ശിവ് സ്മാരക് വരുവോളം മാനംമുട്ടും അദ്ഭുതം; ഏകതാ ബിംബത്തിന് ഇത് രണ്ടാം വാർഷികം
ലോകത്തിലെ ഉയരം കൂടിയ പ്രതിമ, സ്വതന്ത്ര ഇന്ത്യയെ ഒന്നിപ്പിച്ച സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ സ്മരണാര്‍ഥം ന്യൂയോര്‍ക്കിലെ സ്റ്റാച്യു ഓഫ് ലിബേര്‍ട്ടിയെപ്പോലും അദ്ഭുതപ്പെടുത്തി ഇരട്ടി ഉയരത്തില്‍ നിര്‍മിച്ച കാഴ്ച വിസ്മയം- ഗുജറാത്തിലെ നര്‍മദ നദിയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു സമീപത്തെ സാധുബേട് ദ്വീപില്‍ നാലു വര്‍ഷത്തിനകം....| Statue of Unity | Sardar Valalbhai Patel | Manorama News
ലോകത്തിലെ ഉയരം കൂടിയ പ്രതിമ, സ്വതന്ത്ര ഇന്ത്യയെ ഒന്നിപ്പിച്ച സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ സ്മരണാര്‍ഥം ന്യൂയോര്‍ക്കിലെ സ്റ്റാച്യു ഓഫ് ലിബേര്‍ട്ടിയെപ്പോലും അദ്ഭുതപ്പെടുത്തി ഇരട്ടി ഉയരത്തില്‍ നിര്‍മിച്ച കാഴ്ച വിസ്മയം- ഗുജറാത്തിലെ നര്‍മദ നദിയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു സമീപത്തെ സാധുബേട് ദ്വീപില്‍ നാലു വര്‍ഷത്തിനകം....| Statue of Unity | Sardar Valalbhai Patel | Manorama News
ലോകത്തിലെ ഉയരം കൂടിയ പ്രതിമ, സ്വതന്ത്ര ഇന്ത്യയെ ഒന്നിപ്പിച്ച സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ സ്മരണാര്‍ഥം ന്യൂയോര്‍ക്കിലെ സ്റ്റാച്യു ഓഫ് ലിബേര്‍ട്ടിയെപ്പോലും അദ്ഭുതപ്പെടുത്തി ഇരട്ടി ഉയരത്തില്‍ നിര്‍മിച്ച കാഴ്ച വിസ്മയം- ഗുജറാത്തിലെ നര്‍മദ നദിയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു സമീപത്തെ സാധുബേട് ദ്വീപില്‍ നാലു വര്‍ഷത്തിനകം....| Statue of Unity | Sardar Valalbhai Patel | Manorama News
ലോകത്തിലെ ഉയരം കൂടിയ പ്രതിമ, സ്വതന്ത്ര ഇന്ത്യയെ ഒന്നിപ്പിച്ച സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ സ്മരണാര്‍ഥം ന്യൂയോര്‍ക്കിലെ സ്റ്റാച്യു ഓഫ് ലിബേര്‍ട്ടിയെപ്പോലും അദ്ഭുതപ്പെടുത്തി ഇരട്ടി ഉയരത്തില്‍ നിര്‍മിച്ച കാഴ്ച വിസ്മയം- ഗുജറാത്തിലെ നര്‍മദ നദിയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു സമീപത്തെ സാധുബേട് ദ്വീപില്‍ നാലു വര്‍ഷത്തിനകം 2989 കോടി രൂപ മുതല്‍മുടക്കില്‍ ഉയർന്ന ഏകതാ പ്രതിമയ്ക്ക് വിശേഷണങ്ങള്‍ ഏറെ.
‘ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ’ – നാനാത്വത്തില്‍ ഏകത്വം വിശേഷണമായ ഇന്ത്യയെ നാട്ടുരാജാക്കന്മാരില്‍ നിന്ന് മോചിപ്പിച്ച് വിവിധ സംസ്‌കാരങ്ങളെ സമന്വയിപ്പിച്ച് ഒരോറ്റ രാഷ്ട്രമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച സ്വാതന്ത്ര സമര സേനാനിയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ സര്‍ദാര്‍ വല്ലഭായ് പട്ടേലിനു ഇതിലും വലിയ വിശേഷണം വേണ്ട. അതുപോലെ ഉരുക്കിൽ ഉയർന്ന ഒരു വിസ്മയമാണ് 182 മീറ്ററുള്ള ഏകതാ പ്രതിമയും. പട്ടേലിന്റെ 145ാം ജന്മദിനമായ ഒക്ടോബര്‍ 31ന് ഏകതാ പ്രതിമ രാജ്യത്തിനു തുറന്നു കൊടുത്തിട്ടു രണ്ടു വര്‍ഷം തികയും.
മോദി സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതി
നരേന്ദ്ര മോദി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയെന്നു തന്നെ ഏകതാ പ്രതിമയെ വിശേഷിപ്പിക്കാം. 2010 ഒക്ടോബര്‍ 7നാണ് ഈ പദ്ധതി ആദ്യമായി പ്രഖ്യാപിക്കുന്നത്. തുടര്‍ന്ന് 2013 ഒക്ടോബര്‍ 31ാം തീയതി അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദി തന്നെ നിര്‍മാണത്തിന് തറക്കല്ലിട്ടു. 2012-13 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ ഗുജറാത്ത് സര്‍ക്കാര്‍ ഇതിനായി 100 കോടി രൂപ അനുവദിച്ചിരുന്നു. പ്രമുഖ ശില്‍പി റാം വി സുതര്‍ രൂപകല്‍പനയും സര്‍ദാര്‍ സരോവര്‍ നര്‍മദാ നിഗം ലിമിറ്റഡും ലാന്‍സര്‍ ആൻഡ് ടൂബ്രോ നിര്‍മാണക്കമ്പനിയും ചേര്‍ന്നാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 2018ല്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 143ാം ജന്മദിനത്തില്‍ അദ്ദേഹത്തോടുള്ള സ്മരണാര്‍ഥം രാജ്യം ഏകതാ ദിനമായി ആചരിക്കുന്ന ഒക്ടോബര്‍ 31നാണ് ഏകതാ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ചത്.
നര്‍മദാ തീരത്തുയര്‍ന്ന ഐക്യാദ്ഭുതം
ഗുജറാത്തിലെ നര്‍മദ നദിയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു സമീപത്തെ സാധുബേട് ദ്വീപിലാണ് ആകെ 240 മീറ്റര്‍(പ്രതിമയുടെ ബേസ് ഉള്‍പ്പെടെ)ഉയരമുള്ള പ്രതിമയുടെ സ്ഥാനം. 33,000 ടണ്‍ ഉരുക്കാണ് ഉരുക്കുമനുഷ്യന്‌റെ ശില്‍പത്തിന്‌റെ നിര്‍മാണത്തിനായി ഉപയോഗിച്ചത്. ഉരുക്കുകൊണ്ടുള്ള ഘടനയില്‍ പ്രബലിത സിമന്റ് കോണ്‍ക്രീറ്റ് ഉപയോഗിച്ചാണ് പ്രതിമയുടെ നിർമാണം. പുറമെ വെങ്കലംകൊണ്ട് പൊതിഞ്ഞിരിക്കുന്നു. പ്രതിമയിലെ വെങ്കലപാളികള്‍ ഉറപ്പിക്കാന്‍ 200 ചൈനീസ് വിദഗ്ധരാണ് എത്തിയത്. പ്രതിമയുടെ മേല്‍നോട്ടച്ചുമതല സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാഷ്ട്രീയ ഏക്താ ട്രസ്റ്റ് സൊസൈറ്റിക്കാണ്.
182 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രതിമ നാലു വര്‍ഷം(33 മാസം) മാത്രമെടുത്താണ് പൂര്‍ത്തിയാക്കിയത്. ഇത്രയും ചെറിയ കാലയളവില്‍ പൂര്‍ത്തിയാക്കുന്ന ഏറ്റവും വലിയ ശില്‍പമെന്ന റെക്കോര്‍ഡും ഇതിലൂടെ ഏകതാ പ്രതിമയ്ക്ക് സ്വന്തമായി. 2008 ല്‍ പൂര്‍ത്തിയായ 128 മീറ്റര്‍ ഉയരമുള്ള ചൈനയിലെ സ്പ്രിംങ് ടെമ്പിൾ ബുദ്ധ നിര്‍മിക്കാന്‍ 11 വര്‍ഷമാണ് എടുത്തത്. ഏകതാ പ്രതിമ കഴിഞ്ഞാല്‍ ഇപ്പോള്‍ ലോകത്തെ ഉയരം കൂടിയ പ്രതിമയും ഇതുതന്നെ.
വന്‍ ടൂറിസം പദ്ധതി ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ പണികഴിപ്പിച്ച സ്റ്റാച്യൂ ഓഫ് യൂണിറ്റി ഒരു സ്മാരക ശില മാത്രമല്ല. പട്ടേല്‍ സ്മാരക പൂന്തോട്ടം, സാധു ദ്വീപും നര്‍മദാ നദിക്കരയുമായി ബന്ധപ്പെടുത്തുന്ന പാലം, മ്യൂസിയം, അഞ്ചു കിലോമീറ്റര്‍ റോഡ്, ഭരണനിര്‍വഹണ കേന്ദ്രം തുടങ്ങിയവയും ഇതിന്റെ മറ്റു പ്രധാന ആകര്‍ഷണങ്ങളാണ്. പ്രതിമയ്ക്കുള്ളില്‍ നിരവധി ഓഫിസുകളുണ്ട്. ലിഫ്റ്റില്‍ പ്രതിമയുടെ ഹൃദയഭാഗത്ത് എത്തിയാല്‍ കാഴ്ചകള്‍ കാണാന്‍ വിശാലമായി ഗ്യാലറിയുണ്ട്. 200 പേര്‍ക്ക് ഒരോ സമയം ഗ്യാലറിയില്‍ നില്‍ക്കാം. കൂടാതെ പട്ടേലിന്‌റെ ജീവിത മുഹൂര്‍ത്തങ്ങൾ ഉള്‍ക്കൊള്ളിച്ചുള്ള ലേസര്‍ ലൈറ്റ്- സൗണ്ട് ഷോ, 500 അടി ഉയരത്തില്‍ നിന്നു സര്‍ദാര്‍ സരോവര്‍ അണക്കെട്ട് കാണാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്.
ഇതിനു പുറമേ ഏകതാ പ്രതിമയുമായി ബന്ധപ്പെട്ട പുതിയ ടൂറിസം പദ്ധതികള്‍ക്കായി ഗുജറാത്ത് സര്‍ക്കാര്‍ മാലദ്വീപില്‍ നിന്ന് ഇരട്ട എന്‍ജിന്‍ ജലവിമാനവും ഇറക്കുമതി ചെയ്തിട്ടുണ്ട്. സബര്‍മതി തീരത്തു നിന്ന് ഏകതാ പ്രതിമയുടെ സമീപത്തേക്കും തിരിച്ചും സഞ്ചാരികളെ എത്തിക്കാനാണ് ജലവിമാനം എത്തിച്ചിരിക്കുന്നത്.
ഇതിനു പുറമേ പുതുതായി 17 ഏക്കര്‍ വിസ്തൃതിയിൽ ആരോഗ്യ വനപദ്ധതിയും ഏകതാ പ്രതിമയ്ക്കു സമീപം പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു. ഗുജറാത്ത് വനം വകുപ്പിന്റെ കീഴിൽ നിർമിച്ച ആരോഗ്യവനത്തില്‍ 380 വ്യത്യസ്ത ഇനത്തില്‍പ്പെട്ട അഞ്ചുലക്ഷത്തോളം സസ്യങ്ങളുണ്ട്. ശാന്തിഗിരി വെല്‍നസ് സെന്റര്‍ എന്ന പേരിലുള്ള പാരമ്പര്യ ചികിത്സാ കേന്ദ്രമാണ് മറ്റൊരാകർഷണം. ആയുര്‍വേദം, സിദ്ധ, പഞ്ചകര്‍മ്മ, യോഗ എന്നിവ അടിസ്ഥാനമാക്കിയുള്ള ആരോഗ്യ ക്ഷേമ കേന്ദ്രമായ ആരോഗ്യ കുടീരം പദ്ധതിയുടെ ഭാഗമാണിത്.
വിവാദങ്ങൾ ഉയർത്തിയ പ്രതിമ
ഏകതാ പ്രതിമയുടെ നിര്‍മാണത്തിലൂടെ വിവിധ കോണുകളിൽ നിന്ന് കനത്ത പ്രതിഷേധവും മോദി സര്‍ക്കാരിനു നേരെ ഉയർന്നിരുന്നു. അതില്‍ പ്രധാനം ഗുജറാത്തിലെ കര്‍ഷകര്‍ ഉയര്‍ത്തിയ പ്രതിഷേധമായിരുന്നു. കര്‍ഷകര്‍ വന്‍ സാമ്പത്തിക പ്രതിസന്ധയിലൂടെ കടന്നു പോകുമ്പോഴാണ് കോടികള്‍ മുതല്‍മുടക്കില്‍ സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു ശില്‍പം നിര്‍മിക്കുന്നത് എന്ന വാദമാണ് ഉയർന്നത്. ഇതിനു പുറമേ രാഷ്ട്രീയമായ വിമര്‍ശനങ്ങളും ഉയർന്നു. പട്ടേലിന്‌റെ പ്രതിമ ഉയരുമ്പോള്‍ 1948 ല്‍ അദ്ദേഹം ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ ആര്‍എസ്എസ്സിനെ നിരോധിച്ച ഉത്തരവു കൂടി പ്രതിമയ്ക്കൊപ്പം വയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതും വിവാദമായി.
പട്ടേലിന് എന്നും ആര്‍എസ്എസ്സിനോടു മൃദുസമീപനം ഉണ്ടായിരുന്നെന്നും അതിനാലാണ് മറ്റു സ്വാതന്ത്ര സമരനേതാക്കളേക്കാൾ പട്ടേലിന് ബിജെപി പാധാന്യം നല്‍കുന്നതെന്നും ഇതിനിടെ വാദം ഉയർന്നു. 1948 ല്‍ ഗാന്ധി വധത്തെ തുടര്‍ന്ന് ആര്‍എസ്എസ്സിനെ പട്ടേല്‍ നിരോധിച്ചെങ്കിലും പിന്നീട് ആ നിരോധനം മാറ്റിയതിനൊപ്പം ആര്‍എസ്എസ്സുകാര്‍ക്ക് കോണ്‍ഗ്രസില്‍ അംഗത്വം എടുക്കാമെന്ന നിലപാടും പട്ടേല്‍ സ്വീകരിച്ചിരുന്നു. ഉയര്‍ത്തിക്കാട്ടാന്‍ നേതാക്കള്‍ ഇല്ലാത്തതിനാലാണ് പട്ടേലിന്റെ പ്രതിമ ബിജെപി നിര്‍മിക്കുന്നതെന്നും ആരോപണങ്ങള്‍ ഉയർന്നു. പട്ടേലിനെ ഉയർത്തിക്കാട്ടുന്നതിലൂടെ നെഹ്റുവിനെ എതിർക്കുകയെന്ന ലക്ഷ്യവും ബിജെപിക്കുണ്ടെന്നും ആരോപണമുണ്ടായി.
ഇതിനെല്ലാം പുറമേ ജനത്തിനു തുറന്നു നല്‍കി ഒരു വര്‍ഷമായപ്പോഴേക്കും കോടികള്‍ മുടക്കി നിര്‍മിച്ച പ്രതിമ ചോരുന്നതായും വാര്‍ത്തകള്‍ പുറത്തുവന്നു. പ്രതിമയുടെ സന്ദർശക ഗ്യാലറിയില്‍ മഴവെള്ളം കെട്ടിക്കിടക്കുന്ന വിഡിയോ സന്ദര്‍ശകര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തിരുന്നു. എന്നാല്‍ ഗ്യാലറിയിലെ ഗ്രില്ലിലൂടെ മഴവെള്ളം കയറിയതാണെന്നും ചോര്‍ച്ചയല്ലെന്നും കാട്ടി അധികൃതര്‍ രംഗത്തുവന്നു. കൂടാതെ വന്യജിവി സംരക്ഷണ ചട്ടം ലംഘിച്ചാണ് പ്രതിമാ സമുച്ചയം നിര്‍മിച്ചതെന്ന ഉള്‍പ്പെടെയുള്ള നിരവധി പരാതികളും ഉയർന്നു.
ഏകതാ പ്രതിമയിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്‌റെ ഭാഗമായി നിര്‍മിച്ച സുവോളജിക്കല്‍ പാര്‍ക്കില്‍ കൊണ്ടുവന്ന മൃഗങ്ങള്‍ ചത്തൊടുങ്ങിയതിനെ കുറിച്ചും വാർത്തകളുണ്ടായി. വിനോദ സഞ്ചാരത്തിന്‌റെ ഭാഗമായി ജലവിമാന സര്‍വീസ് തുടങ്ങുന്നതിനായി 300 ഓളം മുതലകളെ ഇവിടെനിന്നും മാറ്റിയതും വിവാദത്തിനിടയാക്കി. ഇതിനെല്ലാം പുറമേ കോവിഡ് മഹാമാരിയെ നേരിടുന്നതിനായി പണം കണ്ടെത്തുന്നതിന്‌റെ ഭാഗമായി 30,000 കോടി രൂപയ്ക്ക് ഏകതാ പ്രതിമ വില്‍ക്കാനുണ്ടെന്ന് ഒഎല്‍എക്‌സില്‍ പരസ്യം നൽകിയതും വിവാദമായി.
രാജ്യത്തിന്റെ ഐക്യത്തിനായി പ്രവർത്തിച്ച ധീരനായ സ്വാതന്ത്ര സമരസേനാനിക്ക് ആദരസൂചകമായി പണികഴിപ്പിച്ച ശിൽപം എന്ന നിലയിൽ ഏകതാ പ്രതിമയെ രാജ്യം ആദരിക്കുന്നു. അതിനൊപ്പം വിനോദസഞ്ചാര സാധ്യതകൾ വിപുലീകരിക്കുന്നതിനായി ഗുജറാത്ത് സർക്കാരും നിരവധി പദ്ധതികളും ആസൂത്രണം ചെയ്യുന്നു. ഏകതാ പ്രതിമയ്ക്കു രണ്ടു വർഷം പൂർത്തിയാകുമ്പോൾ മുംബൈയിൽ അറബിക്കടലിൽ 3826 കോടി മുതൽമുടക്കിൽ ഉയരുന്ന, ഛത്രപതി ശിവജിയുടെ ഓർമകൾ നിറയ്ക്കുന്ന ശിവ് സ്മാരക് എന്ന പ്രതിമയാണ് പുതിയ ശ്രദ്ധാകേന്ദ്രം. 413 അടി വലിപ്പത്തിൽ ശിവ് സ്മാരക് ഉയരുന്നതോടെ ഏകതാ പ്രതിമ രണ്ടാം സ്ഥാനത്താകും. അതോടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ട് സ്മാരക ശിലകൾ ഇന്ത്യയ്ക്കുമാത്രം സ്വന്തമാകും.
English Summary : Second Anniversary of Statue of Unity; National Unity Day to mark 145th birth anniversary of Sardar Vallabhbhai Patel