‘പഞ്ചവടിപ്പാലം’ പിറന്നിട്ട് ഇന്ന് 36 വർഷം; പാലാരിവട്ടം പാലം ഇന്ന് പൊളിച്ചുതുടങ്ങി..!
Mail This Article
ചിരിസിനിമകളുടെ കുത്തൊഴുക്കു തന്നെ ഉണ്ടായ ഭാഷയാണ് മലയാളം. എങ്കിലും ‘പഞ്ചവടിപ്പാലം’ പോലൊരു ലക്ഷണമൊത്ത ആക്ഷേപഹാസ്യ സിനിമ ഇനിയുമുണ്ടായിട്ടില്ലെന്നതാണ് സത്യം. ഒരു പഞ്ചായത്തും അവിടുത്തെ ഭരണസമിതിയും പ്രതിപക്ഷവും ഒത്തു ചേർന്നുള്ള അവരുടെ ഭരണവും അഴിമതിയുമെല്ലാം വരച്ചുകാട്ടിയ ‘പഞ്ചവടിപ്പാലം’ പുറത്തു വന്ന് ഈ വർഷം 36 വർഷം തികയും. ഒപ്പം മറ്റൊരു പ്രത്യേകതയും. ‘പഞ്ചവടിപ്പാലം’ സിനിമ റിലീസ് ചെയ്‌തതും, പാലാരിവട്ടം പാലം പൊളിക്കാൻ തുടങ്ങിയതും ഒരേ ദിവസം. 1984 സെപ്റ്റംബർ 28 നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ഇന്ന് 2020 സെപ്‌തംബർ 28നാണ് പാലാരിവട്ടം പാലം പൊളിക്കാൻ തുടങ്ങുന്നതും.
‘ഐരാവതക്കുഴി’ പഞ്ചായത്തിലെ ‘പഞ്ചവടിപ്പാലം’ പൊളിഞ്ഞു ചാടിയ അന്നു തന്നെ കൊച്ചിയിലെ പാലാരിവട്ടം പാലവും പൊളിച്ചു തുടങ്ങിയത് കാലം കാത്തുവച്ച യാദൃശ്ചികത. 1984 സെപ്റ്റംബർ 28നാണ് മലയാളിയെ പൊട്ടിച്ചിരിപ്പിച്ച് പഞ്ചവടിപ്പാലം സിനിമ റിലീസ് ചെയ്തത്. ഒരു സാങ്കൽപിക പഞ്ചായത്തിൽ പണിത 200 അടി നീളമുള്ള പാലമായിരുന്നു പഞ്ചവടിപ്പാലമെങ്കിൽ 750 മീറ്ററിലേറെ നീളം വരുന്ന മേൽപാലമായി പാലാരിവട്ടം പാലം എന്നു മാത്രം.
ഒരു വേള ഹൈക്കോടതി പോലും പാലാരിവട്ടം പാലത്തെ പഞ്ചവടിപ്പാലം എന്നു വിശേഷിപ്പിച്ചിരുന്നു എന്നതു കൂടി കൂട്ടിവായിക്കുമ്പോഴാണ് കെ.ജി. ജോർജെന്ന സംവിധായകന്റെയും കഥയൊരുക്കിയ വേളൂർ കൃഷ്ണൻ കുട്ടിയുടെയും കാലാതീത സിനിമയ്ക്കു പ്രസക്തിയേറുന്നത്. മലയാള സിനിമയിലെ എക്കാലവും മറക്കാത്ത ഒരു രാഷ്ട്രീയ ആക്ഷേപ ഹാസ്യചിത്രം കൂടിയായിരുന്നു പഞ്ചവടിപ്പാലം. വേളൂർ കൃഷ്ണൻകുട്ടിയുടെ ‘പാലം അപകടത്തിൽ’ എന്ന കഥയെ ആസ്പദമാക്കിയായിരുന്നു ഗാന്ധിമതി ബാലന്‍ നിര്‍മിച്ച് കെ.ജി ജോര്‍ജ് ചിത്രം സംവിധാനം ചെയ്തത്.
കാർട്ടൂൺ പോലെ ഒരു സിനിമയെടുക്കാൻ മനസിൽ ആഗ്രഹിച്ച് സംവിധായകൻ കെ.ജി. ജോർജ് നടക്കുന്ന കാലത്താണ് കഥ വായിക്കുന്നത്. ഇതിൽ ഒരു വകയുണ്ടെന്നു തിരിച്ചറിഞ്ഞതോടെ കാർട്ടൂണിസ്റ്റ് യേശുദാസിനെ സമീപിച്ച് തിരക്കഥയ്ക്ക് അഭ്യർഥന നടത്തുകയായിരുന്നു. അദ്ദേഹം സമ്മതിച്ചതോടെ ഇരുവരും ചേർന്നാണ് തിരക്കഥ ഒരുക്കിയതെന്നു സംവിധായകൻ വെളിപ്പെടുത്തിയിട്ടുണ്ട്.
രാഷ്ട്രീയക്കാരുടെ താൽപര്യത്തിനു വേണ്ടി നിലവിലുള്ള പാലത്തിന് ബലക്ഷയമുണ്ടെന്ന് മനപ്പൂർവം പ്രചരിപ്പിക്കുന്നു. തുടർന്ന് പാലം പൊളിച്ച് പുതിയത് പണിയാനും അതുവഴി കുറച്ചു പേർ പണമുണ്ടാക്കാനും വഴിയൊരുക്കുന്നു. ‘പാലത്തിന്റെ ഉദ്ഘാടനോം കുറുപ്പിന്റെ മോടെ കല്യാണോം ഒരു ദിവസമാ’ എന്ന ഒറ്റ വാക്കിൽ എല്ലാം ഒളിപ്പിച്ചു വച്ചിരുന്നു സംവിധായകൻ. ഒടുവിൽ പാലം ഉദ്ഘാടന ദിവസം തന്നെ പൊളിഞ്ഞു വീഴുന്നതാണ് കഥയിൽ. സിനിമ ഹിറ്റായതോടെ സർക്കാർ പണം തട്ടിയെടുക്കുന്ന നിർമാണങ്ങളെയെല്ലാം പഞ്ചവടിപ്പാലം എന്ന് ഇരട്ടപ്പേരിട്ടു വിളിച്ചു മലയാളികൾ. പാലാരിവട്ടം പാലത്തിന്റെ കാര്യത്തിൽ സമാന സാഹചര്യങ്ങൾ ഉടലെടുത്തതോടെ ഈ പാലത്തെയും ഹൈക്കോടതി പോലും പഞ്ചവടിപ്പാലം എന്നു തന്നെ വിളിച്ചു. കഥയിലെ പോലെ പാലാരിവട്ടം പാലം പൊളിക്കുന്നത് അതേ ദിവസം തന്നെ ആയത് യാദൃശ്ചികതയാണെങ്കിലും സമൂഹമാധ്യമം അതിനെയും ആഘോഷമാക്കിയിരിക്കുകയാണ്.