പാലാരിവട്ടത്ത് വട്ടം കറങ്ങി സർക്കാർ; കോടതി ഉത്തരവിനെതിരെ അപ്പീലിനു സാധ്യത തേടി
Mail This Article
കൊച്ചി ∙ പാലാരിവട്ടം പാലത്തില്‍ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലിന്റെ സാധ്യത തേടി സര്‍ക്കാര്‍. അപ്പീല്‍ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് നിയമോപദേശം തേടി. നിയമക്കുരുക്ക് അഴിയാത്തതിനാല് എന്ന് പുനര്‍നിര്‍മാണം തുടങ്ങുമെന്ന് ഡിഎംആര്‍സിയെ അറിയിക്കാനും സര്‍ക്കാരിന് ആവുന്നില്ല.
ഉപതിരഞ്ഞെടുപ്പുകളുടെ സമയത്ത് യുഡിഎഫിനെതിരെ മുഖ്യ ആയുധമായിരുന്ന പാലാരിവട്ടം പാലത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ വട്ടംകറങ്ങുകയാണ്. പാലത്തിന്റെ ബലക്ഷയം ഉറപ്പിക്കാനുള്ള ഭാരപരിശോധന നടത്താന്‍ സര്‍ക്കാരിനു താല്പര്യമില്ല. അതിനാലാണ് ഇടക്കാല ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ഡിവിഷന് ബെഞ്ചില്‍ ഹര്‍ജി നല്‍കിയത്.
പാലത്തിന്റെ അപകടാവസ്ഥ ഇ.ശ്രീധരനും ചെന്നൈ ഐഐടിയും സ്ഥിരീകരിച്ചതാണെന്നും ഭാരപരിശോധന കാലതാമസം ഉണ്ടാക്കുമെന്നുമായിരുന്നു വാദം. ഹര്‍ജി തള്ളി എത്രയും വേഗം ഭാരപരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാനായിരുന്നു കോടതി ഉത്തരവ്. ഇതില്‍ അപ്പീല്‍ നല്‍കാനുള്ള സാധ്യതയാണ് ഇപ്പോള്‍ സര്‍ക്കാര്‍ പരിശോധിക്കുന്നത്.
സുപ്രീംകോടതിയില്‍ അപ്പീല്‍ പോകണോ, അതോ ഡിവിഷന് ബെഞ്ച് ഉത്തരവ് അനുസരിച്ച് ഭാരപരിശോധന നടത്തണോ എന്ന് തീരുമാനിക്കാന്‍ അഡ്വക്കറ്റ് ജനറലിനോടാണ് നിയമോപദേശം തേടിയത്. എജിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടി.
തീരുമാനം വൈകുന്ന സാഹചര്യത്തില്‍ പാലം പുനര്‍നിര്‍മാണത്തില്‍ നിന്ന് പിന്മാറുന്നു എന്ന് ഇ.ശ്രീധരനോ ഡിഎംആര്‍സിയോ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി. അതിനാല്‍ ധൃതിപിടിച്ച് തീരുമാനമെടുക്കേണ്ട സാഹചര്യവുമില്ല. ഒക്ടോബറില്‍ പുനര്‍നിര്‍മാണം തുടങ്ങി ജൂണില്‍ പൂര്‍ത്തിയാക്കാനായിരുന്നു മുന്‍തീരുമാനം. മേയ് ഒന്നുമുതല്‍ പാലം അടച്ചിട്ടിരിക്കുകയാണ്.
English Summary: Palarivattom Flyover follow up