മകൻ മോദിയെ പിന്തുണയ്ക്കുന്നു: ഡൽഹി വെടിവയ്പ് കേസ് പ്രതിയുടെ പിതാവ്
Mail This Article
ന്യൂഡൽഹി ∙ ഷഹീൻ ബാഗിൽ സമരക്കാർക്കു നേരെ വെടിവച്ച കേസിലെ പ്രതി കപിൽ ഗുജ്ജര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും പിന്തുണയ്ക്കുന്ന ആളാണെന്ന് പിതാവ്. തനിക്കും മകനും രാഷ്ട്രീയമില്ലെന്ന് ബുധനാഴ്ച പറഞ്ഞു മണിക്കൂറുകൾക്കകമാണ് പുതിയ വാദവുമായി ഇയാൾ രംഗത്തെത്തിയത്.
‘എന്റെ മകൻ മോദിയെയും അമിത് ഷായെയും പിന്തുണയ്ക്കുന്ന ആളാണ്. ഷഹീന്‍ ബാഗിലെ റോഡുകളിൽ ഗതാഗത തടസ്സമുണ്ടാകുന്നത് അവനു പ്രശ്നമായിരുന്നു. എപ്പോഴും അവൻ ഹിന്ദുസ്ഥാനെക്കുറിച്ചും ഹിന്ദുത്വത്തെക്കുറിച്ചുമെല്ലാം സംസാരിക്കും’– കപിലിന്റെ പിതാവ് ഗജേ സിങ് വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു.
‘ജയ് ശ്രീറാം’ വിളിച്ച് ഷഹീൻ ബാഗിലെ പ്രതിഷേധക്കാർക്കു നേരെ വെടിയുതിർത്ത പ്രതി ആം ആദ്മി പാർട്ടി പ്രവർത്തകനാണെന്നായിരുന്നു നേരത്തെ പൊലീസ് പറഞ്ഞത്. എഎപി ബന്ധം തെളിയിക്കുന്ന ഫോട്ടോകളും പ്രതിയുടെ മൊബൈലിലുണ്ടെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. പാർട്ടി നേതാക്കളായ സഞ്ജയ് സിങ്, അതിഷി എന്നിവരോടൊപ്പം ആം ആദ്മി പാർട്ടിയുടെ തൊപ്പി ധരിച്ച് പ്രതി നിൽക്കുന്ന ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടിരുന്നു.
എന്നാൽ കപിൽ ഗുജ്ജറിന് ആം ആദ്മി പാർട്ടിയുമായി ബന്ധമൊന്നുമില്ലെന്ന് പിതാവും സഹോദരനും വ്യക്തമാക്കി. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ വിഷയത്തിൽ ആം ആദ്മിയും ബിജെപിയും തമ്മിൽ ഏറ്റുമുട്ടലിലാണ്. പൊലീസ് അമിത് ഷായുടെ ഉത്തരവുകൾ അനുസരിക്കുകയാണെന്ന് എഎപി നേതാവ് സഞ്ജയ് സിങ് ആരോപിച്ചു. അതേസമയം പ്രതിഷേധങ്ങൾക്കു പിന്നിൽ ആം ആദ്മിയാണെന്നാണ് തെളിവുകൾ വിരൽ ചൂണ്ടുന്നതെന്ന് ബിജെപി വ്യക്തമാക്കി. ഗജേ സിങ്ങിന്റെ പ്രസ്താവനയിൽ പ്രതികരിക്കാൻ പൊലീസും ബിജെപിയും തയാറായിട്ടില്ല.
English Summary: Shaheen bagh shooters father says his son a follower of Narendra Modi, Amit Shah