പി.എ. സാങ്മയുടെ മകളെ തോൽപിക്കരുതെന്ന ഓർമപ്പെടുത്തലുമായിത്തന്നെയാണു വോട്ടുതേടുന്നതും. രണ്ടു സഹോദരങ്ങളും പെങ്ങൾക്കുവേണ്ടി കൊണ്ടുപിടിച്ച പ്രചാരണത്തിലാണ്. ഒരു വർഷത്തെ സർക്കാരിന്റെ പ്രകടനം സംസ്ഥാനത്തു വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നാണ് കോൺറാഡിന്റെ അവകാശവാദം... Meghalaya Lok Sabha Elections 2019

പി.എ. സാങ്മയുടെ മകളെ തോൽപിക്കരുതെന്ന ഓർമപ്പെടുത്തലുമായിത്തന്നെയാണു വോട്ടുതേടുന്നതും. രണ്ടു സഹോദരങ്ങളും പെങ്ങൾക്കുവേണ്ടി കൊണ്ടുപിടിച്ച പ്രചാരണത്തിലാണ്. ഒരു വർഷത്തെ സർക്കാരിന്റെ പ്രകടനം സംസ്ഥാനത്തു വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നാണ് കോൺറാഡിന്റെ അവകാശവാദം... Meghalaya Lok Sabha Elections 2019

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പി.എ. സാങ്മയുടെ മകളെ തോൽപിക്കരുതെന്ന ഓർമപ്പെടുത്തലുമായിത്തന്നെയാണു വോട്ടുതേടുന്നതും. രണ്ടു സഹോദരങ്ങളും പെങ്ങൾക്കുവേണ്ടി കൊണ്ടുപിടിച്ച പ്രചാരണത്തിലാണ്. ഒരു വർഷത്തെ സർക്കാരിന്റെ പ്രകടനം സംസ്ഥാനത്തു വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നാണ് കോൺറാഡിന്റെ അവകാശവാദം... Meghalaya Lok Sabha Elections 2019

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നദിയാണ് ഉംഗോട്ട്. നദിയിലും അതിന്റെ ഭാഗമായ ദൗകി തടാകത്തിലും തോണിയാത്ര നടത്തിയാൽ നീന്തിത്തുടിക്കുന്ന മീനുകൾ മുതൽ അടിത്തട്ടിലെ കല്ലും ചരലുംവരെ അക്വാറിയത്തിലെന്നപോലെ കാണാം. അത്രയ്ക്കു തെളിഞ്ഞൊഴുകുന്ന നദി. മേഘാലയയിലെ ജയ്ന്തിയ മലനിരകളുടെ താഴ്‌വാരത്താണ് ഉംഗോട്ട് നദിയും ദൗകി തടാകവും.

മേഘങ്ങളുടെ ആലയമാണ്; ഏറ്റവും കൂടുതൽ മഴ കിട്ടുന്ന, കുളിരുന്ന കാലാവസ്ഥയുള്ള, ഏറ്റവും വൃത്തിയുള്ള നാടാണ്, ദൗകി തടാകംപോലെ തെളിഞ്ഞ മനസ്സുള്ള സമൂഹമാണ്. പക്ഷേ, തുടർച്ചയായി കല്ലുകൾ വീണ് ഓളങ്ങൾ തടാകത്തിന്റെ ആഴക്കാഴ്ചകളെ തടസ്സപ്പെടുത്തിയ അവസ്ഥയാണിപ്പോൾ സംസ്ഥാനത്ത്.

ADVERTISEMENT

രാജ്യാന്തര ശ്രദ്ധ നേടിയ ഖനി ദുരന്തവും പൗരത്വ ഭേദഗതി ബില്ലിനെതിരെ ആളിപ്പടർന്ന പ്രതിഷേധവും എവിടുത്തേക്കാളുമേറെ മഴ കിട്ടുമ്പോഴും കുടിവെള്ളത്തിനു ജല ടാങ്കറുകളെത്തുന്നതു കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയും ഒപ്പം, തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ദിവസംതോറും മാറിമറിയുന്ന രാഷ്ട്രീയ കാലാവസ്ഥയും. അശാന്തമാണു മേഘാലയ.

ദൗകി തടാകം

ഭൂഗർഭത്തിലെ ‘ചിലന്തിവലകൾ’

ജയ്ന്തിയ കുന്നുകളിലെ കൽക്കരി ഖനികളിൽ 16 പേർ കുടുങ്ങിയത് ഡിസംബർ 13ന്. മഴയെത്തുടർന്നു കവിഞ്ഞൊഴുകിയ സമീപത്തെ നദിയിൽനിന്നു വെള്ളം ഖനികളിലേക്കു കയറിയതായിരുന്നു കാരണം. രക്ഷാപ്രവർത്തനങ്ങളൊന്നും ഫലംകണ്ടില്ല. ആകെ കിട്ടിയത് രണ്ടു മൃതദേഹങ്ങൾ.

ആദ്യത്തേതു കിട്ടിയത് ദുരന്തമുണ്ടായി 35 ദിവസം പിന്നിട്ടപ്പോൾ. എലിമാളംപോലുള്ള തുരങ്കങ്ങളിലിറങ്ങി ഖനനം നടത്തിയ 16 തൊഴിലാളികളുടെ കുടുംബാംഗങ്ങളുടെ മാത്രം നഷ്ടമായി ഖനി ദുരന്തം എന്ന അധ്യായം അടഞ്ഞു. പക്ഷേ, ഏതു പെരുമഴക്കാലത്തും മേഘാലയയിലെ രാഷ്ട്രീയ കാലാവസ്ഥയെ ചൂടുപിടിപ്പിക്കുന്ന വിഷയമാണു ഖനനം. 

കോൺറാഡ് സാങ്മ (ഫയൽ ചിത്രം)

2014ല്‍ മുകുൾ സാങ്മ മുഖ്യമന്ത്രിയായിരിക്കെയാണ് ദേശീയ ഹരിത ട്രൈബ്യൂണൽ സംസ്ഥാനത്തെ കൽക്കരി ഖനനത്തിനും കയറ്റുമതിക്കും നിരോധനമേർപ്പെടുത്തുന്നത്. ഖനനത്തിന് അശാസ്ത്രീയ മാർഗങ്ങളുപയോഗിക്കുന്നതും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തതുമായിരുന്നു കാരണം. നിരോധനം സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കു വലിയ തിരിച്ചടിയായി. ഖനികളിൽ തൊഴിലെടുത്തുവന്ന ഒട്ടേറെ സാധാരണക്കാരുടെ ജീവിതം വഴിമുട്ടി.

ADVERTISEMENT

അധികാരത്തിലിരുന്ന കോൺഗ്രസ് സർക്കാരിനെതിരെ പ്രതിപക്ഷത്തിന് വിഷയം ആയുധമായി. ഖനന നിരോധനത്തിനെതിരെ ഒന്നും ചെയ്യാൻ കഴിയാത്ത മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ആഞ്ഞടിച്ച എൻപിപി അധ്യക്ഷൻ കോൺറാഡ് സാങ്മ, തങ്ങൾ അധികാരത്തിലെത്തിയാൽ നിരോധനം നീക്കുമെന്ന വാഗ്ദാനം അവസരം കിട്ടുമ്പോഴെല്ലാം ആവർത്തിച്ചു. 2018ൽ കോൺറാഡ് സാങ്മയെ മുഖ്യമന്ത്രിക്കസേരയിലെത്തിച്ചതിൽ ‘ഖനിവിവാദം’ ചെറുതല്ലാത്ത പങ്കും വഹിച്ചു.

ബിജെപിയുടെയും പ്രാദേശിക കക്ഷികളുടെയും പിന്തുണയോടെ അധികാരത്തിലെത്തിയ കോൺറാഡ് സർക്കാരിനു ഖനന നിരോധനം നീക്കുന്നതിൽ പ്രത്യേകിച്ചൊന്നും ചെയ്യാൻ കഴിഞ്ഞില്ല. എന്നാൽ, അനധികൃത ഖനനം ജയ്ന്തിയ കുന്നുകളിൽ അനസ്യൂതം തുടർന്നു. നൂറുകണക്കിന് അടി ആഴമുള്ള എണ്ണമറ്റ തുരങ്കങ്ങൾ ജയ്ന്തിയ കുന്നുകളുെട ഉള്ളറകളെ ചിലന്തിവലപോലെ നേർത്തതാക്കി.

ഭൂഗർഭ ജലം വറ്റി. ജയ്ന്തിയ താഴ്‌വരയിൽ പോയവാരവും മഴപെയ്തു. പക്ഷേ, കുടിവെള്ളത്തിനായി ജനം ടാങ്കറുകൾ വരുന്നതും കാത്തുനിൽക്കുന്നു. 14 നിസ്സഹായ തൊഴിലാളികളെ വീണ്ടെടുക്കുന്നതിൽ സംസ്ഥാന സർക്കാർ നിസ്സംഗരായി - ഖനനം അനധികൃതമാണല്ലോ.

പരസ്പരം (കൽ)കരിവാരിത്തേച്ച്...

ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ ഇരു പക്ഷത്തിനും പ്രധാന വിഷയം ഖനനമാണ്. ഹരിത ട്രൈബ്യൂണലിന്റെ നിരോധനത്തിനെതിരെ ഒന്നും ചെയ്യാൻ മുഖ്യമന്ത്രിയായിരിക്കെ മുകുൾ സാങ്മയ്ക്കു കഴിഞ്ഞില്ലെന്നു കോൺറാഡ് ആരോപിക്കുന്നു. അദ്ദേഹത്തിന് അതിനെ സുപ്രീം കോടതിയിൽ ചോദ്യംചെയ്യാമായിരുന്നു. മൈൻ ആൻഡ് മിനറൽ ആക്ടിൽനിന്ന് മേഘാലയയെ ഒഴിവാക്കുന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാരിനോട് 2015ൽ ആരാഞ്ഞെങ്കിലും കേന്ദ്ര സർക്കാരിന് മറുപടി നൽകാന്‍ പോലും മുഖ്യമന്ത്രി തയാറായിലെന്നാണു കോൺറാഡിന്റെ വാദം.

തങ്ങൾ അധികാരത്തിലെത്തിയിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. നിരോധനം നീക്കുന്നതിനായി സുപ്രീം കോടതിയെ ഉടൻ സമീപിക്കുമെന്ന പ്രഖ്യാപനവും പ്രചാരണത്തിലുടനീളം അദ്ദേഹം ആവർത്തിക്കുന്നു. മധുരവാക്കുകൾ പറഞ്ഞ് കോൺറാഡ് ആളുകളെ വഞ്ചിക്കുകയാണെന്നാണു പ്രതിപക്ഷ നേതാവ് മുകുൾ സാങ്മയുടെ ആരോപണം. അദ്ദേഹം വലിയ കാര്യങ്ങൾ ചെയ്യുമെന്ന് ആവർത്തിക്കുന്നു; ഒന്നും ചെയ്യുന്നില്ല. ആറു മാസത്തിനകം നിരോധനം എടുത്തുകളയുമെന്നാണ് അധികാരമേൽക്കുന്ന സമയത്ത് കോൺറാഡ് സാങ്മ പറഞ്ഞത്. ഒരു വർഷം കഴിഞ്ഞല്ലോ, എന്തുചെയ്തു?

എൻപിപി നേതൃത്വത്തിലുള്ള എംഡിഎ (മേഘാലയ ഡെമോക്രാറ്റിക് അലയൻസ്) സഖ്യം അധികാരമേറ്റതിനു തൊട്ടുപിന്നാലെയാണ് അനധികൃത ഖനനം തുടങ്ങിയത്. ആറുമാസത്തിനുള്ളിൽ നിയമനടപടികൾ പൂർത്തിയാക്കി ഖനനം പുനരാരംഭിക്കാൻ കഴിയില്ലെന്ന് ആർക്കാണറിയാത്തത്. എൻപിപിയും ബിജെപിയും ഉദ്ദേശിച്ചത് അനധികൃത ഖനനത്തിന് അനുമതി നൽകുമെന്നായിരുന്നുവെന്ന് കോൺഗ്രസ് പരിഹസിക്കുന്നു. ദുരന്തമുണ്ടായപ്പോൾ രക്ഷാപ്രവർത്തനത്തിൽ സർക്കാർ കാണിച്ച നിസ്സംഗതയെയും അവർ രൂക്ഷമായി വിമർശിക്കുന്നു.

താരമണ്ഡലം ടൂറ

പൊതുതിരഞ്ഞെടുപ്പുകളിൽ ദേശീയതലത്തിൽ ശ്രദ്ധനേടുന്ന പോരാട്ടം വടക്കുകിഴക്കൻ മേഖലയിൽനിന്ന് അപൂർവമായേ ഉണ്ടാകാറുള്ളൂ. ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. പ്രധാന മുന്നണികളെല്ലാം സർവസന്നാഹങ്ങളോടെയും കളത്തിലിറങ്ങിയതോടെ മേഖലയിലെ ഏതാണ്ടെല്ലാ മണ്ഡലങ്ങളിലും പോരാട്ടം കടുക്കും. ഏറ്റവും ശക്തമായ മൽസരം നടക്കുന്ന മണ്ഡലമാണു ടൂറ. മേഘാലയയിൽ ആകെയുള്ള രണ്ടു മണ്ഡലങ്ങളിലൊന്ന്. മറ്റൊന്ന് ഷില്ലോങ്.

കോൺറാഡ് സാങ്മയുടെ എൻപിപിയും (നാഷനൽ പീപ്പിൾസ് പാർട്ടി) മുകുൾ സാങ്മ നേതൃത്വം നല്‍കുന്ന കോൺഗ്രസും തമ്മിലാണു മൽസരം. എ‍ൻപിപി സ്ഥാനാർഥി അഗത കെ. സാങ്മ. രണ്ടു വട്ടം എംപി. രണ്ടാം യുപിഎ സർക്കാരിൽ കേന്ദ്രമന്ത്രി. മുൻ ലോക്സഭാ സ്പീക്കറും പലതവണ ടൂറ മണ്ഡലത്തിൽനിന്ന് എംപിയുമായിരുന്ന പി.എ.സാങ്മയുടെ മകൾ. മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ സഹോദരി.

മറ്റൊരു സഹോദരൻ ജെയിംസ് സാങ്മ ആഭ്യന്തര മന്ത്രി. അഗതയ്ക്കെതിരെ കോൺഗ്രസ് കളത്തിലിറക്കിയിരിക്കുന്നത് മുതിർന്ന നേതാവ് ഡോ. മുകുൾ സാങ്മയെത്തന്നെയാണ്. മുൻ മുഖ്യമന്ത്രി. നിലവിൽ പ്രതിപക്ഷ നേതാവ്. സംസ്ഥാനത്തു കോൺഗ്രസിന്റെ കരുത്തുറ്റ മുഖം.

ടൂറയ്ക്ക് സാങ്മ മതി!

പി.എ.സാങ്മയെ ഓർക്കുമ്പോൾ മലയാളിയുടെ മനസ്സിൽ ആദ്യമെത്തുക അദ്ദേഹം കേരളത്തിലെത്തിയപ്പോൾ ഇ.കെ.നായനാർ ‘തങ്കമ്മ’ എന്നു വിളിച്ച സംഭവമാകും! സാങ്മയെ പത്തു തവണ ലോക്സഭയിലേക്കു പറഞ്ഞുവിട്ടിട്ടുണ്ട് ടൂറ മണ്ഡലം. ഇതിൽ ആറു തവണയും കോൺഗ്രസ് ടിക്കറ്റിൽ. സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായപ്പോൾ അവരുടെ ‘വിദേശജന്മത്തിൽ’ പ്രതിഷേധിച്ച് 1999ൽ പാർട്ടി വിട്ട് ശരത് പവാറിനും താരിഖ് അൻവറിനുമൊപ്പം നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) രൂപീകരിച്ചു.

2004ല്‍ എൻസിപി - കോൺഗ്രസ് സഖ്യമുണ്ടാക്കാൻ ശ്രമിച്ചപ്പോൾ പവാറിനോടു പിണങ്ങി മമത ബാനർജിയെ കൂട്ടുപിടിച്ചു. 2004ൽ ലോക്സഭയിലേക്കു മൽസരിച്ചത് നാഷനലിസ്റ്റ് തൃണമൂൽ കോൺഗ്രസിന്റെ പുല്ലും പൂവും ചിഹ്നത്തിൽ. ടൂറയിൽ നിന്നു വിജയിക്കുകയും ചെയ്തു. എന്നാൽ 2005ൽ അദ്ദേഹം തൃണമൂൽ വിട്ട് എംപി സ്ഥാനവും രാജിവച്ചു. ഗാരോ സ്റ്റുഡന്റ്സ് യൂണിയന്റെ (ജിഎസ്‌യു) നേതൃത്വത്തിൽ ടൂറോയിലും വില്യംനഗറിലും നടത്തിയ പ്രകടനങ്ങൾക്കു നേരെയുണ്ടായ പൊലീസ് വെടിവയ്പിൽ പ്രതിഷേധിച്ചായിരുന്നു അത്.

മേഘാലയ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ പുനഃസംഘടന സംബന്ധിച്ച സംസ്ഥാന സമിതിയുടെ ശുപാർശകളിൽ പ്രതിഷേധിച്ചായിരുന്നു ജിഎസ്‌യു പ്രകടനം. നിരോധനാജ്ഞ ലംഘിച്ചു നടത്തിയ പ്രകടനത്തിനു നേരെ സെപ്റ്റംബർ 30നു നടന്ന വെടിവയ്പിൽ ഒൻപതു പേര്‍ കൊല്ലപ്പെട്ടിരുന്നു. തന്റെ മണ്ഡലത്തിൽ നടന്ന ക്രൂരമായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു സാങ്മയുടെ രാജി. തുടർന്ന് അന്നത്തെ കോൺഗ്രസ് സർക്കാരിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു. രാജിക്കു തൊട്ടുപിന്നാലെ പഴയ പാളയമായ എൻസിപിയിൽ തിരിച്ചെത്തുകയും ചെയ്തു.

2006ലെ ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ എൻസിപി സ്ഥാനാർഥിയായി ടൂറയിൽ നിന്ന് സാങ്മ വിജയിച്ചു. അന്ന് ഉപമുഖ്യമന്ത്രിയും വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുമുണ്ടായിരുന്ന കോൺഗ്രസ് നേതാവ് മുകുൾ സാങ്മയെയായിരുന്നു തോൽപിച്ചത്. 2008ൽ എംപി സ്ഥാനം രാജിവച്ച സാങ്മ മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. വിജയിച്ചെങ്കിലും ഭരണം കോൺഗ്രസിനായിരുന്നു.

ഒഴിവുവന്ന ടൂറ ലോക്സഭാ മണ്ഡലത്തില്‍ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ സാങ്മയുടെ മകൾ അഗതയ്ക്കായിരുന്നു വിജയം. 2009ൽ നടന്ന പൊതുതിരഞ്ഞെടുപ്പിലും അഗത എൻസിപി പ്രതിനിധിയായി ജയിച്ചു കയറി. ഏതാനും വർഷങ്ങൾക്കപ്പുറം എൻസിപി വിട്ട സാങ്മ 2013ൽ എൻപിപിക്ക് രൂപം നൽകി. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ടൂറയിൽ മത്സരിച്ചു ജയിക്കുകയും ചെയ്തു.

2016ൽ സാങ്മയുടെ മരണത്തെത്തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ എൻപിപി ചിഹ്നത്തിൽ മകൻ കോൺറാഡ് സാങ്മ ജയിച്ചുകയറി. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സൗത്ത് ടൂറയിൽ നിന്നു ജയിച്ച കോൺറാഡ് നിലവിൽ മേഘാലയയുടെ മുഖ്യമന്ത്രിയാണ്. എംപി സ്ഥാനവും ഇദ്ദേഹം രാജിവച്ചിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ടൂറയിൽ അഗത വീണ്ടും മത്സരിക്കുമ്പോൾ ഇതുവരെയുള്ള വിജയങ്ങൾ നൽകിയ വിശ്വാസത്തിന്റെ ബലത്തിലാണ് എൻപിപി. മണ്ഡലത്തിൽ സാങ്മ കുടുംബത്തിന്റെ വിജയഗാഥ ഇങ്ങനെ:

ആത്മവിശ്വാസത്തിൽ എൻപിപി

മൂന്നു വർഷം മുൻപ് അന്തരിച്ച പിതാവ് പി.എ.സാങ്മയുടെ സേവനങ്ങൾ നാട്ടുകാർ മറന്നിട്ടില്ലെന്ന ആത്മവിശ്വാസത്തിലാണ് അഗത. സാങ്മയുടെ മകളെ തോൽപിക്കരുതെന്ന ഓർമപ്പെടുത്തലുമായിത്തന്നെയാണു വോട്ടുതേടുന്നതും. രണ്ടു സഹോദരങ്ങളും പെങ്ങൾക്കുവേണ്ടി കൊണ്ടുപിടിച്ച പ്രചാരണത്തിലാണ്. ഒരു വർഷത്തെ സർക്കാരിന്റെ പ്രകടനം സംസ്ഥാനത്തു വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നാണ് കോൺറാഡിന്റെ അവകാശവാദം.

എൻപിപി ഭരിക്കുന്ന സംസ്ഥാനത്തിന് ലോക്സഭയിൽ തന്റെ പ്രാതിനിധ്യം കൂടിയാകുമ്പോൾ വൻ മുന്നേറ്റമാണു വരാനിരിക്കുന്നതെന്ന് അഗത അവകാശപ്പെടുന്നു. കൽക്കരി തന്നെയാണ് എൻപിപിക്കു പ്രധാന തലവേദന. നിരോധനം പിൻവലിക്കുന്നതിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന ആരോപണത്തോടൊപ്പം ഖനി ദുരന്തവും അനധികൃത ഖനനവും പ്രതിപക്ഷം ആയുധമാക്കുന്നു.

രണ്ടും കൽപിച്ച് കോൺഗ്രസ്

കോൺഗ്രസിന് അഭിമാനപ്പോരാട്ടമാണു ടൂറയിൽ. സാങ്മ കുടുംബത്തിന്റെ കുത്തകമണ്ഡലം എങ്ങനെയും പിടിച്ചെടുക്കണമെന്ന വാശിയിലാണ് ഇത്തവണ പാർട്ടി. 10 വർഷം മുഖ്യമന്ത്രിയായിരുന്ന മുകുൾ സാങ്മ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ ഏറ്റവും നന്നായി അറിയുന്നയാളും അതു കേന്ദ്രത്തിൽ ഫലപ്രദമായി അവതരിപ്പിക്കാൻ കഴിയുന്ന നേതാവുമാണെന്ന് പാർട്ടി അവകാശപ്പെടുന്നു. മുഖ്യമന്ത്രിയായിരുന്നപ്പോഴത്തെ പ്രകടനം എണ്ണിപ്പെറുക്കിപ്പറഞ്ഞാണു മുകുൾ സാങ്മയുടെ പ്രചാരണം. സംഘർഷഭരിതമായിരുന്ന ഖാസി, ഗാരോ താഴ്‌വരകളിൽ സമാധാനം കൊണ്ടുവന്നതു താനാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

‘ഡോ. മുകുൾ സംസ്ഥാനത്ത് ഒരു വികസനവും കൊണ്ടുവന്നില്ലെന്ന് അവർ(എൻപിപി) പറയുന്നു. അഴിമതിക്കാരനാണെന്നു പറയുന്നു. എട്ടുവർഷം ഞാൻ സംസ്ഥാനം ഭരിച്ചപ്പോൾ ഒരു അഴിമതിയും ഇവിടെ ഉണ്ടായിട്ടില്ല. ഒട്ടേറെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും റോഡുകളുമാണ് ഉണ്ടായത്. മൂന്നു വർഷത്തിനുള്ളിൽ, റെക്കോ‍ർഡ് സമയത്തിലാണു ഷില്ലോങ്-ഗുവാഹത്തി നാലുവരിപ്പാത പൂർത്തീകരിച്ചത്. കോൺഗ്രസ് സർക്കാർ സംസ്ഥാനത്തു നടപ്പാക്കിയ വികസനം ജനം കാണുന്നുണ്ട്. അതുകൊണ്ട്, എതിരാളികൾ എന്തൊക്കെ ആരോപിച്ചാലും അതൊന്നും വിലപ്പോകില്ല’– വലിയ ആത്മവിശ്വാസത്തിലാണു മുകുൾ.

എംപിയും കേന്ദ്രമന്ത്രിയുമായിരുന്നപ്പോൾ ഗാരോ കുന്നുകളിെല സാധാരണക്കാർക്കുവേണ്ടി ഒന്നും ചെയ്യാൻ കഴിയാത്തയാളാണ് അഗതയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. വെക്കേഷൻ ആഘോഷിക്കാനാണു തന്നെ ജനം തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ചതെന്നാണ് അഗതയുടെ ധാരണയെന്നും മുകുൾ പരിഹസിക്കുന്നു. ടൂറയിൽ രണ്ടു തവണ പി.എ. സാങ്മയോടു പരാജയപ്പെട്ട ചരിത്രമാണു മുകുൾ സാങ്മയ്ക്കു വെല്ലുവിളി.

പൗരത്വബില്ലിൽ ‘തനിച്ചായ’ ബിജെപി

എൻപിപി നേതൃത്വം നൽകുന്ന എംഡിഎ സർക്കാരിന്റെ ഭാഗമാണു രണ്ട് എംഎൽഎമാരുള്ള ബിജെപി. വടക്കുകിഴക്കൻ മേഖലയിലെ പ്രധാന പ്രാദേശിക പാർട്ടികളെ ഉൾപ്പെടുത്തി ബിജെപി രൂപീകരിച്ച നേദയിലും (നോർത്ത് ഈസ്റ്റ് ഡമോക്രാറ്റിക് അലയൻസ്) എൻപിപി സഖ്യകക്ഷിയാണ്. എന്നാൽ, പൗരത്വ ഭേദഗതി ബില്ലിന്റെ പേരിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണു കോൺറാഡ് സാങ്മ ബിജെപിക്കെതിരെ സ്വീകരിച്ചത്. വിഷയത്തിൽ സംസ്ഥാനത്തിന്റെ പൾസ് തിരിച്ചറിഞ്ഞു നടത്തിയ നീക്കം. ബിൽ രാജ്യസഭ പാസാക്കിയാൽ മുന്നണി വിടുമെന്ന് കോൺറാഡ് പ്രഖ്യാപിച്ചു.

വീണ്ടും അധികാരത്തിലെത്തിയാൽ പൗരത്വ ബിൽ രാജ്യസഭയിൽ പാസാക്കുമെന്നാണു ബിജെപി നിലപാട്. അക്കാരണംകൊണ്ടുതന്നെ സംസ്ഥാനത്തു കേന്ദ്രസർക്കാർ വിരുദ്ധ വികാരം ശക്തം. ഈ സാഹചര്യത്തിൽ പരസ്യ സഖ്യം തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാക്കുമെന്ന ഭയത്തിൽ, ബിജെപി പിന്തുണ എൻപിപി നിരസിച്ചിരുന്നു.

ആദ്യം എൻപിപി സ്ഥാനാർഥിയെ പിന്തുണയ്ക്കുമെന്നു പ്രഖ്യാപിച്ച ബിജെപി പിന്നീട് സ്വന്തം സ്ഥാനാർഥിയെ നിർത്താൻ തീരുമാനിച്ചു. റിക്മാൻ ജി. മോമിൻ ആണു ടൂറയിൽ ബിജെപി സ്ഥാനാർഥി. 2018 നിയമസഭയിലേക്ക് മൽസരിച്ചെങ്കിലും റോങ്ജെങ് മണ്ഡലത്തിൽ 1474 വോട്ടുമായി ഏഴാമതായിരുന്നു മോമിൻ.

ഷില്ലോങ്ങിലും‘ഫോക്കസ്’ ടൂറ

ടൂറ എൻപിപിയുടേതെങ്കിൽ ഷില്ലോങ് കോൺഗ്രസിന്റേതാണ്. ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളിൽ രണ്ടുതവണ (1977,1996) മാത്രമാണു മണ്ഡലം കോൺഗ്രസിനെ കൈവിട്ടത്. സിറ്റിങ് എംപി വിൻസന്റ് എച്ച്. പാല തന്നെയാണ് ഇത്തവണ സ്ഥാനാർഥി. എതിരാളി യുഡിപിയുടെ ജെമിനോ മൗഞ്ഞോ. ബിജെപി ഒഴികെ എംഡിഎ ഘടകകക്ഷികളുടെയെല്ലാം പിന്തുണ മൗഞ്ഞോയ്ക്കുണ്ട്. ബിജെപി സ്ഥാനാർഥി സൻബോർ ഷൂലെ.

സ്വന്തം സ്ഥാനാർഥിയില്ലെങ്കിലും ഷില്ലോങ്ങിൽ പ്രചാരണത്തിൽ ഉഷാറാണു കോൺറാഡ് സാങ്മ. പറയുന്നതത്രയും മുകുൾ സാങ്മയ്ക്കെതിരെയാണു മാത്രം. മുകുൾ സർക്കാർ ‘ബുൾഡോസർ സർക്കാർ’ ആയിരുന്നു. വികസനം നടത്താനല്ല, എല്ലാം താറുമാറാക്കാനാണ് അവർ ശ്രമിച്ചത്. സംസ്ഥാനത്തു പ്രാദേശിക കക്ഷികളെല്ലാം ഒറ്റക്കെട്ടാണെന്നും പ്രാദേശിക വികാരം കേന്ദ്രത്തെ ബോധ്യപ്പെടുത്തണമെങ്കിൽ ഈ ഐക്യത്തിന്റെ പ്രതിനിധി ലോക്സഭയിൽ വേണമെന്നും കോൺറാഡ് ചൂണ്ടിക്കാട്ടുന്നു.

ആരു നേടും 100/100 

അടുത്തിടെ സംസ്ഥാനത്തു നടന്ന ഒരു സർവേ പ്രകാരം പൗരത്വ ബില്ലും ഖനന നിരോധനവും കഴിഞ്ഞാൽ ഈ തിരഞ്ഞെടുപ്പിനെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന വിഷയങ്ങൾ ഇവയാണ്: 

ഗ്രാമീണ മേഖലയിൽ കാർഷിക സബ്സിഡി, കൃഷി ആവശ്യത്തിനുള്ള ജല ദൗർലഭ്യം, വിലക്കയറ്റം.

നഗര മേഖലയിൽ ഗതാഗത സൗകര്യം, ഭക്ഷ്യ, റേഷൻ സബ്സിഡി, വിദ്യാഭ്യാസം.

പരിഗണിച്ച എല്ലാ വിഷയങ്ങളിലും അഞ്ചിൽ രണ്ടുപോലുമെത്തിയില്ല സംസ്ഥാന സർക്കാരിനു ലഭിച്ച സ്കോർ. ശരാശരിയിലും താഴെയാണു കോൺറാഡ് സർക്കാരിന്റെ പ്രകടനമെന്നു സർവേ പറയുന്നു. വോട്ടർമാരുടെ മനസ്സിൽ എന്താണെന്ന്, ആരോപണ പ്രത്യാരോപണങ്ങൾക്കും വിവാദങ്ങൾക്കും ബഹളങ്ങൾക്കും ശേഷം സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷം ദൗകി തടാകംപോലെ തെളിഞ്ഞുവരുന്ന വിധിദിവസം അറിയാം.

English Summary: Meghalaya Lok Sabha polls Analysis