ADVERTISEMENT

ഡൽഹി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇത്തവണ ഏറ്റവും അധികം ഉയർന്നു കേട്ട പേരാണ് ഷഹീൻ ബാഗ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിരവധി ശക്തമായ പോരാട്ടങ്ങൾക്കു വേദിയായ രാജ്യതലസ്ഥാനത്ത് അൻപതിലേറെ ദിവസം പിന്നിട്ടിട്ടും ഇന്നും ശോഭ ചോരാതെ കത്തിജ്വലിക്കുന്ന ഒരുപറ്റം സ്ത്രീകളുടെ സമരം തന്നെയാണ് തിര‍ഞ്ഞെടുപ്പ് വേദികളിൽ ഷഹീൻ ബാഗ് ഒരു പേരായി, ഒരുപക്ഷെ ഏറ്റവും പ്രധാനപ്പെട്ട പ്രചാരണ വിഷയങ്ങളിൽ ഒന്നായി ഉയരാൻ കാരണം.

ഒരുമാസം മുൻപുവരെ വികസന പദ്ധതികളും മലിനീകരണവും പൗരത്വ ഭേദഗതി നിയമവും അനധികൃത കോളനികളും ശുദ്ധജലത്തിന്റെ അഭാവവും വിഷയമായിരുന്ന ഡൽഹി തിരഞ്ഞടുപ്പു പ്രചാരണത്തിലേക്ക് എങ്ങനെയാണ് ഷഹീൻ ബാഗ് കടന്നുവന്നത്? ജാമിയ മില്ലിയ, ജെഎൻയു തുടങ്ങിയ സർവകലാശാലകളിലും ജുമാ മസ്ജിദിനു മുന്നിലും മറ്റുമായി നടന്ന വൻ പ്രതിഷേധങ്ങളെയും മറികടന്ന്, ഷഹീൻ ബാഗ് എങ്ങനെ ബിജെപി നേതാക്കളുടെ പ്രസംഗങ്ങളിലും പ്രതികരണങ്ങളിലും ഇന്ത്യയിൽനിന്നു തുടച്ചുനീക്കപ്പെടേണ്ട പ്രദേശമായി. 

ഷഹീൻ ബാഗിലെ അമ്മമാരുടെ സമരം

PTI2_1_2020_000251B
ഷഹീൻ ബാഗിൽ നടക്കുന്ന സമരത്തിൽ നിന്ന്

ജാമിയ മില്ലിയയില വിദ്യാർഥികൾക്കു നേരെയുണ്ടായ പൊലീസ് അക്രമത്തിൽ പ്രതിഷേധിച്ച് ഡിസംബർ 15ന് രാത്രി പത്തു മണിക്ക് പത്ത് ഉമ്മമാരാണ് ഷഹീൻ ബാഗിലെ സമരത്തിനു തുടക്കം കുറിക്കുന്നത്. പൗരത്വ നിയമത്തിനെതിരെ രാജ്യത്താകമാനം പ്രക്ഷോഭങ്ങളും പ്രകടനങ്ങളും കൊടുമ്പിരികൊള്ളുന്ന സമയത്ത് സമാധാനപരമായി രാജ്യതലസ്ഥാനത്തിന്റെ തെക്കുഭാഗത്തെ ആറുവരിപ്പാതയിൽ തുടങ്ങിയ സമരം അധികമാരും ഗൗനിച്ചിരുന്നില്ല. എന്നാൽ മുൻനിര രാഷ്ട്രീയക്കാരുടെയോ പ്രധാന നേതാക്കളുടെയോ പിന്തുണയില്ലാതെ, താൽക്കാലികമായി സ്ഥാപിച്ച ടെന്റുകളിൽ തുടങ്ങിയ സമരത്തിനു പിന്തുണയുമായി ദിവസം ചെല്ലും തോറും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ എത്തിച്ചേരുന്ന കാഴ്ചയാണ് പിന്നെ രാജ്യം കണ്ടത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ തണുപ്പിനെയും അവഗണിച്ച് വീട്ടമ്മമാരും മുത്തശ്ശിമാരും യുവതികളും വിദ്യാർഥികളും മുതൽ മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾ വരെ ഇന്ന് സമരത്തിന്റെ ഭാഗമാണ്.

തെക്കൻ ഡൽഹിയിൽ ഡൽഹിയെയും നോയിഡയെയും ബന്ധിപ്പിക്കുന്ന പ്രധാന ലിങ്ക് റോഡിലാണ് സമരക്കാരുടെ ഉപരോധം. റോഡ് ഉപരോധിച്ചു തുടങ്ങിയ സമരം പിന്നീട് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരങ്ങളുടെ മുഖമായി മാറി. വീട്ടമ്മമാരുടെയും മുത്തശ്ശിമാരുടെയും നേതൃത്വത്തിൽ തുടങ്ങിയ സമരത്തിലേക്ക് ഐക്യദാർഢ്യവുമായി ജാമിയ, ജെഎൻയു തുടങ്ങിയ സർവകലാശാലയിലെ വിദ്യാർഥികളും എത്തി. റിപ്പബ്ലിക് ദിനത്തിൽ രാജ്പഥിൽ രാജ്യത്തിന്റെ പ്രൗഢി വിളിച്ചോതുന്ന പരേഡ് നടക്കുമ്പോൾ 15 കിലോമീറ്റർ അകലെയുള്ള ഷഹീൻ ബാഗിൽ അമ്മമാർക്കൊപ്പം റിപ്പബ്ലിക് ദിനമാഘോഷിച്ചത് പതിനായിരങ്ങളാണ്. ഇതുതന്നെ ഡിസംബർ 15 മുതൽ ജനുവരി 26 വരെ ഷഹീൻ ബാഗ് എത്രമാത്രം രാജ്യത്തു സ്വാധീനം ചെലുത്തിയെന്നതിനു തെളിവാണ്. യുവാക്കളും സ്ത്രീകളും വയോധികരും ഉൾപ്പെടെയുള്ളവർ ദേശഭക്തിഗാനങ്ങളും ഭരണഘടനാ വായനയുമായി ഇവിടെ ഒത്തുചേർന്നു.

സമരത്തിനു പിന്തുണയേകാൻ രോഹിത് വെമുലയുടെ അമ്മ രാധിക, ജെഎൻയുവിൽനിന്നു കാണാതായ നജീബിന്റെ ഉമ്മ ഫാത്തിമ നഫീസ എന്നിവരും എത്തിയിരുന്നു. പിന്തുണയുമായി ഷഹീൻ ബാഗിലെ തെരുവിൽ വിവിധ ദിവസങ്ങളായി എത്തിയവരിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, ജിഗ്നേഷ് മേവാനി എംഎൽഎ, ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ്, ബോളിവുഡ് നടി സ്വരാ ഘോഷ്, കോൺഗ്രസ് നേതാക്കളായ ശശി തരൂർ, സൽമാൻ ഖുർഷിദ് എന്നിങ്ങനെ പ്രമുഖരുടെ നീണ്ട നിരതന്നെയുണ്ട്. 

ത്രികോണപ്പോരിന്റെ ഡൽഹി

ഡൽഹിയിൽ മൂന്നു മുന്നണികളും പ്രതീക്ഷയിലാണ്. 70 മണ്ഡലങ്ങളിലും വാശിയേറിയ ത്രികോണ പോരാട്ടം നടക്കുമെന്നാണ് സർവേകൾ വിലയിരുത്തൽ. 2019ലെ തിരഞ്ഞെടുപ്പു കമ്മിഷൻ കണക്കുകൾ പ്രകാരം 1.43 കോടി വോട്ടർമാരാണ് ഡൽഹിയിൽ. ഡൽഹിയിലെ മൊത്തം വോട്ടർമാരിൽ 40% ഹിന്ദുക്കളാണ്. അതുപോലെ, ഡൽഹിയുടെ മൊത്തം ജനസംഖ്യയിൽ 13% ന്യൂനപക്ഷ സമുദായങ്ങളാണ്. 70 മണ്ഡലങ്ങളിൽ 15 മുതൽ 20 വരെ സീറ്റുകളിൽ ന്യൂനപക്ഷ വോട്ടുകളാണ് തിരഞ്ഞെടുപ്പിന്റെ വിധി നിർണയിക്കുക.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൾ പ്രകാരം, അഞ്ചു മണ്ഡലങ്ങളിൽ 80–90% വോട്ടർമാർ ന്യൂനപക്ഷ സമുദായങ്ങളിൽ ഉൾപ്പെടുന്നവരാണ്. ഡൽഹിയിലെ ഓഖ്‌ല, സീലംപുർ, മാത്തിയ മഹൽ, ബല്ലിമാരൻ, മുസ്തഫാബാദ്, ചാന്ദ്നി ചൗക്ക്, സദർ ബസാർ, കിരാഡി, റിഠാല, കരവാൽ നഗർ എന്നിവിടങ്ങളാണ് ന്യൂനപക്ഷ മേൽക്കൊയ്മയുള്ള മണ്ഡലങ്ങൾ. ഇതിൽ ബല്ലിമാരൻ, ചാന്ദ്നി ചൗക്ക്, ഓഖ്‌ല, സീലംപുർ, മാത്തിയ മഹൽ എന്നീ 5 മണ്ഡലങ്ങളിൽ 40 ശതമാനത്തോളം വോട്ടർമാരും മുസ്‌ലിം വിഭാഗക്കാരാണ്. ഓഖ്‌ല നിയമസഭാ മണ്ഡലത്തിലാണ് ഷഹീൻ ബാഗ്. 1,07,098 സ്ത്രീകളും 1,66,341 പുരുഷന്മാരും 25 ട്രാൻസ്ജെൻഡേഴ്സും ഉൾപ്പെടെ 2,73,464 വോട്ടർമാരാണ് ഇവിടെയുള്ളത്. 2015 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, 1,04,271 വോട്ടുകൾ നേടിയ എഎപി സ്ഥാനാർഥി അമാനത്തുള്ള ഖാനാണ് ഇവിടെ വിജയിച്ചത്. ബിജെപിയുടെ ബ്രഹം സിങ്ങിനെയാണ് പരാജയപ്പെടുത്തിയത്.  ഇത്തവണയും ഇവർ തമ്മിലാകും കനത്ത പോരാട്ടമെന്നാണ് വിലയിരുത്തൽ. പർവേജ് ഹാഷ്മിയാണ് കോൺഗ്രസ് സ്ഥാനാർഥി. 1977ൽ മണ്ഡലം രൂപീകരിച്ചതിനു ശേഷം ഒൻപതു തവണ ഇവിടെ തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. അതിൽ നാലു തവണയും കോൺഗ്രസ് ആണ് ജയിച്ചത്. 

വോട്ടായി കാണുമോ ഷഹീൻ ബാഗ്? 

shaheen-bagh-protest
ഷഹീൻ ബാഗിൽ നടക്കുന്ന സമരത്തിൽ നിന്ന്

പൗരത്വ ഭേദഗതി വിഷയത്തൽ കേന്ദ്ര സർക്കാരിന്റെ നിലപാടുകൾ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കിടയിൽ പ്രത്യേകിച്ച് മുസ്‌ലിം ജനവിഭാഗത്തിനിടയിൽ സൃഷ്ടിച്ച ആശങ്കയുടെ പ്രതിഫലനമാണ് ഷഹീൻ ബാഗ് സമരമെന്നാണ് പ്രതിപക്ഷ പാർട്ടികൾ വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ബിജെപി നിശിതമായി വിമർശിക്കുന്ന സമരത്തെ കോൺഗ്രസ് പിന്തുണയ്ക്കുന്നതും എഎപി കൃത്യമായ നിലപാടു രേഖപ്പെടുത്താതെ, എന്നാൽ പരോക്ഷ പിന്തുണ നൽകി നിലനിർത്തുന്നതും.

ബിജെപിയുടെ നേതൃത്വത്തിൽ പാലം മേഖലയിൽ‌ നടന്ന റോഡ് ഷോയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
ബിജെപിയുടെ നേതൃത്വത്തിൽ പാലം മേഖലയിൽ‌ നടന്ന റോഡ് ഷോയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

സൗത്ത് ഡൽഹിയിൽ യമുനാ നദിക്കു സമീപത്തെ ഓഖ്‌ല നിയമസഭാ മണ്ഡലത്തിലെ പ്രധാന കോളനിയാണ് ഷഹീൻ ബാഗ്. ഡൽഹിയെയും നോയിഡയെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ ഷഹീൻ ബാഗ്‌-കാളിന്ദി കുഞ്‌ജ്‌ റോഡ്‌ കടന്നു പോകുന്നത് ഇതിലേയാണ്. സമരം നടക്കുന്നതിനാൽ ഈ പാത അടച്ചിട്ടിരിക്കുകയാണ്. റോഡിനു നടുവിൽ കെട്ടിയ വലിയ സമരപ്പന്തലിൽ 24 മണിക്കൂറും പതിനായിരങ്ങളാണ് കുത്തിയിരിക്കുന്നത്. ഡൽഹിയിൽനിന്ന് നോയിഡയിലേക്കും തിരിച്ചും എത്താനുള്ള എളുപ്പവും പ്രധാനപ്പെട്ടതുമായ പാത അടഞ്ഞത് അവിടുത്തെ മധ്യവർഗത്തിന്റെ സഞ്ചാരത്തിന് വിഘ്നം സൃഷ്ടിച്ചിരിക്കുകയാണ്. ഇതു തന്നെയാണ് ബിജെപിയുടെ പ്രധാന പ്രചാരണ ആയുധവും. 

shaheen-bagh-protest
ഷഹീൻ ബാഗിൽ നടക്കുന്ന സമരത്തിൽ നിന്ന്

ബിജെപി തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ‘ഷഹീൻ ബാഗ് ഇല്ലാത്ത ഡൽഹി’ സൃഷ്ടിക്കുമെന്നാണ് അമിത് ഷാ തിരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രഖ്യാപനം. ബിജെപി സ്ഥാനാർഥിക്കുള്ള നിങ്ങളുടെ വോട്ട് രാജ്യത്തെ സംരക്ഷിക്കാനും ഷഹീൻ ബാഗ് പോലുള്ള പ്രദേശങ്ങൾ ഇല്ലാതാക്കാനുമാണ്. ‘ഫെബ്രുവരി 8ന് നിങ്ങൾ വോട്ടു രേഖപ്പെടുത്താൻ എത്തുമ്പോൾ നിങ്ങൾക്ക് ഇപ്പോൾ ഷഹീൻ ബാഗിനോടു തോന്നുന്ന എല്ലാ വെറുപ്പും അവിടെ പ്രകടമാക്കാ’നാണ് അമിത് ഷാ ആഹ്വാനം ചെയ്തത്. ഷഹീൻ ബാഗിൽ പ്രതിഷേധവുമായി ഇരിക്കുന്നവർ ഇന്ത്യക്കാരല്ല പാക്കിസ്ഥാനികളും ബംഗ്ലദേശികളും ആണെന്നും പ്രതിഷേധക്കാർ നിങ്ങളുടെ വീടുകളിലേക്ക് ഇരച്ചുകയറി നിങ്ങളുടെ സഹോദരിമാരെയും പെൺമക്കളെയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുമെന്നും മറ്റുമുള്ള ഭീതിയുളവാക്കുന്ന പരാമർശങ്ങളും ബിജെപി നേതാക്കളുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളിൽ ഉണ്ടായി. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം, ഹിന്ദു രാഷ്ട്രം സിന്ദാബാദ് എന്നു വിളിച്ചുകൊണ്ട് പതിനേഴു വയസ്സുള്ള യുവാവ് പ്രക്ഷോഭകർക്കെതിരെ വെടിയുതിർക്കുകയും ചെയ്തു.  

എന്നാൽ ഷഹീൻ ബാഗിലെ സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് മുതിർന്ന നേതാക്കളെ സമരത്തിന്റെ ഭാഗമാക്കി മാറ്റുകയാണ് കോൺഗ്രസ് ചെയ്യുന്നത്. ജനാധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടമെന്നാണ് കോൺഗ്രസ് സമരത്തെ വിശേഷിപ്പിക്കുന്നതും. പ്രത്യക്ഷമായി പിന്തുണ പ്രഖ്യാപിക്കാതെ എന്നാൽ സമരത്തെ തള്ളുകയോ കൊള്ളുകയോ ചെയ്യാതെ, സമാധാനപരമായി സമരം നടത്തുന്നതിൽ തെറ്റില്ലെന്ന നിലപാടിലാണ് എഎപി. ഷഹീൻ ബാഗിൽ ബിജെപി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നാണ് അരവിന്ദ് കേജ്‌രിവാൾ അഭിപ്രായപ്പെട്ടതും.

shaheen-bagh-protest

ഷഹീൻ ബാഗിലെ യാത്രാതടസ്സം ചൂണ്ടിക്കാട്ടിയും ന്യൂനപക്ഷങ്ങളുടെ ഒത്തുചേരലിൽ ഭയം ഉണ്ടാക്കിയും വോട്ടുകൾ ധ്രുവീകരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നു സീറ്റുകൾ മാത്രം ലഭിച്ച ബിജെപി ഷഹീൻ ബാഗ് നിലനിൽക്കുന്ന മണ്ഡലത്തിലെ മാത്രമല്ല, ഡൽഹിയിലെ 40 ശതമാനം ഹിന്ദു വോട്ടുകളും ആ സമരം ആയുധമാക്കി നേടാനാണ് കണക്കു കൂട്ടുന്നത്. 2015 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് ഒരു സീറ്റു പോലും ലഭിച്ചിരുന്നില്ല. 

എന്നാൽ പൗരത്വ നിയമത്തിന് പിന്തുണ നൽകുന്നതോടെ മുസ്‌ലിം വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും സ്വന്തമായി എന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ, അതിന് കോൺഗ്രസിനു കിട്ടിയ ശക്തമായി പിടിവള്ളിയാണ് ഷഹീൻ ബാഗിലും ഡൽഹിയിലെ മറ്റു പ്രദേശങ്ങളിലും അരങ്ങേറിയ പൗരത്വ പ്രതിഷേധം. പൗരത്വ വിഷയത്തിൽ കൃത്യമായ നിലപാടെടുക്കുന്നതിൽ അഭാവം കാണിച്ച എഎപിയുടെ ന്യൂനപക്ഷ വോട്ടുകളും സ്വപക്ഷത്തേക്ക് എത്തിക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. എന്നാൽ വികസന പ്രവർത്തനങ്ങൾ തന്നെ മുൻനിർത്തി വോട്ടു തേടുന്ന എഎപി ഷഹീൻ ബാഗിൽ ഇതുവരെ പരസ്യമായി നിലപാടുകൾ എടുത്തിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എഎപിയെ വിജയിപ്പിച്ച മണ്ഡലത്തിൽ നടക്കുന്ന പ്രക്ഷോഭമായിട്ടുകൂടി അവിടെയെത്താൻ അരവിന്ദ് കേജ്‌രിവാളുൾപ്പെടെ പ്രമുഖ എഎപി നേതാക്കളാരും തയാറായിട്ടുമില്ല. ഇത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയത്തിലേക്ക് എത്തിച്ച ന്യൂനപക്ഷ ഭൂരിപക്ഷ വോട്ടുകൾ ഭിന്നിക്കാതിരിക്കാനാണെന്നാണ് വിലയിരുത്തൽ.

പ്രക്ഷോഭകരുമായി ചർച്ചയ്ക്ക് തയാറാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ പറഞ്ഞത് സമരം ബിജെപിയെ പ്രതികൂലമായി ബാധിക്കുമോയെന്ന ഭയത്തിലാണോയെന്നു വ്യക്തമല്ല. ഡൽഹിയിൽ പൗരത്വ നിയമത്തിനെതിരെ നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങളെല്ലാം പൊലീസ് അടിച്ചമർത്തിയപ്പോഴും ഷഹീൻ ബാഗിൽനിന്ന് 100 അടി മാറിയാണ് പൊലീസ് നിലയുറപ്പിച്ചത്. സമാധാനപരമായി നടക്കുന്ന സമരമായതിനാലും സ്ത്രീകളുടെയും കുട്ടികളുടെയും പങ്കാളിത്തം കൂടുതലായതിനാലും ഒരു പൊലീസ് മുറ പ്രയോഗം അവിടെ അസാധ്യമാണെന്ന് സർക്കാരിനും ബോധ്യമുണ്ട്. അതുകൊണ്ടു തന്നെയാണ് പ്രചരണങ്ങളിൽ ജാമിയയ്ക്കും ജെഎൻയുവിനും എതിരെപോലും നടത്താത്ത വിദ്വേഷ പരാമർശങ്ങൾ ഇവർക്കെതിരെ അഴിച്ചുവിടുന്നതും.

എന്നാൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ പ്രധാന വിഷയമായി ഷഹിൻ ബാഗിനെ ഉയർത്തിക്കാട്ടാൻ ബിജെപിയും കോൺഗ്രസും ശ്രമിക്കുമ്പോഴും അതല്ല തങ്ങളെ ബാധിക്കുന്ന വിഷയമെന്നാണ് ഒരു വലിയ വിഭാഗം വോട്ടർമാർ പറയുന്നത്. സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സർക്കാരുകൾ ശ്രമിക്കണമെന്നാണ് ഇവർ പറയുന്നത്. ഷഹീൻ ബാഗ് സമരത്തെ കുറിച്ച് കേൾക്കാത്തവർ പോലും ഈ കൂട്ടത്തിൽ ഉണ്ടെന്നതാണ് അദ്ഭുതം. തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉയർത്തിക്കാട്ടാൻ ഒരു പറ്റം വിഷയങ്ങളാണ് ഡൽഹിക്കുള്ളത്.

മലീനീകരണത്തിന്റെയും തലസ്ഥാനമായി മാറിയ നഗരം, മറ്റെങ്ങുമില്ലാത്ത വിധം ഗതാഗത പ്രശ്നങ്ങൾ അനുഭവപ്പെടുന്ന പ്രദേശം, സ്ത്രീ സുരക്ഷാ പ്രശ്നങ്ങൾ, വിലക്കയറ്റം, ശുദ്ധവായുവിന്റെയും ജലത്തിന്റെയും അഭാവം.... ഇങ്ങനെ ആ പട്ടിക നീളുകയാണ്. അതിലേക്കാണ് പൗരത്വ പ്രതിഷേധവും അതിന്റെ മുഖമായി ഇപ്പോൾ ഷഹീൻ ബാഗും ഉയർന്നുവന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരുപക്ഷേ ഏറ്റവും ശക്തമായ പ്രതിഷേധം അരങ്ങേറിയതും ഇവിടെയാണ്. എതായാലും ഇന്ദ്രപ്രസ്ഥത്തിന്റെ അടുത്ത ഭരണാധികാരികളെ നിർണയിക്കുന്നത് എന്തെന്നതിന് ഫെബ്രുവരി 11 ഉത്തരം നൽകും.

English Summary : Can Shaheen Bagh swing Delhi Assembly Elections ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com