കോവിഡ് ചെറുക്കാൻ ഒരുമയോടെ കേരളം; വേണം, പുതിയൊരു ആരോഗ്യവിപ്ലവം
ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യപരിപാലനസംവിധാനം നമുക്കുണ്ടെങ്കിൽപോലും ജീവിതശൈലീരോഗങ്ങൾക്കൊപ്പം നിരവധി പ്രശ്നങ്ങളാണ് കേരളത്തിന്റെ ആരോഗ്യമേഖല നേരിടുന്നതെന്നു കാണാം | Coronavirus | Kerala Health Department | COVID-19 | Kerala | Manorama Online
ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യപരിപാലനസംവിധാനം നമുക്കുണ്ടെങ്കിൽപോലും ജീവിതശൈലീരോഗങ്ങൾക്കൊപ്പം നിരവധി പ്രശ്നങ്ങളാണ് കേരളത്തിന്റെ ആരോഗ്യമേഖല നേരിടുന്നതെന്നു കാണാം | Coronavirus | Kerala Health Department | COVID-19 | Kerala | Manorama Online
ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യപരിപാലനസംവിധാനം നമുക്കുണ്ടെങ്കിൽപോലും ജീവിതശൈലീരോഗങ്ങൾക്കൊപ്പം നിരവധി പ്രശ്നങ്ങളാണ് കേരളത്തിന്റെ ആരോഗ്യമേഖല നേരിടുന്നതെന്നു കാണാം | Coronavirus | Kerala Health Department | COVID-19 | Kerala | Manorama Online
ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യപരിപാലനസംവിധാനം നമുക്കുണ്ടെങ്കിൽപോലും ജീവിതശൈലീരോഗങ്ങൾക്കൊപ്പം നിരവധി പ്രശ്നങ്ങളാണ് കേരളത്തിന്റെ ആരോഗ്യമേഖല നേരിടുന്നതെന്നു കാണാം. ഒരിക്കൽ നിയന്ത്രണവിധേയമാക്കി എന്നു വിശ്വസിച്ചിരുന്ന പല പകർച്ചവ്യാധികളും ഇപ്പോൾ ഒളിഞ്ഞും തെളിഞ്ഞും തിരിച്ചുവന്നുകൊണ്ടിരിക്കുന്നു. എലിപ്പനി, ഡെങ്കിപ്പനി, ചിക്കൻഗുനിയ, എച്ച്1 എൻ1 തുടങ്ങിയ പല പകർച്ചവ്യാധികളും പ്രതിരോധപ്രവർത്തനങ്ങൾക്ക് പൂർണ്ണമായും കീഴടങ്ങാതെ കാലാവസ്ഥയ്ക്ക് അനുസൃതമായി വന്നും പോയുമിരിക്കുന്നു.
ശുചിത്വബോധത്തിലെ വേർതിരിവുകൾ
ആരോഗ്യപരിപാലനരംഗത്ത് മുൻപന്തിയിലെത്തിയിട്ടും പകർച്ചവ്യാധികൾ എന്തുകൊണ്ട് നമ്മെ പിന്തുടരുന്നു? പ്രതിരോധ പ്രവർത്തനങ്ങൾ എന്തുകൊണ്ട് വേണ്ടത്ര ഫലം കാണുന്നില്ല? ഉത്തരം ലളിതം, വ്യക്തിശുചിത്വ ബോധത്തിൽ മാത്രം അധിഷ്ഠിതമാണ് നമ്മുടെ ആരോഗ്യബോധം. ശരീരശുചിത്വം, ഗൃഹശുചിത്വം എന്നീ പരസ്പര പൂരകങ്ങളായ രണ്ട് ബോധധാരകൾക്കുമപ്പുറം സാമൂഹികശുചിത്വം എന്ന ഒന്നുകൂടി ഉണ്ട് എന്ന ബോധ്യം കേരളീയരുടെ മനസ്സിൽ ഇപ്പോഴും അടിയുറച്ചിട്ടില്ല.
ഗൃഹമാലിന്യങ്ങളെല്ലാം പൊതു ഇടങ്ങളിൽ നിക്ഷേപിക്കുന്നു. വ്യാപാരമാലിന്യങ്ങളും നിക്ഷേപിക്കുന്നത് പൊതു ഇടങ്ങളിൽ. നദികളും നീർച്ചാലുകളും ഉൾപ്പെട്ട ജല ഉറവിടങ്ങളെയും നമ്മൾ വെറുതെ വിട്ടില്ല. മാലിന്യങ്ങൾകൊണ്ടുനിറഞ്ഞ അവ ഒഴുക്കുനിർത്തി. കെട്ടിക്കിടന്ന ജലത്തിൽ മാലിന്യങ്ങൾ ആഴ്ന്നിറങ്ങി. ഞാനും എന്റെ ഗൃഹവും മാറ്റിനിർത്തിക്കൊണ്ട് നമ്മൾ നടത്തിയ ഈ മാലിന്യനിക്ഷേപങ്ങൾ പകർച്ചവ്യാധികളുടെ രൂപത്തിൽ നമ്മെ തേടിയെത്തി. അതിൽ നമ്മൾ പ്രതിരോധിച്ചു എന്നവകാശപ്പെട്ട പകർച്ചവ്യാധികളും, പുതിയ പകർച്ചവ്യാധികളും ഉണ്ടായിരുന്നു.സർവ്വ മാലിന്യങ്ങളുടെയും വിഹാര ഭൂമിയാണ് ഇന്ന് കേരളത്തിലെ പൊതു ഇടങ്ങൾ.
1960 കളിലും എഴുപതുകളിലും, ഇതായിരുന്നില്ല അവസ്ഥ.മികച്ച സാമൂഹിക ശുചിത്വബോധം അന്ന് നമുക്ക് ഉണ്ടായിരുന്നു. തിരുവനന്തപുരം ഉൾപ്പെടെയുള്ള നഗരങ്ങൾ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയിൽ മുന്നിലുണ്ടായിരുന്നു. അന്ന് നമ്മൾ ഇത്രയധികം ഉപഭോഗ സംസ്ക്കാരത്തിന് അടിമയായിരുന്നില്ല. ക്രമേണ നമ്മുടെ സാമ്പത്തിക സൂചികയും ഉപഭോഗസംസ്കാരവും ഉയർന്നുതുടങ്ങി.
നിർഭാഗ്യമെന്നുപറയട്ടെ ഉപഭോഗങ്ങളുടെ വർധനയ്ക്കനുസരിച്ചുള്ള മാലിന്യസംസ്കരണ സംസ്കാരം മാത്രം നമുക്കുണ്ടായില്ല. പതിറ്റാണ്ടുകൾ നീണ്ട പതിരോധപ്രവർത്തങ്ങളിലൂടെ ആർജിച്ചെടുത്ത പകർച്ചവ്യാധി പ്രതിരോധത്തെ അതിവേഗത്തിൽത്തന്നെ യാതൊരു കുറ്റബോധവുമില്ലാതെ നമ്മൾ തകർത്തെറിഞ്ഞു. വ്യക്തിശുചിത്വം മാത്രമാണ് ശുചിത്വമെന്ന് പഠിച്ചഹങ്കരിച്ച നമുക്ക് ഒരിക്കൽ നഷ്ടപ്പെട്ട സാമൂഹിക ശുചിത്വ ബോധം ഇപ്പോഴും വീണ്ടെടുക്കുവാൻ കഴിഞ്ഞിട്ടില്ല. അതറിയണമെങ്കിൽ നമുക്ക് ചുറ്റിലും വെറുതെ ഒന്ന് കണ്ണോടിച്ചാൽമാത്രം മതി
വാക്സിനേഷൻ ചെറുക്കുന്ന ‘വിവേകം’
മുൻകാലങ്ങളിൽ കേരളത്തിലെ പകർച്ചവ്യാധി വ്യാപനം പ്രതിരോധിച്ചതിന്റെ പ്രധാന കാരണം വാക്സിനേഷൻ ആയിരുന്നു. 'പ്രജകളുടെ വാക്‌സിനേഷൻ ഭയം' മാറ്റുവാൻ ആദ്യം വാക്‌സിനെടുത്ത കാണിച്ച രാജകുടുംബാംഗങ്ങളിൽ തുടങ്ങിയ വാക്‌സിൻ അവബോധം പിൽക്കാലത്ത് ബോധവൽക്കരണങ്ങളിലൂടെ ശക്തി പ്രാപിച്ചതോടെയാണ് നമുക്ക് പകർച്ചവ്യാധികളെ കീഴടക്കുവാൻ കഴിഞ്ഞത്. രാജഭരണത്തിനുശേഷം നിലവിൽവന്ന ജനകീയ ഭരണ സംവിധാനങ്ങളും ഇക്കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തിയിരുന്നു. എന്നാൽ അടുത്ത കാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവാദങ്ങൾ ഏറെ ആശങ്കകൾക്ക് ഇടനൽകുന്നു.
വാക്‌സിനേഷനെതിരെ ബോധപൂർവ്വമായ പ്രചരണങ്ങൾ പല ഭാഗത്തുനിന്നും ഉയർന്നു വരുന്നത് നല്ല ലക്ഷണമല്ല. വാക്‌സിനേഷൻ ഭയത്തിലേയ്ക്ക് കേരളത്തെ വീണ്ടും തിരിച്ചുകൊണ്ടുപോകുവാനുള്ള ശ്രമങ്ങൾ നമ്മെ കൊണ്ടുചെന്നെത്തിക്കുക 1920-കളിലേയ്ക്കായിരിക്കും. സമ്പൂർണ്ണ സാക്ഷരരെന്നവകാശപ്പെടുന്ന ജനതയ്ക്ക് വിവേകം നഷ്ടപ്പെടുന്ന അവസ്ഥ ഏറെ ഭയാനകമാണ്. ഒരിക്കൽ വിട്ടൊഴിഞ്ഞ പകർച്ചവ്യാധികൾ നമ്മെ തേടി വരികയല്ല; നമ്മൾ വിളിച്ചുവരുത്തുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. സാമൂഹികശുചിത്വബോധമില്ലായ്മയും, വാക്‌സിനേഷൻ ഭയവും ഒത്തുചേർന്നാൽ കേരളത്തിന്റെ ആരോഗ്യ പരിപാലന സംവിധാനത്തിന്റെ ചട്ടക്കൂടുതന്നെ പൂർണ്ണമായും നാമാവിശേഷമാകുന്ന അവസ്ഥയാകും സംജാതമാകുക.
നാടുകടന്നെത്തിയ പകർച്ചവ്യാധികൾ
കേരളത്തിൽ ഇന്ന് റിപ്പോർട്ട് ചെയ്യുന്ന പല പകർച്ചവ്യാധികളും പരദേശത്തുനിന്നും എത്തുന്നവയാണ്. ഹോങ്കോങ്ങിൽനിന്നും പക്ഷിപ്പനി, മെക്സിക്കോയിൽനിന്നും പന്നിപ്പനി, മലേഷ്യയിൽ നിന്ന് നിപ്പ, വുഹാനിൽനിന്നു കോവിഡ് എന്നിങ്ങനെ പലവിധ പകർച്ചവ്യാധികൾ 1990-കൾക്ക് ശേഷം കേരളത്തിൽ കടന്നെത്തിയവയാണ്. മുൻകാലങ്ങളിൽ രാജ്യാന്തര, ഭൂഖണ്ഡാന്തര യാത്രകൾ കുറവായതിനാൽ പകർച്ചവ്യാധികളുടെ ലോകവ്യാപനത്തിനും, മരണം വാരിവിതറുന്നതിനും സമയമെടുത്തിരുന്നു. എന്നാൽ ഇന്ന് സ്ഥിതി അതല്ല. മൂന്നുമാസക്കാലയളവിലാണ് ലോകവ്യാപകമായി പടർന്നുപിടിച്ചുകൊണ്ട് കോവിഡ് ജനലക്ഷങ്ങളെ കൊന്നുകൊണ്ടിരിക്കുന്നത്.
അതിവേഗം പടരുന്ന പുതിയ പകർച്ചവ്യാധികളെ തടയുവാൻ ലോകം പര്യാപ്തമല്ല എന്നാണ് കോവിഡ് പകർച്ചവ്യാധി വ്യാപനം നമുക്ക് മുന്നറിയിപ്പ് നൽകുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ നാം മുന്നിൽത്തന്നെയാണ്. പക്ഷേ മഹാമാരികൾ പലതും ഇനിയും നമ്മെ കാത്തിരിക്കുന്നുണ്ടാകാം. അവയെ നേരിടണമെങ്കിൽ കേരളം കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. വ്യക്തമായ പഠനങ്ങളും ഇക്കാര്യത്തിൽ ആവശ്യമാണ്. സർക്കാരും ജനവും ഒത്തൊരുമയോടെ പരിഹാര പദ്ധതികൾ മുൻകൂട്ടി ആവിഷ്കരിച്ചില്ലെങ്കിൽ വരുംകാലത്ത് കൂടുതൽ ശക്തിയോടെ വരുന്ന മഹാമാരികളെ നേരിടുവാൻ നമുക്ക് കഴിയാതെ വരും. ഭാവിയിൽ വരുവാൻ സാധ്യതയുള്ള പകർച്ചവ്യാധികൾക്കെതിരെ ജനകീയ പങ്കാളിത്തത്തോടെ ശക്തമായ പ്രതിരോധ മറ തീർത്ത് കാത്തിരിക്കുക എന്നതാണ് കേരളത്തിന്റെ ആരോഗ്യ പരിപാലന മേഖല ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി.
മാറിയ കാലം, മാറിയ വിശ്വാസം
1980-കൾ വരെ നമുക്ക് ശക്തമായ ഒരു ആരോഗ്യസംസ്‍കാരം ഉണ്ടായിരുന്നു. ഘട്ടംഘട്ടമായി പതിറ്റാണ്ടുകളിലൂടെ നമ്മളിൽ ഉറഞ്ഞുകൂടിയ ആരോഗ്യബോധത്തിൽ അധിഷ്ഠിതമായ അടിത്തറയിൽ സ്വാഭാവികമായി രൂപംകൊണ്ടൊരു സംസ്‍കാരം.ആരോഗ്യമേഖലയിലെ കേരള മോഡലിന്റെ മൂർദ്ധന്യമായിരുന്നു ആ കാലഘട്ടം. ആ കാലയളവിൽ ഇന്ത്യയിലോ, ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗങ്ങളിലോ ഇങ്ങനെയൊരു ആരോഗ്യസംസ്കാരം രൂപം കൊണ്ടിരുന്നതായി അറിവില്ല. മാറിവരുന്ന സർക്കാരുകളും ആരോഗ്യപ്രവർത്തകരും ജനങ്ങളും പരസ്പര വിശ്വാസത്തോടും ഒത്തൊരുമയോടും രൂപം കൊടുത്തെടുത്ത ഉദാത്തമായ ആ സംസ്കാരത്തിൽനിന്നും ക്രമേണ വ്യതിചലിച്ചു തുടങ്ങിയതാണ് ആരോഗ്യമേഖലയിൽ ഇന്ന് കാണുന്ന പ്രശ്നങ്ങളുടെ തുടക്കം.
1990-കളോടെ ആരോഗ്യമേഖലയോടുള്ള സർക്കാരിന്റെ സമീപന രേഖയിൽ കാതലായ മാറ്റം വന്നുതുടങ്ങി. ഉദാരവൽക്കരണ നയങ്ങളും ഉയർന്ന പ്രതിശീർഷ വരുമാനവും മറ്റു മേഖലകളിലെന്നപോലെ നമ്മുടെ ആരോഗ്യ മേഖലയെയും സ്വാധീനിച്ചു. ആരോഗ്യമേഖലയിലെ സോഷ്യലിസ്റ്റ് പ്രതിച്ഛായ ഉപേക്ഷിച്ചുകൊണ്ട് കോർപ്പറേറ്റ് സമ്പ്രദായത്തിലേയ്ക്ക് നമ്മൾ വ്യതിചലിച്ചുതുടങ്ങി. ഇതിന് സർക്കാരുകൾ മാത്രമല്ല ഉത്തരവാദി. ഉദാരവൽക്കരണം സൃഷ്‌ടിച്ച പുതിയ സംരംഭങ്ങളും തൊഴിലവസരങ്ങളും ചേർന്ന് പുതിയ സംസ്കാരം രൂപം കൊണ്ടുതുടങ്ങിയ കാലഘട്ടമായിരുന്നു അത്.
ഇക്കാലയളവിൽ മധ്യവർഗ്ഗത്തിലെ അവശേഷിച്ച വിഭാഗങ്ങളും സർക്കാർ ആശുപത്രികൾ ഉപേക്ഷിച്ചു ആധുനിക സ്വകാര്യ ചികിത്സയിൽ താൽപ്പര്യം പ്രകടിപ്പിച്ചുതുടങ്ങി. നവീന പ്രവർത്തനങ്ങൾ നടത്താത്ത സർക്കാർ ആശുപത്രികളിൽ അവർക്ക് പൂർണമായും വിശ്വാസം നഷ്ടപ്പെട്ടിരുന്നു. പുതിയ ചികിത്സ സൗകര്യങ്ങളെപ്പറ്റി അവർ ബോധവാന്മാർ ആയിരുന്നു. പണം അവർ ഒരു പ്രശ്നമായി കണ്ടില്ല. തങ്ങൾക്ക് മാനസിക സംതൃപ്തി നൽകുന്ന ചികിത്സ സൗകര്യങ്ങളിലായിരുന്നു അവർക്ക് വിശ്വാസം. അതിനുവേണ്ടി എത്രപണം മുടക്കുവാനും ഈ വിഭാഗം തയാറായിരുന്നു.
അവിശ്വാസം സമം സർക്കാർ ആശുപത്രികൾ
സർക്കാർ ആശുപത്രിയുടെ സേവനങ്ങളിൽ മധ്യവർഗ്ഗ ജനതയ്ക്ക് കാലാനുസൃതമായി രൂപം കൊണ്ട അവിശ്വാസത്തിന്റെ കാരണം സർക്കാരുകൾ അന്വേഷിച്ചില്ല. മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള ആശുപത്രികളിലെ അപര്യാപ്തതകളെപ്പറ്റി സർക്കാർ പൂർണ്ണമായി പഠിച്ചതുമില്ല. ജനത്തിൽനിന്നും നിരന്തരമായി ഉയർന്നു കേട്ട പരാതികൾക്ക് വേണ്ടത്ര പരിഹാരവും ലഭിച്ചില്ല.
ചികിത്സ സാമഗ്രികൾ നവീകരിക്കുവാനും, ഡോക്ടർമാരുടെ അനുപാതമുയർത്തുവാനും ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരും രോഗികളുമായുള്ള ബന്ധം ഊഷ്മളമാക്കേണ്ടതിന്റെ ആവശ്യകതയും സർക്കാരുകൾ ചിന്തിച്ചില്ല. നിലവിലുള്ള ആശുപത്രികളെ കാലത്തിനൊത്ത് നവീകരിച്ച്, മരുന്ന് ക്ഷാമം പരിഹരിച്ച്, ആധുനിക ചികിത്സ യന്ത്രങ്ങൾ സ്ഥാപിച്ച് ഒരു രണ്ടാം ജനകീയ ആരോഗ്യ വിപ്ലവത്തിന്റെ തുടക്കം കുറിക്കേണ്ട കാലഘട്ടമായിരുന്നു 1990 കൾ. എന്നാൽ 90-കൾക്ക് ശേഷം എന്താണ് സംഭവിച്ചത്... സർക്കാരും, ജനങ്ങളിൽ വലിയൊരു വിഭാഗവും ജനകീയ ആരോഗ്യനയത്തെ ഉപേക്ഷിച്ചു.
തുറന്നു കിട്ടിയ ഉദാരവൽക്കരണ വാതിലിലൂടെ നമ്മൾ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ആരോഗ്യമേഖലയിലെ കോർപ്പറേറ്റ് മേഖലയിലേയ്ക്ക് നോക്കി. ഊട്ടിവളർത്തിയ ആരോഗ്യസംസ്കാരത്തെ ഉപേക്ഷിച്ച് നമ്മൾ അമേരിക്കൻ മോഡലിനുപിന്നാലെ പാഞ്ഞു. കേരളത്തിന്റെ ആരോഗ്യമേഖലയിൽ കോർപ്പറേറ്റ് ആശുപത്രികളും,സ്വകാര്യ മെഡിക്കൽ കോളേജുകളും ഉടലെടുത്തു. അതുകൊണ്ട് ഒരു ഗുണമുണ്ടായി, നമ്മുടെ കുട്ടികൾക്ക് കേരളത്തിൽത്തന്നെ മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള അവസരമൊരുങ്ങി.
കേരളത്തിന് പുറത്തേക്കൊഴുകിയ തലവരിപണത്തെ കേരളത്തിൽ തടഞ്ഞുനിർത്തുവാൻ കഴിഞ്ഞു. അൻപതുകൾ മുതൽ എൺപതുകൾ വരെ ഉണ്ടായിരുന്ന ആസൂത്രണമികവ് 90-കൾക്ക് ശേഷം ആരോഗ്യമേഖലയിൽ കണ്ടില്ല. ഗവണ്മെന്റ് ആശുപത്രികളും സ്വകാര്യാശുപത്രികളും പൗരന്മാരുടെ ചികിത്സാകാര്യത്തിൽ യാതൊരു ഏകീകരണവുമില്ലാതെ രണ്ടുവഴിയിൽ യാത്രചെയ്യുന്ന അവസ്ഥയാണ് പിന്നീടുണ്ടായത്. ദീർഘവീക്ഷണമില്ലാതെപോയ ആരോഗ്യനയം സൃഷ്ടിച്ചെടുത്ത തട്ടകത്തിൽ നിന്നുകൊണ്ട് ആരൊക്കെയോ നൽകുന്ന ഏതൊക്കെയോ ചികിത്സയുടെ പിന്നാലെ പായുകയാണിന്ന് നമ്മൾ.
‘അമേരിക്കൻ മോഡൽ’ എന്ന അപകടം
എന്താണ് ഏറെ കൊട്ടിഘോഷിക്കപ്പെട്ട 'അമേരിക്കൻ ആരോഗ്യമോഡൽ'? കേരളം ആർജിത്തെടുത്ത ആരോഗ്യ സംസ്കാരത്തിനില്ലാത്ത എന്ത് മേന്മയാണ് അമേരിക്കൻ മോഡൽ ആരോഗ്യസമ്പ്രദായത്തിനുള്ളത്? അമേരിക്കൻ ആരോഗ്യസംവിധാനത്തിന്റെ പോരായ്മകൾ കോവിഡ് വ്യാപനക്കാലത്ത് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. ലാഭേച്ഛ മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കുത്തകവ്യവസായ ലോബികളുടെ നിയന്ത്രണത്തിലാണ് ആ രാജ്യത്തിലെ ആരോഗ്യമേഖല. കാശുള്ളവന് ചികിത്സ ലഭിക്കുകയും കാശില്ലാത്തവൻ പ്രതിസന്ധി ഘട്ടത്തിൽ പെരുവഴിയിലാകുകയും ചെയ്യുന്ന അവസ്ഥയാണ് അവിടെ നിലവിലുള്ളത്.
ലോകത്തിലെ ഏറ്റവും മികച്ച ചികിത്സ സൗകര്യങ്ങളുള്ള 'ആശുപത്രി ശൃംഖലകൾ' ഉള്ള നാട്ടിൽ കോവിഡ് വ്യാപനകാലത്ത് ജനലക്ഷങ്ങൾ ചികിത്സ കിട്ടാതെ നരകിക്കുന്നു. അമേരിക്ക എന്ന സമ്പന്നനാടിന്റെ ഔന്നത്യം പൂർണ്ണമായും പുറത്തുവന്നത് കോവിഡ് വ്യാപനക്കാലത്താണ്. ഇൻഷുറൻസ് ഉള്ളവർക്കുമാത്രം ചികിത്സ നൽകിക്കൊണ്ടിരിക്കുന്ന രാജ്യത്ത് പതിറ്റാണ്ടുകളായി ചികിത്സ നിഷേധിക്കപ്പെട്ട ദരിദ്രരായ ജനലക്ഷങ്ങളുണ്ടായിരുന്നു. അന്നും ആ രാജ്യം സമ്പന്നതയുടെ നടുവിലായിരുന്നു. 'ഒബാമ കെയർ' എന്ന ഇൻഷുറൻസ് പദ്ധതിയാണ് അമേരിക്ക എന്ന സമ്പന്ന രാജ്യത്തിലെ ദരിദ്രനാരായണന്മാർക്ക് തെല്ലെങ്കിലും ആശ്വാസം നൽകിയത്. അതും പിന്നീട് അട്ടിമറിക്കപ്പെട്ടു.
കോവിഡിൽ കേരളം എന്ന മാതൃക
കടുത്ത ആരോഗ്യപ്രതിസന്ധി ഒരു രാജ്യം ഒന്നാകെ നേരിടുന്ന അവസരത്തിൽ സർക്കാർ നിയന്ത്രണത്തിലുള്ള സംവിധാനങ്ങളാകും കാര്യക്ഷമമായി അവസരത്തിനൊത്ത് പ്രവർത്തിക്കുക എന്ന് കോവിഡ് വ്യാപനക്കാലത്ത് കേരളം ലോകത്തിന് കാട്ടിക്കൊടുത്തു. അത് നമ്മൾ ഒറ്റ ദിവസം കൊണ്ട് ആർജിച്ചെടുത്തതായിരുന്നില്ല. മെഡിക്കൽ കോളേജുകൾ മുതൽ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ വരെയുള്ള ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളും, മികച്ച ഡോക്ടർമാരും, നഴ്സുമാരും, മറ്റ് ആരോഗ്യപ്രവർത്തകരും, സന്നദ്ധസംഘടനകളും, പോലീസ് സംവിധാനങ്ങളും ചേർന്നുള്ള കൂട്ടായ്മയും ചേർന്നാണ് കോവിഡിനെതിരെ കേരളം പ്രതിരോധം തീർത്തത്.
സ്വകാര്യ മേഖലയിൽ ആരോഗ്യസേവനം നൽകുന്ന സാമുദായിക മത സംഘടനകളുടെ സഹകരണവും ഇവിടെ വിസ്മരിക്കുന്നില്ല. സ്വകാര്യമേഖലയിലുള്ള നിരവധി ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ സ്വന്തം സ്ഥാപനങ്ങളുടെ സേവനം സ്വമേധയാ ജനത്തിനായി വിട്ടുനൽകിയത്. ഈ ഒരു കൂട്ടായ്മയ്ക്ക് പകരം നിൽക്കുന്ന ഏത് സംവിധാനമാണ് ഈ ആരോഗ്യപ്രതിസന്ധിഘട്ടത്തിൽ അമേരിയ്ക്കയിൽ രൂപം കൊണ്ടത്..?
നമുക്ക് കോവിഡ് മഹാമാരിയെ ഇന്ന് ഒരു പരിധിവരെയെങ്കിലും പ്രതിരോധിക്കുവാൻ കഴിയുന്നുവെങ്കിൽ അതിനു ചാലകശക്തിയായത് നമ്മൾ നേടിയെടുത്ത ആരോഗ്യസംസ്കാരമാണ്. പ്രതിസന്ധിഘട്ടത്തിൽ അതിന്റെ ഗുണം നാം അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയിലും ലോകത്തിന്റെ പല ഭാഗങ്ങളിലും ദിനംപ്രതി ആയിരങ്ങൾ മരിച്ചുവീഴുമ്പോൾ നാം സുരക്ഷിതരാണെന്ന് ചെറിയൊരളവിലെങ്കിലും നമുക്ക് തോന്നുന്നെങ്കിൽ നാം ഇങ്ങനെയൊരു ആരോഗ്യപരിപാലനവും, ആരോഗ്യസംസ്കാരവും സൃഷ്‌ടിച്ച മുൻ തലമുറകളോട് ഏറെ കടപ്പെട്ടിരിക്കുന്നു.കോവിഡ് എന്ന മഹാമാരിയെ ലോകം സമീപഭാവിയിൽ തളച്ചുനിർത്തിയേക്കാം. പഴയതും പുതിയതുമായ മഹാമാരികൾ നമ്മെ എപ്പോൾവേണമെങ്കിലും വീണ്ടും അക്രമിച്ചേക്കാം. പഴുതുകളില്ലാത്ത സുരക്ഷയാണ് നമുക്കാവശ്യം. ആ ആവശ്യം മുൻകൂട്ടി കണ്ടുകൊണ്ടുള്ളതാകട്ടെ കേരളത്തിന്റെ ഇനിയുള്ള പ്രവർത്തനങ്ങൾ. അത് ഒരിക്കൽ നടക്കാതെ പോയ രണ്ടാം ആരോഗ്യസംരക്ഷണ വിപ്ലവത്തിന്റെ തുടക്കമാവട്ടെ.
Health Series Part 1 -കൊറോണയും ആരോഗ്യ കേരളവും; മികവിന്റെ കേരള മോഡൽ, തുടക്കം വസൂരിബാധയിൽ
Health Series Part 2 -രാജാവിന്റെ മെഡിക്കൽ കോളജ്, ഡച്ചുകാരുടെ ‘മരുന്നുകട്ടിൽ’, ദുർബലം ബ്രിട്ടിഷ് മലബാർ
Health Series Part 3 -ജനാധിപത്യച്ചുവടിൽ ആരോഗ്യമുറപ്പിച്ച് കേരളം; ‘ഗൾഫ് മണി’യിൽ ഉണർന്ന സ്വകാര്യമേഖല
(പരമ്പര അവസാനിച്ചു)