ഇത്തവണ ഡൽഹിയുടെ ഹൃദയം തൊടുന്നത് ആരാകും; രാജ്യതലസ്ഥാനത്ത് ഡിജിറ്റൽ യുദ്ധം
രാജ്യം ഭരിക്കുന്ന പാർട്ടിയും രാജ്യതലസ്ഥാനം ഭരിക്കുന്ന പാർട്ടിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിനാണ് ഡൽഹി സാക്ഷ്യം വഹിക്കുന്നത്..... Delhi Election 2020, Digital Campaign
രാജ്യം ഭരിക്കുന്ന പാർട്ടിയും രാജ്യതലസ്ഥാനം ഭരിക്കുന്ന പാർട്ടിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിനാണ് ഡൽഹി സാക്ഷ്യം വഹിക്കുന്നത്..... Delhi Election 2020, Digital Campaign
രാജ്യം ഭരിക്കുന്ന പാർട്ടിയും രാജ്യതലസ്ഥാനം ഭരിക്കുന്ന പാർട്ടിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിനാണ് ഡൽഹി സാക്ഷ്യം വഹിക്കുന്നത്..... Delhi Election 2020, Digital Campaign
ഇന്ത്യയിൽ ഈ ദശാബ്ദത്തിലെ ആദ്യ തിരഞ്ഞെടുപ്പിനു കളമൊരുങ്ങിക്കഴിഞ്ഞു. ഡല്‍ഹി പോളിങ് ബൂത്തിലേക്ക് പോകാന്‍ ഇനി രണ്ടു ദിവസം മാത്രം. രാജ്യം ഭരിക്കുന്ന പാർട്ടിയും രാജ്യതലസ്ഥാനം ഭരിക്കുന്ന പാർട്ടിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിനാണ് ഡൽഹി സാക്ഷ്യം വഹിക്കുന്നത്. തിരഞ്ഞെടുപ്പു പ്രചാരണത്തിൽ കൊണ്ടുംകൊടുത്തും ബിജെപിയും ആം ആദ്മി പാർട്ടിയും മുന്നേറുന്നു. ഇതിനിടെ അദ്ഭുതങ്ങൾ നടത്താനാകുമോ എന്നാണു കോൺഗ്രസിന്റെ നോട്ടം.
മറ്റു കക്ഷികളും രംഗത്തുണ്ടെങ്കിലും മുഖ്യ പോരാട്ടം എഎപിയും ബിജെപിയും കോൺഗ്രസും തമ്മിൽത്തന്നെ. പരസ്യപ്രചാരണം വ്യാഴാഴ്ച അവസാനിക്കാനിരിക്കെ സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങളിലും മൂന്നു പാർട്ടികളും സജീവമാണ്. 1.46 കോടി വോട്ടർമാരുള്ള ഡൽഹിയിൽ ഒരു കോടിയിലേറേ പേർ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. അതുകൊണ്ടുതന്നെ ഡിജിറ്റൽ പോർമുഖത്തും പാർട്ടികളുടെ പ്രചാരണയുദ്ധത്തിന് കുറവൊന്നുമില്ല.
‘ലഗേ രഹോ കേജ്‌രിവാൾ’
മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഔദ്യോഗിക വസതിയിലെ ഒരു മുറിയാണ് എഎപിയുടെ ഡിജിറ്റൽ ആസ്ഥാനം. പ്രമുഖ സമൂഹമാധ്യമ നയതന്ത്രജ്ഞനായ അങ്കിത് ലാലാണ് എഎപിയുടെ ഡിജിറ്റൽ പ്രചാരണത്തിനു മേൽനോട്ടം വഹിക്കുന്നത്. തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മാസങ്ങൾക്കു മുൻപു തന്നെ വാട്സാപ് വഴിയുള്ള പ്രചാണത്തിനു വൊളന്റിയർമാരെ ക്ഷണിച്ച് എഎപി ഡിജിറ്റൽ പ്രചാരണത്തിനു തുടക്കം കുറിച്ചിരുന്നു.
താൽപര്യമുള്ളവർ സ്വന്തം ബൂത്തിൽ വാട്സാപ് നമ്പർ നൽകാനായിരുന്നു നിർദേശം. എഎപിയുടെ ഏതെങ്കിലും തിരഞ്ഞെടുപ്പു റാലിയിൽ പങ്കെടുക്കാനും നിർദേശമുണ്ടായിരുന്നു. അങ്ങനെ എത്തിയ ഒരു ലക്ഷം പേരിൽനിന്നാണ് 3,000 പേരെ പാർട്ടി തിരഞ്ഞെടുത്തത്. വാട്സാപ് മുഖേന പാർട്ടിയുടെ തിരഞ്ഞെടുപ്പു നയങ്ങൾ ജനങ്ങളിൽ എത്തിക്കുകയാണ് ഇവരുടെ ചുമതല.
ഫെയ്‌സ്ബുക് ‘മുതൽമുടക്കി’ലും എഎപി ഒട്ടും കുറച്ചിട്ടില്ല. കഴിഞ്ഞ 30 ദിവസത്തിനിടെ 42 ലക്ഷം രൂപയാണ് എഎപി ഫെയ്സ്ബുക്കിലൂടെയുള്ള പ്രചാരണത്തിനായി ചെലവഴിച്ചതെന്നാണ് കണക്കുകൾ. എഎപിയുടെ മൊത്തം പ്രചാരണ ചുമതലയുള്ള തിരഞ്ഞെടുപ്പു നയതന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പൊളിറ്റിക്കൽ ആക്‌ഷൻ കമ്മിറ്റിയുടെ ‘ലഗേ രഹോ കേജ്‌രിവാൾ’ പ്രചാരണത്തിനായി 16 ലക്ഷം രൂപയും ചെലവാക്കി. സ്ഥാനാർഥികളുടെ വ്യക്തിഗത പ്രചാരണം കൂടാതെയുള്ള തുകയാണിത്.
ദിൽ മേം മോദി ദില്ലി മേം മോദി
പരസ്യപ്രചാരണത്തിലേതു പോലെതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചുറ്റിപ്പറ്റിയാണ് ബിജെപിയുടെ ഡിജിറ്റൽ പ്രചാരണവും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡൽഹി തൂത്തുവാരിയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപിക്കുള്ള മുൻതൂക്കം മുന്നിൽക്കണ്ടാണ് ബിജെപിയുടെ പ്രചാരണതന്ത്രങ്ങൾ. ‘ദിൽ മേം മോദി ദില്ലി മേം മോദി’ (ഹൃദയത്തിൽ മോദി, ഡൽഹിയിൽ മോദി) ആണ് ബിജെപിയുടെ മുദ്രാവാക്യം.
മോദി പ്രഭാവം ഏതു പ്രതിപക്ഷ പ്രചാരണത്തെയും മറികടക്കാൻ കഴിയുന്നതാണെന്നു ബിജെപിയുടെ സോഷ്യൽ മീഡിയ സംഘാംഗം വികാസ് പാണ്ഡെ പറയുന്നു. എന്നാൽ സമൂഹമാധ്യമങ്ങളുടെ പുതിയ മാർഗനിർദേശങ്ങൾ വേദനാജനകമാണെന്നു പാണ്ഡെ തുറന്നുസമ്മതിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചുകൊണ്ട് എന്തു പോസ്റ്റിട്ടാലും കമ്യൂണിറ്റി സ്റ്റാൻഡേഡ് ഗൈഡ്‌ലൈൻസ് പ്രകാരം ഫെയ്‌സ്ബുക് ബ്ലോക്ക് ചെയ്യുകയാണ്. അതുകൊണ്ടുതന്നെ ബിജെപിയുടെ ഫെയ്സ്ബുക് പ്രചാരണം ലോക്സഭാ തിരഞ്ഞെടുപ്പു വേളയിലേതുപോലെ ഊർജിതമല്ല.
കഴിഞ്ഞ 30 ദിവസത്തിനിടെ 21.5 ലക്ഷം രൂപയാണ് ബിജെപി ഫെയ്സ്ബുക്കിൽ പ്രചാരണത്തിനായി മുടക്കിയത്. പുറത്തുള്ള ഒരു സ്വകാര്യ കമ്പനിക്കാണ് ഡിജിറ്റൽ പ്രചാരണത്തിന്റെ ചുമതല. വാട്സാപ് വഴിയാണ് പ്രധാനമായും പ്രചാരണം. പരസ്യ പ്രചാരണത്തിൽ എന്നപോലെ ഷഹീൻബാഗും സിഎഎ ബോധവൽക്കരണവും തന്നെയാണ് ബിജെപിയുടെ വാട്സാപ് സന്ദേശങ്ങളിലും നിറയുന്നത്.
ഓർമകളില്‍ ഷീലാ ജി
15 വർഷം തുടർച്ചയായി ഡൽഹി ഭരിച്ച മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ ഭരണനാളുകൾ ഡൽഹിക്കാരെ ഓർമിപ്പിക്കുകയാണ് ഡിജിറ്റൽ പ്രചാരണത്തിൽ കോൺഗ്രസ്. ‘വാദേ നിഭായേ ഥേ, വാദേ നിഭായേംഗേ’ (വാഗ്ദാനങ്ങൾ നിറവേറ്റി, എന്നും വാഗ്ദാനങ്ങൾ നിറവേറ്റും) എന്നാണ് കോൺഗ്രസിന്റെ മുദ്രാവാക്യം. ഡൽഹിയിൽ ആകെ 15000 വാട്സാപ് ഗ്രൂപ്പുകളാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് കോൺഗ്രസ് ആരംഭിച്ചതെന്നു കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ കൺവീനർ സരൾ പട്ടേൽ പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ തടയാൻ ക്യുക്ക് റെസ്പോൺസ് ടീമും കോൺഗ്രസിനൊപ്പം പ്രവർത്തിക്കുന്നു. ഫെയ്സ്ബുക്കിലെ ഔദ്യോഗിക പേജിനായി മുടക്കിയ തുകയിൽ കോൺഗ്രസ് ബിജെപിയെ കടത്തിവെട്ടുകയും ചെയ്തു. കഴിഞ്ഞ 30 ദിവസത്തിനിടെ ഡൽഹി കോൺഗ്രസ് ഔദ്യോഗിക പേജിനായി 16.2 ലക്ഷം രൂപ മുടക്കിയപ്പോൾ ബിജെപി മുടക്കിയത് 5.6 ലക്ഷം രൂപയാണ്. എന്നാൽ ഫെയ്സ്ബുക്കിൽ ആകെ മുടക്കിയ തുകയിൽ ബിജെപി തന്നെയാണ് മുൻപിൽ.
English Summary: Delhi Election 2020, Digital Campaign by Parties