സ്വാമി കേശവാനന്ദ ഭാരതി ഈ ലോകത്തോട് വിട പറഞ്ഞു. പക്ഷെ, ഇന്ത്യയില്‍ ഭരണഘടനയും നിയമവ്യവസ്ഥയും നിലനില്‍ക്കുന്നിടത്തോളം കാലം കോടതി മുറികളില്‍ കേശവാനന്ദ ഭാരതി ജീവിച്ചു കൊണ്ടേയിരിക്കും....| Kesavananda Bharati v. State of Kerala | Manorama News

സ്വാമി കേശവാനന്ദ ഭാരതി ഈ ലോകത്തോട് വിട പറഞ്ഞു. പക്ഷെ, ഇന്ത്യയില്‍ ഭരണഘടനയും നിയമവ്യവസ്ഥയും നിലനില്‍ക്കുന്നിടത്തോളം കാലം കോടതി മുറികളില്‍ കേശവാനന്ദ ഭാരതി ജീവിച്ചു കൊണ്ടേയിരിക്കും....| Kesavananda Bharati v. State of Kerala | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വാമി കേശവാനന്ദ ഭാരതി ഈ ലോകത്തോട് വിട പറഞ്ഞു. പക്ഷെ, ഇന്ത്യയില്‍ ഭരണഘടനയും നിയമവ്യവസ്ഥയും നിലനില്‍ക്കുന്നിടത്തോളം കാലം കോടതി മുറികളില്‍ കേശവാനന്ദ ഭാരതി ജീവിച്ചു കൊണ്ടേയിരിക്കും....| Kesavananda Bharati v. State of Kerala | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൗലികാവകാശ സംരക്ഷണത്തിനായി നടത്തിയ അസാധാരണമായ നിയമപോരാട്ടം. കാസർകോട് ഞായറാഴ്ച അന്തരിച്ച സ്വാമി കേശവാനന്ദ ഭാരതിയുടെ പേരില്‍ അറിയപ്പെടുന്ന സുപ്രധാന കേസിനെക്കുറിച്ച്.

സ്വാമി കേശവാനന്ദ ഭാരതി ഈ ലോകത്തോട് വിട പറഞ്ഞു. പക്ഷെ, ഇന്ത്യയില്‍ ഭരണഘടനയും നിയമവ്യവസ്ഥയും നിലനില്‍ക്കുന്നിടത്തോളം കാലം കോടതി മുറികളില്‍ കേശവാനന്ദ ഭാരതി ജീവിച്ചു കൊണ്ടേയിരിക്കും. കാരണം, സുപ്രീം കോടതിയുടെ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ, ഇന്ത്യന്‍ ജനാധിപത്യത്തെ ഏകാധിപത്യത്തില്‍ നിന്ന് ഇന്നും സംരക്ഷിച്ച് നിര്‍ത്തുന്ന നിയമപോരാട്ടത്തിനു കാരണക്കാരനായ വ്യക്തിയാണ് കേശവാനന്ദ ഭാരതി.

ADVERTISEMENT

കേശവാനന്ദ ഭാരതി V/S സ്റ്റേറ്റ് ഓഫ് കേരള എന്നറിയപ്പെടുന്ന കേസിലാണ് ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റിമറിക്കുന്ന ഭേദഗതികള്‍ കൊണ്ടുവരാന്‍ പാര്‍ലമെന്‍റിന് അധികാരമില്ലെന്ന് സുപ്രീം കോടതി വിധിച്ചത്. പതിമൂന്നംഗ ഭരണഘടന ബെഞ്ചില്‍ 7:6 ഭൂരിപക്ഷത്തിനായിരുന്നു ഈ ചരിത്ര വിധി. ഇന്നും കോടതിമുറികളില്‍ ഈ കേസ് പരാമര്‍ശിക്കപ്പെടാതെ ഒരു ദിവസമെങ്കിലും കടന്നു പോകുന്നുണ്ടോ എന്നകാര്യം സംശയമാണ്.

എന്താണ് കേശവാനന്ദ ഭാരതി കേസ്...?

കാസര്‍കോട് ജില്ലയിലെ എടനീര്‍ മഠം മഠാധിപതിയാണ് സ്വാമി കേശവാനന്ദ ഭാരതി. മഠത്തിന്‍റെ സ്വത്തുക്കള്‍ ഭൂപരിഷ്കരണ നിയമപ്രകാരം ഏറ്റെടുക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു ചോദ്യം ചെയ്താണ് 1970 ഫെബ്രുവരിയില്‍ സ്വാമി കേശവാനന്ദ ഭാരതി സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ കേശവാനന്ദ ഭാരതി തോറ്റു. പക്ഷെ വാദത്തിനിടെ സുപ്രധാനമായ ഒരു ഭരണഘടന പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവരാന്‍ കേശവാനന്ദ ഭാരതിയുടെ അഭിഭാഷകനായ നാണി എ.പല്‍ക്കിവാലയ്ക്കു സാധിച്ചു.

ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാര്‍ലമെന്‍റിന്‍റെ അധികാരം അനിയന്ത്രിതവും പരിധികളില്ലാത്തതുമാണോ? ഭരണഘടനാ ഭേദഗതിക്ക് പാര്‍ലമെന്റിന് അധികാരം നല്‍കുന്നത് ഭരണഘടനയുടെ 368–ാം അനുഛേദമാണ്. ഈ അനുഛേദത്തില്‍ പാര്‍ലമെന്‍റിന്‍റെ അധികാരത്തിനു പരിധികളുള്ളതായി പറയുന്നില്ല. അതിനർഥം മൗലികാവകാശങ്ങളും മറ്റ് ഭരണഘടനയിലെ സുപ്രധാന സ്വഭാവവുമുള്‍പ്പെടെ തിരുത്താന്‍ പാർലമെന്‍റിന് അധികാരമുണ്ട് എന്നതാണോ ?

ADVERTISEMENT

ഈ ചോദ്യങ്ങളാണ് അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.എം.സിക്രിയുടെ നേതൃത്വത്തിലുള്ള പതിമൂന്നംഗ ബെഞ്ചിനു മുമ്പാകെയെത്തിയത്. ഭരണഘടനയില്‍ പറയുന്ന മൗലികാവകാശങ്ങള്‍ എടുത്തുകളയുന്ന ഭേദഗതികള്‍ കൊണ്ടുവരാന്‍ പാര്‍ലമെന്‍റിന് അധികാരമില്ലെന്ന് ഗൊലക്നാഥ് കേസില്‍ സുപ്രീം കോടതിയുടെ പതിനൊന്നംഗ ബെഞ്ച് വിധിച്ചിരുന്നു. ഈ വിധിയുടെ പുനഃപരിശോധനകൂടി ലക്ഷ്യമിട്ടാണ് പതിമൂന്നംഗ ബെഞ്ച് നിശ്ചയിച്ചത്.

ചരിത്രമായ നടപടിക്രമങ്ങള്‍

1972 ഒക്ടോബര്‍ 31നാണ് പതിമൂന്നംഗ ബെഞ്ചില്‍ വാദം ആരംഭിച്ചത്. 1973 മാര്‍ച്ച് 23ന് പൂര്‍ത്തിയായി. ആകെ 68 ദിവസം സുപ്രീം കോടതി കേസില്‍ വാദം കേട്ടു. ഇത്രയും ദീര്‍ഘമായ വാദം ഒരു കേസിലും അതിനു മുമ്പോ ശേഷമോ ഉണ്ടായിട്ടില്ല. 1973 ഏപ്രില്‍ 24ന് സുപ്രീം കോടതി ചരിത്രവിധി പുറപ്പെടുവിച്ചു. പതിമൂന്നംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് എസ്.എം.സിക്രിയുള്‍പ്പെടെ ഏഴു പേര്‍ 708 പേജുകള്‍ വരുന്ന വിധിന്യായത്തില്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റിമറിക്കുന്ന ഭേദഗതികള്‍ കൊണ്ടുവരാന്‍ പാര്‍ലമെന്‍റിന് അധികാരമില്ലെന്ന വിധി എഴുതി. പിന്നീട് ചീഫ് ജസ്റ്റിസായ എ.എന്‍.റേയുള്‍പ്പെടേയുള്ള ആറു പേര്‍ പാര്‍ലമെന്‍റിന്‍റെ അധികാരം പരിധികളില്ലാത്തതാണെന്ന ന്യൂനപക്ഷ വിധിയും എഴുതി.

വിധിയുടെ പശ്ചാത്തലം, അനന്തര ഫലങ്ങള്‍

ADVERTISEMENT

പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ നിലനില്‍ക്കുന്ന സമയത്തായിരുന്നു കേവശവാനന്ദ ഭാരതി കേസ് വന്നത്. ബാങ്കുകളുടെ ദേശസാൽക്കരണം, പ്രിവ്യു പഴ്സ് റദ്ദാക്കല്‍ തുടങ്ങിയ ഇന്ദിര ഗാന്ധിയുടെ സുപ്രധാന തീരുമാനങ്ങള്‍ സുപ്രീം കോടതി അസാധുവാക്കി. ഇതു മറികടക്കാന്‍ തുടര്‍ച്ചയായ ഭരണഘടന ഭേദഗതികള്‍ പാര്‍ലമെന്‍റിലെ ശക്തമായ ഭൂരിപക്ഷം ഉപയോഗപ്പെടുത്തി ഇന്ദിര കൊണ്ടുവന്നു.

ഇതോടെയാണ് അനുഛേദം 368 നല്‍കുന്ന അധികാരം ദുരുപയോഗം ചെയ്യപ്പെടുമോയെന്ന സംശയം ബലപ്പെട്ടത്. ഈ സാഹചര്യത്തിലാണ് പാര്‍ലമെന്റിന്‍റെ അധികാരത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് എന്നത്തേക്കുമായി ഉത്തരം കണ്ടെത്താന്‍ കോടതി തീരുമാനിച്ചത്. ഭൂരിപക്ഷ വിധിയോടെ പാര്‍ലമെന്‍റിന്‍റെ അമിതാധികാര പ്രവണതയ്ക്കു പൂട്ടുവീണു. എത്രവലിയ ഭൂരിപക്ഷമുണ്ടെങ്കിലും മൗലികാവകാശങ്ങളും നിയമനിര്‍മാണങ്ങള്‍ പുനഃപരിശോധിക്കാനുള്ള കോടതികളുടെ അധികാരവും ഉള്‍പ്പെടെയുള്ള ഭരണഘടനയുടെ അടിസ്ഥാന ഘടനയും സുപ്രധാന അനുഛേദങ്ങളും മാറ്റിമറിക്കുന്ന നിയമഭേദഗതികള്‍ കൊണ്ടുവരാനും ഒരു സര്‍ക്കാരിനും കഴിയാതായി.

അടിയന്തരാവസ്ഥക്കാലത്ത് കൊണ്ടുവന്ന ജനാധിപത്യത്തിന്‍റെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്ന നിരവധി ഭരണഘടനാ ഭേദഗതികള്‍ പിന്നീട് സുപ്രീം കോടതി അസാധുവാക്കിയത് കേശവാനന്ദ ഭാരതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു. പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി, സ്പീക്കര്‍ തുടങ്ങിയവരുടെ തിരഞ്ഞെടുപ്പ് കോടതിയില്‍ ചോദ്യം ചെയ്യുന്നത് വിലക്കുന്ന ഭരണഘടനയുടെ 39ാം ഭേദഗതിയും, പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി, സ്പീക്കര്‍ തുടങ്ങിയവര്‍ക്കെതിരെ സിവിലോ ക്രിമിനലോ ആയ കേസുകള്‍ അവരുടെ ഭരണകാലത്തോ അതിനു ശേഷമോ റജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്ന 41ാം ഭേദഗതിയും, ഏറ്റവും വിവാദമായ പാര്‍ലമെന്‍റിന്‍റെ ഭരണഘടന ഭേദഗതി ചോദ്യം ചെയ്യാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്ന 42ാം ഭേദഗതിയും സുപ്രീം കോടതി റദ്ദാക്കിയത് ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്കു വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ്.

ചുരുക്കത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് നേരെ പാര്‍ലമെന്‍റിലെ ഭൂരിപക്ഷമുപയോഗിച്ച് ഇതുവരെ ഉണ്ടായ, ഇനിയും ഉണ്ടാകാനിടയുള്ള എല്ലാ ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണമാണ് കേവശവാനന്ദ കേസിലെ ഭൂരിപക്ഷ വിധിയിലൂടെ സുപ്രീം കോടതി നല്‍കിയത്. ഇന്ത്യ ഇന്നും ഒരു ജനാധിപത്യ രാജ്യമായി നിലനില്‍ക്കുന്നതിന് ഏറെ കടപ്പെട്ടിരിക്കുന്നത് കേശവാനന്ദ ഭാരതി കേസിലെ വിധിയോടാണ്.

ഭരണകൂടത്തിന്‍റെ പകപോക്കല്‍

കേശവാനന്ദ ഭാരതി വിധിയോട് അന്ന് കേന്ദ്രം ഭരിച്ചിരുന്ന ഇന്ദിര ഗാന്ധി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായാണ് പ്രതികരിച്ചത്. ഭൂരിപക്ഷ വിധിയെഴുതിയ മൂന്നു ജഡ്ജിമാര്‍ക്ക് ചീഫ് ജസ്റ്റിസ് പദവി നിഷേധിച്ചു. ഏറ്റവും മുതിര്‍ന്ന ജഡ്ജിയെ ചീഫ് ജസ്റ്റിസാക്കുന്ന കീഴ്‌വഴക്കം ചരിത്രത്തിലാദ്യമായി ഇന്ദിര സര്‍ക്കാര്‍ ലംഘിച്ചു. ഭൂരിപക്ഷ വിധിയെഴുതിയ ഏഴു ജഡ്ജിമാരില്‍ ഉള്‍പ്പെടുന്ന ജസ്റ്റിസുമാരായ ജെ.എം.ഷേലത്, എ.എന്‍.ഗ്രോവര്‍, കെ.എസ്.ഹെഗ്ഡെ എന്നിവരെ മറികടന്ന് ന്യൂനപക്ഷ വിധിയെഴുതിയ ജസ്റ്റിസ് അജിത് നാഥ് റേ എന്ന എ.എന്‍.റേയെ ചീഫ് ജസ്റ്റിസായി നിയമിച്ച് 1973 ഏപ്രില്‍ 26ന് ഉത്തരവിറക്കി. ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനം എന്നായിരുന്ന നിയമലോകം ഇതിനെ വിശേഷിപ്പിച്ചത്.

അടിയന്തരാവസ്ഥക്കാലത്ത് ചീഫ് ജസ്റ്റിസ് എ.എന്‍.റേ കേശവാനന്ദ ഭാരതി വിധി പുനഃപരിശോധിക്കാന്‍ നടത്തിയ ശ്രമവും സുപ്രീം കോടതിയുടെ ചരിത്രത്തിലെ കറുത്ത ഏടുകളിലൊന്നായി. വിധി പുനഃപരിശോധിക്കാന്‍ ഒരു ഹര്‍ജിയും കോടതിയിലുണ്ടായിരുന്നില്ല. എന്നിട്ടും ചീഫ് ജസ്റ്റിസ് എ.എന്‍.റേ സ്വമേധയ 13 അംഗ ബെഞ്ച് രൂപീകരിച്ച് കേസ് വീണ്ടും കേള്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതു നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. ഇതിനെ സുപ്രീം കോടതിയിലെ മറ്റു ജഡ്ജിമാര്‍ തന്നെ ശക്തമായി എതിര്‍ത്തു. ഒടുവില്‍ രണ്ടു ദിവസത്തെ വാദത്തിനു ശേഷം ബെഞ്ച് പിരിച്ചുവിടാന്‍ ചീഫ് ജസ്റ്റിസ് എ.എന്‍.റേ നിര്‍ബന്ധിതനാവുകയായിരുന്നു.

അടിസ്ഥാന ഘടനയുടെ ‘പാക്ക് ബന്ധം’

കേശവാനന്ദ ഭാരതി കേസിലെ വിധിയില്‍ വ്യക്തമാക്കുന്ന ‘ഭരണഘടനുടെ അടിസ്ഥാന ഘടന’ തത്വം ഇന്ത്യന്‍ സുപ്രീം കോടതി സ്വീകരിക്കുന്നത് പാക്കിസ്ഥാന്‍ സുപ്രീം കോടതിയിലെ ഒരു സുപ്രധാന വിധിയെ ഉദ്ധരിച്ചാണ്. ഭരണഘടനയുടെ മൗലികമായ തത്വങ്ങളില്‍ മാറ്റം വരുത്താന്‍ പ്രസിഡന്‍റിന് അധികാരമില്ലെന്ന് പാക്കിസ്ഥാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കോര്‍ണീലിയസ് വിധിച്ചിരുന്നു. 1963ല്‍ ജസ്റ്റിസ് മദോല്‍ക്കര്‍ ഈ വിധി ഉദ്ധരിച്ചാണ് ഭരണഘടനയുടെ അടിസ്ഥാന ഘടന തത്വം ആദ്യമായി ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ കൊണ്ടുവരുന്നത്.

English Summary :The case that saved Indian democracy, Kesavananda Bharati v. State of Kerala