ഡൽഹി പൊലീസ് കമ്മിഷണറുടെ കാലാവധി നീട്ടി; പൊതുതാൽപര്യമെന്ന് കേന്ദ്രം
Mail This Article
ന്യൂഡൽഹി∙ ഡൽഹി പൊലീസ് കമ്മിഷണർ അമൂല്യ പട്നായ്ക്കിന്റെ കാലാവധി ഒരുമാസം കൂടി നീട്ടി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഡൽഹിയിൽ തിരഞ്ഞെടുപ്പു നടക്കുന്നതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെയാണ് കാലാവധി നീട്ടിയത്. പൊതുതാൽപര്യാർഥമാണ് കാലാവധി നീട്ടി നൽകിയതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.
കാലാവധി നീട്ടി നൽകിയതിനെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്. 2017 ജനുവരിയിലാണ് അമൂല്യ പട്നായിക് ഡൽഹി കമ്മിഷണറായി ചുമതല ഏറ്റത്. മൂന്നു വർഷത്തിനു ശേഷം വെള്ളിയാഴ്ചയായിരുന്നു വിരമിക്കേണ്ടിയിരുന്നത്. 2003ൽ അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഐജി ആയിരുന്നു. ഫെബ്രുവരി എട്ടിനാണ് ഡൽഹിയിൽ വോട്ടെടുപ്പ് ആരംഭിക്കുന്നത്.
കാലാവധി നീട്ടിയതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് പി.ചിദംബരം രംഗത്തെത്തി. പൊലീസ് നോക്കിനിൽക്കെ വെടിവയ്പ്പ് നടക്കുമ്പോൾ പൊലീസ് കമ്മിഷണറുടെ കാലാവധി നീട്ടിക്കൊടുത്തിരിക്കുകയാണ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും പി.ചിദംബരം ആരോപിച്ചു. ഒരാൾക്ക് കാലാവധി നീട്ടി നൽകി. എന്നാൽ ഇന്നലെയുണ്ടായ വെടിവയ്പ്പിൽ ആരെയാണ് സസ്പെൻഡ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.
English summary: Delhi Police Commissioner gets extension