ഹൗഡി മോഡി മുതല്‍ നമസ്തേ ട്രംപ് വരെ, ചെലവിടുന്നത് കോടികൾ; ആര്‍ക്കാണു നേട്ടം?
പ്രതിരോധ മേഖലയില്‍ കൂടുതല്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള കരാറുകളിലായിരിക്കും ഒപ്പുവയ്ക്കാന്‍ അവശേഷിക്കുന്ന സാധ്യത. യുഎസിനെ സംബന്ധിച്ചടത്തോളം ഇന്ത്യ വലിയ ആയുധ വിപണിയാണ്. ട്രംപിന്റെ സന്ദര്‍ശനത്തിലൂടെ ആയുധക്കച്ചവടത്തിന് മാത്രമായിരിക്കും... Donald Trump Visits India
പ്രതിരോധ മേഖലയില്‍ കൂടുതല്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള കരാറുകളിലായിരിക്കും ഒപ്പുവയ്ക്കാന്‍ അവശേഷിക്കുന്ന സാധ്യത. യുഎസിനെ സംബന്ധിച്ചടത്തോളം ഇന്ത്യ വലിയ ആയുധ വിപണിയാണ്. ട്രംപിന്റെ സന്ദര്‍ശനത്തിലൂടെ ആയുധക്കച്ചവടത്തിന് മാത്രമായിരിക്കും... Donald Trump Visits India
പ്രതിരോധ മേഖലയില്‍ കൂടുതല്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള കരാറുകളിലായിരിക്കും ഒപ്പുവയ്ക്കാന്‍ അവശേഷിക്കുന്ന സാധ്യത. യുഎസിനെ സംബന്ധിച്ചടത്തോളം ഇന്ത്യ വലിയ ആയുധ വിപണിയാണ്. ട്രംപിന്റെ സന്ദര്‍ശനത്തിലൂടെ ആയുധക്കച്ചവടത്തിന് മാത്രമായിരിക്കും... Donald Trump Visits India
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഥമ ഇന്ത്യൻ സന്ദര്‍ശനത്തിനു മുന്നോടിയായി വന്‍ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. 100 കോടിയിലധികം രൂപയാണ് ട്രംപിനെ സ്വീകരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നതെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ആദ്യമായി ഇന്ത്യയിലെത്തുന്ന ഡോണള്‍ഡ് ട്രംപിനെ ഞെട്ടിക്കണം എന്ന കണക്കുകൂട്ടലോടെയാണ് ‘നമസ്തേ ട്രംപ്’ എന്നു പേരിട്ട പരിപാടിയുടെ ഓരോ പ്രവര്‍ത്തനവും. അഹമ്മദാബാദില്‍ ഒരു കോടി ആളുകള്‍ തന്നെ സ്വീകരിക്കാന്‍ എത്തുമെന്നാണ് ഒടുവില്‍ ട്രംപ് പറഞ്ഞത്. 70 ലക്ഷം ആളുകള്‍ സ്വീകരിക്കാന്‍ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതായി ആദ്യം ട്രംപ് വ്യക്തമാക്കിയിരുന്നു.
സ്വന്തം നാട്ടിലേക്കുതന്നെ ട്രംപിനെ സന്ദര്‍ശനത്തിനു ക്ഷണിച്ചെങ്കിലും പലതും മറച്ചു വയ്‌ക്കേണ്ട ഗതികേടിലാണു പക്ഷേ മോദി. ചേരികള്‍ മതിൽകെട്ടി മറച്ചും കുടിയൊഴിപ്പിച്ചും ട്രംപിനെ വരവേല്‍ക്കാന്‍ വിപുലമായ പരിപാടികളാണ് ഗുജറാത്തില്‍ നടപ്പാക്കിയിരിക്കുന്നത്. ഇന്ത്യയും യുഎസും ദീര്‍ഘകാലമായി നല്ല ബന്ധം പുലര്‍ത്തി വരുന്ന രാജ്യങ്ങളാണ്. ഈ ബന്ധം ഊഷ്മളമായി നിലനിര്‍ത്താന്‍ മോദിയുടെ ഭരണകാലത്ത് ഒട്ടേറെ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഈ പരിപാടികളൊക്കെ ഇന്ത്യയ്ക്ക് എത്രമാത്രം ഗുണകരമായി എന്നതിനെക്കുറിച്ച് പല കോണുകളില്‍ നിന്നും സംശയം ഉയരുന്നുമുണ്ട്.
2019 സെപ്തംബര്‍ 22നാണ് ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്‌റ്റേഡിയത്തില്‍ ‘ഹൗഡി മോഡി’ എന്ന പേരിൽ വൻ പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യന്‍ വംശജരായ അരലക്ഷത്തോളം പേരാണ് അന്നു പരിപാടിയില്‍ പങ്കെടുത്തത്. ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായിരുന്നു പരിപാടി സംഘടിപ്പിച്ചത് എന്നായിരുന്നു വിശദീകരണം.
ഇന്ത്യന്‍ സര്‍ക്കാരോ ബിജെപിയോ അല്ല ‘ഹൗഡി മോഡി’ പരിപാടിക്കായി പണം ചെലവഴിച്ചതെന്നാണ് ബിജെപിയുടെ രാജ്യാന്തര കാര്യങ്ങള്‍ നിയന്ത്രിക്കുന്ന വിജയ് ചൗതായ്‌വാലെ പറഞ്ഞത്. സംഭാവന സ്വീകരിച്ചാണു പരിപാടിക്കു പണം കണ്ടെത്തിയതെന്നും വിജയ് പറഞ്ഞു. പരിപാടി വന്‍ വിജയമായിരുന്നെങ്കിലും ഇന്ത്യയ്ക്കെന്തു നേട്ടമുണ്ടായി എന്നു ചോദിച്ചാല്‍ വ്യക്തമായ ഉത്തരമില്ല. എന്നാല്‍ ഡോണള്‍ഡ് ട്രംപിന് വളരെ നേട്ടമുണ്ടായതായും വിലയിരുത്തപ്പെടുന്നു.
ഈ വര്‍ഷം നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പിന് ഏറെ നേരത്തേതന്നെ ട്രംപ് പ്രചാരണം ആരംഭിച്ചിരുന്നു. കാലങ്ങളായി ഇന്ത്യന്‍ വംശജര്‍ ഭൂരിഭാഗവും യുഎസിൽ ഡമോക്രാറ്റുകളെയാണു പിന്തുണയ്ക്കുന്നത്. ഏഷ്യന്‍ അമേരിക്കന്‍ ലീഗല്‍ ഡിഫന്‍സ് ആന്‍ഡ് എജ്യുക്കേഷന്‍ ഫണ്ട് നടത്തിയ പഠനത്തില്‍ 2016ലെ തിരഞ്ഞെടുപ്പില്‍ 84% ഇന്ത്യന്‍ വംശജരും ഹിലറി ക്ലിന്റനാണ് വോട്ട് ചെയ്തത്. റിപബ്ലിക്കന്‍ ആയ ട്രംപിന് ‘ഹൗഡി മോഡി’ പരിപാടി, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഏറെ ഉത്തേജനം പകർന്നെന്നാണ് റിപ്പോർട്ടുകൾ. എന്നാല്‍ റിപബ്ലിക്കന്‍സ് മാത്രമല്ല ഡമോക്രാറ്റുകളെ പിന്തുണയ്ക്കുന്നവരും പരിപാടിയില്‍ പങ്കെടുത്തിരുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം.
നരേന്ദ്ര മോദി യുഎസിൽ സ്വന്തം നിലയ്ക്കു പരിപാടി നടത്തി അതിലേക്ക് ട്രംപിനെ ക്ഷണിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയിലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. സാമ്പത്തിക മാന്ദ്യം മൂലം ഇന്ത്യൻ സാഹചര്യങ്ങൾ പരുങ്ങലിലായിരിക്കെയാണ് ട്രംപിന്റെ സന്ദര്‍ശനം. അതിനിടെ ദാരിദ്ര്യം മറയ്ക്കാന്‍ മതില്‍ കെട്ടലുകള്‍ പോലുള്ള പരിപാടികളും. ട്രംപിനു വന്‍ സ്വീകരണം ഒരുക്കുന്നുണ്ടെങ്കിലും വ്യാപാരക്കരാറുകളില്‍ ഒന്നുംതന്നെ ഒപ്പു വയ്ക്കാന്‍ ഇടയില്ലെന്നാണ് യുഎസിൽ നിന്നുള്ള വിവരം. യുഎസ് വ്യാപാര പ്രതിനിധി റോബര്‍ട്ട് ലൈറ്റ്‌സര്‍ ട്രംപിനൊപ്പം ഇന്ത്യാ സന്ദര്‍ശനത്തിന് എത്താത്തതിനാല്‍ ചെറിയ കരാറുകളില്‍ പോലും ഒപ്പുവയ്ക്കാനും സാധ്യതയില്ല.
ജിഎസ്പിയില്‍ (ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സ്) നിന്ന് യുഎസ് ഇന്ത്യയെ ഒഴിവാക്കിയിരുന്നു. യുഎസിലേക്കു വര്‍ഷം 560 കോടി ഡോളറിന്റെ കയറ്റുമതിക്ക് ഡ്യൂട്ടി ഫ്രീ നല്‍കിയിരുന്നതാണ് ജിഎസ്പി നിര്‍ത്തലാക്കിയതിലൂടെ ഇല്ലാതായത്. ഇന്ത്യയില്‍ തത്തുല്യമായ വിപണി കണ്ടെത്താനാകാത്തതിനാലാണ് ഇന്ത്യയെ ജിഎസ്പിയില്‍ നിന്ന് യുഎസ് ഒഴിവാക്കിയത്. ഇന്ത്യന്‍ സര്‍ക്കാറിന്റെ വീഴ്ച മൂലം പല മേഖലകളിലും വിപണി കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നാണ് യുഎസിന്റെ വിലയിരുത്തല്‍.
ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ വ്യാപാരമേഖലയിലെ ആശങ്കകള്‍ ചര്‍ച്ച ചെയ്യുമെന്നാണ് യുഎസിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. ‘മെയ്ക് ഇന്‍ ഇന്ത്യ’ പദ്ധതി ആവിഷ്‌കരിച്ച് വ്യാപാരത്തിനു കൂടുതല്‍ സംരക്ഷണം നല്‍കാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ആശങ്കകള്‍ പൂര്‍ണമായും പരിഹരിക്കാന്‍ സാധിച്ചിട്ടുമില്ല.
ഫെബ്രുവരി ഒന്നിന് ബജറ്റ് നിര്‍ദേശത്തില്‍ പുതിയ ഇറക്കുമതി നിരക്കുകള്‍ പ്രഖ്യാപിച്ചിരുന്നു. മെഡിക്കല്‍ സേവനങ്ങള്‍, വാൽനട്ട്, കളിപ്പാട്ടങ്ങള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവയുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത് അമേരിക്കന്‍ കമ്പനികളെ സാരമായി ബാധിച്ചു. ഇതെല്ലാം ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങളില്‍ നിന്നും അമേരിക്കയെ പിന്നാക്കം നിര്‍ത്തി.
വ്യാപാരവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകില്ല എന്ന് യുസ് ഉദ്യോഗസ്ഥര്‍ തീര്‍ത്തു പറയുന്നുമില്ല. എന്നാല്‍ അത് ഇന്ത്യയുടെ സമീപനത്തിനനുസരിച്ചിരിക്കും എന്നാണു വിശദീകരണം. 2010ല്‍ ബാറക്ക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തില്‍ വ്യാപാരരംഗത്തെ വന്‍ സംഘം അനുഗമിച്ചിരുന്നു. 2008ലുണ്ടായ ഭീകരാക്രമണത്തില്‍ ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അന്ന് ഒബാമ മുംബൈയിലാണ് എത്തിയത്. ഒബാമയും ഭാര്യ മിഷേലും താജ് ഹോട്ടലില്‍ താമസിക്കുകയും ചെയ്തു. നയപരവും വാണിജ്യപരവുമായ ഒട്ടേറെ ചുവടുവയ്പുകള്‍ക്ക് ഒബാമയുടെ സന്ദര്‍ശനം തുടക്കം കുറിച്ചു. 2015ല്‍ റിപബ്ലിക് ദിനത്തില്‍ വിശിഷ്ടാതിഥിയായി വീണ്ടും ഒബാമ ഇന്ത്യയിലെത്തി. ഇന്ത്യ രണ്ടു തവണ സന്ദര്‍ശിച്ച ഏക അമേരിക്കന്‍ പ്രസിഡന്റും ഒബാമയാണ്.
ഇന്തോ-പസിഫിക് തന്ത്രങ്ങളെക്കുറിച്ചും ദക്ഷിണ ചൈന കടലില്‍ ചൈനയുടെ കടന്നു കയറ്റത്തെക്കുറിച്ചും അന്നു ചര്‍ച്ച നടന്നു. മുന്‍ യുഎസ് പ്രസിഡന്റുമാര്‍ ഇന്ത്യാ സന്ദര്‍ശനം നടത്തിയപ്പോഴൊക്കെയും നയപരമായോ വാണിജ്യപരമായോ സുപ്രധാന കരാറുകളില്‍ ഏര്‍പ്പെട്ടിരുന്നു. ട്രംപ് ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ പറയത്തക്ക നേട്ടങ്ങളൊന്നും ഉണ്ടാകില്ലെന്ന വിലയിരുത്തലാണുള്ളത്. നയപരമായോ വാണിജ്യപരമായോ കാരാറുകളിലൊന്നും ഏര്‍പ്പെടാന്‍ സാധ്യതയില്ലെന്ന് യുഎസ്തന്നെ വ്യക്തമാക്കി കഴിഞ്ഞു.
പ്രതിരോധ മേഖലയില്‍ കൂടുതല്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള കരാറുകളിലായിരിക്കും ഒപ്പുവയ്ക്കാന്‍ അവശേഷിക്കുന്ന സാധ്യത. യുഎസിനെ സംബന്ധിച്ചടത്തോളം ഇന്ത്യ വലിയ ആയുധ വിപണിയാണ്. ട്രംപിന്റെ സന്ദര്‍ശനത്തിലൂടെ ആയുധക്കച്ചവടത്തിന് മാത്രമായിരിക്കും കാര്യമായ പുരോഗതിയുണ്ടാകാന്‍ സാധ്യതയെന്നും അറിയുന്നു.
എപ്പോള്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്നു പ്രവചിക്കാന്‍ സാധിക്കാത്ത രണ്ട് നേതാക്കന്മാരാണ് ട്രംപും മോദിയും. അതിനാല്‍തന്നെ ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തിനു ശേഷം ആര്‍ക്കാണു നേട്ടമുണ്ടായതെന്ന് സന്ദര്‍ശം പൂര്‍ത്തിയായതിനു ശേഷം മാത്രമേ പറയാനും സാധിക്കൂ. എന്തായാലും ബിസിനസുകാരനായ ട്രംപ് ലാഭമില്ലാത്ത പരിപാടിക്കൊന്നും നില്‍ക്കാന്‍ സാധ്യതയില്ലെന്നാണു വിലയിരുത്തൽ.
English Summary: From Howdy Modi To Namaste Trump Who Will Benefit