തമ്പീസ് തിയറ്ററിനു സമീപം താമസിക്കുന്ന രാസാങ്കം വലിയൊരു ഇരുനില വീട് വച്ച് അതില്‍ ആഡംബര ജീവിതമാണ് നയിക്കുന്നതെന്നു പൊലീസ് പറഞ്ഞു. ഇതേ സംഘത്തില്‍ ഉള്‍പ്പെട്ട കമ്പം ഉത്തമപുരം ശിങ്കരാജിനെ കഴിഞ്ഞയാഴ്ച കോട്ടയത്തുനിന്ന് പിടികൂടിയിരുന്നു. രണ്ടുപേരും അറസ്റ്റിലായതോടെ കമ്പത്തെ കഞ്ചാവ് വില്‍പ്പന തല്‍ക്കാലത്തേക്ക് കുറ‍ഞ്ഞിട്ടുണ്ടെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. കോട്ടയം എസ്പി ഹരിശങ്കറിന്റെയും ഡിവൈഎസ്പി ആര്‍. ശ്രീകുമാറിന്റെയും നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നവര്‍: ആന്റി ഗുണ്ടാ സ്‌ക്വാഡ് എസ്ഐ ടി.എസ്. റെനീഷ്, എഎസ്ഐമാരായ വി.എസ്. ഷിബുക്കുട്ടൻ, എസ്. അജിത്, ഐ. സജികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.എൻ. മനോജ്, സജിമോൻ ഫിലിപ്പ്, ബിജു പി. നായർ. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

English Summary: Ganja Gang Leader Arrested