14 ലക്ഷം വിലയുള്ള ദുരൂഹചിത്രം, യുഎസിലെ ഏറ്റവും കുപ്രസിദ്ധ തിരോധാനം; എവിടെ ടാറ?
ടാറയെ കാണാതായതിനു പിന്നാലെ ലോറന്‍സ് റൊമീറോ എന്ന കൂട്ടുകാരന്റെ വീട്ടിലെ നിലവറയിൽ ഒരു യുവതിയുടെ മൃതദേഹം കണ്ടെന്നായിരുന്നു മൊഴി. അത് ടാറയാണെന്നു റൊമീറോ പറഞ്ഞിരുന്നു. ഒരു നീല ടാർപൊളിൻ കൊണ്ട് മൃതദേഹം പൊതിഞ്ഞ് കുഴിച്ചിടുകയായിരുന്നെന്നും ഹെൻറി പറഞ്ഞു... Tara Calico Missing Case Mystery
ടാറയെ കാണാതായതിനു പിന്നാലെ ലോറന്‍സ് റൊമീറോ എന്ന കൂട്ടുകാരന്റെ വീട്ടിലെ നിലവറയിൽ ഒരു യുവതിയുടെ മൃതദേഹം കണ്ടെന്നായിരുന്നു മൊഴി. അത് ടാറയാണെന്നു റൊമീറോ പറഞ്ഞിരുന്നു. ഒരു നീല ടാർപൊളിൻ കൊണ്ട് മൃതദേഹം പൊതിഞ്ഞ് കുഴിച്ചിടുകയായിരുന്നെന്നും ഹെൻറി പറഞ്ഞു... Tara Calico Missing Case Mystery
ടാറയെ കാണാതായതിനു പിന്നാലെ ലോറന്‍സ് റൊമീറോ എന്ന കൂട്ടുകാരന്റെ വീട്ടിലെ നിലവറയിൽ ഒരു യുവതിയുടെ മൃതദേഹം കണ്ടെന്നായിരുന്നു മൊഴി. അത് ടാറയാണെന്നു റൊമീറോ പറഞ്ഞിരുന്നു. ഒരു നീല ടാർപൊളിൻ കൊണ്ട് മൃതദേഹം പൊതിഞ്ഞ് കുഴിച്ചിടുകയായിരുന്നെന്നും ഹെൻറി പറഞ്ഞു... Tara Calico Missing Case Mystery
30 വർഷം മുൻപ് 1989 ജൂൺ 15ലെ പകൽ. ഫ്ലോറിഡയിലെ പോർട്ട് സെന്റ് ജോ നഗരത്തിലെ ഒരു സൂപ്പർമാർക്കറ്റിൽ നിന്നു വീട്ടാവശ്യത്തിനുള്ള സാധനങ്ങളും വാങ്ങി പുറത്തിറങ്ങിയതാണ് ആ യുവതി. കാറെടുക്കാൻ പാർക്കിങ് കേന്ദ്രത്തിലേക്കു പോകുന്നതിനിടെയാണ് അവരെ കടന്ന് ഒരു വെളുത്ത ടൊയോട്ട കാർഗോ വാൻ പോയത്.
ഒറ്റനോട്ടത്തിൽ അസ്വാഭാവികതയൊന്നും തോന്നിയില്ല. പക്ഷേ ആ വാൻ കിടന്നയിടത്തു നോക്കിയപ്പോഴുണ്ട് ഒരു പോളറോയിഡ് ഫോട്ടോ. അതിലെ കാഴ്ച ഞെട്ടിക്കുന്നതായിരുന്നു–വായിൽ ടേപ്പൊട്ടിച്ച്, കൈകൾ പിന്നിൽ കെട്ടിയ നിലയിൽ ഒരു യുവതിയും സമീപത്ത് ഒരു കുട്ടിയും. അപ്പോൾത്തന്നെ പൊലീസിനെ വിവരം അറിയിച്ചു. വെള്ള വാനിനെയും അതോടിച്ച മീശക്കാരനെയും പറ്റി അവരോടു പറഞ്ഞു.
ഏകദേശം 30 വയസ്സു തോന്നിക്കുകയാളായിരുന്നു വാനിന്റെ ഡ്രൈവറെന്നും വ്യക്തമാക്കി. പലയിടത്തും വാഹനങ്ങൾ തടഞ്ഞ് പൊലീസ് പരിശോധന നടത്തിയെങ്കിലും ആ വെള്ളവാനിനെപ്പറ്റി യാതൊരു വിവരവും ലഭിച്ചില്ല. ചിത്രത്തിലുള്ളവരെപ്പറ്റിയുള്ള വിവരം ലഭിക്കാൻ പൊലീസ് അതു മാധ്യമങ്ങൾക്കു കൈമാറി. അന്നത്തെ പ്രശസ്ത ടിവി പരിപാടിയായ ‘അമേരിക്കാസ് മോസ്റ്റ് വാണ്ടഡിലും’ ഈ ഫോട്ടോ നൽകി. ഫ്ലോറിഡയില്‍ നിന്ന് ഏകദേശം 1500 മൈൽ അകലെ ന്യൂമെക്സിക്കോയിലെ ബെലെൻ നഗരത്തിലുള്ളവരും ഈ ചിത്രം കണ്ടു. ആ നിമിഷം അവരുടെയെല്ലാം മനസ്സിൽ ഒരൊറ്റ ചോദ്യം മാത്രമാണ് വെള്ളിടി വെട്ടിയത്– ആ ഫോട്ടോയിൽ കാണുന്ന പെൺകുട്ടി ടാറ കാലികോയല്ലേ...?
കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി എഫ്ബിഐയും ടാറയുടെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ചോദിക്കുന്നത് ഇതേ ചോദ്യമാണ്. അമേരിക്ക കണ്ട ഏറ്റവും കുപ്രസിദ്ധ ‘മിസ്സിങ്’ കേസാണ് ടാറ കാലികോയെന്ന പത്തൊൻപതുകാരിയുടേത്. കാണാതായി ഏതാനും മാസങ്ങൾക്കകം ഫ്ലോറിഡയിൽ നിന്നു ലഭിച്ച ഫോട്ടോയ്ക്കു പിന്നിലെ ദുരൂഹത ഇന്നും കണ്ടെത്താനായിട്ടില്ല. ഒടുവിൽ അറ്റകൈ പ്രയോഗമായി എഫ്ബിഐ ഈ ഫോട്ടോയിലെ പെൺകുട്ടിയെയും ആൺകുട്ടിയെയും കുറിച്ചു വിവരം നൽകുന്നവര്‍ക്ക് 20,000 ഡോളർ (ഏകദേശം 14 ലക്ഷം രൂപ) പ്രതിഫലം പ്രഖ്യാപിച്ചിരിക്കുകയാണ്.
ഹൈവയിലെ ദുരൂഹ തിരോധാനം
1988 സെപ്റ്റംബർ 20നു പതിവു പോലെ അമ്മ പാറ്റി ഡോയുടെ നിയോൺ പിങ്ക് ഹഫി സൈക്കിളുമായി രാവിലെ റൈഡിനിറങ്ങിയതായിരുന്നു ടാറ. സാധാരണയായി അമ്മ കൂടി അവൾക്കൊപ്പം വരാറുണ്ടായിരുന്നു. പക്ഷേ ഏതാനും ദിവസം മുൻപാണ് ഒരു കാറിൽ ചിലർ ടാറയെയും അമ്മയെയും പിന്തുടർന്നു ശല്യം ചെയ്തത്. അതോടെ പാറ്റി യാത്ര നിർത്തിയെങ്കിലും ടാറ സമ്മതിച്ചില്ല. അവൾ ജീവിതത്തിൽ ഏറെ ആസ്വദിച്ചു ചെയ്യുന്ന കാര്യങ്ങളിലൊന്നായിരുന്നു ഹൈവേ 47ലൂടെയുള്ള ആ 36 മൈൽ യാത്ര. അപ്പോഴും അമ്മ മുന്നറിയിപ്പ് നൽകി– ‘വഴിയരികിൽ അപകടം പതിയിരിപ്പുണ്ടാകും, ഒരു ആയുധം കരുതിവയ്ക്കുന്നതു നല്ലതാണ്’. ടാറ പക്ഷേ അതു ചിരിച്ചു തള്ളി.
അങ്ങനെ രാവിലെ ഒൻപതരയോടെ യാത്ര ആരംഭിച്ചു. അതിനു മുൻപ് അമ്മയോടു പറഞ്ഞിരുന്നു– ഉച്ചയായിട്ടും തന്നെ കണ്ടില്ലെങ്കിൽ കൂട്ടിക്കൊണ്ടു വരണം. ഉച്ചയ്ക്ക് ടെന്നിസ് പ്രാക്ടിസുമുണ്ടായിരുന്നു. പാറ്റി അതെല്ലാം സമ്മതിച്ചു. ഉച്ചയായിട്ടും കാണാതായതോടെ ടാറയെ അന്വേഷിച്ചിറങ്ങി. പക്ഷേ എവിടെയും ആ പെൺകുട്ടിയെ കാണാനായില്ല. സന്ധ്യയായി. പേടിച്ചരണ്ട പാറ്റി വിവരം പൊലീസിനെ അറിയിച്ചു. അന്വേഷണം ആരംഭിച്ചു. റോഡിലൊരിടത്ത് തകർന്ന നിലയിൽ ടാറയുടെ വോക്ക്മാനും അതിന്റെ കാസറ്റും ലഭിച്ചു. ടാറയ്ക്ക് എന്തോ അപകടം സംഭവിച്ചെന്ന് ഉറപ്പായി. തന്നെ തേടിവരുന്നവര്‍ക്കുള്ള തെളിവായിട്ടായിരുന്നു ആ വോക്ക്മാൻ തകർത്തിട്ടതെന്നും പൊലീസ് കണക്കുകൂട്ടി.
യുഎസിലെ ഏറ്റവും വ്യാപകമായ തിരച്ചിലുകളിലൊന്നാണ് പിന്നീട് നടന്നത്. പക്ഷേ ഒരിടത്തും ടാറയെ കണ്ടെത്താനായില്ല. ആകെ ലഭിച്ച തെളിവ് ചില വഴിപോക്കർ പറഞ്ഞ കാര്യമായിരുന്നു. ചാരനിറത്തിലുള്ള ഒരു 1954 മോഡൽ ഫോഡ് പിക്കപ് ട്രക്ക് ടാറയെ പിന്തുടരുന്നതു കണ്ടുവെന്നായിരുന്നു അത്. രാവിലെ 11.45നാണ് ടാറയെ അവസാനമായി കണ്ടത്. പക്ഷേ അതുവഴിയുള്ള അന്വേഷണവും എവിടെയുമെത്തിയില്ല. ‘ഫസ്റ്റ് നാഷനൽ ബാങ്ക് ഓഫ് ബെലൻ’ എന്നെഴുതിയ ഒരു വെളുത്ത ടിഷർട്ടും വെളുപ്പിൽ പച്ച വരകളുള്ള ഷോട്സും വെള്ള സോക്സും ടെന്നിസ് ഷൂവുമായിരുന്നു ടാറയെ കാണാതാകുമ്പോഴുള്ള വേഷം. ഒരു കമ്മലും മോതിരവും മാത്രമായിരുന്നു ധരിച്ചിരുന്നത്.
ആരാണ് ആ ചിത്രത്തിൽ?
ഒൻപതു മാസം കഴിഞ്ഞപ്പോഴായിരുന്നു ഫ്ലോറിഡയിൽ നിന്നുള്ള ആ ചിത്രം പ്രത്യക്ഷപ്പെട്ടത്. ഒറ്റനോട്ടത്തിൽ അതു തന്റെ മകളാണെന്നു പാറ്റിക്കു തോന്നിയില്ല. പക്ഷേ ചിത്രത്തിലേക്കു സൂക്ഷിച്ചു നോക്കുംതോറും ആ സംശയം മാറി വന്നു. കണ്മുന്നിലുള്ളതു തന്റെ മകളുടെ ചിത്രം തന്നെയാണെന്ന് ഏറെക്കുറേ ഉറപ്പായി. ഇതിനു സഹായകമായ ചില തെളിവുകളും അതിലുണ്ടായിരുന്നു. ചെറുപ്പത്തിൽ ഒരു കാറപകടത്തില്‍ കാലിനു പരുക്കേറ്റപ്പോഴുണ്ടായ അടയാളം ആ ചിത്രത്തിലെ പെൺകുട്ടിയുടെ കാലിലുമുണ്ടായിരുന്നു. അവളുടെ കിടക്കയ്ക്കു സമീപം ഒരു പുസ്തകവും കിടന്നിരുന്നു. അമേരിക്കന്‍ നോവലിസ്റ്റ് വി.സി.ആൻഡ്രൂസിന്റെ പുസ്തകമായിരുന്നു അത്. അവരാകട്ടെ ടാറയുടെ പ്രിയപ്പെട്ട എഴുത്തുകാരിയും.
ടാറയ്ക്കൊപ്പമുള്ള കുട്ടി ആരാണെന്ന സംശയം അപ്പോഴും ബാക്കി നിന്നു. ന്യൂമെക്സിക്കോയിൽ നിന്നു തന്നെ കാണാതായ മൈക്കെൽ ഹെൻലി ആണതെന്നായിരുന്നു ഒരു നിഗമനം. 1988 ഏപ്രിലിലാണ് അവനെ കാണാതായത്. എന്നാൽ രണ്ടു വർഷത്തിനപ്പുറം ആ അഭ്യൂഹത്തിനു മറുപടി ലഭിച്ചു. ന്യു മെക്സിക്കോയിലെ സൂനി മലനിരകളിൽ മെക്കെലിന്റെ ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചതോടെയായിരുന്നു അത്. പിതാവിനൊപ്പം യാത്രയ്ക്കിടെ കാട്ടിൽ കാണാതാവുകയായിരുന്നു മൈക്കെലിനെ. പോളറോയിഡ് ചിത്രമെടുക്കുന്നതിനു മുൻപേ തന്നെ മൈക്കെൽ മരണമടഞ്ഞതായും തെളിഞ്ഞു. അതോടെ ദുരൂഹത പിന്നെയുമേറി.
അതിനിടെ ഫോട്ടോയിലെ പെൺകുട്ടി ടാറയാണോയെന്നറിയാൻ സ്കോട്‌ലൻഡ് യാർഡിന്റെ നേതൃത്വത്തിൽ ഫൊറൻസിക് പരിശോധനയും നടന്നു. ടാറയാണെന്ന് അവർ ഉറപ്പിക്കുകയും ചെയ്തു. എന്നാൽ ലോസ് അലമോസ് നാഷനൽ ലബോറട്ടറിയിൽ നടത്തിയ പരിശോധന അതു ടാറയുടെ ചിത്രമല്ലെന്നു വ്യക്തമാക്കി. പിന്നീട് എഫ്ബിഐ നടത്തിയ പരിശോധനയിലും ചിത്രത്തിൽ ടാറയല്ലെന്നാണു വ്യക്തമായത്. എങ്കിൽപ്പിന്നെ ആരാണ് ആ രണ്ടു പേരെന്ന ചോദ്യവും ബാക്കിയായി.
ടാറയെ പീഡിപ്പിച്ചു കൊന്നതാണ്!
ഹെൻറി ബ്രൗൺ എന്നയാൾ മരിക്കും മുൻപേ നടത്തിയ വെളിപ്പെടുത്തലും അന്വേഷണത്തിൽ സഹായമായില്ല. ടാറയെ കാണാതായതിനു പിന്നാലെ ലോറന്‍സ് റൊമീറോ എന്ന കൂട്ടുകാരന്റെ വീട്ടിലെ നിലവറയിൽ ഒരു യുവതിയുടെ മൃതദേഹം കണ്ടെന്നായിരുന്നു മൊഴി. അത് ടാറയാണെന്നു റൊമീറോ പറഞ്ഞിരുന്നു. ഒരു നീല ടാർപൊളിൻ കൊണ്ട് മൃതദേഹം പൊതിഞ്ഞ് കുഴിച്ചിടുകയായിരുന്നെന്നും ഹെൻറി പറഞ്ഞു. റൊമീറോ, ഡേവർ സിൽവ എന്ന ഒരാൾ, പേരറിയാത്ത മറ്റൊരു ചെറുപ്പക്കാരൻ എന്നിവർ ചേർന്നാണ് മൃതദേഹം കുഴിച്ചിട്ടത്. ഹൈവേ യാത്രയ്ക്കിടെ മൂവരും ടാറയെ കാണുകയും തട്ടിക്കൊണ്ടു പോയി ബലാൽസംഗം ചെയ്യുകയുമായിരുന്നു. ഒരു ശ്മശാനത്തിൽ വച്ചായിരുന്നു അത്. പൊലീസിൽ പരാതിപ്പെടുമെന്ന് അവൾ ഭീഷണിപ്പെടുത്തിയപ്പോൾ കൊലപ്പെടുത്തുകയായിരുന്നു.
ആദ്യം മൃതദേഹം കുറ്റിക്കാട്ടിലൊളിപ്പിച്ചു. പിന്നീട് തിരച്ചിൽ തുടങ്ങിയതോടെ അത് നിലവറയിലേക്കു മാറ്റി. ഇതിനെപ്പറ്റി പുറത്തു പറഞ്ഞാൽ തന്നെ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയതായും ഹെൻറി പറഞ്ഞു. റൊമീറോയുടെ അച്ഛൻ റെനെ റിവേറ പൊലീസായതിനാൽ അയാളും കേസ് മായ്ച്ചു കളയാൻ ഇടപെട്ടെന്ന് ഹെൻറി പറഞ്ഞു. കുറ്റസമ്മതം നടത്തിയുള്ള മകന്റെ കത്ത് കണ്ടെങ്കിലും റിവേറ അത് കത്തിച്ചു കളയുകയായിരുന്നു. ടാറയുടെ മൃതദേഹം ഒരു കുളത്തിൽ ഒളിപ്പിക്കുകയായിരുന്നു. സൈക്കിളും ഒരു ജങ്ക് യാഡിൽ ഉപേക്ഷിച്ചു. മറ്റൊരാളും സമാനമായ മൊഴിയുമായി രംഗത്തെത്തിയിരുന്നു. പക്ഷേ ഈ മൊഴികളെല്ലാം വരുമ്പോഴേക്കും അതുമായി ബന്ധപ്പെട്ട എല്ലാവരും മരിച്ചിരുന്നു.
2013ൽ കേസ് അന്വേഷിക്കാന്‍ എഫ്ബിഐ പ്രത്യേക ആറംഗ സംഘത്തെ തന്നെ നിയോഗിച്ചു. പക്ഷേ ഇന്നേവരെ ഒരു അറസ്റ്റ് പോലും നടന്നില്ല. അതോടെയാണ് ഫോട്ടോയിലുള്ളവരെപ്പറ്റി വിവരം നൽകുന്നവർക്ക് കഴിഞ്ഞ ദിവസം പ്രതിഫലം പ്രഖ്യാപിച്ചത്. ടാറ ഇന്നു ജീവിച്ചിരിപ്പുണ്ടെങ്കിൽ എപ്രകാരമായിരിക്കുമെന്ന നിലയ്ക്കുള്ള കംപ്യൂട്ടർ–ജനറേറ്റഡ് ചിത്രവും എഫ്ബിഐ പുറത്തുവിട്ടിരുന്നു. അതിനിടെ 2006ൽ പാറ്റി അന്തരിച്ചു.
ടാറയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി കുടുംബം ഫ്ലോറിഡയിലേക്കു താമസം മാറുകയും ചെയ്തിരുന്നു. ഫ്ലോറിഡയിൽ പലയിടത്തും യുവതികളുടെ അജ്ഞാത മൃതദേഹങ്ങൾ കാണുമ്പോൾ പരിശോധനയ്ക്ക് പാറ്റിയെ പൊലീസ് വിളിച്ചിരുന്നു. ഹൃദയഭേദകമായ അത്തരം ഒട്ടേറെ കാഴ്ചകൾ കണ്ട് ഒടുവില്‍ പക്ഷാഘാതം വന്നായിരുന്നു പാറ്റിയുടെ മരണം. ടാറയ്ക്കു ലഭിച്ച സമ്മാനങ്ങളും മറ്റും വസ്തുക്കളുമെല്ലാമായി ഒരു മുറി തന്നെ വീട്ടിൽ ഒഴിച്ചിട്ടിരുന്നു പാറ്റി. എന്നെങ്കിലും മകൾ തന്നെത്തേടി വരുമെന്ന പ്രതീക്ഷയിൽ. പക്ഷേ...
English Summary: FBI Offers $20,000 Reward in Tara Calico Missing Case