ഹോ ജായേഗാ; ചൂലിനെ വാളാക്കി ഹൃദയം കവർന്ന ജനനേതാവ്, അരവിന്ദ് കേജ്രിവാൾ
മസൂറിയിലെ അക്കാദമിയിൽ ഗാന്ധിജിയുടെ ആത്മകഥ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ എപ്പോഴും കയ്യിൽ പിടിച്ചുനടക്കുന്ന ചെറുപ്പക്കാരൻ. അധികമാരോടും സംസാരമില്ല. സാധാരണക്കാർക്കായി | Delhi Election 2020 | AAP | Arvind Kejriwal | Manorama Online
മസൂറിയിലെ അക്കാദമിയിൽ ഗാന്ധിജിയുടെ ആത്മകഥ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ എപ്പോഴും കയ്യിൽ പിടിച്ചുനടക്കുന്ന ചെറുപ്പക്കാരൻ. അധികമാരോടും സംസാരമില്ല. സാധാരണക്കാർക്കായി | Delhi Election 2020 | AAP | Arvind Kejriwal | Manorama Online
മസൂറിയിലെ അക്കാദമിയിൽ ഗാന്ധിജിയുടെ ആത്മകഥ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ എപ്പോഴും കയ്യിൽ പിടിച്ചുനടക്കുന്ന ചെറുപ്പക്കാരൻ. അധികമാരോടും സംസാരമില്ല. സാധാരണക്കാർക്കായി | Delhi Election 2020 | AAP | Arvind Kejriwal | Manorama Online
മസൂറിയിലെ അക്കാദമിയിൽ ഗാന്ധിജിയുടെ ആത്മകഥ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ എപ്പോഴും കയ്യിൽ പിടിച്ചുനടക്കുന്ന ചെറുപ്പക്കാരൻ. അധികമാരോടും സംസാരമില്ല. സാധാരണക്കാർക്കായി പ്രവർത്തിക്കണം എന്നതായിരുന്നു സിവിൽ സർവീസ് പരിശീലനകാലംതൊട്ടേ ആഗ്രഹം. ‘ഹോ ജായേഗാ’ (ചെയ്യും) എന്നതാണ് ഈ ‘അപകടകാരി’യുടെ ജീവിതമന്ത്രം. അഴിമതി എന്നു കേട്ടാൽ ദേഷ്യം ഇരച്ചുകയറും. സാധാരണക്കാരുടെ മനമറിഞ്ഞു വിത്തെറിയാനും വിളവെടുക്കാനും വൈഭവമുണ്ടെന്നു തിരിച്ചറിഞ്ഞപ്പോൾ രാഷ്ട്രീയത്തിലേക്ക്. ഇന്ത്യൻ ജനാധിപത്യത്തിലെ അഴിമതിമാലിന്യം തൂത്തുവാരാൻ കച്ചകെട്ടി. ചൂലിനെ ഇരുതല മൂർച്ചയുള്ള വാളാക്കി. അരവിന്ദ് കേജ്‌രിവാൾ എന്ന പുതുനേതാവിനു പിന്നിൽ ജനം അണിനിരന്നു. ഇത്തവണയും ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ കുതിപ്പിലൂടെ യാദൃച്ഛികതയല്ല, ആവർത്തിക്കുന്ന രാഷ്ട്രീയ പ്രതിഭാസമാണു താനെന്നു കേജ്‌രിവാൾ രാജ്യത്തോടു സാക്ഷ്യം പറയുന്നു.
കടുപ്പമേറിയ മൂന്നാമങ്കത്തിൽ രാജ്യതലസ്ഥാനത്തിന്റെ ഹൃദയം കവർന്നു മുഖ്യമന്ത്രി പദവിയിൽ ഈ അഞ്ചരയടിക്കാരനു മൂന്നാമൂഴം. ഇവിഎമ്മിൽ ഡൽഹിക്കാർ മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂവെങ്കിലും രാജ്യമനഃസാക്ഷിയുടെ നേർചിത്രമാണു വിജയമെന്നു ചിത്രീകരിക്കാനാണ് ആം ആദ്മി പാർട്ടിക്ക് ഇഷ്ടം. ബാല്യം പോലും പിന്നിടാത്ത പാർട്ടിയുടെയും അമരക്കാരന്റെയും തുടർച്ചയായ പരീക്ഷണ വിജയം. ആദ്യം മാർക്ക് വീണത്, സാധാരണക്കാരന്റെ (ആം ആദ്‌മി) പാർട്ടി എന്നു പേരിട്ടിടത്തു തന്നെ. ഇന്ത്യൻ രാഷ്‌ട്രീയത്തിന്റെ നട്ടും ബോൾട്ടും അഴിച്ചു പണിയുകയെന്ന ലക്ഷ്യത്തോടെയാണു മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ കേജ്‌രിവാൾ 2012ൽ ആം ആദ്‌മി പാർട്ടിക്കു രൂപം നൽകിയത്. ഈശ്വരനുള്ളപ്പോൾ അദ്‌ഭുതങ്ങൾ സംഭവിക്കുന്നു എന്നാണു കേജ്‍രിവാൾ അടുപ്പക്കാരോടു പറയാറുള്ളത്. ജീവിതവഴികളിൽ ഈശ്വരസാന്നിധ്യം ബോധ്യപ്പെട്ടതോടെയാണു നാസ്‌തികത ഉപേക്ഷിച്ചതും.
∙ കേജ്‌രിവാൾ എന്ന ‘രാഷ്ട്രീയ ഭീകരൻ’
മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ ഭീകരനെന്നു വിളിച്ചത് മറ്റാരുമല്ല, കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറാണ്. ബിജെപി എംപി പർവേഷ് വർമ കേജ്‍രിവാളിനെ ഭീകരനെന്നു വിളിച്ചതു വിവാദമായപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം. ‘നിങ്ങളൊരു ഭീകരനാണ്. ഒട്ടേറെ തെളിവുകളുണ്ട്. അരാജകവാദിയാണെന്നു നിങ്ങൾ സ്വയം പ്രഖ്യാപിച്ചിട്ടുണ്ട്. അരാജകവാദിയും ഭീകരനും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല’– എന്നായിരുന്നു ജാവഡേക്കറുടെ വാക്കുകൾ. കേജ്‌രിവാൾ ‘രാഷ്ട്രീയ ഭീകരൻ’ ആണെന്നു പക്ഷേ വർഷങ്ങൾക്കു മുന്നേ തിരിച്ചറിഞ്ഞതു കോൺഗ്രസ് ആണ്; തടുക്കാനാവില്ലെന്നു മനസ്സിലായതോടെ ബിജെപിയും. പരമ്പരാഗത രാഷ്ട്രീയത്തിനും രാഷ്ട്രീയക്കാർക്കും പിടികിട്ടാത്ത സമസ്യയായി, ഒറ്റയാനായി രാജ്യനെറുകയിൽ ചിന്നംവിളിക്കുകയാണു കേജ്‍രിവാൾ.
തിരഞ്ഞെടുപ്പു പ്രചാരണം കൊഴുക്കവേ, കേജ്‌രിവാളിനെതിരെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരു ആരോപണം ഉന്നയിച്ചു: ഡൽഹി ഷഹീൻബാഗിൽ പൗരത്വ നിയമത്തിനെതിരെ രാപകൽ സമരം ചെയ്യുന്നവർക്കു കേജ്‌രിവാൾ ബിരിയാണി വിതരണം ചെയ്യുന്നു! ആരോപണത്തിലൂടെ, ഹിന്ദുവോട്ടുകളെല്ലാം ബിജെപിക്കു സമാഹരിക്കുകയായിരുന്നു യോഗി ലക്ഷ്യമിട്ടത്. ഒട്ടേറെ മുസ്‌ലിംകളുടെ സാന്നിധ്യമുള്ള ഷഹീൻബാഗ് സമരത്തെ എഎപി രഹസ്യമായി പിന്തുണയ്ക്കുന്നുവെന്ന ആക്ഷേപം ബിജെപിക്ക് ആദ്യം തൊട്ടേയുണ്ട്. നഗരവികസനം എന്ന എഎപിയുടെ പ്രചാരണവിഷയത്തിൽനിന്നു പൗരത്വനിയമത്തിലേക്കു ശ്രദ്ധ തിരിക്കുകയായിരുന്നു ബിജെപി അജൻഡ. എന്നിട്ടും എഎപിയുടെ കടപുഴക്കാൻ ബിജെപിക്കു സാധിച്ചില്ല.
രണ്ടു ദശാബ്ദമായി ഡൽഹിയിൽ അധികാരത്തിനു പുറത്തുനിൽക്കുകയാണു ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും കൂടി ആഞ്ഞുശ്രമിച്ചിട്ടും ഡൽഹി കിട്ടിയില്ല എങ്കിൽ അതിന് ഒറ്റ ഉത്തരമേയുള്ളൂ– കേജ്‍രിവാൾ. ‘പ്രവർത്തിക്കുന്ന സർക്കാർ’ എന്ന പ്രതിച്ഛായ സൂക്ഷിച്ചാണ് എഎപി കളത്തിലിറങ്ങിയത്. പല പ്രമുഖ നേതാക്കളും വിട്ടുപോയിട്ടും പാർട്ടിയിൽ പടലപിണക്കങ്ങൾ ഉണ്ടായിട്ടും കേജ്‌രിവാൾ സർക്കാരിന്റെ ജനപ്രീതിയിൽ കാര്യമായ ഇടിവുണ്ടായില്ല. ഒട്ടേറെ ജനോപകാരപ്രദമായ കാര്യങ്ങൾ നടപ്പാക്കുകയും ചെയ്തു. മുഖ്യമന്ത്രി സ്ഥാനാർഥിയെയോ സംസ്ഥാനത്തെ പാർട്ടിമുഖമായി ഒരു നേതാവിനെയോ ഉയർത്തിക്കാട്ടാതിരുന്നതും ബിജെപിക്കു ക്ഷീണമായി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ മോദിതരംഗത്തിൽ എഎപി സമ്പൂർണ പരാജയം ഏറ്റുവാങ്ങിയതോടെ, ബിജെപി ഉയർത്തുന്ന ഹിന്ദുത്വ അജൻഡകളോടു കേജ്‌രിവാൾ ശ്രദ്ധാപൂർവമാണു പ്രതികരിക്കാറുള്ളത്.
കോൺഗ്രസിന്റെയും മറ്റു പ്രതിപക്ഷ കക്ഷികളുടെയും കൂട്ടായ പ്രതിഷേധങ്ങളിൽ ചേരാൻ വിസമ്മതിച്ച കേജ്‌രിവാൾ, അയോധ്യയിലെ തർക്കഭൂമിയിൽ രാമക്ഷേത്രം നിർമിക്കണമെന്ന സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര തീരുമാനത്തെ പിന്തുണച്ചു. പൗരത്വനിയമ പ്രശ്നം ഉയർന്നപ്പോൾ ഞാണിന്മേൽ കളിയായി. കുറഞ്ഞ നിരക്കിൽ വൈദ്യുതി, ശുദ്ധജലം തുടങ്ങി ഡൽഹി നഗരത്തിനു തന്റെ സർക്കാർ ചെയ്ത വികസനകാര്യങ്ങൾ നിരത്തിയാണു വോട്ട് ചോദിച്ചത്. എതിർകക്ഷികളുടെ ആരോപണങ്ങളൊന്നും ഏറ്റില്ലെന്നു ബോധ്യമായതു പത്രികാ സമർപ്പണത്തിനു മുൻപുനടന്ന റോഡ് ഷോയിലാണ്. ജനത്തിരക്കു കാരണം റോഡ് ഷോ വൈകി ആദ്യദിവസം പത്രിക നൽകാനായില്ല. പിറ്റേന്ന് ആറര മണിക്കൂർ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കേജ്‍രിവാൾ പത്രിക സമർപ്പിച്ചത്.
∙ അപ്രതീക്ഷിതം, അദ്ഭുതം, അസാധാരണം
ഒരു വയസ്സ് പൂർത്തിയാകും മുൻപേ രാജ്യതലസ്‌ഥാനത്തു രാഷ്‌ട്രീയ വിസ്‌ഫോടനം സൃഷ്‌ടിച്ചാണ് ആം ആദ്മിയും കേജ്‍രിവാളും വരവറിയിച്ചത്. അയഞ്ഞ കുപ്പായവും വലിയ ലെൻസുള്ള കണ്ണടയും ധരിച്ച്, നേർത്ത ശബ്‌ദത്തിൽ വലിയ കാര്യങ്ങൾ പറഞ്ഞ്, ഈ അൻപത്തിയൊന്നുകാരൻ ഇന്ത്യൻ രാഷ്‌ട്രീയത്തിലെ ജയന്റ് കില്ലർമാരിൽ ഒരാളായിരിക്കുന്നു. ട്വിറ്ററിൽ 16.6 ദശലക്ഷം ഫോളോവേഴ്സും ഫെയ്സ്ബുക് പേജിന് 7.79 ദശലക്ഷം ലൈക്കുമാണ് ന്യൂജനറേഷൻ നേതാവിനുള്ളത്. മറാത്തയിലെ ഗ്രാമത്തലവൻ അണ്ണാ ഹസാരെയെ രണ്ടാംഗാന്ധിയെന്നു വിശേഷിപ്പിച്ചാണു പൊതുരംഗത്ത് കേജ്‍രിവാൾ പ്രത്യക്ഷനായത്. ഹസാരെയുടെ നിരാഹാര സമരത്തിന്റെ അരങ്ങും അണിയറയും കയ്യടക്കി ആൾക്കൂട്ടത്തെ നിയന്ത്രിക്കാനും നയിക്കാനുമുള്ള ഊർജതന്ത്രം സ്വന്തമാക്കി.
സൈബർ യുഗത്തിലെ ഇന്ത്യൻ മധ്യവർഗത്തിന്റെ നേതാവായി അരവിന്ദ്കുമാർ കേജ്‌രിവാൾ പൊടുന്നനെ ഉദിച്ചുയർന്നു. ‘നല്ലൊരു ജോലി’ വലിച്ചെറിഞ്ഞായിരുന്നു നാടു നന്നാക്കാനുള്ള വരവ്. അതൊന്നും വെറുതെയായില്ലെന്ന് തുടർ വിജയങ്ങൾ തെളിയിച്ചു. നമ്മുടെ യുവത എവിടെപ്പോയി എന്നു വിലപിച്ചവരുടെ മുന്നിൽ ആയിരക്കണക്കിനു ചെറുപ്പക്കാരെ അഴിമതിക്കെതിരെ അണിനിരത്തി. തെരുവിലിറങ്ങി പ്രക്ഷോഭം നടത്താനും പ്രതികരിക്കാനും യുവതീയുവാക്കൾ ആവേശത്തോടെ രംഗത്തെത്തി. ഐഐടി ബുദ്ധിയും സൈബർ തന്ത്രങ്ങളും കൊണ്ടു രാജ്യത്തിന്റെ ചെറുപ്പത്തെ വലിച്ചടുപ്പിച്ചു.
ഹസാരെയുടെ സമരത്തിലൂടെയാണു പ്രായോഗിക രാഷ്ട്രീയക്കാരനിലേക്ക് കേജ്‌രിവാൾ കാലെടുത്തുവച്ചത്. സമരം ആർഎസ്എസ് കയ്യടക്കി, മുസ്‍ലിംകളെ കാണാനില്ല തുടങ്ങിയ പരാതികളേറിയപ്പോൾ സമരവേദിയിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. വന്ദേമാതരവും ഇൻക്വിലാബും സമരക്കാർ ഏറ്റുവിളിച്ചു. ജന്തർമന്തറിലെ സമരവേദിയിൽ ഭാരതമാതാവിന്റെ ചിത്രമായിരുന്നുവെങ്കിൽ രാംലീല മൈതാനത്തെത്തിയപ്പോൾ ഗാന്ധിജിയുടെ ചിത്രം വയ്ക്കാനുള്ള രാഷ്ട്രീയബുദ്ധിയും പ്രകടിപ്പിച്ചു. കക്ഷിരാഷ്ട്രീയത്തോടുള്ള എതിർപ്പും അരാഷ്ട്രീയമായ നിലപാടുകളും മധ്യവർഗത്തിന്റെ താൽപര്യങ്ങളോടുള്ള ചേർന്നുനിൽപും കേജ്‌രിവാളിലും കാണാം, ഒരുപരിധി വരെ ഇപ്പോഴും.
1968ൽ ഹരിയാനയിലെ ഹിസാറിൽ മാർവാടി കുടുംബത്തിൽ ഗോബിന്ദ് റാം കേജ്‌രിവാൾ– ഗീതാദേവി ദമ്പതികളുടെ മകനായി ജനനം. ഖരഗ്‌പുർ ഐഐടിയിൽനിന്നു മെക്കാനിക്കൽ എൻജിനീയറിങ് പാസായി. 1989 മുതൽ 1992 വരെ ടാറ്റ സ്‌റ്റീൽ കമ്പനിയിൽ. സാമൂഹിക പ്രവർത്തനം ലക്ഷ്യമിട്ട് 1992ൽ ജോലി ഉപേക്ഷിച്ചു. കൊൽക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റി, വടക്കുകിഴക്കൻ ഇന്ത്യയിലെ രാമകൃഷ്ണമിഷൻ, നെഹ്റു യുവകേന്ദ്ര എന്നിവിടങ്ങളിൽ ബാലപാഠങ്ങൾ. 1995 ൽ ഇന്ത്യൻ റവന്യു സർവീസിൽ ചേർന്നു. മസൂറിയിൽ ഒപ്പമുണ്ടായിരുന്ന ഐആർഎസ് ഉദ്യോഗസ്‌ഥ സുനിതയാണു ഭാര്യ. ഇവർക്കു രണ്ടു മക്കൾ. ആദായനികുതി വിഷയങ്ങളിൽ ജനത്തിനു സഹായമെത്തിക്കാനും അഴിമതി തടയാനുമായി ടിവി ജേണലിസ്റ്റ് മനീഷ് സിസോദിയയുമായി ചേർന്ന് ‘പരിവർത്തൻ’ സംഘടനയ്‌ക്ക് 1999 ൽ തുടക്കമിട്ടു. ഉന്നതപഠനത്തിനായി 2000 ൽ ശമ്പളത്തോടെയുള്ള അവധിയിൽ പ്രവേശിച്ചു. 2003 ൽ ജോലിയിൽ തിരികെ പ്രവേശിച്ച അദ്ദേഹം, 18 മാസത്തിനു ശേഷം ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിച്ചു.
വിവരാവകാശ നിയമം താഴെത്തട്ടു മുതൽ നടപ്പാക്കുന്നതിൽ നിർണായക പങ്കുവഹിച്ചതിന് 2006 ൽ മഗ്‌സസെ പുരസ്‌കാരം. വിവരാവകാശത്തിന്റെ മുന്നണിപ്പോരാളിയായി മാറിയതോടെ ജോലി വിട്ടു. നിശ്‌ചിതവർഷം ജോലി ചെയ്യാമെന്ന ധാരണ ലംഘിച്ചുവെന്നു കാട്ടി കേന്ദ്ര സർക്കാർ കേജ്‌രിവാളിനെതിരെ രംഗത്തെത്തി. ഉന്നത പഠനത്തിനായി അവധിയെടുത്തപ്പോൾ നൽകിയ ശമ്പളം തിരികെ നൽകണമെന്നായി സർക്കാർ. 2011ൽ കടം വാങ്ങിയും വായ്‌പയെടുത്തും ഈ കടം വീട്ടി. അഴിമതിക്കെതിരെ പൊരുതാൻ വിവരാവകാശ നിയമം പോരെന്നു തോന്നിയപ്പോൾ നാലു പതിറ്റാണ്ട് ലോക്സഭയിൽ പാസാകാതിരുന്ന ലോക്പാൽ ബില്ലിൽ നോട്ടമിട്ടു. ശാന്തിഭൂഷണെയും പ്രശാന്ത് ഭൂഷണെയും കൂട്ടുപിടിച്ചു. ബില്ലിന്റെ കരടിന് രൂപം നൽകി. ജനാഭിപ്രായം സ്വരൂപിക്കാനുള്ള നീക്കത്തിനിടെ ഹസാരെയെ കണ്ടുമുട്ടി.
പരിവർത്തൻ, പബ്ലിക് കോസ് റിസർച് ഫൗണ്ടേഷൻ തുടങ്ങിയ സന്നദ്ധ സംഘടനാ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഹസാരെയുടെ നേതൃത്വത്തിലുള്ള ഇന്ത്യ എഗെയ്ൻസ്‌റ്റ് കറപ്‌ഷൻ മൂവ്‌മെന്റിന്റെയും ഭാഗമായി. ജൻലോക്‌പാൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജന്തർ മന്തറിൽ ഹസാരെ നടത്തിയ നിരാഹാര സമരത്തിനു പിന്നിലെ ബുദ്ധികേന്ദ്രം കേജ്‌രിവാളായിരുന്നു. സമൂഹമാധ്യമങ്ങളുടെ സമർഥമായ ഉപയോഗത്തിലൂടെ ജൻലോക്‌പാൽ സമരത്തിനു യുവാക്കൾക്കും മധ്യവർഗത്തിനുമിടയിൽ സ്വാധീനമുണ്ടാക്കി. ലോക്‌പാൽ പാസാക്കാമെന്ന വാഗ്‌ദാനത്തിൽനിന്നു സർക്കാർ പിന്മാറിയതിനെത്തുടർന്ന് 2012 നവംബർ 26ന് ആം ആദ്‌മി പാർട്ടി സ്‌ഥാപിച്ചു. ഇതാണു ഹസാരെയുമായി അകലും വഴിപിരിയാനും കാരണമായത്. എഎപി രൂപീകരിച്ചതിനു തൊട്ടുപിന്നാലെ നടന്ന തിരഞ്ഞെടുപ്പിൽ ന്യൂഡൽഹി മണ്ഡലത്തിൽ മുഖ്യമന്ത്രി ഷീല ദീക്ഷിത്തിനെ വൻ ഭൂരിപക്ഷത്തിനു തോൽപിച്ച് രാഷ്ട്രീയത്തിൽ പുതുവഴി വെട്ടി.
ആം ആദ്‌മി പാർട്ടിയുടെ മുഖമായി ഡൽഹിയുടെ തെരുവുകളിലെത്തിയ കേജ്‍രിവാൾ പരമ്പരാഗത രാഷ്‌ട്രീയ പാർട്ടികളെ ഞെട്ടിച്ചാണ് ആദ്യമായി ഡൽഹി മുഖ്യമന്ത്രി സ്‌ഥാനത്തെത്തിയത്. ജൻലോക്‌പാൽ ബില്ലിന്റെ പേരിൽ മുഖ്യമന്ത്രി സ്‌ഥാനം രാജിവച്ചു വീണ്ടും സമരമുഖത്തിറങ്ങി. 2014ൽ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി നരേന്ദ്ര മോദിക്കെതിരെ വാരാണസിയിൽ തിരഞ്ഞെടുപ്പു പോരിനിറങ്ങിയും രാഷ്ട്രീയത്തിലെ പരിചിത വഴികളിൽനിന്നു മാറിനടന്നു. രാഷ്‌ട്രീയക്കാർ ‘വരേണ്യവർഗ’മാണെന്ന ചിന്താഗതി തച്ചുടച്ചതാണു കേജ്‍രിവാളും ആം ആദ്‌മി പാർട്ടിയും രാഷ്‌ട്രത്തിനു നൽകിയ വലിയ സംഭാവന.
2015 ഫെബ്രുവരി 14ന് രണ്ടാം ആം ആദ്‌മി സർക്കാർ ഡൽഹിയിൽ അധികാരമേറ്റപ്പോൾ കേജ്‌രിവാൾ നടത്തിയ പ്രസംഗം ശ്രദ്ധേയമാണ്: ‘ഒരു പ്രത്യേക മതത്തിന്റെ പിന്തുണ മാത്രമല്ല പാർട്ടിക്കു ലഭിച്ചത്. ഹിന്ദുക്കൾ, മുസ്‌ലിംകൾ, സിഖുകാർ, ക്രിസ്‌ത്യാനികൾ, ജൈനർ തുടങ്ങി എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങളുടെ വോട്ടുകൾ ലഭിച്ചു. ദരിദ്രരും സമ്പന്നരും വോട്ടു ചെയ്‌തു. ഇതു പ്രകൃതിയുടെ അനുഗ്രഹമാണ്. ഇത്തരത്തിൽ വലിയ വിജയം ലഭിക്കുമ്പോൾ മനുഷ്യ മനസ്സുകളിൽ അഹങ്കാരം മുളയ്‌ക്കാറുണ്ട്. അഹങ്കാരം നിറയുമ്പോൾ അവിടെ എല്ലാം നശിക്കുന്നുവെന്ന് ഓർക്കുക. നിങ്ങളെല്ലാവരോടും, നമ്മുടെ മന്ത്രിമാരോടും എംഎൽഎമാരോടും ഒരഭ്യർഥന മാത്രം; ആത്മപരിശോധന നടത്തി മനസ്സിൽ അഹങ്കാരമില്ലെന്ന് ഉറപ്പു വരുത്തണം. അഹങ്കാരം മനസ്സിൽ പിടിമുറുക്കിയാൽ നാം ലക്ഷ്യമിട്ടിട്ടുള്ള ദൗത്യം പൂർത്തിയാക്കാനാവില്ല’.
English Summary: Political biography of Delhi CM Arvind Kejriwal and AAP, Delhi Elections 2020