വാതിൽപ്പടി റേഷൻ വിതരണം, സ്പോക്കൺ ഇംഗ്ലിഷ് ക്ലാസ്: എഎപി പ്രകടന പത്രിക പുറത്തിറക്കി
Mail This Article
ന്യൂഡൽഹി ∙ ദേശസ്നേഹത്തിന്റെ പാഠങ്ങൾ അഭ്യസിപ്പിക്കാൻ കരിക്കുലം, വാതിൽപ്പടി റേഷൻ വിതരണം, വിദ്യാർഥികൾക്കു സൗജന്യ ബസ് യാത്ര, യുവജനങ്ങൾക്കായി സ്പോക്കൺ ഇംഗ്ലിഷ് ക്ലാസ്, യമുന നദീതട വികസനം, 24 മണിക്കൂറും പ്രവർത്തിക്കുന്ന മാർക്കറ്റുകൾ തുടങ്ങിയ പ്രഖ്യാപനങ്ങളുമായി ആംആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പു പ്രകടന പത്രിക.
ഡൽഹി ജൻലോക്പാൽ ബിൽ, പൂർണ സംസ്ഥാന പദവി എന്നിവയ്ക്കായുള്ള ശ്രമങ്ങൾ തുടരുമെന്നും വ്യക്തമാക്കുന്ന പത്രിക മുഖ്യമന്ത്രിയും പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‍രിവാളാണു പുറത്തിറക്കിയത്. നേരത്തെ പുറത്തിറക്കിയ 10 വാഗ്ദാനങ്ങൾ ഉൾപ്പെടുന്ന ഗാരന്റി കാർഡിനു പുറമേയാണു 28 വാഗ്ദാനങ്ങളും ഉൾപ്പെടുന്ന പ്രകടന പത്രിക അവതരിപ്പിച്ചിരിക്കുന്നത്.
വീണ്ടും തിരഞ്ഞടുക്കപ്പെട്ടാൽ നടപ്പിലാക്കുന്ന പദ്ധതികൾ കൂടാതെ നിലവിലുള്ള പദ്ധതികളും പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 200 യൂണിറ്റുവരെ സൗജന്യ വൈദ്യുതി, സൗജന്യ ചികിത്സ, രണ്ടു കോടി ചെടി നടീൽ, യമുന ശുദ്ധീകരണം, വായു മലിനീകരണം കുറയ്ക്കൽ, സ്ത്രീ സുരക്ഷയ്ക്ക് മൊഹല്ല മാർഷൽമാർ ഉൾപ്പെടെയുള്ള നടപടികൾ തുടരുമെന്നും പത്രികയിൽ ഉറപ്പുപറയുന്നു. ഡൽഹി മെട്രോ 500 കിലോമീറ്ററായി വികസിപ്പിക്കുമെന്നും വാഗ്ദാനമുണ്ട്.
മറ്റു വാഗ്ദാനങ്ങൾ:
∙ ഡൽഹി ജൻലോക് പാൽ ബിൽ– എഎപി പാർട്ടി ഡൽഹിയിൽ 2015 ഡിസംബറിൽ ജൻലോക്പാൽ ബിൽ പാസാക്കിയിരുന്നെങ്കിലു 4 വർഷമായി കേന്ദ്രത്തിന്റെ പരിഗണനയിലാണിത്. കേന്ദ്രത്തിലും ബിൽ പാസാക്കിയെടുക്കാൻ സമ്മർദ്ദം തുടരും.
∙ ഡൽഹി സ്വരാജ് ബിൽ– 70 നിയോജക മണ്ഡലങ്ങളിൽ 2972 മൊഹല്ല സഭകൾക്കു 2016 ജൂണിൽ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ ഇതും കേന്ദ്രത്തിന്റെ പരിഗണയിലാണ് ഇപ്പോഴും. ഇത് പാസാക്കാൻ സമ്മർദം ചെലുത്തും.
∙ റേഷൻ വാതിൽപടിയിൽ– വിവിധ സേവനങ്ങൾ വാതിൽപടിക്കൽ ലഭ്യമാക്കുന്ന പദ്ധതിക്കു പുറമേയാണ് റേഷൻ ഉത്പന്നങ്ങളും വീട്ടിലെത്തിക്കുമെന്ന പ്രഖ്യാപനം.
∙ 10 ലക്ഷം മുതിർന്ന പൗരനമാർക്ക് തീർഥയാത്ര– തീർഥാടന കേന്ദ്രങ്ങളിൽ മുതിർന്ന പൗരൻമാർക്ക് സൗജന്യമായി സന്ദർശനമൊരുക്കുന്ന പദ്ധതി കഴിഞ്ഞ തവണ ആരംഭിച്ചിരുന്നു. വരുന്ന 5 വർഷത്തിനുള്ളിൽ 10 ലക്ഷം പേർക്ക് ഇതിന്റെ പ്രയോജനം ലഭ്യമാക്കുമെന്നു പ്രഖ്യാപനം.
∙ വ്യാപാരകേന്ദ്രങ്ങളുടെ അടച്ചുപൂട്ടൽ നടപടി അവസാനിപ്പിക്കും. ഡൽഹി മാസ്റ്റർ പ്ലാനിൽ മാറ്റം വരുത്താൻ നടപടി സ്വീകരിക്കും.
∙ പുനരധിവാസ കോളനികളിലെ താമസക്കാർക്ക് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം കൈമാറും.
∙ തെരുവു കച്ചവടക്കാർക്കു നിയമ സംരക്ഷണം.
English Summary: AAP releases manifesto for Delhi Election