പിടികൊടുക്കാതെ ആ ഡൽഹി ‘പാറ്റേൺ’: ആരെ തുണയ്ക്കും വോട്ടുകണക്കുകൾ?
ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഡൽഹി വോട്ടുചെയ്യുന്ന രീതി തികച്ചും വ്യത്യസ്തമാണെന്നു കണക്കുകളിൽ വ്യക്തം. രാഷ്ട്രീയ നിരീക്ഷകരെപ്പോലും കുഴക്കുന്നതാണ് ആ ‘പാറ്റേൺ’. 1991 ലോക്സഭ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ രണ്ടു സീറ്റുകളിലായിരുന്നു കോൺഗ്രസ് ജയിച്ചത്, ബിജെപി അഞ്ചിലും. 1993ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 49 സീറ്റുമായി... Delhi Election Infographics, Delhi Election 2020
ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഡൽഹി വോട്ടുചെയ്യുന്ന രീതി തികച്ചും വ്യത്യസ്തമാണെന്നു കണക്കുകളിൽ വ്യക്തം. രാഷ്ട്രീയ നിരീക്ഷകരെപ്പോലും കുഴക്കുന്നതാണ് ആ ‘പാറ്റേൺ’. 1991 ലോക്സഭ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ രണ്ടു സീറ്റുകളിലായിരുന്നു കോൺഗ്രസ് ജയിച്ചത്, ബിജെപി അഞ്ചിലും. 1993ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 49 സീറ്റുമായി... Delhi Election Infographics, Delhi Election 2020
ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഡൽഹി വോട്ടുചെയ്യുന്ന രീതി തികച്ചും വ്യത്യസ്തമാണെന്നു കണക്കുകളിൽ വ്യക്തം. രാഷ്ട്രീയ നിരീക്ഷകരെപ്പോലും കുഴക്കുന്നതാണ് ആ ‘പാറ്റേൺ’. 1991 ലോക്സഭ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ രണ്ടു സീറ്റുകളിലായിരുന്നു കോൺഗ്രസ് ജയിച്ചത്, ബിജെപി അഞ്ചിലും. 1993ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 49 സീറ്റുമായി... Delhi Election Infographics, Delhi Election 2020
ഇന്ത്യയുടെ ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം 1951ലായിരുന്നു ഡൽഹി നിയമസഭയിലേക്കുള്ള ആദ്യ തിരഞ്ഞെടുപ്പും. വിസ്തൃതിയിലും വോട്ടർമാരുടെ എണ്ണത്തിലും പ്രതാപം കുറവായിരുന്നു പഴയ ഡൽഹിക്ക്. സൗത്ത് എക്സ്റ്റൻഷനും കരോൾ ബാഗിനും അപ്പുറം മുള്ളുകാടായിരുന്ന ഒരു കാലവുമുണ്ടായിരുന്നു ദേശീയ തലസ്ഥാനത്തിന്. ഇന്ത്യ–പാക്ക് വിഭജനത്തിൽ മുറിവേറ്റവരെ അധിവസിപ്പിക്കാൻ ഡൽഹിയുടെ കവാടങ്ങൾ തുറന്നുകൊടുത്തു. അങ്ങനെ, മുള്ളുകാടുകൾ ജനവാസ മേഖലകളായി.
42 സീറ്റുകളിലേക്കായിരുന്നു 1951ലെ തിരഞ്ഞെടുപ്പ്. 36 ഏകാംഗ മണ്ഡലങ്ങളും 6 ദ്വയാംഗ മണ്ഡലങ്ങളും. ദ്വയാംഗ മണ്ഡലത്തിൽ മത്സരിക്കാൻ രണ്ടു സ്ഥാനാർഥികളുണ്ടാകും, ഒരു പൊതുസ്ഥാനാർഥിയും ഒരു സംവരണ വിഭാഗം സ്ഥാനാർഥിയും. അങ്ങനെ ആദ്യ നിയമസഭയിൽ എത്തിയത് 48 പേർ. ആകെ 187 സ്ഥാനാർഥികൾ മത്സരിച്ചു. ആകെ വോട്ടർമാർ 7.45 ലക്ഷം. അവരിൽ വോട്ടു ചെയ്തത് 5.22 ലക്ഷം പേർ. പോളിങ് ശതമാനം 58.52.
മത്സരിച്ച 47ൽ 39 സീറ്റുകളിലും കോൺഗ്രസ് ജയിച്ചു. 52.09% വോട്ടും സ്വന്തമാക്കി. കോൺഗ്രസ് നേതാവും ഡൽഹി നംഗ്ലോയി സ്വദേശിയുമായ ബ്രഹ്മ പ്രകാശായിരുന്നു ആദ്യ മുഖ്യമന്ത്രി. 31 സീറ്റിൽ മത്സരിച്ച ഭാരതീയ ജനസംഘം (ബിജെഎസ്) ജയിച്ചത് 5 സീറ്റുകളിൽ മാത്രം. 21.89% വോട്ടും നേടി. സോഷ്യലിസ്റ്റ് പാർട്ടി രണ്ടും അഖിലേന്ത്യാ ഹിന്ദുമഹാസഭ ഒരു സീറ്റിലും ജയിച്ചു. ഒരു സീറ്റിൽ സ്വതന്ത്രനായിരുന്നു ജയം. വനിതകളില്ലാത്ത നിയമസഭയായിരുന്നു ആദ്യത്തേത്.
1956ൽ ഡൽഹിയെ കേന്ദ്രഭരണ പ്രദേശമാക്കി ഉത്തരവിറങ്ങി, ഡൽഹി നിയമസഭ പിരിച്ചുവിട്ട് ഭരണം രാഷ്ട്രപതിക്കു കീഴിലാക്കി. 1957ൽ ഡൽഹി മുനിസിപ്പൽ കോര്‍പറേഷൻ രൂപീകരിക്കപ്പെട്ടു. 1966ൽ കോർപറേഷൻ ഭരണത്തിനായി ഡൽഹി മെട്രോപൊളിറ്റൻ കൗൺസിലിന് രൂപംകൊടുത്തു. തിരഞ്ഞെടുക്കപ്പെട്ട 56 പേരും നാമനിര്‍ദേശം ചെയ്യപ്പെട്ട 5 പേരുമായിരുന്നു കൗൺസിലിൽ ഉണ്ടായിരുന്നത്. ഭരണപരമായ അധികാരങ്ങളൊന്നും കൗൺസിലിനുണ്ടായിരുന്നില്ല, ഡൽഹി ഭരണത്തിന്റെ ഉപദേശക സ്ഥാനമെന്നു പറയാം. 1990 വരെ ഈ രീതിയിലായിരുന്നു ഡൽഹി ഭരണം.
1972ലും 1983ലും കോൺഗ്രസും 1977ൽ ജനതാ പാർട്ടിയും കോർപറേഷനിൽ ഭൂരിപക്ഷം നേടി. 1991ൽ ഡൽഹി ദേശീയ തലസ്ഥാന പ്രദേശമായി. 1993ൽ ഡൽഹി നിയമസഭയിലേക്ക് ആദ്യ തിരഞ്ഞെടുപ്പും നടന്നു. 57 ജനറൽ സീറ്റുകളും 13 എസ്‌സി സംവരണ സീറ്റുകളുമായി ആകെ 70 മണ്ഡലത്തിലേക്കായിരുന്നു വോട്ടെടുപ്പ് (നിലവിൽ ജനറൽ സീറ്റുകൾ 58ഉം സംവരണ സീറ്റുകൾ 12ഉം ആണ്). ഡൽഹി വോട്ടർമാരുടെ എണ്ണം 1993 ആയപ്പോഴേക്കും 58.5 ലക്ഷത്തിലേക്കുയർന്നു. വോട്ടു രേഖപ്പെടുത്തിയത് 36.13 ലക്ഷം പേരും. 49 സീറ്റുമായി ബിജെപി അധികാരത്തിലെത്തി. 14 സീറ്റുമായി കോൺഗ്രസ് രണ്ടാമതും. 42.82% വോട്ടാണ് ബിജെപിക്ക് ലഭിച്ചത്, കോൺഗ്രസിന് 34.48ഉം.
1993-98 ഭരണകാലത്തിനിടെ മൂന്ന് ബിജെപി മുഖ്യമന്ത്രിമാരാണ് ഡൽഹി ഭരിച്ചത്. ആദ്യം മദൻലാൽ ഖുറാന; പാതിവഴിയിൽ പാർട്ടിയിലെ വിഭാഗീയതയെത്തുടർന്ന് അദ്ദേഹം രാജിവച്ച് സാഹിബ് സിങ് വർമ മുഖ്യമന്ത്രിയായി. ഭരണം അവസാനിക്കുന്നതിനു തൊട്ടുമുൻപ് ഉള്ളിവില നിയന്ത്രണാതീതമായതിനെ തുടർന്നുള്ള വിവാദത്തിൽ വർമയും രാജിവച്ചു. ഏതാനും മാസം സുഷമ സ്വരാജും ബിജെപി മുഖ്യമന്ത്രിയായി. ഡൽഹി മുഖ്യമന്ത്രിമാരായിരുന്നവരിൽ നിലവിൽ കേജ്‌രിവാൾ മാത്രമാണിന്നു ജീവിച്ചിരിക്കുന്നത്.
1993ലെ തിരഞ്ഞെടുപ്പിൽ 7039 പോളിങ് സ്റ്റേഷനുകളായിരുന്നു സജ്ജമാക്കിയിരുന്നത്. 27 വർഷത്തിനപ്പുറം ഇത്തവണ അത് 13,750ൽ എത്തിയിരിക്കുന്നു. 1993ലായിരുന്നു ഏറ്റവുമധികം സ്ഥാനാർഥികൾ മത്സരിച്ച ഡൽഹി തിരഞ്ഞെടുപ്പും; 1316 പേർ. 59 വനിതാ സ്ഥാനാർഥികളായിരുന്നു 1993ൽ മത്സരിച്ചത്. എന്നാൽ ഇത്തവണ അത് 71 ആയി. 2003ലായിരുന്നു ഡൽഹിയിൽ ഏറ്റവും കൂടുതൽ വനിതാ സ്ഥാനാർഥികൾ– 78 പേർ.
1998ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനായിരുന്നു ജയം– 52 സീറ്റ്. 2003ലും 2008ലും കോൺഗ്രസ് വിജയം തുടർന്നു. 15 വർഷം ഷീല ദീക്ഷിത് ആയിരുന്നു മുഖ്യമന്ത്രി. 2013ലായിരുന്നു അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് രംഗപ്രവേശം. ആദ്യ തിരഞ്ഞെടുപ്പിൽതന്നെ മത്സരിച്ച 70ല്‍ 28 സീറ്റും സ്വന്തമാക്കി എഎപി വരവറിയിച്ചു. എട്ടു സീറ്റ് നേടിയ കോൺഗ്രസുമായി ചേര്‍ന്ന് മന്ത്രിസഭയ്ക്കും രൂപംനൽകി. ബിജെപി 31 സീറ്റാണ് നേടിയത്.
എന്നാൽ ലോക്‌പാൽ ബിൽ പാസ്സാക്കുന്നതിൽ കോൺഗ്രസ് പിന്തുണ നൽകാത്തതിനെത്തുടർന്ന് സഖ്യത്തിൽ വിള്ളൽവീണു, കേജ്‌രിവാൾ രാജിവച്ചു. ഡൽഹി നിയമസഭ പിരിച്ചുവിട്ടതിനെത്തുടർന്ന് 2015ൽ വീണ്ടും തിരഞ്ഞെടുപ്പ്. 67 സീറ്റുമായി ഇന്ത്യൻ തിരഞ്ഞെടുപ്പുരാഷ്ട്രീത്തിലെ തന്നെ സമാനതകളില്ലാത്ത വിജയവുമായി എഎപി തിരിച്ചെത്തി. ബിജെപിക്കു ലഭിച്ചത് 3 സീറ്റ്. കോൺഗ്രസിനു പൂജ്യവും.
ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴു സീറ്റുകളിലും വിജയം ബിജെപിക്കായിരുന്നു. ആ പ്രതീക്ഷയോടെയാണ് പാർട്ടി ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുന്നതും. എന്നാൽ ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഡൽഹി വോട്ടുചെയ്യുന്ന രീതി തികച്ചും വ്യത്യസ്തമാണെന്നു കണക്കുകളിൽ വ്യക്തം. രാഷ്ട്രീയ നിരീക്ഷകരെപ്പോലും കുഴക്കുന്നതാണ് ആ ‘പാറ്റേൺ’. 1991 ലോക്സഭ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ രണ്ടു സീറ്റുകളിലായിരുന്നു കോൺഗ്രസ് ജയിച്ചത്, ബിജെപി അഞ്ചിലും. 1993ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 49 സീറ്റുമായി ബിജെപി അധികാരത്തിലെത്തുകയും ചെയ്തു.
1996ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 2, ബിജെപി 5 എന്നിങ്ങനെയായിരുന്നു സീറ്റുനില. 1998ൽ കോൺഗ്രസിന് ഒരു സീറ്റായി ചുരുങ്ങി, ബിജെപിക്ക് ആറും. എന്നാൽ അതേവർഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയത് 52 സീറ്റുമായി കോൺഗ്രസ്. ബിജെപി നേടിയത് 15 സീറ്റ്.
1999ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഏഴ് സീറ്റും ബിജെപിക്കായിരുന്നു. 2003ൽ ഡൽഹിയിൽ അധികാരത്തിലെത്തിയതാകട്ടെ കോൺഗ്രസും– 47 സീറ്റ്. 2004ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ആറ് സീറ്റ് കോൺഗ്രസ് നേടിയപ്പോൾ ബിജെപിക്ക് ലഭിച്ചത് ഒന്ന്. 2008ൽ പക്ഷേ കോൺഗ്രസ് തന്നെ നിയമസഭയിലേക്ക് ജയിച്ചു– 43 സീറ്റ്. 23 സീറ്റ് ബിജെപിയും സ്വന്തമാക്കി.
2009ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഏഴ് സീറ്റും കോൺഗ്രസിലായിരുന്നു. 2013ൽ നിയമസഭയിലേക്ക് ജയിച്ചുകയറിയതാകട്ടെ 28 സീറ്റുമായി എഎപിയും. 31 സീറ്റ് ബിജെപി നേടി. 8 സീറ്റ് കോൺഗ്രസും. 2015ലാകട്ടെ എഎപി നേടിയത് 67 സീറ്റ്! ഡൽഹി രാഷ്ട്രീയത്തെ മാറ്റിമറിച്ച പുതിയ രാഷ്ട്രീയ സമവാക്യം രൂപപ്പെടുകയായിരുന്നു അവിടെ. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഏഴ് സീറ്റും സ്വന്തമാക്കിയെങ്കിലും ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ടിറങ്ങി ഡൽഹി പ്രചാരണത്തിന്റെ കടിഞ്ഞാൺ കയ്യിലേന്തിയതിനു പിന്നിലും ഈ കണക്കുകളാണ്.
തലസ്ഥാനത്തെ സംബന്ധിച്ച് പോളിങ് ശതമാനവും നിർണായകമാണ്. 2013ലും (65.63%) 2015ലും (67.12%) ഡൽഹിയിൽ റെക്കോർഡ് പോളിങ് രേഖപ്പെടുത്തിയപ്പോഴായിരുന്നു എഎപി ജയിച്ചുകയറിയത്. പോളിങ് ശതമാനം 61.75ലെത്തിയ 1993ൽ ബിജെപിയും ജയിച്ചു. ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയ 1998ലും (48.99%) 2003ലും (53.42%) 2008ലും (57.58%) കോൺഗ്രസിനായിരുന്നു ജയം.
എന്നാൽ 2012ലെ ആം ആദ്മിയുടെ വരവിനപ്പുറം മാറിമറഞ്ഞ ഡൽഹിയുടെ രാഷ്ട്രീയക്കളത്തിൽ ഇത്തവണത്തെ പോളിങ് ശതമാനം വിരൽചൂണ്ടുന്നത് ആരുടെ വിജയത്തിലേക്കാണ്? ഏറ്റവും അവസാനത്തെ കണക്ക് പ്രകാരം 62.59% ആണ് ഡൽഹിയിലെ പോളിങ്. 2015നേക്കാളും 4.53 ശതമാനത്തിന്റെ കുറവ്. എങ്കിലും പോളിങ് 60% കടന്നുവെന്നത് എഎപിക്ക് ആശ്വാസം പകരുന്നു. എക്സിറ്റ്പോളുകളും വ്യക്തമാക്കുന്നത് വിജയത്തിന്റെ കാറ്റ് എഎപിയുടെ ക്യാംപിലേക്കാണെന്നാണ്. വോട്ടിങ് ശതമാനം പക്ഷേ യഥാർഥത്തിൽ ആരെ തുണയ്ക്കും? ഫെബ്രുവരി 11–നറിയാം വിരൽത്തുമ്പിനാൽ ഡൽഹി രചിച്ച വിധിയെഴുത്ത്.
Content Highlights: Delhi Assembly Election History, Delhi Election 2020 Infographics, Delhi Graphics