20 യുവതികള്, ലൈംഗികബന്ധത്തിന് ശേഷം കൊല; സയനൈഡ് മോഹന് നാലാം വധശിക്ഷ
Mail This Article
മംഗളൂരു ∙ ഇരുപതോളം സ്ത്രീകളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം ഗർഭ നിരോധന ഗുളിക എന്ന വ്യാജേന സയനൈഡ് നൽകി കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നു കുപ്രസിദ്ധനായ സയനൈഡ് മോഹൻ എന്ന മോഹൻ കുമാറിനു വധശിക്ഷ. 20 കൊലക്കേസുകളുള്ള മോഹനു പതിനേഴാമത്തെ കേസിലാണു ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. പല കേസുകളിലായി 13 ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. 2005 ഒക്ടോബറിൽ ബണ്ട്വാൾ ബലേപുനിയിലെ അങ്കണവാടി ജീവനക്കാരി ശശികലയെ വശീകരിച്ചു കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നെന്ന കേസിലാണ് ഇപ്പോഴത്തെ വധശിക്ഷ. മുൻപ്, ബണ്ട്വാൾ സ്വദേശികളായ വാമനപദവിലെ ലീലാവതി, ബരിമാറിലെ അനിത, സുള്ള്യ പെരുവാജെയിലെ സുനന്ദ എന്നീ യുവതികളെ കൊന്ന കേസുകളിലും മോഹനു വധശിക്ഷ വിധിച്ചിരുന്നു.
കേരളത്തിന്റെ തൊട്ടയൽപക്കമായ കർണാടകയിലെ മംഗളൂരുവിൽ ബണ്ട്‌വാൾ കന്യാനയിലെ കായിക അധ്യാപകനായിരുന്ന മോഹൻകുമാർ 2003–2009 കാലയളവിൽ നാലു മലയാളികളടക്കം ഇരുപതോളം യുവതികളെയാണു സയനൈഡ് നൽകി അതിക്രൂരമായി കൊന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷമായിരുന്നു കൊലപാതകങ്ങൾ. 20 കൊലക്കേസുകളുടെയും വിചാരണ നടക്കുകയാണ്. 16 എണ്ണത്തിലും മോഹൻ കുറ്റക്കാരനാണെന്നു നേരത്തെ കോടതി കണ്ടെത്തിയിരുന്നു. കാസർകോട് ഉപ്പള സ്വദേശിനിയായ സംഗീത അധ്യാപിക പൂർണിമയെ കൊന്ന കേസിൽ സെപ്റ്റംബർ 25ന് ജീവപര്യന്തം തടവും 25,000 രൂപ പിഴയും വിധിച്ചതാണു മുൻപത്തെ ശിക്ഷാവിധി. ഗർഭ നിരോധന ഗുളികയാണെന്നു പറഞ്ഞു സയനൈഡ് നൽകി കൊന്ന് ആഭരണങ്ങൾ മോഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു രീതി.
2007 മേയ് 29നാണു പൂർണിമയെ ബെംഗളൂരു ഉപ്പാർപേട്ട് കെഎസ്ആർടിസി ബസ്‍സ്റ്റാൻഡിലെ വിശ്രമമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് ആദ്യം കരുതിയത്. 2010ൽ മറ്റൊരു കേസിൽ അറസ്റ്റിലായ മോഹൻ കുമാറിനെ ചോദ്യം ചെയ്തപ്പോഴാണ് ഇതടക്കം 20 കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്. 2007 ഏപ്രിലിൽ ഉപ്പള ബസ് സ്റ്റാൻഡിലാണ് ഇരുവരും പരിചയപ്പെടുന്നത്. കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥൻ സുധാകർ ആചാര്യ എന്നാണു പരിചയപ്പെടുത്തിയത്. അടുപ്പം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നൽകി. സംഗീതം റെക്കോഡ് ചെയ്യാനെന്നു പറഞ്ഞു യുവതിയെ ബെംഗളൂരുവിൽ എത്തിച്ചു. ഹോട്ടലിൽ തങ്ങിയ ശേഷം പിറ്റേന്നു രാവിലെ പൂജയ്ക്കു പങ്കെടുക്കാൻ പോകണമെന്നും ആഭരണങ്ങൾ അഴിച്ചു മുറിയിലെ അലമാരയിൽ വയ്ക്കാനും മോഹൻ നിർദേശിച്ചു.
പൂജയ്ക്കെന്നു പറഞ്ഞു മുറിയിൽ നിന്നിറങ്ങി. ഗർഭ നിരോധന ഗുളിക എന്ന പേരിൽ നൽകിയതു സയനൈഡ് ഗുളിക. ഛർദിയും ക്ഷീണവും ഉണ്ടാകാൻ ഇടയുള്ളതിനാൽ വിശ്രമമുറിയിൽ പോയി കഴിക്കാൻ ആവശ്യപ്പെട്ടു. ബസ് സ്റ്റാൻഡിലെ വിശ്രമ മുറിയിൽ ചെന്നു ഗുളിക കഴിച്ച ഉടൻ ഇവർ കുഴഞ്ഞുവീണു മരിച്ചു. പിന്നാലെ മോഹൻ ഹോട്ടലിലെത്തി ആഭരണങ്ങളെടുത്തു നാട്ടിലേക്കു മടങ്ങി. ഈ കേസിലാണു ഇതിനു മുൻപു കുറ്റക്കാരനായി കണ്ടെത്തിയത്. മംഗളൂരുവിലെ പ്രത്യേക വിചാരണ കോടതി കേസുകളുടെ കാഠിന്യമനുസരിച്ചു വധശിക്ഷയും ജീവപര്യന്തവും മാറിമാറി വിധിച്ചിട്ടുണ്ട്. പലപ്പോഴും തനിക്കെതിരായ കേസുകൾ ഒറ്റയ്ക്കു വാദിക്കുന്ന മോഹൻ, ചില വധശിക്ഷകൾ പിന്നീടു ജീവപര്യന്തമാക്കി മാറ്റിയെടുത്തിട്ടുണ്ട്.
കൊലയ്ക്കു മുൻവൈരാഗ്യമില്ല, പ്രകോപനവും
യുവതികളെ സയനൈഡ് നൽകി കൊലപ്പെടുത്തിയ മൂന്നു കേസുകളിൽ മോഹൻകുമാറിന് (അനന്ത എന്നും പേരുണ്ട്) 2013 ഡിസംബറിൽ കോടതി വധശിക്ഷ വിധിച്ചിരുന്നു. അപൂർവങ്ങളിൽ അപൂർവമെന്നു വിലയിരുത്തിയായിരുന്നു കോടതി വിധി. ഭവിഷ്യത്തുകളെക്കുറിച്ചുള്ള ഉത്തമബോധ്യത്തോടെയാണു പ്രതി കൃത്യങ്ങൾ നടത്തിയതെന്നു വ്യക്‌തമാണെന്നും ദയ അർഹിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിവിധ വകുപ്പുകളിലായി 41 വർഷവും ആറു മാസവും തടവ്, 38,000 രൂപ പിഴ എന്നീ ശിക്ഷകളും വിധിച്ചു. എന്നാൽ പരമാവധി ശിക്ഷയായ വധശിക്ഷ അനുഭവിച്ചാൽ മതിയെന്നു കോടതി വ്യക്‌തമാക്കി.
2009 ഒക്‌ടോബർ 21ന് ആണ് മോഹൻ പിടിയിലായത്. 2011 ഏപ്രിൽ 20നു കുറ്റപത്രം സമർപ്പിച്ചു. 2011 നവംബർ 21ന് അതിവേഗ കോടതിയിൽ വിചാരണ ആരംഭിച്ചു. പ്രതി കേസ് സ്വയം വാദിച്ചു. വിചാരണവേളയിൽ ഒരിക്കൽ പോലും പശ്‌ചാത്താപം പ്രകടിപ്പിക്കാത്ത മോഹൻ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നു കോടതി ചൂണ്ടിക്കാട്ടി. അധ്യാപകനെന്ന നിലയ്‌ക്കു ജോലിയോട് ആത്മാർഥതയോ സമൂഹത്തോടു പ്രതിബദ്ധതയോ പ്രതി പുലർത്തിയില്ല. കൊല്ലപ്പെട്ടവരോടു പ്രതിക്ക് എന്തെങ്കിലും മുൻവൈരാഗ്യമോ ഇവരെ കൊല്ലാൻ പെട്ടെന്ന് എന്തെങ്കിലും പ്രകോപനമോ ഉണ്ടായിട്ടില്ല.
കൊലയ്ക്കു തിരഞ്ഞെടുത്ത മാർഗങ്ങളും കൊല ചെയ്‌ത രീതിയും പരിശോധിക്കുമ്പോൾ അവിവാഹിതകളായ മൂന്നു യുവതികളെ ആസൂത്രിതമായാണു മാനഭംഗവും കൊലയും കവർച്ചയും നടത്തിയതെന്നു വ്യക്‌തമാണ്. പ്രതിയുടെ ക്രൂരമായ മാനസികാവസ്‌ഥയാണ് വ്യക്‌തമാകുന്നത്. സമൂഹത്തെ മാത്രമല്ല, ജുഡീഷ്യറിയെയും ഞെട്ടിപ്പിക്കുന്ന സംഭവമാണിതെന്നും വിധി പ്രഖ്യാപന വേളയിൽ ജഡ്‌ജി അഭിപ്രായപ്പെട്ടു.
കാസർകോട് മുള്ളേരിയ പുഷ്‌പ (21), ഉപ്പള വിജയലക്ഷ്‌മി (26), പൈവളിഗെ സാവിത്രി (26), മംഗലാപുരം തൊക്കോട്ടു താമസിച്ച കുമ്പള സ്വദേശിനി കമല എന്നിവരാണു മോഹന്റെ കൈകളാൽ കൊല്ലപ്പെട്ട മലയാളികൾ. സുള്ള്യ പെരാജെ ബേബി നായക് (25), പുത്തൂർ കെദില ശാരദ (24), സുള്ള്യ സമ്പാജെ കാവേരി (34), പുത്തൂർ പദുമജലു വിനുത (24), ബണ്ട്വാൾ മിട്ടൂർ ഇഡ്‌കിഡു ഹേമാവതി (ഹേമ–24), ബൽത്തങ്ങടി മഡന്ത്യാർ മെഗിനമലാഡി യശോദ (26), ബണ്ട്വാൾ കരിയങ്കാല സനിരിബെ ശശികല (28), മംഗലാപുരം കങ്കനാടി ശാന്ത (35), ഉപ്പിനങ്ങടി വനിത (22), ബജ്‌പെ മുച്ചൂർ ഗുഡബെട്ടു സുജാത (28), കൊണാജെ ശശികല (26), പൂർണിമ (33), ആരതി (24) ഉൾപ്പെടെയുള്ളവരാണു കൊല്ലപ്പെട്ട മറ്റുള്ളവർ.
മൂന്നു യുവതികളെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി കേൾക്കാൻ കോടതിയിൽ എത്തിയപ്പോഴും വധശിക്ഷയെന്ന വിധി കേട്ടു പുറത്തിറങ്ങിയപ്പോഴും പ്രതി മോഹൻകുമാറിന്റെ മുഖത്തു യാതൊരു ഭാവമാറ്റവുമുണ്ടായിരുന്നില്ല. പുഞ്ചിരിച്ചുകൊണ്ടു കോടതിയിലേക്ക്, അങ്ങനെതന്നെ തിരികെയും. നാടിനെ നടുക്കിയ കൊലയാളിയാണെന്നു കണ്ടാൽ തോന്നാത്ത ഭാവം. ഇതെന്തൊരു ക്രൂരൻ എന്നായിരുന്നു കണ്ടുനിന്നവരുടെ വിചാരം. വിധികേട്ടു പുറത്തിറങ്ങി പൊലീസ് വാഹനത്തിലേക്കു പോകവേ മാധ്യമപ്രവർത്തകർ പ്രതികരണം ആരാഞ്ഞപ്പോൾ, ഇപ്പോൾ ഒന്നും പ്രതികരിക്കുന്നില്ലെന്നു മറുപടി നൽകി ചിരിച്ചു നടന്നു നീങ്ങി. ശിക്ഷാവിധി പ്രഖ്യാപിക്കുമ്പോൾ ബന്ധുക്കളാരും എത്തിയിരുന്നില്ല.
കലാപത്തിൽ ചുരുളഴിഞ്ഞ കൂട്ടക്കൊല
ബണ്ട്വാൾ ബരിമാറിലെ അനിതയെ കാണാതായതിനെ തുടർന്ന് 2009ൽ ബണ്ട്വാളിലുണ്ടായ കലാപമാണു കൂട്ടക്കൊലപാതക കേസുകളിലേക്കു വഴിതുറന്നത്. അന്യമതസ്ഥനൊപ്പം ഒളിച്ചോടിയെന്ന് ആരോപിച്ച് അനിതയുടെ സമുദായത്തിൽപെട്ടവരാണു പ്രക്ഷോഭം നടത്തിയത്. ഇതേത്തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിൽ അനിതയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്ന മോഹൻ പിടിയിലായി. അന്വേഷണം പുരോഗമിക്കെ, ഇയാളുമായി ബന്ധമുണ്ടായിരുന്ന കാസർകോട് സ്വദേശിനി പുഷ്പ ഉൾപ്പെടെ ഒട്ടേറെ യുവതികളെ കാണാനില്ലെന്നു മനസ്സിലായി. വിശദമായ ചോദ്യം ചെയ്യലിലാണു കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞത്. അനിതയുടേത് ഉൾപ്പെടെ യുവതികളുടെ മൃതദേഹങ്ങൾ സംസ്ഥാനത്തെ വിവിധ ബസ് സ്റ്റാൻഡുകളിലെ ശുചിമുറിയിൽ കണ്ടെത്തുകയുമുണ്ടായി.
നിർധന കുടുംബങ്ങളിലെ പെൺകുട്ടികളെയാണു മോഹൻ വലയിലാക്കിയിരുന്നത്. സ്‌നേഹം നടിച്ചു വശത്താക്കിയ ശേഷം ക്ഷേത്രത്തിൽ കൊണ്ടുപോയി താലി കെട്ടും. തുടർന്നു നഗരത്തിലെ ഹോട്ടലിലോ ലോഡ്‌ജിലോ മുറിയെടുക്കും. ഒരു സംശയത്തിനും ഇടനൽകാതെ യഥാർഥ സ്നേഹമാണെന്നു യുവതികളെ വിശ്വസിപ്പിക്കുന്നതിൽ മോഹൻ വിരുതനായിരുന്നെന്നു പൊലീസ് പറയുന്നു. ഹോട്ടൽ മുറിയിൽ യുവതികളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടും. എന്തെങ്കിലും നുണപറഞ്ഞ് ആഭരണങ്ങൾ കൈക്കലാക്കും. കല്യാണത്തിനും പീഡനത്തിനും കൊലയ്ക്കുമെല്ലാം കൂടി ഏതാനും ദിവസങ്ങളെ മോഹനു വേണ്ടൂ. ഇരകളെല്ലാം 20–30 പ്രായത്തിൽ ഉള്ളവരായിരുന്നു.
പല കാരണങ്ങൾ പറഞ്ഞു യുവതികളുമായി പിറ്റേന്നുരാവിലെ സമീപത്തെ ബസ് സ്റ്റേഷനിൽ കൊണ്ടുപോകും. ഗർഭനിരോധന ഗുളിക കഴിക്കാൻ നിർബന്ധിക്കും. അതുമായി ശുചിമുറിയിൽ കയറുന്ന യുവതികൾക്കു വെള്ളത്തിനു പകരം സയനൈഡ് കലർന്ന ലായനിയാകും ചിലപ്പോൾ നൽകുക. സയനൈഡ് പുരട്ടിയ ഗുളികയും കൊടുക്കാറുണ്ട്. യുവതി ശുചിമുറിയിൽ പോകുന്ന തക്കത്തിനു മോഹൻ സ്ഥലംവിടും, തന്റേതായ യാതൊരു അടയാളവും ബാക്കിവയ്ക്കാതെ. ശുചിമുറിയിൽ ചെന്നു ഗുളിക കഴിക്കുന്ന യുവതി ഉടൻ മരിച്ചുവീഴും. ശരീരത്തിനുള്ളിൽ എത്തിയതു സയനൈഡ് ആയതിനാൽ പലപ്പോഴും ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിൽ മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.
വിവാഹ വാഗ്ദാനം നൽകി യുവതികളെ വിവിധ നഗരങ്ങളിൽ എത്തിച്ചാണു മോഹൻകുമാർ പീഡിപ്പിക്കുകയും സയനൈഡ് പുരട്ടിയ ഗർഭനിരോധന ഗുളിക നൽകി കൊലപ്പെടുത്തുകയും ചെയ്തിരുന്നത്. മൈസൂരു, ബെംഗളൂരു ഉൾപ്പെടെ വിവിധ നഗരങ്ങളിലെ ബസ്‌സ്റ്റാൻഡ് ശുചിമുറികളിൽ നിന്നാണ് എല്ലാ മൃതദേഹങ്ങളും കണ്ടെത്തിയത്. ഇവയിൽ പലതും അസ്വാഭാവിക മരണവും ആത്‌മഹത്യയുമായി എഴുതിത്തള്ളിയതായിരുന്നു. ഇതിൽ രണ്ടുപേരുടെ രക്തം ലാബിൽ പരിശോധന നടത്തിയപ്പോൾ മരണകാരണം സയനൈഡ് ആണെന്നു കണ്ടെത്തിയിരുന്നു. പിടിയിലായ മോഹൻകുമാർ 32 യുവതികളെ കൊലപ്പെടുത്തിയെന്നാണ് ആദ്യം മൊഴി നൽകിയതെങ്കിലും ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ 20 കൊലക്കേസുകളിലാണു വിചാരണ.
ജയിലിൽനിന്ന് അറിഞ്ഞ രഹസ്യം
താനാണു കൊല നടത്തിയതെന്നതിനു വ്യക്തമായ തെളിവില്ലെന്ന് അവകാശപ്പെട്ടു മോഹൻകുമാർ വിചാരണക്കോടതിയുടെ വിധികളെ ചോദ്യം ചെയ്തു മേൽക്കോടതിയെ സമീപിക്കാറുണ്ട്. കേസിൽ തനിക്കുള്ളത്ര ധാരണ അഭിഭാഷകന് ഉണ്ടാകില്ലെന്നും സ്വയം വാദിക്കാൻ അനുവദിക്കണം എന്നുമുള്ള അഭ്യർഥന കോടതി അംഗീകരിച്ചിട്ടുമുണ്ട്. കോടതിയിൽ സ്വയം വാദിച്ചു വധശിക്ഷയിൽനിന്നു മോചിതനായ ചരിത്രവുമുണ്ട് ഈ കുപ്രസിദ്ധ കുറ്റവാളിക്ക്. 2005ൽ ദക്ഷിണ കന്നഡ ബണ്ട്വാൾ താലൂക്കിലെ ലീല (32) എന്ന യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു സയനൈഡ് ലായനി നൽകി കൊന്നെന്ന കേസിൽ വധശിക്ഷയാണു കോടതി വിധിച്ചത്.
2017 ഒക്ടോബറിൽ കോടതിയിൽ മറ്റാരുടെയും സഹായമില്ലാതെ തന്റെ വാദങ്ങൾ മോഹൻ അവതരിപ്പിച്ചു. വ്യക്തമായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കർണാടക ഹൈക്കോടതി വധശിക്ഷ റദ്ദാക്കി. 2009ൽ മംഗളൂരു ബണ്ട്വാൾ സ്വദേശിനി അനിത ബാരിമറിനെ (22) കൊലപ്പെടുത്തിയ കേസിലെ വധശിക്ഷയും ഹൈക്കോടതി ജീവപര്യന്തമാക്കി ഇളവു ചെയ്തു. ഈ കേസിലും മോഹൻ ഒറ്റയ്ക്കാണു വാദിച്ചത്. അടുത്ത ബന്ധമുണ്ടായിരുന്ന ഒരു സ്ത്രീയെ പുഴയിൽ തള്ളിയിട്ടു കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ ഏറെനാൾ ജയിലിൽ കഴിയുകയും കുറ്റവിമുക്തനായി പുറത്തിറങ്ങുകയും ചെയ്ത ചരിത്രവുമുണ്ട് മോഹന്.
അന്നത്തെ സഹതടവുകാരനായ സ്വർണപ്പണിക്കാരനാണ്, നിമിഷാർധ വേഗത്തിൽ ജീവനെടുക്കുന്ന പൊട്ടാസ്യം സയനൈഡിനെപ്പറ്റിയുള്ള വിവരം മോഹനു കൈമാറിയത്. കൂടുതൽ പണം നൽകിയാൽ ആർക്കും അന്നു കർണാടകയിൽ സയനൈഡ് ലഭ്യമായിരുന്നു. വലിയ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നില്ല. ഒരു കെമിക്കൽ വ്യാപാരിയിൽനിന്നു സ്വർണപ്പണിക്കാരൻ എന്ന വ്യാജേന വാങ്ങിസൂക്ഷിച്ച സയനൈഡ് ആണു പലപ്പോഴായി പാവപ്പെട്ട സ്ത്രീകളെ വശീകരിച്ചു ജീവനെടുക്കാൻ മോഹൻ ഉപയോഗിച്ചത്. ഔദ്യോഗികമായി മൂന്നുതവണ ഇയാൾ വിവാഹിതനായിട്ടുണ്ട്. ഇരകളെ കണ്ടെത്തുന്നതും ഇല്ലാതാക്കുന്നതും ഹരമാക്കിയ മോഹൻ, താൻ ചെയ്ത കൊലകളിൽ ഒന്നിൽപ്പോലും പശ്ചാത്തപിച്ചിട്ടില്ല.
English Summary: Cyanide Mohan sentenced to death in anganwadi worker’s murder case