വായുമലിനീകരണം രൂക്ഷം: ഡൽഹിയിൽ പടക്ക വിൽപ്പനയ്ക്കും ഉപയോഗത്തിനും വിലക്ക്
Mail This Article
ന്യൂഡൽഹി∙ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും പടക്ക വിൽപ്പനയും ഉപയോഗവും നവംബർ 30 വരെ നിരോധിച്ചു. ദേശീയ ഹരിത ട്രൈബ്യൂണലാണ് സമ്പൂർണ നിരോധനം ഏർപ്പെടുത്തിയത്. വായുമലിനീകരണം രൂക്ഷമായിരിക്കുന്ന അവസ്ഥയിലാണ് ഈ നീക്കം.
ഹരിത വിഭാഗത്തിലുള്ള പടക്കങ്ങൾ (കുറഞ്ഞ വായുമലിനീകരണത്തിനു കാരണമാകുന്നവ) വായു ഗുണനിലവാരം ‘മോഡറേറ്റ്’ അല്ലെങ്കിൽ അതിലും താഴ്ന്ന നിലയിലുള്ള നഗരങ്ങളിലും ടൗണുകളിലും മാത്രമായി ഉപയോഗിക്കാമെന്നും ഉത്തരവിൽ പറയുന്നു.
ദീപാവലി, ഛാട്ട്, പുതുവർഷാരംഭം, ക്രിസ്മസ് തലേന്ന് തുടങ്ങിയ ആഘോഷദിവസങ്ങളിൽ പടക്കങ്ങളുടെ ഉപയോഗ സമയം രണ്ടുമണിക്കൂറായി ചുരുക്കിയിട്ടുണ്ട്. സമയം സംസ്ഥാനങ്ങൾക്കു തീരുമാനിക്കാം. ഇനി സംസ്ഥാനങ്ങൾ സമയം തീരുമാനിച്ചില്ലെങ്കിൽ ദീപാവലി, ഗുരുപുർബ് ദിവസങ്ങളിൽ രാത്രി 8–10 വരെയും ഛാട്ടിന് പുലർച്ചെ 6–8 വരെയും ക്രിസ്മസ്, പുതുവർഷ ദിനങ്ങളിൽ അർധരാത്രി 11.55 – 12.30 വരെയും പടക്കം ഉപയോഗിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
രാജ്യതലസ്ഥാനത്തെ വായുഗുണനിലവാരം ഭീതിപ്പെടുത്തുന്ന നിലയിലേക്കു പോയിരിക്കുകയാണ്. തിങ്കളാഴ്ച ആനന്ദവിഹാറിൽ എയർ ക്വാളിറ്റി ഇൻഡെക്സ് 484 ആണ് രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളിലെ ഏറ്റവും മലിനീകരിക്കപ്പെട്ട റീഡിങ് ആണിത്.
English Summary: No Firecrackers in Delhi-NCR Till November 30 as Capital Chokes on Poor Quality Air