40 വർഷം മുൻപ്, 1979ൽ, മാണിക്ക് കപ്പിനും ചുണ്ടിനുമിടയിൽ മുഖ്യമന്ത്രിപദം നഷ്ടപ്പെട്ടത് ഇന്നത്തേതുപോലെ 24 മണിക്കൂർ വാർത്താചാനലുകളുള്ള കാലത്തായിരുന്നെങ്കിലോ? KM Mani Demise

40 വർഷം മുൻപ്, 1979ൽ, മാണിക്ക് കപ്പിനും ചുണ്ടിനുമിടയിൽ മുഖ്യമന്ത്രിപദം നഷ്ടപ്പെട്ടത് ഇന്നത്തേതുപോലെ 24 മണിക്കൂർ വാർത്താചാനലുകളുള്ള കാലത്തായിരുന്നെങ്കിലോ? KM Mani Demise

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

40 വർഷം മുൻപ്, 1979ൽ, മാണിക്ക് കപ്പിനും ചുണ്ടിനുമിടയിൽ മുഖ്യമന്ത്രിപദം നഷ്ടപ്പെട്ടത് ഇന്നത്തേതുപോലെ 24 മണിക്കൂർ വാർത്താചാനലുകളുള്ള കാലത്തായിരുന്നെങ്കിലോ? KM Mani Demise

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെ.എം. മാണിയുടെ ജീവിതത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയായി ബാർ കോഴ വിവാദം വളർത്തിക്കൊണ്ടുവന്നതിൽ കേരളത്തിലെ വാർത്താ ചനലുകൾക്കുള്ള പങ്ക് ചെറുതല്ല. എന്നാൽ 40 വർഷം മുൻപ്, 1979ൽ, മാണിക്ക് കപ്പിനും ചുണ്ടിനുമിടയിൽ മുഖ്യമന്ത്രിപദം നഷ്ടപ്പെട്ടത് ഇന്നത്തേതുപോലെ 24 മണിക്കൂർ വാർത്താചാനലുകളുള്ള കാലത്തായിരുന്നെങ്കിലോ? ആയിരുന്നെങ്കിൽ ഒരുപക്ഷേ മാണി മുഖ്യമന്ത്രിപദത്തിൽ എത്തുമായിരുന്നു. കഴിഞ്ഞ ദിവസം അന്തരിച്ചത് കേരളത്തിന്റെ മുൻ മുഖ്യമന്ത്രി കെ.എം. മാണി എന്ന് പത്രങ്ങൾ എഴുതുമായിരുന്നു.

1979ൽ കെ.എം. മാണിയെ മുഖ്യമന്ത്രിപദത്തിലേക്ക് പിന്തുണയ്ക്കാൻ കോൺഗ്രസും (യു) ഇടതുപക്ഷവും തീരുമാനമെടുത്തതാണ്; അൽപം വൈകിയെങ്കിലും അക്കാര്യം ഗവർണറെ അറിയിക്കുകയും ചെയ്തു. ഇതിനിടയിൽ കെ. കരുണാകരന്റെ ആസൂത്രണത്തിൽ സി.എച്ച്. മുഹമ്മദ് കോയ നടപ്പാക്കിയ ഒരു ചടുല രാഷ്ട്രീയനീക്കമാണ് ആ വഴിയടച്ചത്. പിന്തുണയുമായി ഇടതുപക്ഷവും കോൺഗ്രസും ഗവർണറെ കാണുന്നതിനുമുൻപേ അന്നത്തെ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ നിയമസഭ പിരിച്ചുവിടാനുള്ള ശുപാർശ ഗവർണർക്കു കൈമാറി. ഭരണഘടനാവിദഗ്ധരുമായി ചർച്ച ചെയ്ത ഗവർണർ, അധികാരത്തിലിരിക്കുന്ന മുഖ്യമന്ത്രി നൽകിയ ശുപാർശ സ്വീകരിക്കണമെന്നു നിർദേശിച്ചു. അതുപ്രകാരം നിയമസഭ പിരിച്ചുവിട്ടു. അതോടെ മാണിക്കു മുന്നിൽ വഴിയടഞ്ഞു. ഇന്നത്തേതുപോലെ വാർത്താചാനലുകൾ ഉള്ള കാലമായിരുന്നെങ്കിൽ സി.എച്ചിന്റെ മന്ത്രിസഭയ്ക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടു എന്നകാര്യം അതിനുമുൻപേ ബ്രേക്കിങ് ന്യൂസ് ആകുമായിരുന്നു. നിയമസഭ പിരിച്ചുവിടാനുള്ള ശുപാർശയുമായി മുഖ്യമന്ത്രി സി.എച്ച്. എത്തുമ്പോൾ, താങ്കളുടെ മന്ത്രിസഭയ്ക്ക് ഭൂരിപക്ഷമുണ്ടോ എന്ന മറുചോദ്യമുന്നയിക്കാൻ ഗവർണർക്ക് അവസരം ഉണ്ടാകുമായിരുന്നു. അങ്ങനെ മാണിക്കും മുഖ്യമന്ത്രിക്കസേരയ്ക്കുമിടയിൽ ചെറിയൊരു പഴുതെങ്കിലും അവശേഷിക്കുമായിരുന്നു.

ADVERTISEMENT

ചരിത്രം ഇങ്ങനെ

എഴുപതുകളുടെ അവസാനത്തിൽ കേരളം കണ്ടത് സമാനതകളില്ലാത്ത രാഷ്ട്രീയനാടകങ്ങളായിരുന്നു. അടിയന്തരാവസ്ഥയ്ക്കു ശേഷം 1977ൽ നടന്ന തിരഞ്ഞെടുപ്പിൽ ദേശീയതലത്തിൽ കോൺഗ്രസ് നിലംപതിച്ചെങ്കിലും കേരളത്തിൽ ഉജ്വലവിജയം നേടി. കെ.കരുണകാരൻ മുഖ്യമന്ത്രിയായി സർക്കാർ നിലവിൽവന്നു. രാജൻ കേസിനെത്തുടർന്ന് ഒരു മാസത്തിനകം കരുണാകരൻ രാജിവച്ചു. പകരം എ.കെ. ആന്റണി മുഖ്യമന്ത്രിയായി. ചിക്കമഗളൂർ ഉപതിരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധിയെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് 1978 ഒക്ടോബറിൽ എ.കെ. ആന്റണി മുഖ്യമന്ത്രിപദം രാജിവച്ചു. പിന്നീട് പി.കെ. വാസുദേവൻ നായർ മുഖ്യമന്ത്രിയായി. ഇഷ്ടദാനബിൽ പാസാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഭരണമുന്നണിയിലെ സിപിഐയും ആർഎസ്പിയും പ്രതിപക്ഷത്തെ സിപിഎമ്മുമായി സഖ്യം ചേർന്നു. 1979 ഒക്ടോബറിൽ പി.കെ.വി. മന്ത്രിസഭ രാജിവച്ചു. തുടർന്ന് ഒക്ടോബർ 12ന് സി.എച്ച്. മുഹമ്മദ് കോയ മുഖ്യമന്ത്രിയായി. കേരള കോൺഗ്രസ് മാണി ഗ്രൂപ്പും പിന്നീട് കോൺഗ്രസും സിഎച്ചിനുള്ള പിന്തുണ പിൻവലിച്ചു. ഇതിനിടയിൽ നിയമസഭ പിരിച്ചുവിടാൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ ഗവർണർ ജ്യോതി വെങ്കിടാചലത്തോട് ശുപാർശ ചെയ്തു. ഗവർണർ അതു സ്വീകരിച്ചു. തുടർന്ന് കേരളം രാഷ്ട്രപതിഭരണത്തിനു കീഴിലായി. 1980 ജനുവരിയിലെ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ജയിച്ചു; ഇ.കെ. നായനാർ മുഖ്യമന്ത്രിയായി.

ആന്റണി കൊല്ലത്തിറങ്ങി; മാണിയുടെ കസേര പോയി

മുൻ മുഖ്യമന്ത്രി എ,കെ.ആന്റണിക്കൊപ്പം

സി.എച്ച്. മുഹമ്മദ് കോയ മന്ത്രിസഭയ്ക്ക് പിന്തുണ പിൻവലിക്കാനും കെ.എം. മാണിയെ മുഖ്യമന്ത്രിപദത്തിലേക്ക് പിന്തുണയ്ക്കാനുമുള്ള തീരുമാനമാണ് കോൺഗ്രസ് എടുത്തത്. എന്നാൽ, അത് നടപ്പിലാക്കാൻ കഴിയാതെ പോയത് എങ്ങനെ. ചടുലനീക്കത്തിലൂടെ നടപ്പാക്കിയ ആ രാഷ്ട്രീയകൗശലത്തെക്കുറിച്ച്, മുസ്‌ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റും കേന്ദ്ര, സംസ്ഥാന മന്ത്രിയുമായിരുന്ന പരേതനായ ഇ. അഹമ്മദ് ‘ഞാനറിയുന്ന നേതാക്കൾ’ എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. ആ പുസ്തകത്തിലെ വിവരണപ്രകാരം അന്നത്തെ സംഭവവികാസങ്ങൾ ഇങ്ങനെ: 1979 ഒക്ടോബർ 12ന് മുഖ്യമന്ത്രിയായി അധികാരമേറ്റ സി.എച്ച്. മുഹമ്മദ് കോയയ്ക്കുള്ള പിന്തുണ നവംബർ 14ന് കെ.എം. മാണി പിൻവലിച്ചു. എന്നാൽ, മാണിപക്ഷത്തെ കെ.എ. മാത്യു, പി.ജെ. ജോസഫിനൊപ്പം ചേർന്ന് സിഎച്ചിനെ പിന്തുണച്ചു; മന്ത്രിയുമായി. പിന്നാലെ, മാണി ഗ്രൂപ്പിലെ കെ. നാരായണക്കുറുപ്പിനെയും ഭരണപക്ഷം അടർത്തിയെടുത്തു. കുറുപ്പിനെ തിരിച്ചുപിടിക്കാൻ മാണി ശ്രമം തുടങ്ങിയപ്പോൾ പിടിച്ചുനിർത്താൻ ടി.എം. ജേക്കബും ലീഗ് നേതാവ് സീതിഹാജിയും ചേർന്ന് കുറുപ്പിനെ രണ്ടു ദിവസം അജ്ഞാതകേന്ദ്രത്തിൽ താമസിപ്പിച്ചു. ഇന്നു തമിഴ്നാട്ടിലും കർണാടകയിലും ഗുജറാത്തിലും ഉൾപ്പെടെ പലയിടത്തും കാണുന്ന റിസോർട്ട് പൊളിറ്റിക്സിന്റെ ആദ്യരൂപം.

1976ൽ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി കൊച്ചിയിൽ എത്തിയപ്പോൾ. കെ.എം.മാണി, എ.സി.ജോർജ് എന്നിവർ സമീപം
ADVERTISEMENT

മാണി പിന്തുണ പിൻവലിച്ചെങ്കിലും സി.എച്ച്. മുഹമ്മദ് കോയയുടെ മന്ത്രിസഭ തുടർന്നു. ഇതിനിടയിൽ ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരികയും കോൺഗ്രസും (യു) ഇടതുപക്ഷവും തമ്മിൽ ധാരണയാവുകയും ചെയ്തു. 1979 നവംബർ 27ന് കൊച്ചി ഭാരത് ടൂറിസ്റ്റ് ഹോമിൽ കെ.പി.സി.സി. എക്സിക്യൂട്ടീവിന്റെയും കോൺഗ്രസ് എംഎൽഎമാരുടെയും പ്രത്യേകം ക്ഷണിക്കപ്പെട്ടവരുടെയും യോഗം വിളിച്ചു. കോൺഗ്രസ് – ഇടത് സഖ്യത്തിന് അംഗീകാരം നൽകുകയാണ് യോഗത്തിന്റെ അജണ്ടയെന്ന് സൂചന ലഭിച്ചു. ഒപ്പം, സി.എച്ചിന്റെ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിക്കുകയും. കെപിസിസി യോഗത്തിന്റെ തീരുമാനം മണത്തറിയാനുള്ള ദൗത്യവുമായി ലീഗ് നേതാക്കളായ ബി.വി. അബ്ദുല്ലക്കോയയും ഇ. അഹമ്മദും 26ന് തന്നെ കൊച്ചിയിലെത്തി. എ.കെ. ആന്റണി, പി.സി. ചാക്കോ തുടങ്ങിയവരുമായി ഇവർ ചർച്ച നടത്തി. സി.എച്ച്. മുഹമ്മദ് കോയയ്ക്കുള്ള പിന്തുണ പിൻവലിക്കാൻ തീരുമാനമെടുത്തിട്ടില്ലെന്നും തീരുമാനമെടുത്താൽ ലീഗിനെയും സി.എച്ചിനെയും അറിയിക്കുമെന്നും ആന്റണി പറഞ്ഞു.

പ്രതീക്ഷിച്ച തീരുമാനം തന്നെയാണ് 27ന് കെപിസിസി യോഗം കൈക്കൊണ്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് – ഇടത് ധാരണയുണ്ടാക്കുക. സി.എച്ച്. മുഹമ്മദ് കോയ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിക്കുക; കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം നടപ്പാക്കുക. ഇതാണ് തീരുമാനമെന്ന വിവരം ഉമ്മൻചാണ്ടിയും പരോക്ഷമായി ലീഗ് നേതാക്കളെ അറിയിച്ചു. ഒപ്പം, കെ. കരുണാകരൻ, ജനതാ പാർട്ടി നേതാവ് കെ. ചന്ദ്രശേഖരൻ എന്നിവരെയും ഇക്കാര്യം അറിയിച്ചു.

നവംബർ 27നു രാത്രി ബി.വി. അബ്ദുല്ലക്കോയയും ഇ. അഹമ്മദും എ.കെ. ആന്റണിയെ കണ്ടു. രാത്രി തന്നെ തിരുവനന്തപുരത്തേക്കു പുറപ്പെടുകയാണെന്നും 28ന് രാവിലെ ഗവർണറെ കണ്ട് തീരുമാനം അറിയിക്കുമെന്നും ആന്റണി പറഞ്ഞു. തിരഞ്ഞെടുപ്പിൽ ലീഗ് സ്വന്തം സീറ്റിൽ മാത്രം മൽസരിക്കുകയും ആന്റണിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസുമായി മാത്രം സഖ്യമാവുകയും ചെയ്യുക എന്ന ഫോർമുല കൂടി ആലോചിച്ചുകൂടേ എന്ന് ലീഗ് നേതാക്കൾ ആന്റണിയോട് ചോദിച്ചു. സഹപ്രവർത്തകരോടും ഹൈക്കമാൻഡിനോടും ഉപപ്രധാനമന്ത്രി വൈ.ബി. ചവാനോടും ചർച്ച ചെയ്തശേഷം അറിയിക്കാമെന്ന് ആന്റണിയുടെ മറുപടി. പുതിയ ഫോർമുല ചർച്ചയിൽ വന്നതോടെ, കൊച്ചിയിൽനിന്നു നേരെ തിരുവനന്തപുരത്തേക്കു പോയി ഗവർണറെ കാണാനിരുന്ന ആന്റണി, യാത്ര കൊല്ലത്തേക്കു മാറ്റി. ആർഎസ്പി നേതാവ് ബേബി ജോണുമായി ചർച്ച ചെയ്യാനായിരുന്നു ഇത്. 28ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് ലീഗ് നേതാക്കളെ കാണാമെന്നും പറഞ്ഞു.

അഹമ്മദും ലീഗ് നേതാക്കളും രാത്രി തന്നെ തിരുവനന്തപുരത്തേക്കു തിരിച്ചു. 28ന് രാവിലെ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ ഗവർണർക്കുള്ള കത്ത് തയാറാക്കി. പരമരഹസ്യമായതിനാൽ പഴ്സണൽ സ്റ്റാഫിനെ പോലും കാണിച്ചില്ല. ഗവർണറുമായുള്ള അടിയന്തര കൂടിക്കാഴ്ച രാവിലെ 9ന് നിശ്ചയിച്ചു. നിയമസഭ പിരിച്ചുവിടാൻ ഗവർണറോട് ശുപാർശ ചെയ്യുന്നതായിരുന്നു കത്ത്. ഒൻപതുമണിക്കു തന്നെ കത്ത് ഗവർണർക്കു കൈമാറി. തുടർന്ന് ക്ലിഫ് ഹൗസിൽ പത്രസമ്മേളനം വിളിച്ച സി.എച്ച് ഗവർണറെ കണ്ടതും നിയമസഭ പിരിച്ചുവിടാൻ ശുപാർശ ചെയ്തതും വെളിപ്പെടുത്തി. ഇതുകേട്ട് ഇടതുപക്ഷവും കേരള കോൺഗ്രസും ഉൾപ്പെടെയുള്ള പ്രതിപക്ഷം മാത്രമല്ല, പിന്തുണ പിൻവലിച്ച കോൺഗ്രസും ഞെട്ടിപ്പോയി. ദേശാഭിമാനിയുടെ തിരുവനന്തപുരം ലേഖകനായിരുന്ന എസ്. ശക്തിധരൻ ഉൾപ്പെടെയുള്ള പത്രപ്രവർത്തകർ സി.എച്ചിനോട് ചോദിച്ചു: ‘താങ്കളുടെ സർക്കാരിന് ഭൂരിപക്ഷമില്ലല്ലോ. പിന്തുണ പിൻവലിക്കാൻ കോൺഗ്രസ് (യു) ഇന്നലെ തീരുമാനിച്ചല്ലോ’. സി.എച്ച്. മറുപടി നൽകി: ‘ഗവർണർക്കു ശുപാർശ നൽകുമ്പോൾ ഞാൻ മുഖ്യമന്ത്രിയാണ്. പിന്തുണ പിൻവലിക്കുന്നതായി എന്നെയോ ഗവർണറെയോ ആരും ഇതുവരെ അറിയിച്ചിട്ടില്ല’.

ADVERTISEMENT

ആന്റണി തലസ്ഥാനത്തെത്തിയ ശേഷം ഒരുമിച്ച് ഗവർണറെ കാണാനാണ് പ്രതിപക്ഷം കാത്തിരുന്നത്. ഒടുവിൽ അവസാനശ്രമമെന്ന നിലയിൽ രാവിലെ 11 മണിക്ക് ആന്റണി ഇല്ലാതെ പി.കെ. വാസുദേവൻ നായർ, കെ.എം. മാണി, പി.എം. അബൂബക്കർ തുടങ്ങിയവർ ഗവർണറെ കണ്ടു. സി.എച്ചിന് പിന്തുണയില്ലെന്നും നിയമസഭ പിരിച്ചുവിടാനുള്ള ശുപാർശ സ്വീകരിക്കരുതെന്നും അവർ ഗവർണറോട് ആവശ്യപ്പെട്ടു. ആന്റണി വാക്കുപാലിച്ചു. ലീഗ് നേതാക്കളോട് പറഞ്ഞതുപോലെ ഉച്ചയോടെ തിരുവനന്തപുരത്തെത്തി. അപ്പോഴേക്കും രാഷ്ട്രീയകരുനീക്കങ്ങൾക്കുള്ള സമയമെല്ലാം കഴിഞ്ഞിരുന്നു. മുഖ്യമന്ത്രി സി.എച്ച്. നൽകിയ ശുപാർശ സ്വീകരിക്കാമോ എന്ന് ഗവർണർ നിയമവിദഗ്ധരുമായി ചർച്ച ചെയ്തു. സഭ പിരിച്ചുവിടാൻ മുഖ്യമന്ത്രി ശുപാർശ നൽകിയത് രാവിലെ 9ന്; മന്ത്രിസഭയ്ക്കു പിന്തുണ പിൻവലിക്കുന്നതായി കക്ഷിനേതാക്കൾ ഗവർണറെ അറിയിച്ചത് രാവിലെ 11ന്. സാങ്കേതികമായി നോക്കിയാൽ, സഭ പിരിച്ചുവിടാൻ ശുപാർശ നൽകുമ്പോൾ മുഖ്യമന്ത്രിക്ക് പിന്തുണയുണ്ട്. അതിനാൽ ശുപാർശ സ്വീകരിക്കാം എന്നായിരുന്നു നിയമോപദേശം. നവംബർ 30ന് ഗവർണർ നിയമസഭപിരിച്ചുവിട്ടു. അതോടെ, കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാനുള്ള വഴിയടയുകയും ചെയ്തു.

ചാനലുകൾ ഉണ്ടായിരുന്നെങ്കിലോ?

27ന് രാത്രി കെപിസിസി യോഗം പിന്തുണ പിൻവലിക്കാനുള്ള തീരുമാനമെടുക്കുമ്പോൾ തന്നെ ബ്രേക്കിങ് ന്യൂസ് വരുമായിരുന്നു. പിറ്റേന്നു രാവിലെ 9ന് നിയമസഭ പിരിച്ചുവിടാനുള്ള ശുപാർശയുമായി മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ എത്തുമ്പോൾ, താങ്കളുടെ സർക്കാരിനു ഭൂരിപക്ഷമുണ്ടോ എന്ന് ഗവർണർ മറുചോദ്യം ഉന്നയിച്ചേക്കാമായിരുന്നു. അങ്ങനെയെങ്കിൽ ചരിത്രം ഒരുപക്ഷേ, മറ്റൊന്നാകുമായിരുന്നു.
 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT