ചൈനീസ് കണ്ടെയ്നറുകള് ‘വെറുതേ വിടാതെ’ കസ്റ്റംസ്; പലയിടത്തും കെട്ടിക്കിടക്കുന്നു

Mail This Article
മുംബൈ∙ അതിർത്തിയിലെ ചൈനീസ് സംഘർഷത്തെത്തുടർന്ന് ചൈനയിൽ നിന്നെത്തിയ ഇറക്കുമതി സാമഗ്രികൾ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും കെട്ടിക്കിടക്കുന്നതായി റിപ്പോർട്ട്. ചൈനയിൽ നിർമിച്ച് ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന ആപ്പിൾ, സിസ്കോ, ഡെൽ തുടങ്ങിയ യുഎസ് കമ്പനികളുടെ ഉൽപ്പന്നങ്ങളും കെട്ടിക്കിടക്കുന്നവയിൽ ഉൾപ്പെടുന്നു. കടുത്ത പരിശോധനകൾക്കുശേഷമേ ഇവ ബന്ധപ്പെട്ട വ്യക്തികൾക്കു വിട്ടുനൽകുകയുളളുവെന്നാണ് വിവരം. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മുതൽ ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾവരെ ഇങ്ങനെ കെട്ടിക്കിടക്കുന്നവയിൽ ഉൾപ്പെടുന്നു.
അതേസമയം, ഇന്ത്യയിൽനിന്നുള്ള കണ്ടെയ്നറുകളോട് ഹോങ്കോങ്, ചൈന കസ്റ്റംസും സമാന നീക്കം നടത്തുന്നതായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻസ് (എഫ്ഐഇഒ) പ്രസിഡന്റ് എസ്.കെ. സറഫ് വാണിജ്യ മന്ത്രാലയ സെക്രട്ടറി അനൂപ് വർധാവിന് അയച്ച കത്തിൽ പറയുന്നു.

ചൈനയിൽനിന്നു വരുന്ന എല്ലാ ഷിപ്മെന്റുകളും വിശദമായ പരിശോധനകള്‍ക്കു വിധേയമാക്കുകയാണ് രാജ്യമെങ്ങുമുള്ള കസ്റ്റംസ് ഉദ്യോഗസ്ഥർ. എന്നാൽ ചൈനീസ് ഷിപ്മെന്റുകൾക്കുനേരെ ഇങ്ങനെയൊരു നടപടിയുണ്ടെന്ന് ഔദ്യോഗികമായി കസ്റ്റംസ് വൃത്തങ്ങൾ അംഗീകരിച്ചിട്ടില്ല. നേരത്തെ, കണ്ടെയ്നറുകളിൽ പ്രത്യേക ക്രമമോ സ്ഥാനമോ ഇല്ലാതെയുള്ള പരിശോധനകളാണ് നടത്തിയിരുന്നത്.
യുഎസ് കമ്പനികളെ പ്രതിനിധീകരിക്കുന്ന യുഎസ് ഇന്ത്യ സ്ട്രാറ്റജിക് പാർട്നർഷിപ് ഫോറം (യുഎസ്ഐഎസ്പിഎഫ്), വിഷയത്തിൽ വ്യക്തത വരുത്തണമെന്നും കച്ചവടത്തെയും ഉത്പാദനത്തെയും ബാധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ജൂൺ 23ന് വാണിജ്യ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. വിദേശനിക്ഷേപകർക്ക് ഇതു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് കത്തിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഏതൊക്കെ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലുമാണ് ഇങ്ങനെ കെട്ടിക്കിടക്കുന്നതെന്ന് വ്യക്തമല്ല. ചൈനയിൽനിന്ന് ഇറക്കുമതി ചെയ്ത ചരക്കുകളുടെ വൻ ശേഖരമാണ് ഇങ്ങനെ കെട്ടിക്കിടക്കുന്നതെന്നാണ് സൂചന. അതിനാൽത്തന്നെ ഫെഡെക്സ്, ഡിഎച്ച്എൽ തുടങ്ങിയ ചരക്ക് ഗതാഗത കമ്പനികൾ ബുധനാഴ്ച മുതൽ പുതിയ ഓർഡറുകൾ ഒന്നും സ്വീകരിക്കേണ്ടെന്ന നിർദേശം നൽകിയിരിക്കുകയാണ്. ഇക്കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

അതേസമയം, കുറച്ചുദിവസങ്ങൾക്കുമുൻപ് ചെന്നൈ തുറമുഖത്ത് അനധികൃതമായി ലഹരിമരുന്ന് എത്തിച്ചതായി രഹസ്യാന്വേഷണ വിവരം ലഭിച്ചിരുന്നു. ഇതിന്റെ പേരിലാണ് എല്ലാ തുറമുഖങ്ങളിലും പരിശോധന നടത്തുന്നതെന്നാണ് ഡൽഹിയിലെ മുതിർന്ന നികുതി വകുപ്പ് ഉദ്യോഗസ്ഥൻ പറയുന്നത്. ഇറക്കുമതിക്കാരിൽനിന്ന് കൂടുതൽ രേഖകൾ ഉദ്യോഗസ്ഥർ തേടുന്നുണ്ടെന്നും ഇതു പതിവില്ലാത്തതാണെന്നും ചെന്നൈ ആസ്ഥാനമായ കമ്പനി പറഞ്ഞു. വിശദമായ പരിശോധനകൾക്കുശേഷം ബുധനാഴ്ച ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെ ചില ഷിപ്മെന്റുകൾ ചെന്നൈയിൽ വിട്ടുകൊടുത്തിരുന്നു. എന്നാൽ മറ്റു ചരക്കുകളുള്ള വലിയ കണ്ടെയ്നറുകൾ വിട്ടുകൊടുക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
കോവിഡ്–19 മഹാമാരിയെത്തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗൺ ഘട്ടംഘട്ടമായി നീക്കി രാജ്യം പ്രവർത്തനം വീണ്ടും പുനരാരംഭിക്കാൻ തുടങ്ങുമ്പോഴാണ് ഈ നടപടി വരുന്നത്. ചെന്നൈ, മുംബൈ, ഡൽഹി വിമാനത്താവളങ്ങളിൽ ചൈനയിൽനിന്നെത്തുന്ന ചരക്കുകൾ പുതിയ പരിശോധനാ പ്രക്രിയകളിലൂടെയാകും കടന്നുപോകുകയെന്ന് ഇന്ത്യൻ ഇലക്ട്രോണിക്സ് ആൻഡ് മൊബൈൽ ഇൻഡസ്ട്രി സംഘടനയായ ഐസിഇഎയുടെ ചില അംഗങ്ങൾക്കു നോട്ടിസ് ലഭിച്ചിട്ടുണ്ട്. ധനമന്ത്രാലയം വിഷയത്തിൽ ഇടപെടണമെന്നാണ് ഐസിഇഎയുടെ ആവശ്യം.
ഇന്ത്യയുടെ ഇറക്കുമതിയിൽ 14 ശതമാനമാണ് ചൈനയുടേത്. മൊബൈൽ, ടെലികോം, ഊർജം, പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ, അത്യാവശ്യമായ മരുന്നു ഘടകങ്ങൾ എന്നീ മേഖലകളിൽ ചൈനയാണ് പ്രധാന സപ്ലൈയർ. ഏപ്രിൽ 2019 – ഫെബ്രുവരി 2020 വരെ ചൈനയിൽനിന്ന് 62.4 ബില്യൻ യുഎസ് ഡോളറിന്റെ ഇറക്കുമതിയാണ് ഇന്ത്യ നടത്തിയത്. 15.5 ബില്യൻ യുഎസ് ഡോളറിന്റെ കയറ്റുമതിയും നടത്തി.
English Summary: Consignments from China piling up at ports as customs tightens scrutiny