ദാവൂദിനൊപ്പം ലഷ്കറും പാക്ക് ചാരസംഘടന ഐഎസ്ഐയും; ലക്ഷ്യം മറ്റൊരു 26/11?
Mail This Article
ന്യൂഡൽഹി∙ മുംബൈ ഭീകരാക്രമണം പോലെ മറ്റൊരു ആക്രമണത്തിന് പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബ ആസൂത്രണം ചെയ്യുന്നതായി രഹസ്യാന്വേഷണ വൃത്തങ്ങൾ. ഇതിനായി അധോലോക നായകൻ ദാവൂദ് ഇബ്രാഹിമുമായി ലഷ്കർ കൈകോർക്കുകയാണെന്നും രഹസ്വാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ദാവൂദിനെ ഇസ്‌ലാമാബാദിലെ ഫാം ഹൗസിൽ ഞായറാഴ്ച കണ്ടതായി റിപ്പോർട്ടുണ്ടായിരുന്നു. പാക്ക് ചാരസംഘടനയായ ഐഎസ്ഐ സംഘത്തിനൊപ്പം ലഷ്കർ നേതാക്കളെ സന്ദർശിച്ചശേഷം തിരിച്ചെത്തിയതാണ് ദാവൂദ് എന്നാണ് വിവരം.
കടൽ മാർഗം ഗുജറാത്തിലേക്കോ മഹാരാഷ്ട്രയിലേക്കോ ആയുധങ്ങൾ അയയ്ക്കാനാണ് ലഷ്കറിന്റെ പദ്ധതി. കോവിഡിനെ പ്രതിരോധിക്കാൻ ഇന്ത്യയുടെ സുരക്ഷാ സംവിധാനം ഒന്നാകെ പോരാടുമ്പോൾ രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് ഐഎസ്ഐ ശ്രമിക്കുന്നത്. പ്രധാനപ്പെട്ട ഇന്ത്യൻ നഗരങ്ങളെ ഈ മഹമാരിക്കാലത്ത് ലക്ഷ്യമിടാൻ ലഷ്കർ അവസരം നോക്കിയിരിക്കുകയാണ്. ഇക്കാര്യത്തിൽ പദ്ധതി തയാറാക്കാനും ഏകോപിപ്പിക്കാനുമായി ലഷ്കറിന്റെ രണ്ടാംനിരയിലുള്ള നേതാവ് അബ്ദുൽ റഹ്മാൻ മക്കി അടുത്തിടെ കറാച്ചി സന്ദർശിച്ചിരുന്നു.
ഈ വരവിൽ ദാവൂദുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. ദാവൂദിന്റെ ഡി കമ്പനിയുടെ ഇന്ത്യയിലെ ആൾക്കാരെ ഉപയോഗിച്ച് രാജ്യത്തിനകത്തേക്ക് ആയുധങ്ങൾ എത്തിക്കുന്ന ദൗത്യം ഏറ്റെടുക്കണമെന്ന് ഐഎസ്ഐ ആവശ്യപ്പെട്ടുവെന്നാണ് വിവരം. 2019 ഓഗസ്റ്റിൽ കശ്മീരില്‍ 370ാം അനുച്ഛേദം റദ്ദാക്കിയ നടപടിക്കുശേഷം കാര്യമായ ഭീകരപ്രവർത്തനം നടത്താൻ ലഷ്കറിനായിട്ടില്ല. അടുത്തിടെയായി ലഷ്കറിനെ തഴഞ്ഞ്, കശ്മീരിൽ ജയ്ഷെ മുഹമ്മദിനെ ഉപയോഗിച്ചാണ് ഐഎസ്ഐ ഭീകര പ്രവർത്തനങ്ങൾ നടത്തുന്നത്. ഇന്ത്യയിൽ വലിയ രീതിയിൽ ആക്രമണം നടത്തിയാൽ സ്ഥാനം തിരിച്ചുപിടിക്കാമെന്ന ചിന്തയാണു ലഷ്കറിനെന്നും രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.
English Summary: LeT Planning 26/11-Like Terror Attack with Dawood Ibrahim? Intel Inputs Make Shocking Revelations