പലതവണ ഉപദ്രവിച്ചു; അമ്മയുടെ മരണത്തിനു പിന്നിൽ ജോളി: സിലിയുടെ മകൻ
Mail This Article
കോഴിക്കോട്∙ കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫിനെതിരെ കൊല്ലപ്പെട്ട സിലിയുടെ മകൻ. കൂടത്തായിയിലെ വീട്ടിൽ ജീവിച്ചത് അപരിചിതനെപ്പോലെയാണെന്ന് സിലിയുടെ മകൻ അന്വേഷണ സംഘത്തോടു പറഞ്ഞു. രണ്ടാനമ്മയിൽനിന്നു തരംതിരിവുണ്ടായി. സിലിയുടെ മരണശേഷം ജോളി പല തവണ ഉപദ്രവിച്ചു. ജോളി നൽകിയ വെള്ളം കുടിച്ചശേഷമാണ് സിലിയുടെ ബോധം പോയതെന്നും പൊലീസിനു മൊഴി നല്‍കി.
സിലിയുടെ കൊലപാതകത്തിനു പിന്നിൽ ജോളി തന്നെയാണെന്നാണു മൊഴി. ശനിയാഴ്ചയാണ് അന്വേഷണ സംഘം പതിനാറുകാരന്റെ മൊഴിയെടുത്തത്. കൂടത്തായി കൊലപാതക പരമ്പരയിലെ രണ്ടാമത്തെ കേസായിട്ടാണ് സിലിയുടെ കൊലപാതകം പൊലീസ് അന്വേഷിക്കുന്നത്. ഈ കേസിൽ പ്രതി ജോളി ജോസഫിന്റെ അറസ്റ്റ് പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ജോളിയുടെ ഭർത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയെ ഗുളികയിൽ സയനൈഡ് പുരട്ടി നൽകി കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.
റോയ് വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത ശേഷമാണു ടോം തോമസ്, അന്നമ്മ, മാത്യു മഞ്ചാടിയിൽ, ആൽഫൈൻ എന്നിവരുടെ മരണത്തിൽ കോടഞ്ചേരി പൊലീസും സിലിയുടെ മരണത്തിൽ താമരശ്ശേരി പൊലീസും എഫ്ഐആർ റജിസ്റ്റർ ചെയ്തത്. കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികളായ ജോളി ജോസഫ്, എം.എസ്. മാത്യു, കെ. പ്രജികുമാർ എന്നിവരുടെ ജാമ്യാപേക്ഷ താമരശ്ശേരി മജിസ്ട്രേറ്റ് കോടതി ഇന്നലെ തള്ളിയിരുന്നു.
ഇവരുടെ റിമാൻഡ് കാലാവധി നവംബർ 2 വരെ നീട്ടി. സിലിയുടെ മരണത്തിൽ ജോളിയുടെ അറസ്റ്റു രേഖപ്പെടുത്തിയ വിവരം പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. മറ്റു കൊലപാതക കേസുകളിൽ തെളിവു ശേഖരിക്കുന്നതിനും ചോദ്യം ചെയ്യുന്നതിനും പൊലീസ് കസ്റ്റഡിയിൽ ആവശ്യമുണ്ടെന്നും പ്രതികൾ തെളിവു നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തതോടെയാണു പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. ജോളി ജോസഫ്, കെ.പ്രജികുമാർ എന്നിവരെ കോഴിക്കോട് ജില്ലാ ജയിലിലും എം.എസ്.മാത്യുവിനെ സ്പെഷൽ സബ് ജയിലിലുമാണു താമസിപ്പിക്കുന്നത്.