കൊച്ചിയെ കടൽ വിഴുങ്ങിയേക്കും; മുന്നറിയിപ്പുമായി ശാസ്ത്ര ലോകം
കൊച്ചി അടക്കമുള്ള തീരനഗരങ്ങളെ കടല്‍ വിഴുങ്ങുമെന്ന് അടിവരയിട്ട് ഐക്യരാഷ്ട്ര സംഘടന. കാലാവസ്ഥാമാറ്റം നിരീക്ഷിക്കാന്‍ ഐക്യരാഷ്ട്ര സംഘടനയ്ക്കു കീഴിലുള്ള ഐപിസിസി (ഇന്‍റര്‍ഗവേണ്‍മെന്‍റല്‍ പാനല്‍ ഒാണ്‍ ക്ലൈമറ്റ് ചെയ്ഞ്ച്) എന്ന സംഘടന ഇൗ വര്‍ഷം സെപ്റ്റംബറിൽ ..United nations| Manorama News| Manorama Online
കൊച്ചി അടക്കമുള്ള തീരനഗരങ്ങളെ കടല്‍ വിഴുങ്ങുമെന്ന് അടിവരയിട്ട് ഐക്യരാഷ്ട്ര സംഘടന. കാലാവസ്ഥാമാറ്റം നിരീക്ഷിക്കാന്‍ ഐക്യരാഷ്ട്ര സംഘടനയ്ക്കു കീഴിലുള്ള ഐപിസിസി (ഇന്‍റര്‍ഗവേണ്‍മെന്‍റല്‍ പാനല്‍ ഒാണ്‍ ക്ലൈമറ്റ് ചെയ്ഞ്ച്) എന്ന സംഘടന ഇൗ വര്‍ഷം സെപ്റ്റംബറിൽ ..United nations| Manorama News| Manorama Online
കൊച്ചി അടക്കമുള്ള തീരനഗരങ്ങളെ കടല്‍ വിഴുങ്ങുമെന്ന് അടിവരയിട്ട് ഐക്യരാഷ്ട്ര സംഘടന. കാലാവസ്ഥാമാറ്റം നിരീക്ഷിക്കാന്‍ ഐക്യരാഷ്ട്ര സംഘടനയ്ക്കു കീഴിലുള്ള ഐപിസിസി (ഇന്‍റര്‍ഗവേണ്‍മെന്‍റല്‍ പാനല്‍ ഒാണ്‍ ക്ലൈമറ്റ് ചെയ്ഞ്ച്) എന്ന സംഘടന ഇൗ വര്‍ഷം സെപ്റ്റംബറിൽ ..United nations| Manorama News| Manorama Online
കൊച്ചി അടക്കമുള്ള തീരനഗരങ്ങളെ കടല്‍ വിഴുങ്ങുമെന്ന് അടിവരയിട്ട് ഐക്യരാഷ്ട്ര സംഘടന. കാലാവസ്ഥാമാറ്റം നിരീക്ഷിക്കാന്‍ ഐക്യരാഷ്ട്ര സംഘടനയ്ക്കു കീഴിലുള്ള ഐപിസിസി (ഇന്‍റര്‍ഗവേണ്‍മെന്‍റല്‍ പാനല്‍ ഒാണ്‍ ക്ലൈമറ്റ് ചെയ്ഞ്ച്) എന്ന സംഘടന ഇൗ വര്‍ഷം സെപ്റ്റംബറിൽ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണു ഞെട്ടിക്കുന്ന മുന്നറിയിപ്പുള്ളത്.
കടല്‍ കവരുമെന്ന് ഉറപ്പായ ലോകത്തിലെ തീര നഗരങ്ങളുടെ പട്ടികയിലുള്ള കൊച്ചിയിൽ പ്രത്യാഘാതങ്ങൾ മുൻപ് കണക്കു കൂട്ടിയതിലും വളരെ കൂടുമെന്ന് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. ആഗോളതാപനം ഈ നിലയിൽ തുടരുകയാണെങ്കിൽ ഇൗ നൂറ്റാണ്ടിനിപ്പുറം തന്നെ അതു സംഭവിച്ചേക്കുമെന്നാണ് ഐപിസിസി വിലയിരുത്തല്‍. ഇതോടൊപ്പം 2050ഒാടെ കേരളത്തിലെ പല തീരമേഖലകളും വെള്ളത്തിനടിയിലാകുമെന്ന് അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ക്ലൈമറ്റ് സെന്‍റര്‍ എന്ന സ്ഥാപനത്തിന്‍റെ പുതിയ പഠനത്തിലും പുറത്തുവന്നിരിക്കുന്നു.
ആഗോളതാപനത്തിന്‍റെ തോതിലെ ഏറ്റക്കുറവുകള്‍ക്കനുസരിച്ച്, അറബിക്കടല്‍ നമ്മുടെ മുറ്റത്തെത്തുന്നതു 2050-ന് മുൻപോ പിന്‍പോ എന്നതു മാത്രമേ ഇനി അറിയാനുള്ളൂ. 1300 പേജുള്ള ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട് തയാറാക്കിയത് 36 രാജ്യങ്ങളില്‍നിന്നുള്ള 150 ശാസ്ത്രജ്ഞന്‍മാര്‍ ചേര്‍ന്നാണ്.
മാറ്റം മുന്നില്‍കണ്ടവര്‍
കൊച്ചിയിലെ കടൽ നിരപ്പ് ഉയരുന്നതിനിടെ പ്രത്യാഘാതങ്ങളുടെ പഠനം ആദ്യം പുറത്തുവന്നതു രണ്ടു പതിറ്റാണ്ടോളം മുൻപാണ്. രണ്ടായിരത്തിൽ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒാഷ്യാനോഗ്രഫിയിലെ ചീഫ് സയന്റിസ്റ്റ് ഡോ. പി.കെ.ദിനേശ്കുമാര്‍ ഈ പഠനം നടത്തി. കാലാവസ്ഥാമാറ്റം മൂലമുള്ള കടല്‍നിരപ്പ് ഉയരല്‍ കൊച്ചിയെ എങ്ങനെ ബാധിക്കുമെന്നതായിരുന്നു പഠന വിഷയം. പഠനത്തിൽ പതിരില്ലായിരുന്നു എന്നു തെളിയിക്കുകയാണു കൊച്ചിയെ പ്രതിസന്ധിയിലാഴ്ത്തി അടുത്തിടെയുണ്ടായ സംഭവങ്ങൾ.
ഒക്ടോബര്‍ 21 ഉപതിരഞ്ഞെടുപ്പ് ദിവസം കൊച്ചി നഗരവാസികൾക്കു നരകയാതനയുടേതായിരുന്നു. ഒറ്റരാത്രിയിലെ മഴ കൊണ്ട് കൊച്ചിക്കാര്‍ അരയ്ക്കൊപ്പം വെള്ളത്തില്‍ മുങ്ങി. വെള്ളത്തിൽപ്പെട്ടു നിന്നു പോയതും തകരാറിലായതുമായ വാഹനങ്ങളും അപകടങ്ങളും ഒട്ടേറെ. അതിതീവ്രമഴ ചിലയിടങ്ങളില്‍ മാത്രം വലിയ അളവില്‍ ലഭിക്കുന്നതും ആഗോളതാപനത്തിന്‍റെ സൃഷ്ടിയാണ്.
കഴിഞ്ഞ വര്‍ഷവും ഇതിന്‍റെ കാഠിന്യം നമ്മൾ അനുഭവിച്ചു. 2018ലെ മഹാപ്രളയത്തിൽപ്പോലും വെള്ളം കയറാത്ത, ദുരിതാശ്വാസക്യാംപുകൾ പ്രവർത്തിച്ചിരുന്ന സ്കൂളുകളിൽപോലും കൊച്ചിയില്‍ ഒറ്റ രാത്രി കൊണ്ട് വെള്ളം കയറി. അതായതു പ്രളയകാലത്തുണ്ടായതിനേക്കാളും പല മടങ്ങു മഴ ഒറ്റ രാത്രികൊണ്ട് ഇൗ പ്രദേശത്തു പെയ്തു എന്നു ചുരുക്കം.
ഇനി പ്രളയം പടിഞ്ഞാറുനിന്ന്
ഇതുവരെയുണ്ടായത് കിഴക്കുനിന്നുള്ള പ്രളയമാണെങ്കില്‍ ഇനി നമ്മെ കാത്തിരിക്കുന്നത് പടിഞ്ഞാറുനിന്നു പടി കയറി വരുന്ന പ്രളയങ്ങൾ ആകുമെന്ന് ഡോ.ദിനേശ് പറയുന്നു. അങ്ങനെയെങ്കിൽ വീണ്ടുമൊരു പ്രളയത്തിൽനിന്നു കേരളത്തെ രക്ഷിക്കാന്‍ കഴിഞ്ഞ പ്രളയത്തിലെ രക്ഷകരായ കടലിന്‍റെ മക്കളും ഉണ്ടായേക്കില്ല. അറബിക്കടലില്‍ ഈയിടെയായി രൂപപ്പെടുന്ന ചുഴലിക്കാറ്റുകളാണ് കാലാവസ്ഥ മാറ്റത്തിന്റെ വേറൊരു സൂചന.
നൂറ്റാണ്ടുകളായി ചുഴലിക്കാറ്റുകളും അറബിക്കടലും തമ്മിലുണ്ടായിരുന്ന അപരിചിതത്വം പതിയെ ഇല്ലാതാവുകയാണ്. ബംഗാൾ ഉൾക്കടലിലേതു പോലെ തന്നെ അറബിക്കടലിലും ചുഴലിക്കാറ്റുകൾ രൂപം കൊള്ളുന്നു. ഇത്തരം ചുഴലിക്കാറ്റുകള്‍ 10 വര്‍ഷംകൊണ്ടു പതിന്‍മടങ്ങായി വര്‍ധിച്ചുവെന്നാണു കണക്കുകൾ. ഒരാഴ്ചയ്ക്കിടെ ‘ക്യാര്‍’ എന്ന പേരിലും ‘മഹ’ എന്നപേരിലും രണ്ടെണ്ണം എത്തി. ശാസ്ത്രഞ്ജരുടെ നിരീക്ഷണം ഉള്‍ക്കൊണ്ടാല്‍ മഴ കൊണ്ടുവരുന്ന കാറ്റിന് അടുത്തിടെയായി ഭ്രാന്തുപിടിച്ച അവസ്ഥയാണ്.
ആഗോളതാപനം അകലെയല്ല
ധ്രുവങ്ങളിലെവിടെയോ മഞ്ഞുരുകുന്നതു മാത്രമല്ല. പ്രെട്രോള്‍, ഡീസല്‍ (ഹരിതഗൃഹ വാതകങ്ങൾ) തുടങ്ങിയ ഇന്ധനങ്ങളുടെ അമിതോപയോഗം മൂലം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഒാക്സൈഡിന്‍റെ അളവ് ക്രമാതീതമായി വര്‍ധിച്ചുകഴിഞ്ഞു. ഇതുമൂലം സൂര്യകിരണങ്ങള്‍ തിരിച്ചു സൂര്യനിലേക്കു പോകാതെ ഭൂമിയിലെ താപനില വര്‍ധിപ്പിക്കുന്നു. ഉയര്‍ന്ന താപനില മൂലം ധ്രുവങ്ങളിലെയും ഹിമാലയത്തിലേയും മഞ്ഞുരുകുന്നു. കടല്‍വെള്ളത്തിന്‍റെ നിരപ്പ് ഉയരുകയും അതുവഴി കടല്‍ കരയിലേക്കു വ്യാപിക്കുകയും ചെയ്യുന്നു.
കടല്‍നിരപ്പ് ഉയരുന്നതിന്‍റെ തോത് 1990നു ശേഷം രണ്ടര മടങ്ങ് ഇരട്ടിയായാണു വര്‍ധിച്ചിരിക്കുന്നത്. ഇൗ അളവില്‍ വര്‍ധിച്ചാല്‍ പോലും ഇൗ നൂറ്റാണ്ടിന്‍റെ അവസാനം അത് ഒരു മീറ്ററായി ഉയരും. ആഗോളതാപനത്തിന്‍റെ പോക്കനുസരിച്ച് 2100ല്‍ അതു രണ്ടു മീറ്ററായി ഉയര്‍ന്നാലും അത്ഭുതപ്പെടാനില്ല. അതായത് ഇവിടെ 600 ചതുരശ്ര കിലോമീറ്ററോളം കര പൂര്‍ണമായും കടലെടുക്കുമെന്ന് ഇതിനെ ചുരുക്കി വായിക്കാം.
ആദ്യം മായും ലക്ഷദ്വീപ്
കൊച്ചിക്കു മുന്‍പേ ഒരു പൊട്ടുപോലും അവശേഷിപ്പിക്കാതെ മറയുന്നതു ലക്ഷദ്വീപെന്ന പവിഴദ്വീപാകും. മുംബൈ, കൊല്‍ക്കത്ത, ചൈനയിലെ ഷാങ്ഹായി, ഈജിപ്തിലെ അലക്സാന്‍ഡ്രിയ, ദക്ഷിണ വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളും ഇൗ പട്ടികയിലുണ്ട്. ആഗോളതാപനം നേരിടാന്‍ കാര്‍ബണ്‍ ഡൈഒാക്സൈഡിന്‍റെ അളവു കുറയ്ക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ചയിലും രാജ്യങ്ങള്‍ തമ്മിലുള്ള ചെളിവാരിയെറിയലിലും ഒതുങ്ങുകയാണ്.
എന്നാല്‍ ഇക്കാര്യത്തിൽ ഉറക്കം നടിക്കാത്ത ചില രാജ്യങ്ങളുമുണ്ട്. അടിസ്ഥാന സൗകര്യവികസനത്തിലൂടെയാണ് അവരുടെ ചെറുത്തുനില്‍പ്. കുട്ടനാട് പോലെ സമുദ്രനിരപ്പിനു താഴെയുള്ള നെതര്‍ലാന്‍ഡ്സ് കോണ്‍ക്രീറ്റ് ഡൈക്സ് എന്ന പേരിലുള്ള ഭിത്തി കടലിനുചുറ്റും നിര്‍മിച്ചുകഴിഞ്ഞു. നമ്മുടെ കടല്‍ഭിത്തിയെക്കാള്‍ പതിന്‍മടങ്ങ് ഉറപ്പുള്ള നൂതന സാങ്കേതികവിദ്യ. അതവര്‍ കൃത്യമായ ഇടവേളകളില്‍ പരിഷ്കരിക്കുകയും ചെയ്യുന്നു. ഇപ്പോഴത്തെ കടല്‍ക്ഷോഭം പോലും താങ്ങാനാകാത്ത നമ്മുടെ കടല്‍ഭിത്തികൾ ഭാവിയിൽ ഉണ്ടാകുന്ന കനത്ത കടലാക്രമണങ്ങളോടു പൊരുതുക പോലും ചെയ്യാതെ അടിയറവു പറയുമെന്നതിൽ തർക്കമില്ല.
മുന്നൊരുക്കമില്ലെങ്കില്‍ മുങ്ങിച്ചാകേണ്ടിവരും
പ്രളയജലം കുത്തിയൊഴുക്കി വിടാന്‍ നാം തയാറായേ പറ്റൂ. കയ്യേറ്റമൊഴിപ്പിച്ച് പരമ്പരാഗത ജലസ്രോതസുകളേയും സംരക്ഷിക്കണം. കാലാവസ്ഥാമാറ്റം മൂലമുള്ള ദുരന്തങ്ങളില്‍ കൈത്താങ്ങാകാനുള്ള കരുത്ത് കൊച്ചിയുടെ ഉള്‍നാടന്‍ ജലാശയങ്ങള്‍ക്കുണ്ട്. അവയുടെ സംരക്ഷണവും മുന്നൊരുക്കങ്ങളുടെ മുന്നിൽ മുന്നിട്ടുനില്‍ക്കണം.