ദാവൂദ് പാക്കിസ്ഥാനില്‍ ഇല്ലെന്ന വാദം പൊളിയുന്നു; പുതിയ ചിത്രം പുറത്ത്
Mail This Article
ന്യൂഡല്‍ഹി∙ ഇന്ത്യ തിരയുന്ന കൊടുംകുറ്റവാളി ദാവൂദ് ഇബ്രാഹിം രാജ്യത്തില്ലെന്ന പാക്കിസ്ഥാന്റെ വാദം പൊളിയുന്നു. ദാവൂദ് പാക്കിസ്ഥാനില്‍ തന്നെയുണ്ടെന്നു തെളിയിക്കുന്ന ചിത്രം സി ന്യൂസ് പുറത്തുവിട്ടു. ദാവൂദിന്റെ ഏറ്റവും പുതിയ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ദാവൂദ് പാക്കിസ്ഥാനില്‍ ഇല്ലെന്ന് വ്യാഴാഴ്ച പാക്ക് വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.
കഴിഞ്ഞ 25 വര്‍ഷമായി ഒളിവില്‍ കഴിയുന്ന ദാവൂദ് ഏറ്റവും അടുത്ത അനുയായി ജാബിര്‍ മോട്ടിവാലയുമായി സംസാരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചിരിക്കുന്നത്. ജാബിറിന്റെ നാടുകടത്തല്‍ ഹര്‍ജിയുമായി ബന്ധപ്പെട്ട വാദത്തിനിടെയാണ് ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന വിവരം അറ്റോര്‍ണി ജനറല്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ ബോധിപ്പിച്ചത്. ഡി കമ്പനിയുടെ രാജ്യാന്തര പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് ജാബിറാണ്. ക്ലീന്‍ ഷേവ് ചെയ്ത ദാവൂദിന്റെ ചിത്രമാണ് ഇപ്പോള്‍ ലഭിച്ചത്. ദാവൂദ് രോഗബാധിതനാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ തികച്ചും ആരോഗ്യവാനായാണ് ദാവൂദ് കാണപ്പെടുന്നത്. കാല്‍മുട്ടിനു കഠിനമായ പ്രശ്‌നങ്ങള്‍ ദാവൂദ് നേരിടുന്നുണ്ടെന്നായിരുന്നു റിപ്പോർട്ട്.
കറാച്ചിയില്‍ ദാവൂദിന്റെ ക്ലിഫ്ടണ്‍ വീടിനു തൊട്ടടുത്താണു ജാബിറും താമസിക്കുന്നതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ നിഗമനം. ദാവൂദിന്റെ ഭാര്യ മെഹ്ജാബിനുമായും മകന്‍ മൊയിന്‍ നവാസുമായി ജാബിറിനു കുടുംബബന്ധമുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍, ഭീഷണിപ്പെടുത്തി പണം തട്ടല്‍, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കേസുകള്‍ എഫ്ബിഐ ചാര്‍ജ് ചെയ്തതിനെ തുടര്‍ന്ന് അമേരിക്കയുടെ ആവശ്യപ്രകാരം സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് ജാബിറിനെ 2018 ഓഗസ്റ്റ് 17-ന് അറസ്റ്റ് ചെയ്തിരുന്നു. ജാബിറിനെ അമേരിക്കയിലേക്കു നാടുകടത്തണമെന്നും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.
ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന് ജാബിര്‍ വെളിപ്പെടുത്തിയെന്നാണ് എഫ്ബിഐ വ്യക്തമാക്കുന്നത്. ദാവൂദിന്റെ ഡി കമ്പനിയുടെ നിര്‍ണായക വിവരങ്ങളും ജാബിറിന്റെ പക്കലുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ എഫ്ബിഐയുമായി ബന്ധപ്പെട്ടിരുന്നു. പാക്ക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയ്ക്കും ഡി കമ്പനിയുമായി ബന്ധമുണ്ടെന്നാണ് ഇന്ത്യന്‍ ഏജന്‍സികള്‍ കരുതുന്നത്. പാക്കിസ്ഥാന്‍ ഭീകരസംഘടനകളുമായി ജാബിറിനു അടുപ്പമുണ്ടെന്നും ഇവര്‍ കരുതുന്നു. അറസ്റ്റിലാകും മുമ്പ് ജാബിര്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. ബ്രിട്ടനില്‍ 10 വര്‍ഷത്തെ വീസയാണ് ജാബിറിനുള്ളത്. 2028-ലാണ് ഇതിന്റെ കാലാവധി കഴിയുന്നത്. അതിനിടെ ആന്റ്വിഗ ആന്‍ഡ് ബര്‍ബുഡയില്‍ പൗരത്വത്തിനും ജാബിര്‍ ശ്രമിക്കുന്നുണ്ട്.
ജാബിറിനെ അമേരിക്കയിലേക്കു നാടുകടത്താനുള്ള നീക്കത്തിനെതിരെ ലണ്ടനിലെ പാക്ക് ഹൈക്കമ്മിഷന്‍ രംഗത്തെത്തിയിരുന്നു. ജാബിര്‍ ബഹുമാന്യനായ വ്യവസായിയാണെന്നും ഡി കമ്പനിയുമായി യാതൊരു ബന്ധവുമില്ലെന്നും ഹൈക്കമ്മിഷന്‍ യുകെ കോടതിയില്‍ കത്തു നല്‍കുകയും ചെയ്തു. ജാബിര്‍ നാടുകടത്തപ്പെട്ടാല്‍ ദാവൂദിന്റെ ഒളിത്താവളങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തവരുമെന്നാണു പാക്കിസ്ഥാന്‍ ഭയപ്പെടുന്നത്.