തിരഞ്ഞെടുപ്പു ഫലം വന്നപ്പോൾ ‘കറന്റടിച്ചത്’ ബിജെപിക്കായിരുന്നു. കോൺഗ്രസാകട്ടെ കത്തിക്കരിഞ്ഞു പോയ അവസ്ഥയിലും. എക്സിറ്റ് പോൾ വഴി രണ്ടു ദിവസം മുൻപ് ആശങ്കയുടെ നേരിയ വൈദ്യുതപ്രവാഹമുണ്ടായെങ്കിലും അതു വെറും 8 സീറ്റിലെ മാത്രം വിജയമാക്കി വൻ ഷോക്കായിത്തീരുമെന്ന് ബിജെപി നേതൃത്വം സ്വപ്നത്തില്‍... Delhi Election Infographics 2020

തിരഞ്ഞെടുപ്പു ഫലം വന്നപ്പോൾ ‘കറന്റടിച്ചത്’ ബിജെപിക്കായിരുന്നു. കോൺഗ്രസാകട്ടെ കത്തിക്കരിഞ്ഞു പോയ അവസ്ഥയിലും. എക്സിറ്റ് പോൾ വഴി രണ്ടു ദിവസം മുൻപ് ആശങ്കയുടെ നേരിയ വൈദ്യുതപ്രവാഹമുണ്ടായെങ്കിലും അതു വെറും 8 സീറ്റിലെ മാത്രം വിജയമാക്കി വൻ ഷോക്കായിത്തീരുമെന്ന് ബിജെപി നേതൃത്വം സ്വപ്നത്തില്‍... Delhi Election Infographics 2020

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരഞ്ഞെടുപ്പു ഫലം വന്നപ്പോൾ ‘കറന്റടിച്ചത്’ ബിജെപിക്കായിരുന്നു. കോൺഗ്രസാകട്ടെ കത്തിക്കരിഞ്ഞു പോയ അവസ്ഥയിലും. എക്സിറ്റ് പോൾ വഴി രണ്ടു ദിവസം മുൻപ് ആശങ്കയുടെ നേരിയ വൈദ്യുതപ്രവാഹമുണ്ടായെങ്കിലും അതു വെറും 8 സീറ്റിലെ മാത്രം വിജയമാക്കി വൻ ഷോക്കായിത്തീരുമെന്ന് ബിജെപി നേതൃത്വം സ്വപ്നത്തില്‍... Delhi Election Infographics 2020

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഫെബ്രുവരി എട്ടിന് വോട്ടിങ് യന്ത്രത്തിൽ നിങ്ങൾ വിരലമർത്തുമ്പോൾ അത്രയേറെ ദേഷ്യത്തോടെ ബട്ടണമർത്തുക, എങ്കിൽ മാത്രമേ അതിന്റെ വൈദ്യുതാഘാതം ഷഹീൻബാഗിലെത്തുകയുള്ളൂ...’ ജനുവരി 27നു നടന്ന ബിജെപിയുടെ ഡൽഹി നിയമസഭ തിരഞ്ഞെടുപ്പു റാലിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആഹ്വാനമായിരുന്നു ഇത്. ബിജെപി സ്ഥാനാർഥിക്കു വേണ്ടി വോട്ടുചെയ്താൽ ഡൽഹി മാത്രമല്ല ഇന്ത്യയുടെ മറ്റു ഭാഗങ്ങളും സുരക്ഷിതമാകും. അതുവഴി ഷഹീൻബാഗ് പോലുള്ള ആയിരക്കണക്കിനു സംഭവങ്ങളെ തടയാനാകും– അമിത് ഷാ കൂട്ടിച്ചേർത്തു.

എന്നാൽ ഫെബ്രുവരി 11ന് തിരഞ്ഞെടുപ്പു ഫലം വന്നപ്പോൾ ‘കറന്റടിച്ചത്’ ബിജെപിക്കായിരുന്നു. കോൺഗ്രസാകട്ടെ കത്തിക്കരിഞ്ഞു പോയ അവസ്ഥയിലും. എക്സിറ്റ് പോൾ വഴി രണ്ടു ദിവസം മുൻപ് ആശങ്കയുടെ നേരിയ വൈദ്യുതപ്രവാഹമുണ്ടായെങ്കിലും അതു വെറും 8 സീറ്റിലെ മാത്രം വിജയമാക്കി വൻ ഷോക്കായിത്തീരുമെന്ന് ബിജെപി നേതൃത്വം സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ന്യൂനപക്ഷ മണ്ഡലങ്ങളിൽ വളർച്ച നേടാൻ ബിജെപിക്കായെങ്കിലും എഎപിയുടെ വളർച്ചയുടെ ഗ്രാഫിനെ മറികടക്കാൻ ഇനി എന്തുചെയ്യണമെന്നുള്ള ചോദ്യം വലിയ വെല്ലുവിളിയായി വരുംനാളുകളിൽ നേതൃത്വത്തിനു മുന്നിലുണ്ടാകും.

ADVERTISEMENT

വിരലിലെണ്ണാവുന്ന സീറ്റുകളാണ് ഡൽഹിയിൽ ബിജെപിക്ക് ലഭിച്ചത്, മാത്രവുമല്ല ന്യൂനപക്ഷ വിഭാഗങ്ങൾക്കു ഭൂരിപക്ഷമുള്ള മേഖലകളിൽ ഉൾപ്പെടെ എഎപി മികച്ച വിജയം സ്വന്തമാക്കിയിരിക്കുന്നു– അങ്ങനെ ആകെ 62 സീറ്റുകൾ. കോൺഗ്രസിന് സീറ്റൊന്നും ലഭിച്ചില്ലെന്നതും ഈ ഘട്ടത്തിൽ ബിജെപിയുടെ നെഞ്ചിടിപ്പേറ്റുന്നുണ്ട്. കാരണം ഡൽഹിയിലെ ന്യൂനപക്ഷം കോൺഗ്രസിൽ നിന്നു പിന്തുണ എഎപിയിലേക്കു മാറ്റിയിരിക്കുന്നു. പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ പിന്തുണയ്ക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി–ആഭ്യന്തരമന്ത്രി അമിത് ഷാ കൂട്ടുകെട്ടിനെതിരെ നെഞ്ചുവിരിച്ചുനിൽക്കാനും ഇനി എഎപിക്കും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും മാത്രമേ സാധിക്കുകയുള്ളൂവെന്നും അവർ വിശ്വസിച്ചുതുടങ്ങിയിരിക്കുന്നു. ആ നീക്കത്തിലാകട്ടെ കോൺഗ്രസ് ഡൽഹിയിൽ വെറും 4.26% മാത്രം വോട്ടുള്ള പാർട്ടിയായും നിലംപതിച്ചുകഴിഞ്ഞു.

പൗരത്വ നിയമ പ്രതിഷേധവുമായി അമ്മമാർ സമരം തുടരുന്ന ഷഹീൻബാഗിനെതിരെപ്പോലും ആഞ്ഞടിച്ചായിരുന്നു ബിജെപി പ്രചാരണത്തിലേറെയും. എന്നാൽ പൗരത്വ നിയമത്തെ തൊടാതെ, എഎപിക്കു കീഴിൽ തലസ്ഥാനത്തുണ്ടായ വികസനത്തെപ്പറ്റി മാത്രം പറഞ്ഞ്  കേജ്‌രിവാൾ നടത്തിയ പ്രചാരണ തന്ത്രം വിജയിച്ചതിന്റെ ഞെട്ടലും ബിജെപിക്കു മാറാൻ സമയമെടുക്കും. പൗരത്വ നിയമത്തിനെതിരെ ഏറ്റവും ശക്തമായ പ്രതിഷേധം തുടരുന്ന ഡൽഹിയിൽനടന്ന നിയമസഭ തിരഞ്ഞെടുപ്പ് രണ്ടാം മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ പരീക്ഷണങ്ങളുടെ ലിറ്റ്മസ് ടെസ്റ്റ് കൂടിയായിരുന്നു. 

ഷഹീൻബാഗിനെ പേരെടുത്തു പറഞ്ഞായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളിൽ ആഞ്ഞടിച്ചത്. ഡൽഹിയിലെ പ്രതിഷേധം യാദൃച്ഛികമാണെന്നു കരുതാനാകില്ലെന്നും ചിലരുടെ രാഷ്ട്രീയ പരീക്ഷണമാണെന്നുമായിരുന്നു മോദി പറഞ്ഞത്. ഷഹീൻബാഗിലെ അമ്മമാർ ഉൾപ്പെടെ നടത്തുന്ന പ്രതിഷേധം കോൺഗ്രസിന്റെയും എഎപിയുടെയും പിന്തുണയോടെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. യോഗിയ്ക്കാകട്ടെ ‘ഷഹീൻബാഗിലെ സമരക്കാർക്ക് എഎപി നേതാവ് അരവിന്ദ് കേജ്‌രിവാൾ ബിരിയാണി വിളമ്പുകയാണ്’ എന്ന പരാമർശത്തിന് തിരഞ്ഞെടുപ്പു കമ്മിഷന്റെ നോട്ടിസും നേരിടേണ്ടിവന്നു. ഇത്രയേറെ കടന്നാക്രമിക്കുമ്പോഴും ഷഹീൻബാഗ് നിശബ്ദമായിരുന്നു. അവർ സംസാരിച്ചതാകട്ടെ വിരൽത്തുമ്പിലെ നീലമഷിയടയാളത്തിലൂടെയും. 

പോളിങ് കുറഞ്ഞിട്ടും വിജയപ്പകിട്ട് കൂടിത്തന്നെ...

ADVERTISEMENT

ഡൽഹിയിൽ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് ന്യൂനപക്ഷ വിഭാഗങ്ങൾക്കു ഭൂരിപക്ഷമുള്ള ബല്ലിമാരനിലായിരുന്നു–71.6%. 2015ൽ 67.95% ആയിരുന്നു ഇവിടെ പോളിങ്. മറ്റൊരു മുസ്‍ലിം ഭൂരിപക്ഷ മണ്ഡലമായ സീലംപുരിൽ 71.2 ശതമാനവും. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ഏറ്റവും രൂക്ഷമായി അരങ്ങേറിയ പ്രദേശങ്ങൾ ഈ മണ്ഡലത്തിലാണുള്ളത്. 71.81% ആയിരുന്നു ഇവിടെ 2015ലെ പോളിങ്. പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം ശക്തമായ ഷഹീൻബാഗും ജാമിയ നഗറും ഉള്‍പ്പെട്ട ഓഖ്‌ലയിലും വോട്ടിങ് ശതമാനം കുറഞ്ഞെങ്കിലും വിജയിയായ എഎപി സ്ഥാനാർഥി നേടിയത് റെക്കോർഡ് വോട്ടുകളായിരുന്നു. 

ഓഖ്‌ലയിൽ 2015ൽ പോളിങ് 60.94 ആയിരുന്നിടത്ത് ഇത്തവണ 58.84% ആയി. എന്നാൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധസമരങ്ങൾ ശക്തമായ പ്രദേശങ്ങളിൽ നിന്നു കൂട്ടത്തോടെയായിരുന്നു വോട്ടർമാർ പോളിങ് ബൂത്തിലെത്തിയത്. ഷഹീൻ ബാഗിൽ സമരപ്പന്തലിൽ നിന്ന് വനിതകൾ ഊഴമിട്ട് ബാച്ചുകളായി പോയാണ് വോട്ടു ചെയ്തത്. എല്ലാവരും വോട്ടുചെയ്തെന്ന് ഉറപ്പാക്കുകയും ചെയ്തു. മുസ്‌ലിം ഭൂരിപക്ഷമുള്ള വടക്കുകിഴക്കൻ ഡൽഹിയിലെ മുസ്തഫബാദ് മണ്ഡലത്തിൽ 66.20% ആയിരുന്നു പോളിങ് (കഴിഞ്ഞ വർഷം 70.85%). മറ്റൊരു മണ്ഡലമായ ഓൾഡ് ഡൽഹിയിലെ മാത്തിയ മഹലിൽ 65.52ഉം (2015ൽ 69.30%). എന്നാൽ ഫലം വന്നപ്പോൾ പോളിങ് ശതമാനം കുറഞ്ഞത് എഎപിക്കു ചെറിയ തിരിച്ചടി പോലും ആയില്ലെന്നതാണു സത്യം.

കോൺഗ്രസിനോടു ‘മിണ്ടാതെ...’

ദേശീയ തലസ്ഥാന പ്രദേശമായതിനു പിന്നാലെ 1993ലാണ് ഡൽഹിയിലെ ആദ്യ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതിനു തൊട്ടുമുൻപ്, 1992 ഡിസംബർ ആറിനായിരുന്നു ബാബറി മസ്ജിദ് തകർത്ത സംഭവം. ആ അരക്ഷിതാവസ്ഥയുടെ നിഴലിലായിരുന്നു ഡൽഹിയിലെ ന്യൂനപക്ഷ വിഭാഗക്കാർ ആദ്യ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപിക്കെതിരെയായിരുന്നു നിലപാടെങ്കിലും അവർക്കു ദേഷ്യം കോൺഗ്രസിനോടുമുണ്ടായിരുന്നു. ബാബ്റി വിഷയം കോൺഗ്രസ് നിസ്സാരവൽക്കരിച്ചുവെന്ന് ആരോപിച്ചായിരുന്നു അത്. ഉത്തർപ്രദേശിലും ബിഹാറിലും ഡൽഹിയിലുമെല്ലാം ന്യൂനപക്ഷം കൂട്ടത്തോടെ കോൺഗ്രസ് വിട്ട് ജനതാദളിലേക്കു മാറി. അതിനു മുൻപേതന്നെ ഈ സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലേക്കുള്ള അഭയാർഥികളുടെ വരവും ആരംഭിച്ചിരുന്നു. 

ADVERTISEMENT

സിഖ് വിരുദ്ധ കലാപത്തിന്റെ ഭീതി ന്യൂനപക്ഷത്തിന്റെ തലയ്ക്കു മുകളിൽ വാളായി നിന്ന കാലം കൂടിയായിരുന്നു അത്. അന്നത്തെ അരക്ഷിതാവസ്ഥയുടെയും പലായനത്തിന്റെയുമെല്ലാം ഫലമായിട്ടായിരുന്നു ഡൽഹിയിലെ ചില പ്രത്യേക ഇടങ്ങളിൽ ജീവിതം കേന്ദ്രീകരിക്കാൻ ന്യൂനപക്ഷത്തെ നിർബന്ധിതരാക്കിയത്. സ്വാതന്ത്ര്യത്തിനു ശേഷം ഏതാനും ദശാബ്ദക്കാലം ആളും അനക്കവുമില്ലാതെ കിടന്ന ഓഖ്‌ല പോലുള്ള പ്രദേശങ്ങൾ ന്യൂനപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളാകുന്നതും അങ്ങനെയാണ്.

ഇവർക്കിടയിൽ പ്രാദേശിക സ്വാധീനമേറെയുള്ള ‌നേതാക്കളും വളർന്നുവന്നു. മത്തിയായാമഹലിൽ ഷോയിബ് ഇഖ്ബാൽ, ഓഖ്‌ലയിൽ പർവേസ് ഹാഷ്മിൻ തുടങ്ങിയവർ ശക്തരാകുന്നതും അങ്ങനെയാണ്. ജനതാദൾ ടിക്കറ്റിൽ മത്സരിച്ച ഇവർ തുടക്കകാലത്ത് അനായാസം നിയമസഭയിലേക്കു ജയിച്ചുകയറി. 10% വോട്ടുപോലും ന്യൂനപക്ഷ സ്ഥാനാർഥിക്കു ലഭിക്കാതിരുന്ന ഒരു കാലത്തിൽ നിന്നായിരുന്നു ഈ മാറ്റം. ജമാമസ്ജിദ് ഇമാമിന് അനഭിമതനായിട്ടും മത്തിയാമഹലിൽ ഷോയിബ് ഇഖ്ബാൽ ജയിച്ചുകയറിയതോടെ മതനേതാക്കളുടെ വാക്കു കേട്ടല്ല ന്യൂനപക്ഷ വോട്ട് പെട്ടിയിൽ വീഴുന്നതെന്നും ഡൽഹിക്കു വ്യക്തമായി. 

ആദ്യം സംശയത്തോടെ, പിന്നെ...

ഏറെ വൈകാതെ ജനതാദൾ ഡൽഹി രാഷ്ട്രീയത്തിൽ അപ്രസക്തമായി. സോണിയ ഗാന്ധിക്കും ഷീല ദീക്ഷിതിനും കീഴിൽ കോൺഗ്രസ് ശക്തമാവുകയും പാർട്ടി ഹിന്ദുത്വ അനുകൂല നിലപാടുകളിൽ മയംവരുത്തുകയും ചെയ്തതോടെ ജനതാദളിലെ മുസ്‌ലിം നേതാക്കളില്‍ ഓരോരുത്തരായി കോൺഗ്രസിലേക്കു ചേക്കേറാൻ തുടങ്ങി. 1990കളിൽതന്നെ സീലംപുരിലെ ശക്തനായ നേതാവ് ചൗധരി മത്തീൻ അഹമ്മദും പർവേസ് ഹാഷ്മിനും കോൺഗ്രസിലേക്കെത്തി. 2013ൽ ഓഖ്‌ലയിലെ പ്രമുഖ നേതാവ് ആസിഫ് മുഹമ്മദ്ഖാനും 2014ൽ ഷോയിബ് ഇഖ്ബാലും കോണ്‍ഗ്രസിലെത്തി. അതിനോടകം മത്തിയമഹലിലെ ന്യൂനപക്ഷങ്ങൾക്കിടയിൽ സ്വാധീനശക്തിയായി വളർന്നു കഴിഞ്ഞിരുന്നു ഷോയിബ് ഇഖ്ബാൽ. ഈ ഘട്ടത്തിലായിരുന്നു 2013ലെ തിരഞ്ഞെടുപ്പിൽ എഎപിയുടെ രംഗപ്രവേശം. 

തുടക്കത്തില്‍ സംശയദൃഷ്ടിയോടെയായിരുന്നു ന്യൂനപക്ഷം എഎപിയെ കണ്ടത്. എന്നാൽ വൈകാതെത്തന്നെ വിശ്വാസം ആർജിച്ചതോടെ തിരഞ്ഞെടുപ്പുകളിലും അത് പ്രതിഫലിച്ചു. 2015ലെ തിരഞ്ഞെടുപ്പിൽ 67 സീറ്റുകളാണ് എഎപി സ്വന്തമാക്കിയത്, മൂന്നെണ്ണം ബിജെപിയും. ഇത്തവണ തിരഞ്ഞെടുപ്പുകാലത്തു പക്ഷേ എഎപി നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ എന്തു നിലപാടെടുക്കുമെന്നത്. ബിജെപിയുടെയും കോൺഗ്രസിന്റെയും മുതിർന്ന നേതാക്കൾതന്നെ വിഷയത്തിൽ ഇടപെട്ടപ്പോൾ കേജ്‌രിവാൾ തന്ത്രപരമായ മൗനം പാലിച്ചു. പൗരത്വ പ്രതിഷേധത്തേക്കാൾ പ്രാദേശിക–വികസന വിഷയങ്ങളിൽ ഊന്നിയായിരുന്നു അദ്ദേഹത്തിന്റെയും എഎപിയുടെയും പ്രചാരണം. അതിനു കാരണവുമുണ്ട്. 

2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഒരു നിയമസഭാ മണ്ഡലത്തിൽ പോലും മുന്നിലെത്താൻ എഎപിക്കു സാധിച്ചിരുന്നില്ല. അന്ന് ബിജെപിക്ക് ലഭിച്ചത് 56.6% വോട്ട്, കോൺഗ്രസിന് 22%, എഎപിക്ക് 18 ശതമാനവും. കേ‌ജ്‌രിവാളിന് അതൊരു മുന്നറിയിപ്പു സൂചനയായിരുന്നു. ബിജെപി വോട്ടിന്റെ വലിയൊരു ഭാഗം ഒപ്പം നിന്നില്ലെങ്കിൽ ഡൽഹി കൈവിട്ടുപോകുമെന്ന മുന്നറിയിപ്പ്. അതിനൊരു വഴി പ്രാദേശിക വിഷയങ്ങളിൽ ശ്രദ്ധയൂന്നുക എന്നതായിരുന്നു. സി വോട്ടേഴ്സ് ട്രാക്കർ നടത്തിയ ഒരു സർവേയും അദ്ദേഹത്തിന് ആത്മവിശ്വാസം പകർന്നു. ഡൽഹിക്കാരിൽ 69 ശതമാനവും പ്രധാനമന്ത്രിസ്ഥാനത്തേക്ക് മോദിയെ കാണുമ്പോൾ 67% പേർ കേജ്‌രിവാളാണ് മികച്ച മുഖ്യമന്ത്രിയെന്നു പറയുന്നുവെന്നായിരുന്നു റിപ്പോർട്ട്. കേന്ദ്രത്തിനൊരു പ്രധാനമന്ത്രി, ഡൽഹിക്ക് വേറൊരു മുഖ്യമന്ത്രിയെന്നതാണ് ഡൽഹി വോട്ടർമാർ പിന്തുടരുന്ന രീതിയും. 

കേന്ദ്രത്തിൽ ബിജെപിയെ പിന്തുണയ്ക്കുന്ന അവർ ഡൽഹിയിൽ കോൺഗ്രസിനെയും എഎപിയെയും പിന്തുണയ്ക്കുന്നത് ഏതാനും വർഷങ്ങളായി കാണപ്പെടുന്ന ‘പ്രതിഭാസമാണ്’. അതുതന്നെയായിരുന്നു ഇത്തവണയും സംഭവിച്ചത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരിടത്തു പോലും മുന്നിലെത്താത്ത എഎപി നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തമാക്കിയത് 62 മണ്ഡലങ്ങൾ. 53.6% വോട്ടും എഎപി സ്വന്തമാക്കി. 65 മണ്ഡലങ്ങളിൽ മുന്നിട്ടു നിന്ന ബിജെപിയാകട്ടെ എട്ടു സീറ്റിലൊതുങ്ങി. ലഭിച്ച വോട്ട് 38.5 ശതമാനത്തിലേക്കും താഴ്ന്നു. അതും 9 മാസത്തിന്റെ മാത്രം ഇടവേളയ്ക്കിടയിൽ. അതിനിടെ ഡൽഹിയിലുണ്ടായ ഏറ്റവും വലിയ സംഭവം പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധമാണ്. ആ പ്രതിഷേധച്ചൂടിൽ ബിജെപിക്കു വലിയ വില കൊടുക്കേണ്ടിവന്നുവെന്നത് തിരഞ്ഞെടുപ്പുഫലത്തിൽ തന്നെ വ്യക്തം.

പിന്തുണ പിന്നണിയിൽ നിന്ന്...

1993 മുതൽ മുസ്‌ലിം സ്ഥാനാർഥികളെ മാത്രം ജയിപ്പിക്കുന്ന മണ്ഡലങ്ങളാണ് മത്തിയാമഹൽ, ഓഖ്‌ല, സീലംപുർ, ബല്ലിമാരൻ മണ്ഡലങ്ങൾ. അവിടെ സ്ഥാനാർഥികളെ നിർത്തിയപ്പോഴും എഎപി ശ്രദ്ധകാണിച്ചു. മത്തിയാമഹലിൽ ഷൊയിബ് ഇഖ്ബാലും ഓഖ്‌ലയിൽ അമാനത്തുള്ള ഖാനും സീലംപുരിൽ അബ്ദുൽ റഹ്‌മാനും ബല്ലിമാരനിൽ ഇമ്രാൻ ഹുസൈനുമായിരുന്നു എഎപി സ്ഥാനാർഥികൾ. പൗരത്വ നിയമ പ്രതിഷേധത്തെ നേരിട്ടു പിന്തുണച്ചില്ലെങ്കിലും കേജ്‌രിവാൾ പിന്നണിനീക്കങ്ങൾ കൃത്യമായി നടപ്പാക്കിയിരുന്നു. എഎപിയുടെ മുതിർന്ന നേതാക്കളിൽ ഒരാളൊഴികെ ആരും പൗരത്വ നിയമ പ്രതിഷേധത്തിൽ പങ്കാളിയായില്ല. പങ്കാളിയായ ആ ഒരാളാകട്ടെ എഎപിയിലെ സുപ്രധാന നേതാക്കളിലൊരാളായ അമാനത്തുള്ള ഖാനും. 

പൗരത്വ പ്രതിഷേധത്തിൽ അറസ്റ്റിലായ ജാമിയയിലെ വിദ്യാർഥികളെ മോചിപ്പിക്കാൻ മുൻപിലുണ്ടായിരുന്നു ഓഖ്‌ല എംഎൽഎ കൂടിയായ ഇദ്ദേഹം. പൊലീസ് സ്റ്റേഷനിൽ വരെ കയറി അദ്ദേഹം വിഷയത്തിൽ ഇടപെട്ടപ്പോഴും കേജ്‌രിവാൾ മിണ്ടിയില്ല. എഎപിയുടെ രാഷ്ട്രീയകാര്യ സമിതി അംഗമായ അമാനത്തുള്ള ഖാന് കേജ്‌രിവാളിന്റെ പൂർണപിന്തുണ ഉണ്ടായിരുന്നുവെന്നത് ഇതിൽ നിന്നുതന്നെ വ്യക്തം. ഓഖ്‌ലയിലെ തിരഞ്ഞെടുപ്പുഫലം വന്നപ്പോൾ അമാനത്തുള്ളയെ മുന്നിൽ നിർത്തി പൗരത്വ നിയമ പ്രതിഷേധക്കാരുടെ വോട്ടു നേടിയെടുക്കുന്ന കേജ്‍രിവാളിന്റെ തന്ത്രം വിജയം കാണുകയും ചെയ്തു. 

ഷഹീൻബാഗും ജാമിയ നഗറും ഉൾപ്പെടുന്ന മണ്ഡലമാണ് ഓഖ്‌ല. അവിടെ അമാനത്തുള്ള സ്വന്തമാക്കിയത് 1,30,367 വോട്ട്. രണ്ടാം സ്ഥാനത്തുള്ള ബിജെപി സ്ഥാനാർഥി ബ്രഹം സിങ്ങിന് അതിന്റെ പകുതി പോലും വോട്ട് ലഭിച്ചില്ല. ഫലത്തില്‍ അമാനത്തുള്ള സ്വന്തമാക്കിയത് 71,827 വോട്ടിന്റെ ഭൂരിപക്ഷം. കോൺഗ്രസ് സ്ഥാനാർഥി പർവേസ് ഹാഷിമിനു ലഭിച്ചതാകട്ടെ വെറും 5123 വോട്ടും. ഡൽഹിയിലെ ന്യൂനപക്ഷം എഎപിയിൽ വിശ്വസിക്കുന്നുവെന്നതിന്റെ കൃത്യമായി തെളിവ് കൂടിയായി അമാനത്തുള്ളയ്ക്കു ലഭിച്ച വൻ ഭൂരിപക്ഷം.

2013ൽ ഓഖ്‌ലയിൽ കോൺഗ്രസിന്റെ ആസിഫ് മുഹമ്മദ് ഖാൻ സ്വന്തമാക്കിയത് 50,004 വോട്ടായിരുന്നു. രണ്ടാം സ്ഥാനത്തെത്തിയ എഎപിയുടെ ഇർഫാനുള്ള ഖാൻ 23,459 വോട്ടും. ബിജെപിയുടെ ധീർ സിങ് ബിധുരി അന്നു നേടിയത് 23,358 വോട്ട്. 2015ൽ എഎപിക്കു വേണ്ടി അമാനത്തുള്ള ഖാന്‍ സ്വന്തമാക്കിയത് 1,04,232 വോട്ട്. ബിജെപിക്ക് ലഭിച്ചതാകട്ടെ 39,739 വോട്ടും. കോൺഗ്രസ് സ്ഥാനാർഥിയായ ആസിഫ് മുഹമ്മദ് ഖാന് അന്ന് 20,135 വോട്ടും ലഭിച്ചു. കോൺഗ്രസിനെ വിട്ട് ഓഖ്‌ല എഎപിയിലേക്കു മാറിയതായുള്ള പ്രഖ്യാപനം കൂടിയായി 2020ലെ തിരഞ്ഞെടുപ്പു ഫലം. 

തെറ്റിയില്ല തീരുമാനങ്ങള്‍...

കോൺഗ്രസ് വിട്ട് ഇക്കഴിഞ്ഞ ജനുവരിയിൽ എഎപിയിലെത്തിയ ഷോയിബ് ഇഖ്ബാലിനു വേണ്ടി മത്തിയാമഹൽ സീറ്റ് വിട്ടുകൊടുത്തതും മികച്ച തീരുമാനമായെന്നു തിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നു. 67,282 വോട്ടാണ് ഷോയിബ് സ്വന്തമാക്കിയത്. ബിജെപിക്കാകട്ടെ 17,041 വോട്ടുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കോൺഗ്രസിന് ആകെ ലഭിച്ചത് വെറും 3409 വോട്ടും. 2013ൽ ജെഡിയു സ്ഥാനാർഥിയായിരുന്ന ഷോയിബ് ഇഖ്ബാലിന് 22,732 വോട്ടുകളാണു മണ്ഡലത്തിൽ ലഭിച്ചത്. കോൺഗ്രസിന്റെ മിർസ ജാവേദ് അലിക്ക് 19841 വോട്ടും എഎപിക്ക് 18,668ഉം ബിജെപിക്ക് 6061 വോട്ടും ലഭിച്ചു.

2015ൽ എഎപിയുടെ അസിം അഹമ്മദ് ഖാൻ 47,584 വോട്ട് നേടി മണ്ഡലം സ്വന്തമാക്കി. ഷോയിബ് ഇഖ്ബാൽ കോൺഗ്രസിനു വേണ്ടി മത്സരിച്ചപ്പോൾ ലഭിച്ചത് 21,488 വോട്ട്. ബിജെപിക്ക് 9105ഉം. ബിജെപി ഇത്തവണ മണ്ഡലത്തിൽ വോട്ടു വർധിപ്പിച്ചെങ്കിലും കോൺഗ്രസിൽ നിന്ന് എഎപിയിലേക്കൊഴുകിയ ന്യൂനപക്ഷ വോട്ട് അവരെ ഏറെ ആശങ്കപ്പെടുത്താൻ പോന്നതാണ്. കോൺഗ്രസിനു മുന്നിലാകട്ടെ, ഇനിയെന്ത് എന്ന ചോദ്യവും.

പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം ആളിക്കത്തിയ ഭൂരിപക്ഷം പ്രദേശങ്ങളും ഉൾപ്പെട്ട സീലംപുരിലും ജനവിധി എഎപിക്ക് ഒപ്പമായിരുന്നു. മുൻവർഷത്തേക്കാൾ 15,392 വോട്ട് കൂടുതലും ലഭിച്ചു. എഎപിയുടെ അബ്ദുൽ റഹ്മാൻ ഇവിടെ സ്വന്തമാക്കിയത് 72,694 വോട്ട്. ബിജെപിയുടെ കൗശൽ കുമാർ മിശ്രയ്ക്ക് 35,774ഉം കോൺഗ്രസിന്റെ ചൗധരി മത്തീൻ അഹമ്മദിന്  20,247 വോട്ടുമായിരുന്നു ഇവിടെ ലഭിച്ചത്.

2013ൽ കോൺഗ്രസിന്റെ ചൗധരി മത്തീൻ 46,452 വോട്ട് നേടിയ മണ്ഡലമാണ് സീലംപുർ. അന്നു രണ്ടാമതെത്തിയ ബിജെപിയുടെ കൗശൽ കുമാറിന് ലഭിച്ചത് 24,724 വോട്ട്. എഎപിയുടെ അബ്ദുൽ റഹ്മാനാകട്ടെ 13,352 എണ്ണവും. 2015ൽ മുഹമ്മദ് ഇഷ്റാഖിലൂടെ എഎപി സീലംപുർ പിടിച്ചു– നേടിയത് 57,302 വോട്ട്. ബിജെപിയുടെ സഞ്ജയ് ജെയിൻ 29,415 വോട്ടും നേടി; കോൺഗ്രസിന്റെ ചൗധരി മത്തീന്‍ 23,791 വോട്ടും. തുടർച്ചയായ വോട്ടുവളർച്ച നേടിയിട്ടും ഇവിടെയും സീറ്റ് പിടിക്കാനായില്ല ബിജെപിക്ക്.

ന്യൂനപക്ഷ വോട്ട് നിർണായകമായ ബല്ലിമാരനിൽ 2015ലെ അതേ സ്ഥാനാർഥിയെ തന്നെയാണ് എഎപി നിയോഗിച്ചത്– ഇമ്രാൻ ഹുസൈൻ. 65,644 വോട്ടോടെ അദ്ദേഹം വിജയിക്കുകയും ചെയ്തു. 2015ൽ  57,118 വോട്ടായിരുന്നു ഇമ്രാന് ലഭിച്ചത്. 2013ൽ 16,267 വോട്ടുമായി ഇമ്രാൻ മൂന്നാം സ്ഥാനത്തായിരുന്നു. ആ വർഷം വിജയം കോൺഗ്രസിന്റെ ഹാറൂൺ യൂസഫിനായിരുന്നു– 32,105 വോട്ട്. ബിജെപിയുടെ മോത്തി ലാൽ സോദി അന്നു നേടിയത്  24,012 വോട്ട്. 2015ൽ  23,241 വോട്ടോടെ ബിജെപി രണ്ടാമത് തുടർന്നു. പക്ഷേ ഹാറൂൺ യൂസഫ് മൂന്നാമതായി–ലഭിച്ചത് 13,205 വോട്ടും. ഇത്തവണ ഹാറൂണിനു ലഭിച്ചതാകട്ടെ വെറും 4802 വോട്ടും. 29,472 വോട്ടായിരുന്നു ബിജെപി സമ്പാദ്യം. 

ഈ നാലു സുപ്രധാന മണ്ഡലങ്ങളും കൂടാതെ, ആരു ജയിക്കണമെന്നു തീരുമാനിക്കുന്നതിൽ ന്യൂനപക്ഷത്തിനു നിർണായക പങ്കുള്ള മുസ്തഫാബാദ് (ഭൂരിപക്ഷം 20,704), ബാബർപുർ (33,062), ശാഹ്ദ്ര (5294), സീമാപുരി (56,108), ത്രിലോക്പുരി (12,486), ചാന്ദ്നി ചൗക്ക് (29,584), സദർ ബസാർ (25,644), ജംഗ്പുര (16,063), കല്‍ക്കാജി (11,393) മണ്ഡലങ്ങളിലും എഎപിക്കായിരുന്നു ജയം. 67 സീറ്റുകളും പിടിച്ചെടുത്ത എഎപി പടയോട്ടത്തിനിടയിലും 2015ൽ ബിജെപിക്കൊപ്പം നിന്ന മണ്ഡലമായിരുന്നു മുസ്തഫാബാദ്. എന്നാൽ ഇത്തവണ എഎപിയുടെ ഹാജി യുനസ് മണ്ഡലം പിടിച്ചു. 20,704 വോട്ടിന്റെ ഭൂരിപക്ഷത്തോടെ 98,850 വോട്ടുകളാണ് അദ്ദേഹം സ്വന്തമാക്കിയത്. 

വിഭജിച്ചില്ല വോട്ടുകൾ

2013ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മുസ്‌ലിം വോട്ടുകൾ കോൺഗ്രസിനും എഎപിക്കും വിഭജിച്ചുപോയെന്നായിരുന്നു സർവേ കണ്ടെത്തലുകൾ. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും അതു സംഭവിച്ചു. അതിന്റെ ഗുണഫലം കൊയ്തത് ബിജെപിയും. എന്നാൽ 2015ൽ സ്ഥിതി മാറി. ലോക്‌നീതി–സിഡിഎസ് സർവേ പ്രകാരം 2015ൽ 78% മുസ്‌ലിംകളും എഎപിയെയാണു പിന്തുണച്ചത്.

ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലാകട്ടെ ഡൽഹിയിലെ 66% മുസ്‌ലിംകളും കോൺഗ്രസിനെ പിന്തുണച്ചുവെന്നും സർവേ പറയുന്നു. ഫലത്തിൽ 5 മണ്ഡലങ്ങളിൽ കോൺഗ്രസ് മുന്നിലെത്തി. ന്യൂനപക്ഷ വിഭാഗം ശക്തമായ സീലംപുർ, ഓഖ്‌ല, മത്തിയ മഹൽ, ബല്ലിമാരൻ എന്നിവ കൂടാതെ ചാന്ദ്നി ചൗക്കിലുമായിരുന്നു അത്. എന്നാൽ 2020 നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലുള്ള വിശ്വാസം ന്യൂനപക്ഷത്തിനു നഷ്ടമായതിന്റെ വ്യക്തമായ കണക്കുകൾതന്നെ കാണാം.

പൗരത്വ നിയമത്തിനെതിരെയുള്ള ഈ പ്രതിഷേധ കാലത്ത് ഡൽഹിയിലെ മുസ്‍ലിംകൾ ആരെ വിശ്വസിക്കും, ആർക്കൊപ്പം നിൽക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണിപ്പോൾ തിരഞ്ഞെടുപ്പുഫലത്തിലൂടെ ലഭിച്ചിരിക്കുന്നത്. കോൺഗ്രസിനാണ് അതു വൻ തിരിച്ചടിയായത്. ബിജെപിക്കാകട്ടെ ഡൽഹിയിലെ ഹിന്ദുവോട്ടുകൾ പാർട്ടിക്കു പിന്നിൽ ഏകീകരിക്കുമെന്ന പ്രതീക്ഷയും പോയി. ഷഹീൻബാഗിനെതിരെയുളള ആക്രോശങ്ങളും ഹിന്ദുത്വത്തിലൂന്നിയുള്ള പ്രചാരണവുമൊന്നും ബിജെപിക്കു വോട്ടായില്ലെന്നു മാത്രമല്ല ശക്തനായ എതിരാളിയായി ഇനി എഎപി മുന്നിലുണ്ടാകുമെന്ന അവസ്ഥയുമായി. 

ന്യൂനപക്ഷ വിഭാഗങ്ങൾക്കു ഭൂരിപക്ഷമുള്ള മേഖലകളിൽ പൗരത്വ നിയമത്തിനെതിരെ എഎപി പ്രവർത്തിക്കുമെന്ന വിശ്വാസം വോട്ടായപ്പോൾ മറ്റു മണ്ഡലങ്ങളിൽ കേജ്‍രിവാളിന്റെ വികസനത്തിലൂന്നിയുള്ള പ്രചാരണവും ഫലംകണ്ടു. ലോക്സഭ തിരഞ്ഞെടുപ്പുകാലത്ത് മോദിക്ക് അനുകൂലമായി പോയ വോട്ടുകളും പൗരത്വനിയമ പ്രതിഷേധത്തിലൂന്നിയുള്ള മോദി വിരുദ്ധ വോട്ടുകളും കൃത്യമായി എഎപിയുടെ പെട്ടിയിൽ വീണു. ആകെ പാളിയത് എട്ടു മണ്ഡലങ്ങളിൽ മാത്രം.

ഡൽഹി നിയമസഭ തിരഞ്ഞെടുപ്പു കഴിഞ്ഞാൽ ഷഹീൻബാഗിലെ പ്രതിഷേധം അവസാനിക്കുമെന്നായിരുന്നു മോദി പറഞ്ഞത്. എന്നാൽ ആകാശത്തേക്കുയർത്തിയ പ്രതിഷേധക്കൈകൾ താഴ്ത്തില്ലെന്ന പ്രഖ്യാപനം നടത്തിക്കഴിഞ്ഞു ഷഹീൻബാഗിലെ അമ്മമാർ. പൗരത്വ ഭേദഗതി നിയമം പിൻവലിക്കുംവരെ അതു തുടരുമെന്നും അവർ പറയുന്നു.

ഷഹീൻ ബാഗിലെ മുതിർന്ന സമരക്കാരിലൊരാളും ‘ദബാങ് ദാദി’ എന്ന വിളിപ്പേരുമുള്ള എൺപതുകാരി റഫീഖന്റെ വാക്കുകൾ കേൾക്കുക: ‘ഡ്രൈ ക്ലീനിങ്ങാണ് ഞങ്ങളുടെ കുടുംബത്തിന്റെ പരമ്പരാഗത ജോലി. കേന്ദ്ര സർക്കാരിനെയും ഡ്രൈക്ലീനിങ്ങിനു വിധേയമാക്കേണ്ട സമയമായിരിക്കുന്നു...’  മനസ്സിലുള്ളത് ഡൽഹി വിരൽത്തുമ്പിലൂടെ വ്യക്തമാക്കിക്കഴിഞ്ഞു. ഡൽഹിയിലെ ഈ പുതിയ ന്യൂനപക്ഷ–എഎപി കൂട്ടുകെട്ടിനെ ബിജെപി എങ്ങിനെ നേരിടുമെന്നതും കാത്തിരുന്നു കാണണം. നഷ്ടപ്പെട്ടുപോയ വോട്ടുബാങ്കിനെ കോൺഗ്രസ് ഇനിയെങ്ങനെ തിരിച്ചുപിടിക്കുമെന്നും...

English Summary: Delhi Assembly Election 2020: Shaheen Bagh  did not bring gains to BJP