രാജഭരണത്തിൽനിന്നു ജനാധിപത്യത്തിലേക്കുള്ള ചുവടുമാറ്റവും ഐക്യകേരള രൂപീകരണവും ഭാഷാപരമായും സാംസ്കാരികപരമായും കേരളം എന്ന ഭൂപ്രദേശത്തെ ഒന്നാക്കി. ഇത് തുടർക്കാലത്തെ കേരളത്തിന്റെ ആരോഗ്യമേഖലയുടെ ഏകമുഖ വളർച്ചയ്ക്കും... Health Kerala . Covid 19 . Corona Virus . Private hospital

രാജഭരണത്തിൽനിന്നു ജനാധിപത്യത്തിലേക്കുള്ള ചുവടുമാറ്റവും ഐക്യകേരള രൂപീകരണവും ഭാഷാപരമായും സാംസ്കാരികപരമായും കേരളം എന്ന ഭൂപ്രദേശത്തെ ഒന്നാക്കി. ഇത് തുടർക്കാലത്തെ കേരളത്തിന്റെ ആരോഗ്യമേഖലയുടെ ഏകമുഖ വളർച്ചയ്ക്കും... Health Kerala . Covid 19 . Corona Virus . Private hospital

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജഭരണത്തിൽനിന്നു ജനാധിപത്യത്തിലേക്കുള്ള ചുവടുമാറ്റവും ഐക്യകേരള രൂപീകരണവും ഭാഷാപരമായും സാംസ്കാരികപരമായും കേരളം എന്ന ഭൂപ്രദേശത്തെ ഒന്നാക്കി. ഇത് തുടർക്കാലത്തെ കേരളത്തിന്റെ ആരോഗ്യമേഖലയുടെ ഏകമുഖ വളർച്ചയ്ക്കും... Health Kerala . Covid 19 . Corona Virus . Private hospital

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജഭരണത്തിൽനിന്നു ജനാധിപത്യത്തിലേക്കുള്ള ചുവടുമാറ്റവും ഐക്യകേരള രൂപീകരണവും ഭാഷാപരമായും സാംസ്കാരികപരമായും കേരളം എന്ന ഭൂപ്രദേശത്തെ ഒന്നാക്കി. ഇത് തുടർക്കാലത്തെ കേരളത്തിന്റെ ആരോഗ്യമേഖലയുടെ ഏകമുഖ വളർച്ചയ്ക്കും സഹായകമായി. മൂന്നു നാട്ടുരാജ്യങ്ങളിലെ ഭരണസംവിധാനങ്ങളിൽ നിന്ന് ഏക ഭരണസംവിധാനത്തിനു കീഴിലായതോടെ കേരളത്തിന്റെ ആരോഗ്യ മേഖലയുടെ വളർച്ചയിൽ പുതിയ നാഴികക്കല്ലുകൾ രൂപംകൊണ്ടു. ജനകീയ ഗവൺമെന്റുകൾ ആരോഗ്യമേഖലയോട് പ്രകടിപ്പിച്ച പ്രതിബദ്ധതയും കേരളത്തെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലെത്തുവാൻ സഹായിച്ചു.

പാരമ്പര്യ ചികിൽസയ്ക്കൊപ്പം അലോപ്പതി

ADVERTISEMENT

സ്വാതന്ത്ര്യാനന്തര സംസ്ഥാന സർക്കാരുകൾ ആരോഗ്യമേഖലയിലെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിയതോടെ മെഡിക്കൽ കോളജുകളും മറ്റ് ആരോഗ്യപരിപാലന കേന്ദ്രങ്ങളും കേരളത്തിൽ രൂപം കൊണ്ടു. ആയുർവേദമുൾപ്പെടെയുള്ള പാരമ്പര്യ ചികിത്സാ സമ്പ്രദായങ്ങളെ കൈവിടാതെ അലോപ്പതിയെ പരിപോഷിപ്പിക്കുന്ന ഒരു നയമായിരുന്നു അന്ന് നടപ്പിൽ വരുത്തിയത്. ഈ നയം പിൽക്കാലത്ത് വിപുലമായി ഗുണം ചെയ്യുന്ന ഒരു സംയോജിത ചികിത്സ സമ്പ്രദായം കേരളത്തിൽ രൂപം കൊള്ളുവാൻ സഹായകരമായി.

മെഡിക്കൽ കോളജുകളുടെ കേരളം

1951-ൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു തിരുകൊച്ചി സംസ്ഥാനത്തെ മെഡിക്കൽ കോളജ് ഉദ്ഘാടനം ചെയ്തതിനുശേഷം 1957-ൽ കോഴിക്കോടും മെഡിക്കൽ കോളജ് രൂപീകൃതമായി. ബ്രിട്ടിഷ് കോളനി ഭരണകാലത്ത് ആരോഗ്യമേഖലയിൽ നിരന്തരമായി അവഗണനയിലായിരുന്ന മലബാർ ജനതയ്ക്ക് ആശ്വാസം പകരുന്ന ഒന്നായിരുന്നു ആ ആതുരാലയം.

1962-ൽ മലയോര മേഖലയിലെയും മധ്യ തിരുവിതാംകൂറിലെയും ജനത്തിന് ആശ്വാസം പകർന്ന് കോട്ടയത്തും മെഡിക്കൽ കോളജ് നിലവിൽവന്നു. 1963-ൽ തീരദേശമായ ആലപ്പുഴയിലും മെഡിക്കൽ കോളജ് എത്തി. 1981-ൽ മധ്യകേരളമായ തൃശ്ശൂരിൽ മെഡിക്കൽ കോളജ് ആരംഭിച്ചു.

ADVERTISEMENT

1993-ൽ സഹകരണ മേഖലയെ ആശ്രയിച്ചു കണ്ണൂർ ജില്ലയിൽ പരിയാരം മെഡിക്കൽ കോളജ് രൂപീകൃതമായി.  ഉത്തര മലബാറിന്റെ പല ഭാഗങ്ങളിലുമുള്ള ജനങ്ങൾക്ക് ഈ മെഡിക്കൽ കോളജ് ഏറെ ഉപകാരപ്രദമായി. ആരോഗ്യ സംരക്ഷണത്തിനായി സ്വകാര്യമേഖലയെ  ഏറെ ആശ്രയിക്കേണ്ടി വന്ന എറണാകുളം ജില്ലയിൽ സഹകരണ മേഖലയിൽ കൊച്ചി മെഡിക്കൽ കോളജ് 2000-ൽ ആരംഭിച്ചു.

പൊതു–സഹകരണത്തിനൊപ്പം സ്വകാര്യമേഖലയും

1990-ൽ ഇന്ത്യ ഗവൺമെന്റ് ആരംഭം കുറിച്ച പുതിയ സാമ്പത്തിക നയങ്ങളുടെ അലയടികൾ കേരളത്തിലുണ്ടായി. അതിനുശേഷം നിരവധി സ്വാശ്രയ, സ്വകാര്യ മെഡിക്കൽ കോളേജുകളാണ് കേരളത്തിൽ രൂപം കൊണ്ടത്. തൊണ്ണൂറുകൾക്കുശേഷം ആരോഗ്യമേഖലയിലുണ്ടായ സാധ്യതകൾ മെഡിക്കൽ വിദ്യാർഥികൾക്ക് നിരവധി പുതിയ അവസരങ്ങൾ സൃഷ്ടിച്ചതോടൊപ്പം സാമ്പത്തിക ശക്തികൾ ഈ സേവന മേഖലയിൽ ആധിപത്യം ഉറപ്പിക്കാനും കാരണമായി.

സ്വകാര്യ സംരംഭകരുടെ കടന്നുകയറ്റമുണ്ടാകുമ്പോഴും സർക്കാർതലത്തിലെ ആരോഗ്യപരിപാലന കേന്ദ്രങ്ങൾ കേരളത്തിൽ ശക്തമായിത്തന്നെ നിലകൊള്ളുന്നു. മെഡിക്കൽ കോളജുകളും ജില്ലാ ആശുപത്രികളും താലൂക്ക് ആശുപത്രികളും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ചേർന്ന ശൃംഖലയാണ് ഇന്നും പാവപ്പെട്ടവന്റെ ആരോഗ്യപ്രശ്നങ്ങൾക്ക് മുഖ്യപരിഹാരവേദിയായി പ്രവർത്തിക്കുന്നത്.

ADVERTISEMENT

ആരോഗ്യമേഖലയിലെ ‘കേരള മോഡൽ’

1950-കളിൽ സാമ്പത്തിക പരിമിതികൾക്കിടയിൽനിന്നുകൊണ്ട് മന്ദഗതിയിൽ ആരംഭിച്ച ഈ ആരോഗ്യപരിപാലന ശൃംഖലയാണ് 1960-കളും 1970-കളും കടന്നപ്പോൾ കേരളത്തിന്റെ ആരോഗ്യപരിപാലന മേഖലയെ ലോകോത്തര നിലവാരത്തിലെത്തിച്ചത്. ഇക്കാലയളവിൽ കേരളം ഭരിച്ചിരുന്ന എല്ലാ ഗവണ്മെന്റുകളും ആരോഗ്യമേഖലയ്ക്ക് മുന്തിയ പരിഗണന നൽകിയെന്നു കാണാം.

ആരോഗ്യമേഖലയിലെ ജീവനക്കാരുടെയും സന്നദ്ധസംഘടനകളുടെയും ആത്മാർഥമായ പ്രവർത്തനങ്ങൾ ജനത്തിൽ ആരോഗ്യ അവബോധം സൃഷ്ടിച്ചു. കേരളത്തിലെ മെഡിക്കൽ കോളജുകളിൽനിന്നു പഠിച്ചിറങ്ങിയ മികച്ച ഡോക്ടർമാർ സേവനസന്നദ്ധതയോടെ നഗരങ്ങളിലും ഗ്രാമങ്ങളിലും പരിഭവങ്ങളില്ലാതെ സേവനം ചെയ്തു. അവർക്ക് താങ്ങാകാൻ അർപ്പണ ബോധമുള്ള നഴ്സിങ് സമൂഹവും ഇതിനൊപ്പം രൂപം കൊണ്ടു.

ഇന്ത്യയിലും പല വിദേശരാജ്യങ്ങളിലും നഴ്സിങ് സേവനത്തിന് സ്ത്രീസമൂഹം മടിച്ചുനിന്നപ്പോൾ കേരളത്തിലെ വിദ്യാസമ്പന്നരായ യുവതികൾ ആതുരസേവനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് മുന്നോട്ട് വരികയാണുണ്ടായത്. ഈ കൊറോണക്കാലത്തും ലോകം അംഗീകരിച്ച ഏറ്റവും മികച്ച നഴ്സിങ് സമൂഹത്തെ സംഭാവന ചെയ്യാൻ ആയതിലൂടെ കേരളം ലോകത്തിനുതന്നെ മാതൃകയായി.

ഗൾഫ് മണിക്കൊപ്പം ശക്തമായ സ്വകാര്യ ആരോഗ്യ മേഖല

വിരകൾ, ബാക്റ്റീരിയകൾ, വൈറസുകൾ തുടങ്ങിയവ സൃഷ്ടിക്കുന്ന പകർച്ചവ്യാധികൾകൊണ്ടും പോഷകാഹാരക്കുറവുകൊണ്ടും മറ്റു രോഗങ്ങൾ കൊണ്ടും അകാലത്തിൽ മരണപ്പെട്ടുകൊണ്ടിരുന്ന ജനതയായിരുന്നു മുൻപ് കേരളീയർ. എന്നാൽ മികച്ച പ്രതിരോധ പ്രവർത്തനങ്ങളിലൂടെ അന്ന് നിലവിലുണ്ടായിരുന്ന പകർച്ചവ്യാധികളെ പൂർണ്ണമായും  നിർമ്മാർജ്ജനം ചെയ്യുവാനോ, തടഞ്ഞുനിർത്തുവാനോ പിന്നീട് കേരളത്തിനായി.

പോഷകാഹാരമുള്ള ഭക്ഷണവും മികച്ച ചികിത്സ സംവിധാനങ്ങളും ഒത്തുചേർന്നപ്പോൾ ശരാശരി മരണനിരക്കും കുറഞ്ഞു. 1980-കളിൽ ഗൾഫ് മണിയുടെ വളർച്ചയുടെ ഫലം ആരോഗ്യമേഖലയിലും പ്രകടമായിത്തുടങ്ങി. ഇക്കാലയളവിൽ ചെറുതും വലുതുമായ നിരവധി സ്വകാര്യ ആശുപത്രികൾ കേരളത്തിൽ ഉടലെടുത്തുവെങ്കിലും ആരോഗ്യമേഖലയിലെ ദിശാമാറ്റം പൂർണ്ണ അർത്ഥത്തിൽ പ്രകടമായിത്തുടങ്ങിയത് 1990  മുതൽ ആയിരുന്നു.

ആരോഗ്യമേഖലയിലെ കാഴ്ചപ്പാടുകൾ തന്നെ പൂർണ്ണമായും മാറ്റിമറിച്ചുകൊണ്ട്  മുൻപ് സൂചിപ്പിച്ചതുപോലെ ഈ മേഖലയിലേക്ക്  സ്വകാര്യസംരംഭങ്ങൾ രൂപംകൊണ്ട് തുടങ്ങിയത് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചുവെങ്കിലും കമ്പോളവൽക്കരണം ശക്തമായ സംസ്കാരം കേരളത്തിന്റെ ആരോഗ്യമേഖലയിൽ വേരോടുവാനും ഈ പരിവർത്തനം കാരണമായി.

ആരോഗ്യരംഗം എന്ന ‘വ്യവസായ മോഡൽ’

ഗൾഫ് മണിയുടെ തുടർച്ചയായി എൺപതുകളുടെ മധ്യത്തോടെ പുതിയ ആശുപത്രികൾ നിലവിൽ വന്നപ്പോൾ മധ്യവർഗ്ഗജനതയിൽ ഒരു വിഭാഗം നവീനമായ അടിസ്ഥാന സൗകര്യങ്ങളുള്ള സ്വകാര്യ മേഖലയെ അഭയം പ്രാപിച്ചതിന് പിന്നിൽ ചില കാരണങ്ങൾ ഉണ്ടായിരുന്നു. വ്യക്തിഗത സാമ്പത്തിക വളർച്ചയും കാലത്തിനൊത്ത് മാറാതെ നിന്ന സർക്കാർ ആശുപത്രിയിലെ പ്രഥമിക സൗകര്യങ്ങളും ബെഡ്ഡുകളുടെയും റൂമുകളുടെയും ക്ഷാമവും ഈ വിഭാഗത്തെ സർക്കാർ ആശുപത്രികളിൽനിന്നുമകറ്റി.

പനിക്കും, ജലദോഷത്തിനും പോലും അവർ സ്വകാര്യ ആശുപത്രികളിലെ കിടക്കകളെ അഭയം പ്രാപിച്ചു. സ്വകാര്യആശുപത്രികൾ  നൽകുന്ന മരുന്നുകളിലും, നീണ്ട അക്കങ്ങളുള്ള ബില്ലുകളിലുമായിരുന്നു അവർക്ക് വിശ്വാസമേറി. സർക്കാർ ആശുപത്രി സേവന പ്രവർത്തനങ്ങളിൽ പലപ്പോഴും പരിഭവങ്ങളും, പരാതികളും പ്രകടിപ്പിച്ചവരായിരുന്നു ഈ വിഭാഗം. സ്വതവേ ആരോഗ്യപരിപാലന ബോധം കൂടുതലുള്ള ഈ വിഭാഗത്തിൽപ്പെട്ടവരുടെ പരാതികളുടെ നിജസ്ഥിതി പഠിക്കുവാനോ, പരിഹാരം കണ്ടെത്തുവാനോ ആരും തയ്യാറായില്ല.കേരളത്തിൽ പുഷ്ടിപ്പെടുവാൻ സാധ്യതയുള്ള ഒരു നല്ല വ്യവസായമാണ് ആരോഗ്യവ്യവസായം എന്ന് വ്യവസായലോകം തിരിച്ചറിഞ്ഞ് തുടങ്ങിയത് അക്കാലഘട്ടം മുതൽക്കായിരുന്നു.

പാവപ്പെട്ടവന്റെ സർക്കാർ ആശുപത്രി

80-കളുടെ അവസാനത്തോടെ പാവപ്പെട്ടവന്റെ ആശുപത്രി എന്ന സങ്കൽപ്പത്തിലേയ്ക്ക് ഏകദേശം പൂർണ്ണമായിത്തന്നെ കേരളത്തിലെ സർക്കാർ ആശുപത്രികൾ മാറുകയായിരുന്നു. ചികിത്സാസൗകര്യങ്ങളുടെ അപര്യാപ്തതകളെപ്പറ്റി അവർക്കും പരാതികൾ ഏറെ ഉണ്ടായിരുന്നു. പക്ഷെ ദുർബലമായ അവരുടെ ശബ്ദം ആരും ചെവിക്കൊണ്ടില്ല.

വാർഡുകളിൽ ബെഡ് തികയാതെ വന്നപ്പോൾ അവയ്ക്കടിയിലും, വരാന്തകളിലും അവർ ചുരുണ്ടുകൂടി. മരുന്നുകൾക്ക് ക്ഷാമമുള്ളപ്പോൾ അരപ്പട്ടിണിക്കാരൻ തന്റെ കീശയിൽനിന്നും പണമെടുത്ത് സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും മരുന്നുവാങ്ങി. യന്ത്രസാമഗ്രികൾ തുടർച്ചയായി പണിമുടക്കിയപ്പോൾ ബാക്കി പണമെടുത്ത് ആശുപത്രിക്കു പുറത്തുള്ള സ്വകാര്യ ലാബുകളിൽ നിന്ന്  ഇസിജിയും എക്‌സ്റേയും എടുത്തു.

മധ്യവർഗ്ഗജനതയിൽ നല്ലൊരു പങ്കും ക്രമേണ സ്വകാര്യ ആശുപത്രികളിൽ അഭയം പ്രാപിച്ചപ്പോഴും പാവപ്പെട്ടവൻ സൗകര്യപരിമിതികൾ സഹിച്ചുകൊണ്ട് ഗവണ്മെന്റ് ആശുപത്രികളുടെ ചുറ്റുവട്ടത്തുതന്നെ നിലകൊണ്ടു. സാമ്പത്തിക ഭദ്രതയില്ലാത്ത ദരിദ്ര ജനവിഭാഗത്തിനുമുന്നിൽ മറ്റു പോംവഴികൾ ഒന്നും തന്നെയില്ലായിരുന്നു

ജീവിതം മാറി, കൂടെ ആരോഗ്യവും

കാലം മാറിയതിനൊപ്പം ജനവും ഏറെ മാറി. പകർച്ചവ്യാധികളെ തടഞ്ഞ ആത്മവിശ്വാസവും സാമൂഹികജീവിതത്തിലുണ്ടായ ദ്രുതഗതിയിലുള്ള മാറ്റങ്ങളും നമ്മുടെ ജീവിതചര്യയിൽ ഏറെ മാറ്റങ്ങളുണ്ടാക്കി. ആ മാറ്റങ്ങൾ നമ്മെ  ജീവിതശൈലീരോഗങ്ങളുടെ അടിമകളാക്കി.  കാലാവസ്ഥയ്ക്കിണങ്ങിയ പോഷകസമൃദ്ധമായ പാരമ്പര്യ ഭക്ഷണങ്ങൾക്കുപകരം ടിൻഫുഡ് സംസ്ക്കാരത്തെ ജനം കൂടുതൽ ഇഷ്ടപ്പെട്ടു.

ഭക്ഷണത്തിൽ വരുത്തിയ പ്രകടമായ മാറ്റവും വ്യായാമമില്ലായ്മയും ചേർന്നപ്പോൾ അമിതവണ്ണം, ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, രക്തസമ്മർദ്ദം, അർബുദം തുടങ്ങിയ രോഗങ്ങൾ കൂടുതലായി ജനത്തെ വേട്ടയാടിത്തുടങ്ങി. അമിത മദ്യപാനശീലവും മാനസിക അസ്വാസ്ഥ്യ രോഗങ്ങളും ഏറിവരുന്ന  ആത്മഹത്യാനിരക്കും കുടുംബബന്ധങ്ങളിലെ അസ്വാരസ്യങ്ങളും തുടങ്ങി ആരോഗ്യം നഷ്ടമായ ഒരു ജനസമൂഹത്തിന്റെ ലക്ഷണം വെളിപ്പെടുത്തി.

നമ്മുടെ ചികിത്സാസമ്പ്രദായത്തെ കൂടുതൽ വിപുലീകരിച്ചില്ലെങ്കിൽ കേരള  സമൂഹം ഭാവിയിൽ കൂടുതൽ രോഗാതുരമാകുവാനാണ് ഏറെ സാധ്യതയെന്ന് വിദഗ്ധർ പറയുന്നു. രാജഭരണകാലത്തുതുടങ്ങി 80-കൾ വരെ നീണ്ടുനിന്ന കഠിനപ്രയത്നത്തിലൂടെ കേരളം ആർജിച്ചെടുത്ത ആരോഗ്യമേഖലയിലെ മികവുകളെ വെല്ലുവിളിച്ച് സംസ്ഥാനത്തെ  കടന്നാക്രമിക്കുന്ന ജീവിതശൈലീരോഗങ്ങൾക്ക് ഉത്തരവാദിത്തം നമ്മളോരോരുത്തർക്കുമുണ്ടെന്നു പറയാൻ നമുക്കിപ്പോഴും മടിയാണ്.

Health Series Part 1 - കൊറോണയും ആരോഗ്യ കേരളവും; മികവിന്റെ കേരള മോഡൽ, തുടക്കം വസൂരിബാധയിൽ...

Health Series Part 2 - രാജാവിന്റെ മെഡിക്കൽ കോളജ്, ഡച്ചുകാരുടെ ‘മരുന്നുകട്ടിൽ’, ദുർബലം ബ്രിട്ടിഷ് മലബാർ

തുടരും – കോവിഡ് ചെറുക്കാൻ ഒരുമയോടെ കേരളം; വേണം, പുതിയൊരു ആരോഗ്യവിപ്ലവം


(പരമ്പരയിൽ ലേഖകന്റെ അഭിപ്രായങ്ങൾ വ്യക്തിപരം)