‘വിട, പിനോഷെ, 3000 പേരെ കൊന്ന നിങ്ങളുടെ പൈതൃകം മായ്ക്കുന്നു’; ഇനി ചിരിക്കാൻ ചിലെ
വലിയൊരു സ്വപ്ന സാക്ഷാത്കാരത്തിന്റെ അരികിലാണു ചിലെ. ദീർഘനാളായുള്ള പ്രക്ഷോഭങ്ങളുടെ അനന്തരഫലം. പതിനായിരക്കണക്കിനു ജനങ്ങൾ തെരുവിലിറങ്ങി തൊണ്ടപൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യം വിളിച്ചതു യാഥാർഥ്യമാകുന്നു. ..Chile, New Constitution, Gen. Augusto Pinochet, Chile Protest, Manorama Online, Manorama News
വലിയൊരു സ്വപ്ന സാക്ഷാത്കാരത്തിന്റെ അരികിലാണു ചിലെ. ദീർഘനാളായുള്ള പ്രക്ഷോഭങ്ങളുടെ അനന്തരഫലം. പതിനായിരക്കണക്കിനു ജനങ്ങൾ തെരുവിലിറങ്ങി തൊണ്ടപൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യം വിളിച്ചതു യാഥാർഥ്യമാകുന്നു. ..Chile, New Constitution, Gen. Augusto Pinochet, Chile Protest, Manorama Online, Manorama News
വലിയൊരു സ്വപ്ന സാക്ഷാത്കാരത്തിന്റെ അരികിലാണു ചിലെ. ദീർഘനാളായുള്ള പ്രക്ഷോഭങ്ങളുടെ അനന്തരഫലം. പതിനായിരക്കണക്കിനു ജനങ്ങൾ തെരുവിലിറങ്ങി തൊണ്ടപൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യം വിളിച്ചതു യാഥാർഥ്യമാകുന്നു. ..Chile, New Constitution, Gen. Augusto Pinochet, Chile Protest, Manorama Online, Manorama News
വലിയൊരു സ്വപ്ന സാക്ഷാത്കാരത്തിന്റെ തൊട്ടരികെയാണു ചിലെ. ദീർഘനാളായുള്ള പ്രക്ഷോഭങ്ങളുടെ അനന്തരഫലം. പതിനായിരക്കണക്കിനു ജനം തെരുവിലിറങ്ങി തൊണ്ടപൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യം വിളിച്ചതു യാഥാർഥ്യമാകുന്നു. തെക്കേ അമേരിക്കൻ രാജ്യമായ ചിലെയിലെ ജനാഭിലാഷപ്രകാരം ഭരണഘടന തിരുത്തപ്പെടുന്നു. സ്വേച്ഛാധിപത്യത്തിന്റെ കറകഴുകി മനുഷ്യത്വപൂർണമായ ഭരണഘടനയ്ക്കു വോട്ടു ചെയ്ത സന്തോഷത്തിലാണു ചിലെ ജനത.
മെട്രോ റെയിൽ നിരക്കിൽ വർധന വരുത്തിയതിന് എതിരായ ചെറിയ പ്രതിഷേധമാണു ചിലെയെ പിടിച്ചുകുലുക്കിയ വൻ പ്രക്ഷോഭമായി പിന്നീട് മാറിയത്. ഉയർന്ന വേതനം, പെൻഷൻ, മികച്ച ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾ ലക്ഷക്കണക്കിനു പ്രകടനക്കാർ മുന്നോട്ടുവച്ചു. പതുക്കെ ആ ചെറു സമരം വൻ പ്രസ്ഥാനമായി, പ്രധാന മുദ്രാവാക്യം ഇതായിരുന്നു: ചിലെയുടെ ഭരണഘടന മാറ്റുക! കൂറ്റൻ പ്രകടനങ്ങൾ പ്രകമ്പനം കൊള്ളിച്ച് ഒരു വർഷത്തിനിപ്പുറം ഇക്കഴിഞ്ഞ ഞായറാഴ്ചയാണു ഭരണഘടനാ മാറ്റത്തിനുള്ള ഹിതപരിശോധനയിൽ രാജ്യം വോട്ട് ചെയ്തത്.
പ്രാഥമിക ഫലസൂചന പ്രകാരം 78 ശതമാനത്തിലേറെ പേർ പുതിയ ഭരണഘടന വേണമെന്നതിന് അനുകൂലമായി വോട്ട് ചെയ്തു. ഹിതപരിശോധനാ ഫലത്തെ പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേര സ്വാഗതം ചെയ്തു. ‘‘ജനാധിപത്യത്തിന്റെ ഈ വിജയം നമ്മളിൽ സന്തോഷവും പ്രത്യാശയും നിറയ്ക്കണം. ഇതുവരെ, ഭരണഘടന നമ്മെ ഭിന്നിപ്പിച്ചു. ഇനി നാമെല്ലാവരും സഹകരിക്കണം. പുതിയ ഭരണഘടന ഐക്യത്തിന്റെയും സ്ഥിരതയുടെയും ഭാവിയുടെയും വലിയ അടയാളമാകും.’’– പിനേര അഭിപ്രായപ്പെട്ടതിങ്ങനെ.
∙ വിശ്വസിച്ച അലൻഡെയുടെ ജീവനെടുത്ത പിനോഷെ
ചിലെയുടെ നാലു പതിറ്റാണ്ട് പഴക്കമുള്ള ഇപ്പോഴത്തെ ഭരണഘടന ജനറൽ അഗസ്റ്റോ പിനോഷെയുടെ സൈനിക സ്വേച്ഛാധിപത്യ കാലത്തു തയാറാക്കിയതാണ്. ഇതിനു നിയമസാധുതയില്ലെന്നും രാജ്യത്തെ ചരിത്രത്തിലെ ഇരുണ്ടതും അക്രമാസക്തവുമായ കാലഘട്ടത്തിലേക്കു പിൻനടത്തിക്കാൻ മാത്രമേ ഇതിടയാക്കിയുള്ളൂവെന്നും സമരക്കാർ ചൂണ്ടിക്കാട്ടുന്നു. പിനോഷെ ഭരണത്തിലെ രാഷ്ട്രീയ അതിക്രമത്തിൽ ആയിരക്കണക്കിനു പേരാണ് മരിച്ചത്.
1915 നവംബർ 25ന് ചിലെയിലെ തുറമുഖ നഗരമായ വൽപരൈസോയിൽ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ മകനായാണ് അഗസ്റ്റോ പിനോഷെ ഉഗാർട്ടെയുടെ ജനനം. അമ്മയാണു സൈനിക ജീവിതത്തിലേക്ക് തള്ളിവിട്ടത്. രാഷ്ട്രീയക്കാരന്റെ മകളായ ഭാര്യ ലൂസിയ, പിനോഷെയുടെ അഭിലാഷങ്ങളെ പ്രോത്സാഹിപ്പിച്ചു. അച്ചടക്കമുള്ള സൈനികനായി സേവനം ചെയ്ത അദ്ദേഹം 1950കളിൽ രാഷ്ട്രീയ പോരാട്ടങ്ങളുടെയും ഭാഗമായി. ചിലെയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ അടിച്ചമർത്തലിനു നേതൃത്വം നൽകി. 1970 കളുടെ തുടക്കത്തിൽ സാൽവദോർ അലൻഡെയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ പോപ്പുലർ യൂണിറ്റി സർക്കാരിന്റെ കീഴിൽ ജനറൽ പദവിയിലേക്ക് ഉയർത്തപ്പെട്ടു.
പിനോഷെയെ വിശ്വസിക്കാമെന്ന ചിന്തയിൽ 1973 ജൂണിൽ പ്രസിഡന്റ് അലൻഡെ സൈന്യത്തിന്റെ കമാൻഡർ-ഇൻ-ചീഫ് ആക്കി. തന്റെ തീരുമാനം ഭീമാബദ്ധമാണെന്ന് ഏതാനും മാസത്തിനകം അലൻഡെ തിരിച്ചറിഞ്ഞു. സെപ്റ്റംബറിൽ, ചിലെയുടെ സായുധസേനയെ പ്രതിനിധീകരിച്ചുള്ള സൈനിക ഭരണകൂടത്തിന് നേതൃത്വം നൽകിയ പിനോഷെയുടെ അട്ടിമറിയിൽ അലൻഡെയ്ക്കു നഷ്ടമായത് സ്വന്തം ജീവൻ. അലൻഡെ സർക്കാരിനെ പിന്തുണച്ച മൂവായിരത്തിലധികം അനുയായികളും കൊല്ലപ്പെട്ടു. ആയിരക്കണക്കിനു പേര്‍ പീഡിപ്പിക്കാനിടയായതിനും നിരവധിപ്പേരെ നാടുകടത്തിയതിനും ഉത്തരവിട്ടതു പിനോഷെയായിരുന്നു.
∙ പാർലമെന്റ് പൂട്ടി, സ്വയം പ്രസിഡന്റായി
പാർലമെന്റ് അടച്ചുപൂട്ടിയ അദ്ദേഹം, എല്ലാ രാഷ്ട്രീയ, ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളും നിരോധിച്ചു. 1974ൽ സ്വയം പ്രസിഡന്റായി. കമ്യൂണിസത്തിന്റെ ഭീഷണികളിൽനിന്നും രാജ്യത്തെ രക്ഷപ്പെടുത്തിയ ദേശസ്നേഹി എന്ന പരിവേഷത്തിന്റെ മറവിൽ തന്റെ ചെയ്തികളെയെല്ലാം പ്രതിരോധിച്ചു. രാജ്യ സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കപ്പെട്ടപ്പോൾ പിനോഷെയുടെ നിലപാടിനെ കുറെപ്പേരെങ്കിലും പിന്തുണച്ചു. എങ്കിലും തനിക്കെതിരെ ഭിന്നാഭിപ്രായം ഉണ്ടെന്ന തിരിച്ചറിവിൽ, സൈനിക സർക്കാരിന്റെ ഭരണഘടന പ്രകാരം തുടർഭരണത്തെക്കുറിച്ച് അറിയാൻ 1988ൽ ഹിതപരിശോധന നടത്തി. അതു സിവിലിയൻ സർക്കാരിന്റെ മടങ്ങിവരവിനു വഴിയൊരുക്കി.
മനസ്സില്ലാമനസ്സോടെ 1990ൽ പിനോഷെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു. സൈന്യത്തിന്റെ കമാൻഡർ-ഇൻ-ചീഫ് ആയി തുടർന്നു, 1998 ൽ ആ സ്ഥാനവും ഉപേക്ഷിച്ചു. അടുത്ത ദിവസം തന്നെ സെനറ്ററുമായി. ഒറ്റ കുറ്റകൃത്യത്തിലും ശിക്ഷിക്കപ്പെടാതെ രക്ഷപ്പെട്ട പിനോഷെ, 2006 ൽ 91–ാം വയസ്സിലാണ് അന്തരിച്ചത്. പിന്നിട്ട ഞായറാഴ്ച വൈകിട്ട് രാജ്യ തലസ്ഥാനമായ സാന്തിയാഗോയിലെ പ്ലാസ ഇറ്റാലിയയിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ കൈകളിലെ ബാനറുകളിൽ എഴുതിയത് ഇതായിരുന്നു: ‘വിട, ജനറൽ’. ലാറ്റിനമേരിക്കയിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിൽ ഒന്നെന്നു ലോകബാങ്ക് വിശേഷിപ്പിക്കുന്ന ചിലെ, സമ്പന്നർക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം.
വരുമാന അസമത്വം നീതികരിക്കാനാകാത്ത നിലയിലെത്തി. രാജ്യത്തു സാമ്പത്തിക അസമത്വം, ജീവിതച്ചെലവ്, കടം എന്നിവ വർധിക്കുന്നതിൽ ചിലെയൻ ജനത രോഷാകുലരായതോടെ കഴിഞ്ഞ ഒക്ടോബറിലാണു പ്രക്ഷോഭത്തിനു തിരികൊളുത്തപ്പെട്ടത്. കലാപവും കൊള്ളയും മൂലം രാജ്യത്തിന്റെ ബിസിനസുകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും കോടിക്കണക്കിനു ഡോളറിന്റെ നാശനഷ്ടമുണ്ടായി. പ്രതിഷേധം രൂക്ഷമായപ്പോൾ, പിനോഷെയുടെ ഭരണത്തിനുശേഷം ആദ്യമായി ജനതയെ നിലയ്ക്കുനിർത്താൻ സൈന്യവും തെരുവിലിറങ്ങി.
∙ അതിജീവിച്ചു, പൗരത്വവും ജനാധിപത്യവും
ഹിതപരിശോധനയിൽ അംഗീകരിക്കപ്പെട്ട പിനോഷെയുടെ ഭരണഘടനാ മാറ്റങ്ങൾ ചിലെയുടെ ചരിത്രത്തിലെ ഭീകരമായ അധ്യായത്തിലേക്കുള്ള വഴിയായിരുന്നു. കഴിഞ്ഞ വർഷത്തെ പ്രതിഷേധ സമയം വരെ പുതിയ ഭരണഘടന എന്ന ആശയം ആരുടെയും അജൻഡയിൽ ഇല്ലായിരുന്നെന്നു രാഷ്ട്രീയ വിദഗ്ധയും ഗവേഷണ കേന്ദ്രമായ എസ്പേഷ്യോ പബ്ലിക്കോയിലെ ബോർഡ് അംഗവുമായ ലൂസിയ ഡമ്മർട്ട് പറഞ്ഞു. ‘‘ഞങ്ങൾ ഇപ്പോൾ പുതിയ ഭരണഘടനയെക്കുറിച്ച് ചർച്ച ചെയ്യുന്നത് സാമൂഹിക മുന്നേറ്റത്തിന്റെ കൂടി വിജയമാണ്’’– ലൂസിയ വ്യക്തമാക്കി.
ഏപ്രിലിലാണു ഹിതപരിശോധന നിശ്ചയിച്ചിരുന്നത്. എന്നാൽ കോവിഡിനെ തുടർന്നു രാജ്യം ലോക്ഡൗണിലായതിനാൽ വോട്ടെടുപ്പ് മാറ്റി. സാന്തിയാഗോ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ക്രമേണ തുറന്നതോടെ ഹിതപരിശോധനയ്ക്കായി വോട്ടർമാർ ഒഴുകിയെത്തി. ഈ സുദിനം ആഘോഷിക്കാൻ ആയിരക്കണക്കിന് ആളുകളാണു പ്ലാസ ഇറ്റാലിയയിലേക്ക് എത്തിയത്. മുദ്രാവാക്യം വിളിച്ചും പതാക വീശിയും നൃത്തം ചെയ്തും പടക്കം പൊട്ടിച്ചും പ്രതിഷേധക്കാർ സന്തോഷം പങ്കിട്ടു.
‘വിട, ജനറൽ. നിങ്ങളുടെ പൈതൃകം മായ്‌ക്കുന്നതാണു ഞങ്ങളുടെ പൈതൃകം’ തുടങ്ങിയ സന്ദേശങ്ങളോടെയാണ് സമരക്കാർ പിനോഷെയെ ഓർമിച്ചത്. ‘ഇന്ന്, പൗരത്വവും ജനാധിപത്യവും അതിജീവിച്ചിരിക്കുന്നു. അക്രമത്തിനു മുകളിൽ സമാധാനം മുൻകൈ നേടുന്നു. ഇത് ചിലെയിലെ എല്ലാവരുടെയും വിജയമാണ്’– പ്രസിഡന്റ് പിനേര പറഞ്ഞു. രാജ്യമെമ്പാടും മാസ്കണിഞ്ഞ്, ശാന്തരായാണു ജനം മാറ്റത്തിനു വോട്ട് ചെയ്യാൻ വരിനിന്നത്.
∙ ആ വിഭവങ്ങൾ ഉപയോഗിക്കാത്തതെന്ത്?
1990ൽ ജനാധിപത്യത്തിലേക്ക് മാറിയശേഷം, ഭരണഘടനയുടെ ഭാഗമായി രൂപപ്പെടുത്തിയ വിപണിസൗഹൃദ ബിസിനസ് അന്തരീക്ഷം രാജ്യത്തിലേക്കു വിദേശ നിക്ഷേപം ആകർഷിച്ചു. രാജ്യം വേഗത്തിലും സ്ഥിരതയോടെയും വളർന്നു, ദാരിദ്ര്യം കുറഞ്ഞു. പക്ഷേ, സമ്പത്തിന്റെ ഏകപക്ഷീയ സ്വരുക്കൂട്ടലിനു വഴിവച്ച ഈ ശൈലി, അസമത്വം വർധിപ്പിച്ചു. മൊത്തം വരുമാനത്തിന്റെ നാലിലൊന്നും ചിലെയുടെ ജനസംഖ്യയുടെ ഒരു ശതമാനത്തിലേക്കാണു പോകുന്നതെന്നാണു ലാറ്റിനമേരിക്കയ്ക്കായുള്ള യുഎൻ സാമ്പത്തിക കമ്മിഷൻ കഴിഞ്ഞ വർഷം കണക്കാക്കിയത്.
ജീവിതച്ചെലവ് ഉയർന്നതോടെ ജനങ്ങൾ കൂടുതലായി കടമെടുക്കാൻ തുടങ്ങി. ഗാർഹിക വരുമാനത്തിന്റെ നാലിൽ മൂന്നു ഭാഗവും കടം വീട്ടാനാണ് ഉപയോഗിക്കുന്നതെന്നു സെൻട്രൽ ബാങ്ക് കണ്ടെത്തിയതും കഴിഞ്ഞ വർഷമാണ്. പൊതുജനാരോഗ്യ സംരക്ഷണവും വിദ്യാഭ്യാസ സമ്പ്രദായവും തകർന്നു. തുച്ഛമായ പെൻഷൻ കാരണം വിരമിച്ച ശേഷവും പ്രായമേറിയ ആളുകൾ ജോലിക്കു പോകേണ്ട സാഹചര്യമായി. 66 കാരിയായ അമാലിയ ഗോമസിനു പ്രതിമാസം 125 ഡോളറാണു പെൻഷൻ.
തയ്യൽ ജോലികൾ ഉൾപ്പെടെ എടുത്താണു ജീവിതച്ചെലവിനുള്ള പണം കണ്ടെത്തുന്നത്. പുതിയ ഭരണഘടന തന്നെപ്പോലുള്ള അനേകമാളുകൾക്കു മെച്ചപ്പെട്ട ജീവിതം സമ്മാനിക്കുമെന്നും ഭാവിതലമുറയ്ക്ക് കൂടുതൽ നീതി നൽകുമെന്നും അമാലിയ കരുതുന്നു. ‘ധാതുക്കൾ, മത്സ്യം, കൃഷി എന്നിവയാൽ സമ്പന്നമായ രാജ്യമാണു നമ്മുടേത്. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വേണ്ടി ആ വിഭവങ്ങൾ ഉപയോഗിക്കാത്തത് എന്തുകൊണ്ടാണ്?’– അമാലിയ ചോദിക്കുന്നു.
∙ സമരക്കാരുടെ കാഴ്ച കളഞ്ഞ ബുള്ളറ്റുകൾ
ഹിതപരിശോധനയിലെ ചോദ്യം ഇതായിരുന്നു; പുതിയ ഭരണഘടന വേണോ, ആരാണു തയാറാക്കേണ്ടത്? പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളോ അല്ലെങ്കിൽ പ്രതിനിധികളിൽ പകുതി കോൺഗ്രസ് അംഗങ്ങളായ പരമ്പരാഗത സമിതിയോ എന്നായിരുന്നു ഉപചോദ്യം. പുതിയ ഭരണഘടന വേണമെന്നു ഭൂരിപക്ഷവും അഭിപ്രായപ്പെട്ടു. ഒപ്പം, സ്വാഭാവികമായി കോൺഗ്രസ് അംഗങ്ങൾ ഉൾപ്പെടാത്തതും പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടേതുമായ സമിതി വേണമെന്നും ജനം ആവശ്യപ്പെട്ടു.
പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനായി ഏപ്രിലിൽ തിരഞ്ഞെടുപ്പ് നടക്കും. പുതുക്കിയ ഭരണഘടന അംഗീകരിക്കണോ നിരസിക്കണോ എന്നു 2022ലെ വോട്ടെടുപ്പിലാണു തീരുമാനിക്കുക. കഴിഞ്ഞ വർഷം ‘എസ്റ്റാലിഡോ’ (സ്ഫോടനം) എന്നറിയപ്പെട്ട കടുത്ത പ്രതിഷേധത്തിനു പിന്നാലെ കോവിഡ് മഹാമാരി രാജ്യത്തെ പിടിച്ചുകുലുക്കി. 2020ൽ ഭൂരിഭാഗം പ്രകടനക്കാർക്കും തെരുവിൽനിന്നു പിൻവാങ്ങേണ്ടി വന്നു. ലോക്ഡൗൺ അയഞ്ഞതോടെ കഴിഞ്ഞ മാസത്തോടെ പ്രതിഷേധക്കാർ വീണ്ടും അണിനിരന്നു തുടങ്ങി. പ്രകടനക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിനും ഇതു കാരണമായി.
ഒക്ടോബർ രണ്ടിന് നടന്ന പ്രതിഷേധത്തിൽ, ഒരു പൊലീസുകാരൻ കൗമാരക്കാരനെ പാലത്തിൽനിന്നും സാന്തിയാഗോയിലെ മാപ്പോചോ നദിയിലേക്ക് തള്ളിയിട്ടു. ഒടിവുകളോടെ കൗമാരക്കാരൻ രക്ഷപ്പെട്ടു, കൊലപാതകശ്രമത്തിന് ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തുകയും സേനയിൽനിന്നു പുറത്താക്കുകയും ചെയ്തു. കഴിഞ്ഞ ഞായറാഴ്ച, പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായ പ്ലാസ ഇറ്റാലിയയിലേക്കു സമര വാർഷികത്തിന്റെ ഭാഗമായി പതിനായിരക്കണക്കിന് പേരെത്തി. പ്രകടനം ഏറെക്കുറെ സമാധാനപരമായിരുന്നു.
പക്ഷേ ഉച്ചകഴിഞ്ഞ് ചെറിയ സംഘങ്ങൾ, പൊലീസ് ഉപയോഗിച്ചതുൾപ്പെടെ രണ്ട് ആരാധനാലയങ്ങൾക്കു തീയിട്ടു. കഴിഞ്ഞ വർഷത്തെ പ്രകടനങ്ങൾ പലപ്പോഴും അക്രമത്തിലേക്കു നീങ്ങുകയും പൊലീസിന്റെ ക്രൂരതയ്ക്ക് ഇരയാവുകയും ചെയ്തിരുന്നു. റബർ ബുള്ളറ്റുകൾ കൊണ്ട് കണ്ണിനു കേടുപാട് സംഭവിച്ചതായി നൂറുകണക്കിന് പരാതികളുയർന്നു. 8827 മനുഷ്യാവകാശ ലംഘനങ്ങളുടെ റിപ്പോർട്ടാണു പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫിസിൽ ലഭിച്ചത്. രണ്ടു പേർക്കു പൂർണമായും കാഴ്ച നഷ്ടപ്പെട്ടു.
കഴിഞ്ഞ നവംബറിൽ ഏറ്റുമുട്ടലിൽ അഞ്ചു പേർ മരിക്കുകയും 1800 പേർക്കു പരുക്കേൽക്കുകയും ചെയ്തു. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനു സൈന്യത്തെ വിന്യസിക്കുക, അല്ലെങ്കിൽ രാജിവയ്ക്കുക എന്നു പ്രസിഡന്റ് പിനേരയ്ക്കു മുന്നിൽ വെല്ലുവിളി ഉയർന്നു. പക്ഷേ, പുതിയ ഭരണഘടനയ്ക്കുള്ള പ്രക്രിയ ആരംഭിക്കാൻ തയാറാണെന്നു പിനേര പ്രഖ്യാപിച്ചു. ഇതേച്ചൊല്ലി സ്വന്തം പാർട്ടി രണ്ടായി ചേരിതിരിഞ്ഞു.
∙ മാറ്റം തുടർക്കഥയാക്കി ചിലെ ഭരണഘടന
പിനോഷെ നിയോഗിച്ച കമ്മിഷൻ അടച്ചിട്ട മുറിയിലിരുന്നു തയാറാക്കിയ 1980ലെ ഭരണഘടന ഇതിനകം നിരവധി മാറ്റങ്ങൾക്കു വിധേയമായിട്ടുണ്ട്. 2005ൽ പ്രധാന സ്വേച്ഛാധിപത്യ വ്യവസ്ഥകളെ ഇല്ലാതാക്കിയതാണ് അവസാനത്തെ സുപ്രധാന മാറ്റം. എന്നാലും ചില അവശിഷ്ടങ്ങൾ ബാക്കിയുണ്ടെന്നും തൂത്തെറിയണമെന്നുമാണു ഹിതപരിശോധനയ്ക്കു വോട്ട് ചെയ്ത ജനക്കൂട്ടം പറയുന്നത്. ‘‘സ്വേച്ഛാധിപത്യത്തിന്റെ അധ്യായം അവസാനിപ്പിക്കണം. സൈനിക ഭരണത്തിൽ, അഭിപ്രായ സ്വാതന്ത്ര്യമില്ല, സമ്മേളിക്കാനുള്ള സ്വാതന്ത്ര്യമില്ല.’’– പ്രകടനത്തിൽ പങ്കെടുത്ത സെയിൽസ്മാൻ ഹെർനൻ ബെക്കർ പറഞ്ഞു.
രാജ്യത്തു സാമ്പത്തികവും നയപരവുമായ മാറ്റങ്ങൾക്കു വഴിയൊരുങ്ങുമെന്നാണു പ്രതിഷേധക്കാരുടെ പ്രത്യാശ. വിദ്യാഭ്യാസം, രാഷ്ട്രീയ പാർട്ടികൾ, സൈന്യം, തിരഞ്ഞെടുപ്പ് സമ്പ്രദായം, ഖനനം, ഭരണഘടനാ പരിഷ്കരണം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളുടെ അംഗീകാരത്തിനു നിലവിലെ അവസ്ഥയിൽ ഭരണഘടനാ ട്രൈബ്യൂണലിൽ വലിയ ഭൂരിപക്ഷം ആവശ്യമാണ്. ‘ചിലെയുടെ ഭരണഘടന നവലിബറൽ സ്വഭാവമുള്ളതാണ്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ തുടങ്ങിയ മേഖലകളിൽപോലും സ്വതന്ത്ര കമ്പോളത്തിനുള്ള വ്യവസ്ഥകളുണ്ട്. വിപണി സാഹചര്യങ്ങളേക്കാൾ സാമൂഹിക അവകാശങ്ങൾ ഉറപ്പുനൽകുന്ന ഭരണഘടനയാണ് വേണ്ടത്– പ്രഫ. ഫെർണാൻഡോ അട്രിയ വിശദീകരിച്ചു.
പുതിയതിനു വ്യാപകമായ പിന്തുണ ലഭിക്കുമ്പോൾത്തന്നെ, ചിലെയുടെ സാമ്പത്തിക വിജയത്തിൽ നിർണായകമായതു നിലവിലെ ഭരണഘടനയാണെന്നും മാറ്റേണ്ടതില്ലെന്നും ചെറുവിഭാഗം വാദിക്കുന്നു. ‘ഇതു സ്വാതന്ത്ര്യം ഉറപ്പ് നൽകുന്നു, ഭരണകൂടത്തിന്റെ അതിരുകടന്ന ഇടപെടലിൽനിന്നു വ്യക്തികളെ സംരക്ഷിക്കുന്നു, സ്വത്തിന്റെ സംരക്ഷണവും സാമൂഹിക അവകാശങ്ങളും ഉറപ്പുനൽകുന്നു’– ബിസിനസുകാരനും ഇൻഡിപെൻഡന്റ്സ് ഫോർ റിജക്‌ഷൻ കാംപെയ്ന്റെ പ്രധാനികളിലൊരാളുമായ ജെറാർഡോ ജോഫ്രെ പറഞ്ഞു. മുറിവുണങ്ങി ചിലെ ചിരിക്കുമോ? അതിനിനിയും കാത്തിരിക്കണം.
English Summary: ‘An End to the Chapter of Dictatorship’: Chileans Vote to Draft a New Constitution