ഒരു വ്യാഴവട്ടക്കാലത്തെ കഠിനാധ്വാനം, ഒടുവിൽ ചരിത്ര വിജയം; പാലാ പിടിച്ച കാപ്പൻ തന്ത്രം
വോളിബോള്‍ കളത്തില്‍ എതിരാളികളുടെ നീക്കങ്ങള്‍ മുന്‍കൂട്ടിയറിഞ്ഞ് ചടുലമുന്നേറ്റങ്ങളിലൂടെ അവസാനനിമിഷം വരെ പോരാടിനിന്ന രാജ്യാന്തര താരത്തിന്റെ മെയ്‌വഴക്കവും ചങ്കുറപ്പുമാണ് പാലായുടെ രാഷ്ട്രീയക്കളത്തില്‍ കളംനിറഞ്ഞു കളിക്കാനും ഒടുവില്‍ വിജയം ഉറപ്പിക്കാനും മാണി... Pala Byelection . Mani C Kappan
വോളിബോള്‍ കളത്തില്‍ എതിരാളികളുടെ നീക്കങ്ങള്‍ മുന്‍കൂട്ടിയറിഞ്ഞ് ചടുലമുന്നേറ്റങ്ങളിലൂടെ അവസാനനിമിഷം വരെ പോരാടിനിന്ന രാജ്യാന്തര താരത്തിന്റെ മെയ്‌വഴക്കവും ചങ്കുറപ്പുമാണ് പാലായുടെ രാഷ്ട്രീയക്കളത്തില്‍ കളംനിറഞ്ഞു കളിക്കാനും ഒടുവില്‍ വിജയം ഉറപ്പിക്കാനും മാണി... Pala Byelection . Mani C Kappan
വോളിബോള്‍ കളത്തില്‍ എതിരാളികളുടെ നീക്കങ്ങള്‍ മുന്‍കൂട്ടിയറിഞ്ഞ് ചടുലമുന്നേറ്റങ്ങളിലൂടെ അവസാനനിമിഷം വരെ പോരാടിനിന്ന രാജ്യാന്തര താരത്തിന്റെ മെയ്‌വഴക്കവും ചങ്കുറപ്പുമാണ് പാലായുടെ രാഷ്ട്രീയക്കളത്തില്‍ കളംനിറഞ്ഞു കളിക്കാനും ഒടുവില്‍ വിജയം ഉറപ്പിക്കാനും മാണി... Pala Byelection . Mani C Kappan
കോട്ടയം∙ വോളിബോള്‍ കളത്തില്‍ എതിരാളികളുടെ നീക്കങ്ങള്‍ മുന്‍കൂട്ടിയറിഞ്ഞ് ചടുലമുന്നേറ്റങ്ങളിലൂടെ അവസാനനിമിഷം വരെ പോരാടിനിന്ന രാജ്യാന്തര താരത്തിന്റെ മെയ്‌വഴക്കവും ചങ്കുറപ്പുമാണ് പാലായുടെ രാഷ്ട്രീയക്കളത്തില്‍ കളംനിറഞ്ഞു കളിക്കാനും ഒടുവില്‍ വിജയം ഉറപ്പിക്കാനും മാണി സി. കാപ്പനു കരുത്തായത്. കെ.എം. മാണിയെന്ന അതികായനെതിരെ മൂന്നുവട്ടം ഒപ്പത്തിനൊപ്പം പിടിക്കാനും ഒടുവില്‍ ലക്ഷ്യം കൈപ്പിടിയിലൊതുക്കാനും കാപ്പനു തുണയായതും അതേ സ്ഥിരോത്സാഹം. തുടര്‍ച്ചയായ നാലാം അങ്കത്തില്‍ പാലാക്കാര്‍ തന്റെ കൈപിടിക്കുമെന്ന ആത്മവിശ്വാസത്തോടെ തന്നെയാണ് കാപ്പന്‍ ഇത്തവണ കളത്തിലിറങ്ങിയതും. മാണിക്കെതിരെ മത്സരിച്ച മൂന്നു തവണയും അദ്ദേഹത്തിന്റെ ഭൂരിപക്ഷം കുറച്ചു കൊണ്ടുവരാൻ കാപ്പനായി.
2001ൽ ഉഴവൂർ വിജയനെതിരെ 22,301 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു കെ.എം.മാണിക്കുണ്ടായിരുന്നത്. എന്നാൽ 2006ൽ മാണി സി.കാപ്പൻ അത് 7590 ആയി കുറച്ചു. ഭൂരിപക്ഷത്തിന്റെ വിടവ് 2011ൽ 5259 ആയി കുറഞ്ഞു. ബാർ കോഴ കളംനിറഞ്ഞ 2016ലെ തിരഞ്ഞെടുപ്പിൽ വെറും 4703 വോട്ടിനായിരുന്നു മാണിയുടെ വിജയം. ഭൂരിപക്ഷം കുറഞ്ഞതിന്റെ ക്ഷീണം അന്നു കേരള കോൺഗ്രസിലും യുഡിഎഫിലും ഏറെ ചർച്ചകൾക്കിടയാക്കുകയും ചെയ്തിരുന്നു. മാണി മുന്നണി വിടുന്നതിലേക്കു വരെ അതെത്തിച്ചു. മാണിയുടെ വിയോഗ ശേഷം കാപ്പൻ ജനവിധി തേടിയപ്പോൾ ഇത്തവണ നേടിയത് 2943 വോട്ടിന്റെ ഭൂരിപക്ഷം. ഒരു വ്യാഴവട്ടക്കാലം മാറി നിന്ന വിജയമാണ് കാപ്പനൊപ്പം ഇത്തവണ നിന്നത്.
1976ല്‍ ഇരുപതാം വയസ്സില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വോളിബോള്‍ ക്യാപ്റ്റനായ കാപ്പന്‍ പിന്നീട് രാജ്യാന്തര വോളിബോള്‍ താരമായി. സിനിമാ നിര്‍മാതാവ്, സംവിധായകന്‍, അഭിനേതാവ് തുടങ്ങിയ മേഖലകളിലും ശ്രദ്ധേയനായ കാപ്പന്‍ 2000 മുതല്‍ 2005 വരെ പാലാ നഗരസഭ കൗണ്‍സിലര്‍ ആയിരുന്നു. കെ.എം. മാണിക്കെതിരെ മൂന്നു തവണ മത്സരിച്ചു. 2009 ല്‍ ലോക്‌സഭയിലേക്കും കളത്തിലിറങ്ങിയിരുന്നു. കോക്കനട്ട് ഡവലപ്‌മെന്റ് ബോര്‍ഡ് ദേശീയ വൈസ് ചെയര്‍മാന്‍, സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജിങ് കമ്മിറ്റിയംഗം, മീനച്ചില്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി പ്രസിഡന്റ്, എന്‍സിപി സംസ്ഥാന ട്രഷറര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ എന്‍സിപി ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗമാണ്.
മേഘാലയയില്‍ കൃഷിയും വിപണനവും നടത്തി വരികയാണ് അറുപത്തിമൂന്നുകാരനായ മാണി സി. കാപ്പന്‍. സ്വാതന്ത്ര്യസമര സേനാനിയും എംപിയും എംഎല്‍എയുമായിരുന്ന ചെറിയാന്‍ ജെ. കാപ്പന്റെ മകനാണ്. ഭാര്യ: ചങ്ങനാശേരി പാലത്തുങ്കല്‍ ആലീസ്. മക്കള്‍: ചെറിയാന്‍, ടിന, ദീപ.
കെ.എം. മാണിയെപ്പോലെ ഒരു സ്ഥാനാര്‍ഥിയെ പാലായില്‍ മത്സരിപ്പിക്കാന്‍ കേരളാ കോണ്‍ഗ്രസിനു കഴിയാത്തത് ഇടതുപക്ഷത്തിന് അനുകൂല ഘടകമാണെന്നു സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷം മാണി സി കാപ്പന്‍ പറഞ്ഞിരുന്നു. അതു കൃത്യമായ നിരീക്ഷണമാണെന്നു തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം.
പാലായുടെ ചരിത്രത്തിനൊപ്പം തലപ്പൊക്കമുണ്ട് പുലിക്കുന്നേൽ, കാപ്പന്‍ കുടുംബങ്ങള്‍ക്ക്. ആ കുടുംബങ്ങളിലെ പിന്‍മുറക്കാര്‍ ഏറ്റുമുട്ടിയ അങ്കത്തില്‍ വിജയം ഇക്കുറി കാപ്പന്മാര്‍ക്കായി. സ്വാതന്ത്ര്യ സമരത്തോളം പഴക്കമുള്ളതാണ് കാപ്പന്മാരുടെ രാഷ്ട്രീയ പാരമ്പര്യം. പാലാ നഗരസഭയുടെ മുന്‍ ചെയര്‍മാൻ കൂടിയായിരുന്ന ചെറിയാന്‍ ജെ. കാപ്പന്റെ പത്തു മക്കളില്‍ ഏഴാമനാണ് മാണി സി. കാപ്പന്‍. സഹോദരങ്ങളായ ജോര്‍ജും ചെറിയാനും മാണിയും കൗണ്‍സിലര്‍മാരായിരുന്നു. മൂന്നു സഹോദരങ്ങളും അംഗങ്ങളാകുന്ന അപൂര്‍വ റെക്കോര്‍ഡിനും പാലാ മുനിസിപ്പല്‍ കൗണ്‍സില്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്.
സജീവ രാഷ്ട്രീയം വിട്ട ചെറിയാന്‍ കാപ്പന്‍ പാലായിലെ തറവാട്ടു സ്വത്തു വിറ്റ് തൃശൂര്‍ ചേലക്കരയില്‍ സ്ഥലം വാങ്ങി കൃഷിയില്‍ ശ്രദ്ധിച്ചു. കര്‍ഷകനിലെ ആ ചങ്കുറപ്പായിരിക്കാം മേഘാലയയില്‍ സഥലം പാട്ടത്തിനെടുത്തു കൃഷിയിലും ഒരു കൈ പരീക്ഷിക്കാന്‍ മാണി സി. കാപ്പനു നല്‍കിയ ആത്മധൈര്യം. കെ.എം മാണി എന്ന ചെറുപ്പക്കാരന്‍ പാലാ കോടതികളില്‍ അഭിഭാഷകനായി തിളങ്ങിയപ്പോള്‍ ഗുരുസ്ഥാനത്ത് ചെറിയാന്‍ ജെ. കാപ്പനായിരുന്നു. അവര്‍ തമ്മില്‍ അകന്നതിനു കാരണം 1977ല്‍ അടിയന്തരാവസ്ഥയ്ക്കു പിന്നാലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്നുള്ള കേസായിരുന്നു. തിരഞ്ഞടുപ്പിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ പാലാ അരമനയില്‍ ചേര്‍ന്ന യോഗത്തില്‍ ഐപിഎസ് ഓഫിസര്‍ പാലാക്കാരന്‍ വി.ജെ. ജോസഫ് വട്ടവയലിലും പങ്കെടുത്ത വിവരം പുറത്തുവന്നു. അതു സംബന്ധിച്ച കേസില്‍ ചെറിയാന്‍ ജെ. കാപ്പന്‍ കോടതിയില്‍ കെ.എം. മാണിക്കെതിരെ മൊഴി നല്‍കി.
കേസില്‍ സാക്ഷിയായി തന്നെ ചേര്‍ത്തത് ജോസഫ് പുലിക്കുന്നേല്‍ ആയതുകൊണ്ടും കോടതിയില്‍ സത്യം സത്യമായി ബോധിപ്പിക്കേണ്ടതുകൊണ്ടുമാണ് താന്‍ അത്തരമൊരു മൊഴി നല്‍കിയതെന്നു ചെറിയാന്‍ ജെ. കാപ്പന്‍ പിന്നീട് പറഞ്ഞു. കെ.എം. മാണിയുടെ തിരഞ്ഞടുപ്പ് ഹൈക്കോടതി റദ്ദാക്കിയെങ്കിലും സുപ്രീം കോടതി വിധി മാണിക്ക് അനുകൂലമായി. അതോടെ കെ.എം മാണിയുടെ രാഷ്ട്രീയം മീനച്ചിലാര്‍ പോലെ നിറഞ്ഞൊഴുകി. കാപ്പന്‍ കുടുംബവും കരിങ്ങോഴയ്ക്കല്‍ കുടുംബവും രാഷ്ട്രീയമായി രണ്ടു നിലപാടുകളിലേക്ക് അകന്നു. ഒടുവില്‍ മാണി സാര്‍ മറയുമ്പോള്‍ പാലായുടെ പ്രതീക്ഷയായി കാപ്പൻ കുടുംബത്തില്‍നിന്നു തന്നെ ഒരാള്‍ എത്തുന്നത് വിധിഹിതം.
English Summary: Historical Victory for Mani C. Kappan in Pala Legislative assembly byelection