ADVERTISEMENT

‘ഇനി മുതൽ ശൈലജ ടീച്ചർ അല്ല ടീച്ചറമ്മ.’ - മന്ത്രി കെ.കെ.ശൈലജയ്ക്കു ലഭിക്കുന്ന ഫെയ്‌സ്ബുക്ക് കമന്റുകളിൽ ഒന്നാണിത്. ഫെയ്സ്ബുക്കിൽ ഒരു സഹായ അഭ്യർഥനയ്ക്കു കുറിച്ച കമന്റിലും തുടർനടപടിയിലൂടെയും സൈബർ ലോകത്ത് നിറഞ്ഞ കയ്യടി നേടുകയാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ.

സഹോദരിയുടെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ഇടപെടണം എന്ന് അഭ്യർഥിച്ചാണ് ജിയാസ് മാടശേരി എന്ന യുവാവ് മന്ത്രി കെ.കെ.ശൈലജയുടെ ഫെയ്സ്ബുക്ക് പേജിനു താഴെ കമന്റിട്ടത്. കമന്റ് ശ്രദ്ധയിൽപ്പെട്ട മന്ത്രി ഉടൻ തന്നെ അതിനുതാഴെ മറുപടിയും കുറിച്ചു. സഹോദരിയുടെ കുഞ്ഞിന്റെ ഹൃദയവാല്‍വിന് തകരാര്‍ കണ്ടെത്തിയതുമൂലം വിദഗ്ധ ചികിത്സ ആവശ്യമാണെന്നും എന്നാല്‍ അതിനുള്ള സാഹചര്യമില്ലാത്തതിനാല്‍ സഹായിക്കണമെന്നുമായിരുന്നു അപേക്ഷ.

യുവാവിന്റെ കമന്റ് ഇങ്ങനെ: 'ടീച്ചറേ... വേറെ ഒരു മാര്‍ഗവും ഇല്ലാത്തതുകൊണ്ടാണ് ഈ മെസ്സേജ് അയക്കുന്നത്. എന്റെ അനുജത്തി ഇന്ന് രാവിലെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി, നിര്‍ഭാഗ്യവശാല്‍ വാല്‍വ് സംബന്ധമായ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. മലപ്പുറം ജില്ലയിലെ എടക്കര എന്ന സ്ഥലത്ത് നിന്ന് ഞങ്ങൾ ഡോക്ടർ നിര്‍ദ്ദേശിച്ച പ്രകാരം പെരിന്തല്‍മണ്ണയിലെ KIMS ALSHIFAYIL എത്തി. അവര്‍ ടെസ്റ്റുകള്‍ നടത്തി. ഇപ്പൊള്‍ ഇവിടെ നിന്ന് ഒന്നുകില്‍ അമൃത ഹോസ്പിറ്റലില്‍ അല്ലെങ്കില്‍ ശ്രീചിത്തിരയിലോട്ട് കൊണ്ട് പോവാന്‍ പറഞ്ഞു. മേല്‍ ഹോസ്പിറ്റലില്‍ ബന്ധപ്പെട്ടപ്പോള്‍ ബെഡ് ഫ്രീ ഇല്ല എന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് ഇവിടത്തെ ഡോക്ടർ പറഞ്ഞു. ടീച്ചറേ... എത്രയും പെട്ടന്ന് എന്റെ കുട്ടിയെ മേല്‍ ഹോസ്പിറ്റലില്‍ എത്തിച്ചിട്ടില്ലേല്‍ ജീവന്‍ അപകടത്തിലാവും എന്നാണ് ഡോക്ടർ പറഞ്ഞത്. ടീച്ചര്‍ ഇടപെട്ട് ഇതിനൊരു പരിഹാരം ഉണ്ടാക്കി തരണമെന്ന് അപേക്ഷിക്കുന്നു' യുവാവ് കുറിച്ചു.

മന്ത്രി കെ.കെ. ശൈലജ ഇതിനു നൽകിയ മറുപടി ഇങ്ങനെ: 'താങ്കളുടെ കമന്റ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ആരോഗ്യവകുപ്പ് ഡയറക്ടറോടും ഹൃദ്യം പദ്ധതിയുടെ കോഡിനേറ്ററിനോടും ഈ വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി നടത്താന്‍ കഴിയും. എത്രയും വേഗത്തില്‍ കുഞ്ഞിനു വേണ്ട ചികിത്സ നല്‍കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എറണാകുളം ലിസി ഹോസ്പിറ്റലില്‍ കുട്ടിയുടെ ഓപ്പറേഷന് വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഹൃദ്യം പദ്ധതിയ്ക്ക് വേണ്ടിയുള്ള ആംബുലന്‍സ് എടപ്പാള്‍ എന്ന സ്ഥലത്ത് നിന്നും പെരിന്തല്‍മണ്ണ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കുട്ടിയെ ഇന്ന് രാത്രി തന്നെ ലിസി ആശുപത്രിയിലേക്ക് മാറ്റാനുള്ള ഉള്ള നടപടികള്‍ സ്വീകരിക്കും'- മന്ത്രി കുറിച്ചു.

ഹൃദയസംബന്ധമായ തകരാറുള്ള ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ അടിയന്തര ചികിൽസയ്ക്കായി പെരിന്തൽമണ്ണയിൽ നിന്ന് ഇന്ന് പുലർച്ചയോടെ കൊച്ചി ലിസി ആശുപത്രിയിൽ എത്തിച്ചു. ഇതാവണം ജനസേവനം എന്ന് അനുമോദിച്ച് പിന്നീട് സോഷ്യൽ വാളുകളിൽ മന്ത്രി കെ.കെ. ശൈലജയ്ക്ക് അഭിനന്ദനപ്രവാഹമായി. സമൂഹമാധ്യമങ്ങളിലൂടെ രാഷ്ട്രീയ പോരുകൾക്ക് മന്ത്രിമാർ തുടക്കമിടുമ്പോൾ കെ.കെ.ശൈലജ മുന്നോട്ട് വയ്ക്കുന്നത് മികച്ച മാതൃകയാണെന്നാണ് ഉയരുന്ന അഭിപ്രായം. ആറായിരത്തിലേറെ പേരാണ് മന്ത്രിയുടെ കമന്റിന് ലൈക്കുമായി എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com