കോവിഡിൽ വായ്പാ തിരിച്ചടവു മുടങ്ങിയോ?; ആശ്വാസ നടപടിയുമായി എസ്ബിഐ
Mail This Article
മുംബൈ ∙ ഭവന, റീട്ടെയ്ൽ വായ്പകൾ എടുത്തവർക്ക് ആശ്വാസവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). കോവിഡ് വ്യാപനത്തെത്തുടർന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കാണ് എസ്ബിഐയുടെ കൈത്താങ്ങ്. വായ്പ തിരിച്ചടവിന് 24 മാസത്തെ മൊറട്ടോറിയമോ അല്ലെങ്കിൽ ഇതിനോടു സമാനമായി തിരിച്ചടവിന്റെ കാലാവധി നീട്ടുകയും അടയ്ക്കേണ്ട തുക പുനഃക്രമീകരിക്കുകയുമാണ് ചെയ്യുന്നത്.
പരമാവധി രണ്ടുവർഷത്തേക്ക് മൊറട്ടോറിയം നീട്ടാമെന്ന് തിങ്കളാഴ്ച എസ്ബിഐ പറഞ്ഞിരുന്നു. എസ്ബിഐയുടെ നീക്കം മറ്റു ബാങ്കുകളും പിന്തുടർന്നേക്കുമെന്നാണ് സൂചന. 2020 മാർച്ച് 1ന് മുൻപ് ഭവന വായ്പ എടുത്തവർക്കു മാത്രമായിരിക്കും ഇളവ്. കോവിഡ് ലോക്ഡൗൺ വരെ കൃത്യമായി അടച്ചവരെയായിരിക്കും ഇളവിനു പരിഗണിക്കുകയെന്നാണ് വിവരം. കോവിഡ് വരുമാനത്തെ ബാധിച്ചുവെന്ന് വായ്പയെടുത്തവർ തെളിയിക്കണം.
വായ്പ പുനഃക്രമീകരണത്തിന് സംവിധാനം
കോവിഡ് പ്രതിസന്ധി മൂലം തിരിച്ചടവു മുടങ്ങിയ റീട്ടെയ്‌ൽ വായ്പകളുടെ പുനഃക്രമീകരണത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സംവിധാനമേർപ്പെടുത്തി. https://bank.sbi/ or https://sbi.co.in എന്നീ സൈറ്റുകളിലെ പ്രത്യേക സൗകര്യം പ്രയോജനപ്പെടുത്തി, ഉപയോക്താക്കൾക്കു വായ്പ പുനഃക്രമീകരണത്തിന്റെ അർഹത പരിശോധിക്കാം. അർഹതയുണ്ടെങ്കിൽ റഫറൻസ് നമ്പർ ലഭിക്കും.
അതുമായി 30 ദിവസത്തിനകം ബാങ്ക് ശാഖയിലെത്തി വായ്പ പുനഃക്രമീകരണ നടപടികൾ പൂർത്തിയാക്കാമെന്ന് ബാങ്ക് അറിയിച്ചു. തിരിച്ചടവു സാവകാശവും (മൊറട്ടോറിയം) വായ്പ കാലാവധിയും നീട്ടാനാകും.
English Summary: SBI offers up to 2 years repayment relief for home & retail loans