ADVERTISEMENT

ഒരാഴ്ച മുഴുവൻ 38000 പോയിന്റിനു മുകളിൽ പിടിച്ചു നിന്ന സെൻസെക്സ് കഴിഞ്ഞ ആഴ്ചയുടെ അവസാന മണിക്കൂറിലെ ലാഭമെടുക്കൽ ആഘാതത്തിൽ 433 പോയിന്റ് തകർച്ചയോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണിയുടെ തകർച്ചയോടെയുള്ള തുടക്കവും എജിആർ വിഷയത്തിലെ ആശങ്കകളുമാണ് വിപണിക്ക് വിനയായത്. എങ്കിലും നിഫ്റ്റി 11100 പോയിന്റിന് മുകളിൽ തുടരുന്നത് വിപണിക്ക് അനുകൂലമാണ്.

മീഡിയ, മെറ്റൽ, ഡിഫെൻസ്, ഓട്ടോ, ഫാർമ, റിയാലിറ്റി, ഇൻഫ്രാ, മുതലായ സെക്ടറുകൾ വിപണിക്ക് നേട്ടം നൽകി. ബാങ്കിങ്മേഖല വ്യക്തമായ മുന്നേറ്റം നേടിയിരുന്നെങ്കിലും വിപണി സമ്മർദം അതിജീവിക്കാനായില്ല. ഈ മാസത്തിലിതു വരെ 10000 കോടിയിൽപരം രൂപയുടെ അധികനിക്ഷേപം നടത്തിയ വിദേശനിക്ഷേപകരുടെ പിന്തുണ ഇന്ത്യൻ വിപണിക്ക് അനുകൂലമായി. സ്വദേശി ഫണ്ടുകൾ വിപണിയിൽ വിൽപന തുടരുകയാണ്. ഓഹരി വിപണിയുടെ വരും ആഴ്ചയിലെ പ്രതീക്ഷകൾ വിലയിരുത്തുകയാണ് ബഡ്ഡിങ് പോർട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൽറ്റന്റ് അഭിലാഷ് പുറവൻതുരുത്തിൽ.

മികച്ച വിപണി പിന്തുണയിൽ മിക്ക സെക്ടറുകളും തിരിച്ചു വരവിന്റെ പാതയിലാണ്. രണ്ടാം പാദ ഫല പ്രഖ്യാപനങ്ങൾക്ക് മുമ്പായി വിപണിയിലുണ്ടായേക്കാവുന്ന തിരുത്തൽ ഏറ്റവും മികച്ച നിക്ഷേപ അവസരമായിരിക്കും എന്ന് കരുതുന്നു. കൃഷി, നിർമാണം, ബാങ്കിങ്, ഓട്ടോ, പൊതുമേഖല, എൻബിഎഫ്സി, കൺസ്യൂമർ ഡ്യൂറബിൾ ഉൽപാദന മേഖലകൾക്കനുകൂലമായ സർക്കാർ പ്രഖ്യാപനങ്ങളും ഓഹരി വിറ്റഴിക്കൽ പ്രഖ്യാപനങ്ങളും വരും ആഴ്ചകളിൽ ഇന്ത്യൻ വിപണിക്ക് അനുകൂല സാഹചര്യമൊരുക്കും. ഭെൽ, ബിഇഎൽ, എച്ച്എഎൽ, ഭാരത് ഡൈനാമിക്സ്, നാഷനൽ ഫെർട്ടിലൈസർ, ഐആർസിടിസി മുതലായ ഓഹരികൾ അതിദീർഘകാല നിക്ഷേപത്തിനു പരിഗണിക്കാം.

രാജ്യാന്തര വിപണിവിശേഷങ്ങൾ

അമേരിക്കൻ സൂചികകൾ സ്ഥിരത കാണിച്ച ആഴ്ചയാണ് കടന്നു പോയത്. സാമ്പത്തിക ഉത്തേജന പാക്കേജിൻമേൽ ഡെമോക്രാറ്റുകളുടെയും റിപ്പബ്ലിക്കന്മാരുടെയും തർക്കം തുടരുകയാണ്. അനുകൂലമായ സാമ്പത്തിക വിവരക്കണക്കുകളും മെച്ചപ്പെട്ട ഒന്നാം പാദഫലങ്ങളും ക്യാപിറ്റൽ ഗെയിൻ ടാക്സ് കുറയ്ക്കുമെന്ന ട്രംപിന്റെ പ്രസ്താവനയും അമേരിക്കൻവിപണിക്ക് അനുകൂലമായി. ആപ്പിൾ, ടെസ്‍ല, മൈക്രോസോഫ്റ്റ്, ഇന്റൽ മുതലായ ഓഹരികൾ മുന്നേറ്റംനേടി.

ആഴ്ചയുടെ ആദ്യ നാലു ദിവസവും നേട്ടമാഘോഷിച്ച യൂറോപ്യൻ വിപണിക്ക് ജർമനിയെയും ഫ്രാൻസിനെയും ലക്‌ഷ്യം വച്ചുള്ള അമേരിക്കയുടെ നികുതി നടപടികൾ ക്ഷീണമായി. ഇതേതുടർന്ന് വെള്ളിയാഴ്ചയിലെ യൂറോപ്യൻ സൂചികകളുടെ തകർച്ചയോടെയുള്ള തുടക്കം ഇന്ത്യൻ വിപണിയിലെ ലാഭമെടുക്കലിനു വേഗം കൂട്ടി. ജാപ്പനീസ് സൂചിക 3.8 ശതമാനവും ഹോങ്കോങ് സൂചിക 3.3 ശതമാനവും നേട്ടമുണ്ടാക്കിയതൊഴിച്ചാൽ ലോക വിപണി കഴിഞ്ഞ വാരത്തിൽ വലിയ മുന്നേറ്റം നേടിയില്ല. സാമ്പത്തിക ഉൽപാദന കണക്കുകൾ മെച്ചപ്പെടുന്നതും സാമ്പത്തിക ഉത്തേജന പാക്കേജുകൾക്കുള്ള സാധ്യതയും കോവിഡ് വാക്‌സീൻ പ്രഖ്യാപനങ്ങളും ലോകവിപണിക്ക് വരും ആഴ്ചകളിൽ പ്രതീക്ഷയാണ്.

എണ്ണവിപണി

44 ഡോളറിനടുത്ത് ക്രൂഡ് ഓയിൽ വില ക്രമപ്പെടുന്നതിനിടയിൽ അമേരിക്കയിലെ പ്രവർത്തനക്ഷമമായ ഓയിൽ, ഗ്യാസ് റിഗ്ഗുകളുടെ എണ്ണം കുറയുന്നത് എണ്ണവില കയറാൻ സാഹചര്യമൊരുക്കിയേക്കും. എന്നാൽ പ്രതീക്ഷിച്ച നിലയിൽ എണ്ണയുടെ ആഗോള ഉപഭോഗം വർധിക്കാത്തത് ക്രൂഡ് വില ഉയരുന്നതിന് വിഘാതമാണ്. എങ്കിലും കൊറോണ വാക്സീൻ വാർത്തകളുടെ പിൻബലത്തിൽ ക്രൂഡ് വില അൻപത് ഡോളർ കടന്നേക്കുമെന്നും വിപണി പ്രതീക്ഷിക്കുന്നു. 

സ്വർണ്ണം

റെക്കോർഡ് ഉയരത്തിലെത്തിയശേഷം 2100 ഡോളറിന് മുകളിലേക്ക് പറക്കാനൊരുങ്ങിയ സ്വർണത്തിനു മുകളിലേക്കാണ് റഷ്യയുടെ കൊറോണ വാക്സീൻ വന്ന് പതിച്ചത്. സ്വർണം ഇപ്പോഴും പഴയ റെക്കോർഡ് വിലയ്ക്ക് മുകളിലാണെന്നത് പ്രതീക്ഷയാണ്. രാജ്യാന്തര വിപണിയിൽ ഔൺസിന് 1800 ഡോളറിൽ താഴെ സ്വർണവില പോവാനുള്ള സാധ്യത വിരളമാണ്. 2200 ഡോളർ എന്ന അടുത്ത ലക്ഷ്യത്തിലേക്ക് സമയമെടുത്തു മാത്രമേ മഞ്ഞലോഹം യാത്ര ചെയ്തേക്കൂ. ഡോളർ ശക്തി പ്രാപിക്കുന്നതും ഊഹക്കച്ചവടക്കാർ ലാഭമെടുത്ത് മാറിയതും സ്വർണത്തിന് വിനയാണ്.

ഓഹരിയും സെക്ടറും

∙ എച്ച്ഡിഎഫ്സി 56.8 ദശലക്ഷം ഓഹരികൾ 1760 രൂപ നിരക്കിൽ സിംഗപ്പൂർ സർക്കാരടക്കമുള്ള നിക്ഷേപകർക്ക് നൽകി സമാഹരിച്ചത് 10000 കോടി രൂപയാണ്. ഓഹരി ദീർഘകാല നിക്ഷേപത്തിന് അനുകൂലമാണ്. ഉയർന്നു വരാവുന്ന പണ ലഭ്യതക്കുറവ് കമ്പനി പരിഹരിച്ചത് അനുകൂലമാണ്.

∙ ഫാർമ സെക്ടർ വൻ മുന്നേറ്റത്തിനു ശേഷം ക്രമപ്പെടുമെന്ന് വിപണി പ്രതീക്ഷിക്കുന്നു. കോവിഡ് വാക്സീൻ പ്രഖ്യാപനങ്ങളും നിക്ഷേപകരുടെ താൽപര്യം കുറയ്ക്കുമെന്ന് വിപണി കരുതുന്നു. എങ്കിലും അമേരിക്കൻ എഫ്ഡിഎ അനുമതികൾ വർധിച്ച സാഹചര്യത്തിലും, ഇന്ത്യയുടെ പുതിയ ഫാർമ പോളിസികളുടെ അനൂകൂല്യത്തിലും മികച്ച ഫലങ്ങളുടെ പിൻബലത്തിലും ദീർഘകാല നിക്ഷേപത്തിന് ഫാർമ ഓഹരികൾ ഇനിയും പരിഗണിക്കാം. സൺഫാർമ,  സിപ്ല, ലോറസ് ലാബ്സ്, ഡോക്ടർ റെഡ്‌ഡിസ്‌, ഐപിസിഎ ലാബ്സ്, ഡിവിസ് ലാബ്സ്, അജന്ത ഫാർമ മുതലായ ഓഹരികൾ മികച്ച അവസരങ്ങൾ തന്നെയാണ്.

∙ ഐപിസിഎ ലാബ്സ് 265% വർധനവോടെ 445 കോടി രൂപയുടെ അറ്റാദായം കഴിഞ്ഞ പാദത്തിൽ നേടി. മാർജിൻ ഉയർന്നത് കമ്പനിക്ക് അനുകൂലമായി. കമ്പനിയുടെ വരുമാനം 1530 കോടി രൂപ മാത്രമാണ്.

∙ കാഡില കോവിഡ് ചികിൽസക്കായി റെമെഡാക് വാക്സീൻ അവതരിപ്പിച്ചത് ഓഹരിക്ക് അനുകൂലമാണ്. ഓഹരി ഇനിയും മുന്നേറിയേക്കാം.

∙ കൺസ്യൂമർ ഡ്യൂറബിൾ ഓഹരികൾ അടുത്ത ഇറക്കത്തിൽ ദീർഘ കാല നിക്ഷേപത്തിനായി സ്വന്തമാക്കാം. പിഡിലൈറ്റ്, ഹാവെൽസ്, വോൾട്ടാസ്, ബ്ലൂസ്റ്റാർ, പോളി ക്യാബ്‌സ്, ആംബർ, ഡിക്‌സൺ ടെക്നോളോജിസ്, ബാറ്റ മുതലായ ഓഹരികൾ പരിഗണിക്കാം.

∙ നിർമാണ മേഖല ശക്തി പ്രാപിക്കുന്നതോടെ സിമെന്റ്, പെയിന്റ് സെക്ടറുകളും മുന്നേറ്റം നേടും. അൾട്രാ ടെക് സിമെൻറ്, ഡാൽമിയ ഭാരത്, ബിർള കോർപറേഷൻ, എസിസി, അംബുജ സിമന്റ്, രാംകോ, ഏഷ്യൻ പെയിന്റ്‌സ്, ബെർജർ മുതലായ ഓഹരികൾ ദീർഘ കാല നിക്ഷേപത്തിനായി പരിഗണിക്കാം.

∙ കഴിഞ്ഞ പാദത്തിൽ നഷ്ടം രേഖപ്പെടുത്തിയെങ്കിലും പലിശ വരുമാനം വർധിച്ചതും ആസ്തിമൂല്യം മെച്ചപ്പെടുന്നതും ബാങ്ക് ഓഫ് ബറോഡയ്ക്ക് അനുകൂലമാണ്. ഓഹരി ദീർഘകാല നിക്ഷേപത്തിന് അടുത്ത ഇറക്കത്തിൽ സ്വന്തമാക്കാം.

∙ സെൻട്രൽ ബാങ്കിന്റെ അറ്റാദായം 14.5% വർധിച്ച് 135 കോടി രൂപയിലെത്തി. 2145 കോടി രൂപയാണ് ബാങ്കിന്റെ വരുമാനം. ബാങ്ക് ഓഫ് ഇന്ത്യ ഓഹരിവിൽപനയിലൂടെ 8000 കോടി രൂപ സമാഹരിക്കുന്നത് ഓഹരിക്ക് അനുകൂലമാണ്. സ്വകാര്യവൽക്കരണ സാധ്യതയുടെ പശ്ചാത്തലത്തിൽ ഓഹരികൾ ദീർഘകാല നിക്ഷേപത്തിന് അനുയോജ്യമാണ്.

∙ മുത്തൂറ്റ് ഫിനാൻസ് 75000 കോടി രൂപയാണ് ഓഗസ്റ്റിൽ സമാഹരിക്കുന്നത്. സ്വർണവില 1800 ഡോളറിന് മുകളിൽ നിൽക്കുന്നത് ഓഹരിക്ക് അനുകൂലമാണ്.

∙ ഐഷർ മോട്ടഴ്സിന്റെ ഓഹരി വിഭജനത്തിന് ഓഹരിയുടമകളുടെ അനുമതിയായി. കമ്പനി ഒന്നാം പാദത്തിൽ നഷ്ടം രേഖപ്പെടുത്തിയത് തിരിച്ചടിയാണ്. ബുള്ളറ്റിന്റെ വിൽപന മുന്നേറുന്നത് ഓഹരിയെ ദീർഘകാല നിക്ഷേപത്തിന് അനുകൂലമാക്കുന്നുണ്ട്.

∙ എബിബി ഈ-മാർട്ട് വഴി കമ്പനിയുടെ 6000 ഉൽപന്നങ്ങൾ നേരിട്ട് വിപണിയിലിറക്കുന്നത് ഓഹരിക്ക് അനുകൂലമാണ്. കാപ്പിറ്റൽ ഗുഡ്‌സ് ഓഹരികൾ നിക്ഷേപത്തിന് അനുകൂലമാണ്.

∙ സർക്കാർ നേരിട്ട് വളക്കമ്പനികൾക്ക് ഓർഡർ നൽകാനൊരുങ്ങുന്ന വാർത്ത ഫെർട്ടിലൈസർ ഓഹരികൾക്ക് അനുകൂലമാണ്. കൊറമാൻഡൽ, ആർസിഎഫ്, നാഷനൽ ഫെർട്ടിലൈസർ മുതലായവ ഇനിയും പരിഗണിക്കാം.

∙ പവർ ഫിനാൻസ് കോർപറേഷൻ 31% വർധനവോടെ 541 കോടിയുടെ വരുമാനവും 23% വർധനവോടെ 47 കോടിയുടെ അറ്റാദായവും സ്വന്തമാക്കി. ഓഹരി അതിദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം.

∙ പവർഗ്രിഡ് കോർപറേഷന്റെ വരുമാനം 2.1 വർധിച്ച് 8988.7 കോടി രൂപയിലെത്തി. എന്നാൽ റിബേറ്റ് കൊടുത്തതിനെ തുടർന്ന് അറ്റാദായം 18% കുറഞ്ഞത് തിരിച്ചടിയാണ്. ഓഹരി ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം.

∙ ഡി-മാർട്ട് മൊത്തവിതരണ മേഖലയിലേക്കും നീങ്ങുന്നതും ഓഹരിക്ക് അനുകൂലമാണ്. ഓഹരി ദീർഘകാല നിക്ഷേപത്തിന് അടുത്ത ഇറക്കത്തിൽ പരിഗണിക്കാം. കമ്പനിയുടെ ആസ്തി മൂല്യം മികച്ചതാണ്.

∙ ടാറ്റ പവർ മൂന്ന് വ്യത്യസ്ത സബ്‌സിഡിയറി കമ്പനികളെ മാതൃ കമ്പനിയിൽ ലയിപ്പിച്ച് മൂലധനക്രമീകരണം നടത്തിയത് ഓഹരിക്ക് അനുകൂലമാണ്. ഡിഫൻസ്, പവർ മേഖലയിലെ മികച്ച ഓർഡറുകൾ കമ്പനിക്ക് അനുകൂലമാണ്. കമ്പനിയുടെ വരുമാനം 16% കുറഞ്ഞ് ഒന്നാം പാദത്തിൽ അറ്റാദായം 26% ഉയർന്ന് 206 കോടി രൂപയായത് കമ്പനിക്ക് അനുകൂലമാണ്. ഓഹരി ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം.

∙ ഹിന്ദുസ്ഥാൻ സിങ്കിൽ സർക്കാരിനുള്ള 29.58% ഓഹരികളും സ്വന്തമാക്കാനായി വേദാന്ത ശ്രമിക്കുന്നത് ഓഹരിക്ക് അനുകൂലമാണ്. കമ്പനിയുടെ 64.58% ഓഹരികളും വേദാന്തയുടെ പക്കലാണുള്ളത്. ലോഹ വിലകൾ ഉയരുന്നതും ഓഹരിക്ക് അനുകൂലമാണ്.

∙ ഹീറോ, ശ്രീരാം ട്രാൻസ്‌പോർട്, ബിപിസിഎൽ, കാവേരി സീഡ്‌സ്, ബെർജർ പെയിന്റ്, ദിലീപ് ബിൽഡ്‌കോൺ, എൻടിപിസി, രാംകോ, വോൾട്ടാസ്, എംആർഎഫ്, സിറ്റി യൂണിയൻ ബാങ്ക് മുതലായ കമ്പനികളും മികച്ച ഒന്നാംപാദഫലങ്ങളാണ് പുറത്തുവിട്ടത്.

ഇമെയിൽ: buddingportfolios@gmail.com, വാട്സാപ്പ്: 8606666722

Content Highlight: Market Analysis, Stock Market, Nifty, Sensex

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com