പാലിയേക്കര ടോള്‍പ്ലാസയില്‍ ഇന്നുമുതല്‍ പുതിയ നിരക്ക്; നിരക്കുകൾ ഇങ്ങനെ
Mail This Article
തൃശൂർ∙ മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിലെ പാലിയേക്കര ടോള്‍പ്ലാസയില്‍ ഇന്നുമുതല്‍ പുതിയ ടോള്‍ നിരക്ക് പിരിച്ചുതുടങ്ങി. കാര്‍, ജീപ്പ്, വാന്‍ വിഭാഗങ്ങള്‍ക്ക് വര്‍ധനവില്ലെങ്കിലും ചില വിഭാഗങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 5 രൂപയുടെ വര്‍ധനവുണ്ട്. പ്രതിമാസ യാത്രാനിരക്കില്‍ 10 രൂപ മുതല്‍ 50 രൂപയുടെ വര്‍ധനവുണ്ട്. ഓരോ സാമ്പത്തിക വര്‍ഷത്തെയും ദേശീയ മൊത്തനിലവാര സൂചികയിലുണ്ടാകുന്ന മാറ്റത്തെ ആശ്രയിച്ചാണ് വര്‍ഷംതോറും സെപ്റ്റംബര്‍ ഒന്നിന് പാലിയേക്കരയിലെ ടോള്‍ നിരക്ക് പരിഷ്‌ക്കരിക്കുന്നത്.
ചെറുകിട ഭാരവാഹനങ്ങള്‍ക്ക് ഒരു ദിശയിലേക്കുണ്ടായിരുന്ന 125 രൂപ എന്നത് 130 ആക്കി വര്‍ധിപ്പിച്ചു. ഒന്നില്‍ കൂടുതല്‍ യാത്രയ്ക്കുള്ള നിരക്കില്‍ 190 രൂപയായിരുന്നതില്‍ മാറ്റമില്ല. ബസ്, ട്രക്ക് എന്നിവയുടെ ഒരു ദിശയിലേക്കുള്ള 255 രൂപ നിരക്കില്‍ മാറ്റമില്ല. എന്നാല്‍ ഒന്നിലേറെ യാത്രയ്ക്ക് 380 രൂപയുണ്ടായിരുന്നത് 385 രൂപയാക്കി വര്‍ധിപ്പിച്ചു. മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് ഒരു ദിശയിലേക്ക് 410 രൂപയും ഒരു ദിവസം ഒന്നിലേറെ യാത്രയ്ക്ക് 615 രൂപയും എന്ന നിരക്കുകളിലും മാറ്റമില്ല. സാമ്പത്തിക രംഗത്തെ മാറ്റത്തിനനുസരിച്ച് ടോള്‍ നിരക്കില്‍ മാറ്റം വരുത്തുന്നുണ്ടെങ്കിലും ടോള്‍ റോഡ് സേവനത്തിന് നിര്‍ദിഷ്ട നിലവാരമില്ലെന്ന ആക്ഷേപം ശക്തമാണ്.
English Summary: New rates at Paliyekkara toll plaza from today