ആഗ്രഹിക്കുമ്പോഴൊക്കെ അധികാരം കിട്ടുക എന്ന അനുഗ്രഹം ലഭിച്ചിട്ടുള്ള ആളാണ് നിതീഷ് കുമാർ! അല്ലെങ്കിൽ നോക്കൂ, ഇത്തവണ ബിജെപിയുടെ പകുതി സീറ്റുകളേ നിതീഷിന്റെ ജെഡിയുവിനു കിട്ടിയെന്നു വരൂ. എന്നിട്ടും ബിജെപി പറയുന്നു, മുഖ്യമന്ത്രി നിതീഷ് തന്നെ. ഫലം എപ്പോൾ വേണമെങ്കിലും മാറിമറിയാവുന്ന അവസ്ഥയിൽ നിൽക്കുകയാണെങ്കിലും എൻഡിഎ...Bihar Election, Nitish Kumar

ആഗ്രഹിക്കുമ്പോഴൊക്കെ അധികാരം കിട്ടുക എന്ന അനുഗ്രഹം ലഭിച്ചിട്ടുള്ള ആളാണ് നിതീഷ് കുമാർ! അല്ലെങ്കിൽ നോക്കൂ, ഇത്തവണ ബിജെപിയുടെ പകുതി സീറ്റുകളേ നിതീഷിന്റെ ജെഡിയുവിനു കിട്ടിയെന്നു വരൂ. എന്നിട്ടും ബിജെപി പറയുന്നു, മുഖ്യമന്ത്രി നിതീഷ് തന്നെ. ഫലം എപ്പോൾ വേണമെങ്കിലും മാറിമറിയാവുന്ന അവസ്ഥയിൽ നിൽക്കുകയാണെങ്കിലും എൻഡിഎ...Bihar Election, Nitish Kumar

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഗ്രഹിക്കുമ്പോഴൊക്കെ അധികാരം കിട്ടുക എന്ന അനുഗ്രഹം ലഭിച്ചിട്ടുള്ള ആളാണ് നിതീഷ് കുമാർ! അല്ലെങ്കിൽ നോക്കൂ, ഇത്തവണ ബിജെപിയുടെ പകുതി സീറ്റുകളേ നിതീഷിന്റെ ജെഡിയുവിനു കിട്ടിയെന്നു വരൂ. എന്നിട്ടും ബിജെപി പറയുന്നു, മുഖ്യമന്ത്രി നിതീഷ് തന്നെ. ഫലം എപ്പോൾ വേണമെങ്കിലും മാറിമറിയാവുന്ന അവസ്ഥയിൽ നിൽക്കുകയാണെങ്കിലും എൻഡിഎ...Bihar Election, Nitish Kumar

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഗ്രഹിക്കുമ്പോഴൊക്കെ അധികാരം കിട്ടുക എന്ന അനുഗ്രഹം ലഭിച്ചിട്ടുള്ള ആളാണ് നിതീഷ് കുമാർ!

അല്ലെങ്കിൽ നോക്കൂ, ഇത്തവണ ബിജെപിയുടെ പകുതി സീറ്റുകളേ നിതീഷിന്റെ ജെഡിയുവിനു കിട്ടിയെന്നു വരൂ. എന്നിട്ടും ബിജെപി പറയുന്നു, മുഖ്യമന്ത്രി നിതീഷ് തന്നെ. ഫലം എപ്പോൾ വേണമെങ്കിലും മാറിമറിയാവുന്ന അവസ്ഥയിൽ നിൽക്കുകയാണെങ്കിലും എൻഡിഎ കടന്നുകൂടുന്ന ലക്ഷണമാണ് ഇപ്പോൾ കാണുന്നത്. എങ്കിൽ, നിതീഷ് ആറാം തവണയും മുഖ്യമന്ത്രിയാകും.

ADVERTISEMENT

ചോദ്യം സത്യത്തിൽ അതല്ല. എത്ര കാലത്തേക്ക് മുഖ്യമന്ത്രി സ്ഥാനത്ത് നിതീഷ് ഉണ്ടാകുമെന്നതാണ്! കാരണം, ബിഹാറിൽ ബിജെപിയുടെ ഒരു ഗ്രാൻഡ് ഡിസൈൻ ആണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്: നിതീഷിനെ ഒതുക്കുക, സംസ്ഥാനത്ത് ഏറ്റവും വലിയ കക്ഷിയാകുക.

എൻഡിഎ വിട്ടുപോയ ചിരാഗ് പാസ്വാന്റെ എൽജെപിയെ പിടിച്ചുനിർത്താനോ തിരിച്ചുകൊണ്ടുവരാനോ ബിജെപി കാര്യമായി ശ്രമിച്ചില്ലെന്നതു ശ്രദ്ധിക്കണം. അതിലൂടെ രണ്ടു കാര്യങ്ങൾ ബിജെപി ഉറപ്പാക്കി. 1. നിതീഷിനെ ദുർബലമാക്കുക. 2. ഭരണവിരുദ്ധ വോട്ടുകൾ വിഭജിക്കുക.

ഇതിൽ ഏതു ലക്ഷ്യമാണ് എൽജെപി കൂടുതൽ ഭംഗിയായി നിർവഹിച്ചത് എന്നറിയാൻ വിശദമായ വോട്ടുനില കിട്ടേണ്ടതുണ്ട്. എന്തായാലും, ജെഡിയുവിന്റെ മണ്ഡലങ്ങളിൽ അവർ പിടിച്ച 4– 6 ശതമാനം വോട്ട് നിതീഷിനുണ്ടാക്കിയ തകർച്ച ചെറുതല്ലെന്നു തന്നെ വേണം നിലവിൽ കരുതാൻ.

ഇംഗ്ലിഷിൽ necessary evil എന്നു പറയുന്നതു പോലെയാണ് ബിജെപിക്ക് നിതീഷ്. ഒഴിവാക്കണമെന്നുണ്ട്, പക്ഷേ സാധിക്കില്ല. അങ്ങനെയാണ് നിതീഷിനെത്തന്നെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. അല്ലെങ്കിൽ, മറ്റു രാഷ്ട്രീയ നീക്കങ്ങൾ അദ്ദേഹം നടത്തിയേനെ. മാത്രമല്ല, ബിഹാറിൽ ഒറ്റയടിക്ക് ഒരു ജനകീയ മുഖം അവതരിപ്പിക്കാൻ ബിജെപിയുടെ പക്കലില്ല. കഷ്ടിച്ചു കയ്യിലുള്ളവർ തമ്മിൽ തർക്കങ്ങളും വന്നേനെ. അപ്പോൾ, നിതീഷിനെതന്നെ പ്രഖ്യാപിക്കുന്നതായിരുന്നു സുരക്ഷിതം.

പക്ഷേ, ഇപ്പോൾ ബിജെപിക്ക് ബിഹാറിൽ കൃത്യമായ കളിക്കളം റെഡിയായിക്കഴിഞ്ഞു. ഇനി കൃത്യമായ നേതൃമുഖവും വരും. അതാണ് ഇൗ തിരഞ്ഞെടുപ്പുകൊണ്ടു ബിജെപിക്കുണ്ടായ ഏറ്റവും വലിയ ഗുണം.

ADVERTISEMENT

മുൻപേ പ്രഖ്യാപിച്ചതു കൊണ്ട് നിതീഷിനെത്തന്നെ ബിജെപി മുഖ്യമന്ത്രിയാക്കും. പക്ഷേ, കരുത്തു ചോർന്ന്, വില പേശാൻ പോലും കഴിയാത്തത്ര ദുർബലനായാകും നിതീഷിന്റെ ആറാം ടേം തുടങ്ങുക. നേരത്തെ പറഞ്ഞതു പോലെ അതെത്ര കാലം നീളുമെന്നതാണ് പ്രധാന ചോദ്യം. കഠിനമായ ഈഗോയുള്ള ആളെന്ന നിലയിൽ ബിജെപി നിയന്ത്രിക്കുന്ന കളിപ്പാവയായി നിൽക്കാൻ നിതീഷിന് വലിയ ബുദ്ധിമുട്ടുണ്ടാകും. അപ്പോൾ, രാഷ്ട്രീയ മെയ്‍വഴക്കത്തിൽ ചാംപ്യനായ അദ്ദേഹം മറ്റു സാധ്യതകൾ അന്വേഷിച്ചു കൂടായ്കയില്ല. അങ്ങനെയെങ്കിൽ, ആർജെഡി – കോൺഗ്രസ് – ഇടത് മഹാസഖ്യത്തോടു ചേരുന്ന കാര്യവും നിതീഷ് പരിഗണിക്കാം.

മുൻപ് ഒരുമിച്ചുനിന്നവരെന്ന നിലയിൽ അതിന് ആശയപരമായ തടസ്സമൊന്നും നിതീഷിനുണ്ടാകില്ല. ബഹുമാനവും മുഖ്യമന്ത്രി സ്ഥാനവും കിട്ടണമെന്നേയുണ്ടാകൂ. അതുസംഭവിച്ചാൽ കർണാടകയിൽ പരാജയപ്പെടുകയും മഹാരാഷ്ട്രയിൽ തുടരുകയും ചെയ്യുന്ന പരീക്ഷണം ബിഹാറിൽ ആവർത്തിക്കാം. കഴിഞ്ഞതവണ മഹാസഖ്യം വിട്ട് ബിജെപിയെ പുണർന്ന നിതീഷ് ഇത്തവണ തിരിച്ചു ചെയ്യുന്നതിൽ ഒരു കാവ്യനീതിയുമുണ്ടാകും!

ബിജെപിക്കാകട്ടെ, എത്രയും പെട്ടെന്ന് ഭരണനിയന്ത്രണം എറ്റെടുക്കാനായിരിക്കും സ്വാഭാവികമായും താൽപര്യം. മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കുക എന്ന ധാരണയിലേക്കു നിതീഷിനെ കൊണ്ടുവരിക എന്നതാണ് അവരുടെ മഹാദൗത്യം. നിതീഷിനെ ഒഴിവാക്കി, ബാക്കിയുള്ള ജെഡിയുവിനെ ഒപ്പം നിർത്താനുള്ള നീക്കം ആലോചിക്കാനും മടിയുണ്ടാകില്ല ബിജെപിക്ക്. അങ്ങനെയെങ്കിൽ, ആവശ്യം വന്നാൽ കോൺഗ്രസിന്റെ എംഎൽഎ ശേഖരത്തിൽ കയ്യിടാനും. ഇതുവരെ, ബിജെപിക്കൊപ്പം പോകാത്ത വലിയ സോഷ്യലിസ്റ്റ് – സെക്കുലർ കക്ഷിയെന്ന പേര് രാജ്യത്ത് ആർജെഡിക്കു മാത്രമാണ്. ലാലു പ്രസാദ് യാദവ് ഏതാണ്ട് സന്ധ്യയിലേക്കു നീങ്ങുകയും തേജ്വസി ഉദിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ അതിനെന്തു മാറ്റം വരുമെന്നതും കൗതുകകരമാണ്.

ഇനി, മഹാസഖ്യമാണ് നേരിയ ഭൂരിപക്ഷത്തിനെങ്കിലും അധികാരത്തിൽ വരുന്നതെന്നു വയ്ക്കുക. അതിന്റെ സ്ഥിരത കമൽനാഥിന്റെ മധ്യപ്രദേശിനും അശോക് ഗെലോട്ടിന്റെ രാജസ്ഥാനും മധ്യേയായിരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. രാഷ്ട്രീയ കൗശലത്തിൽ ബിജെപിക്കു മുന്നിലെന്നല്ല, നിതീഷ് കുമാറിന്റെയടത്തു പോലും ഇപ്പോഴത്തെ സാഹചര്യത്തിൽ പിടിച്ചു നിൽക്കാൻ കോൺഗ്രസിനോ ആർജെഡിക്കോ എത്രമാത്രം കഴിയുമെന്നു കണ്ടറിയണം. ഇടതുകക്ഷികൾ മാത്രം നിതാന്ത പ്രതിപക്ഷത്ത് ഉണ്ടാകും!

ADVERTISEMENT

നിതീഷ് എന്ന ‘സുശാസൻ ബാബു’

1977 ൽ അടിയന്തിരാവസ്ഥയ്ക്കു ശേഷം നടന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു നിതീഷിന്റെ ആദ്യ മത്സരം. അന്നു പക്ഷേ പരാജയപ്പെട്ടു. അതാണ് ഏക തോൽവിയും. പിന്നീട്, നിയമസഭയും ലോക്സഭയുമായി നിരന്തരം ജനപ്രതിനിധിയായിക്കൊണ്ടിരുന്നു. 1990 ൽ ആദ്യമായി കേന്ദ്രമന്ത്രിയായി. 90കളുടെ രണ്ടാംപകുതിയിൽ കൃഷി, റെയിൽവേ, ഗതാഗതം തുടങ്ങി പ്രധാനവകുപ്പുകളി‍ൽ കേന്ദ്രഭരണത്തിലുണ്ടായിരുന്നു.

2000 ത്തിൽ ആദ്യമായി ബിഹാർ മുഖ്യമന്ത്രിയായി. പക്ഷേ, 7 ദിവസമേ ഭരണം നീണ്ടുള്ളൂ. ഭൂരിപക്ഷം തെളിയിക്കാനാകാതെ രാജി വയ്ക്കേണ്ടി വന്നു. ഒട്ടും കാത്തുനിൽക്കേണ്ടി വന്നില്ല. മാ‍ർച്ചിൽ രാജിവച്ച നിതീഷ് മേയിൽ വാജ്പേയി മന്ത്രിസഭയിൽ കൃഷി മന്ത്രിയായി. പിന്നെ റയിൽവേ മന്ത്രിയായി. 2004 ൽ യുപിഎ അധികാരത്തിൽ വന്നപ്പോൾ നിതീഷ് ബിഹാറിൽ തിരിച്ചെത്തി. 2005 ൽ അവിടെ മുഖ്യമന്ത്രിയായി. ആദ്യത്തെ ഫുൾ ടേം തികച്ചു. അഴിമതിയിലും സ്വജനപക്ഷപാതത്തിലും കുഴഞ്ഞു മറിഞ്ഞ ലാലു – റാബ്‍റി കാലത്തിനു ശേഷം വന്ന സർക്കാർ പുതിയ പ്രതിഛായ സൃഷ്ടിച്ചു. നിതീഷ് വികസന നായകനായി, ഹിന്ദിയിൽ ആ അർഥം വരുന്ന സുശാസൻ ബാബു എന്ന വിളിപ്പേരു കിട്ടി. 2010 ൽ വീണ്ടും ഭരണത്തിലെത്തി. ഇന്ത്യയിലെ ഏറ്റവും പുകഴ്പെറ്റ, കാര്യശേഷിയുള്ള മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം അക്കാലത്തെന്നത് വസ്തുതയുമാണ്. ആ നിലയിൽ ബിഹാർ ജനതയുടെ, പ്രത്യേകിച്ചും യുവാക്കളുടെ വലിയ പ്രീതി പിടിച്ചു പറ്റിയ അദ്ദേഹം അനിഷേധ്യനായ നേതാവായി മാറി.

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നിതീഷ് സഖ്യകക്ഷിയായ ബിജെപിയുമായി തെറ്റി, ഒറ്റയ്ക്കു മത്സരിച്ചു. മൂന്നാം മുന്നണി അധികാരത്തിലെത്തിയാൽ പ്രധാനമന്ത്രി സ്ഥാനമെന്ന മോഹവും നിതീഷിന്റെ മനസ്സിലുണ്ടായിരുന്നു. പക്ഷേ 2014 ൽ നിതീഷിന്റെ കണക്കുകൂട്ടൽ പാടേ തകർന്നുപോയി. കേന്ദ്രത്തിൽ മോദി തരംഗത്തിൽ ബിജെപി ഭരണമേറി. ജെഡിയു ബിഹാറിൽ തകർന്നടിഞ്ഞു. വെറും 2 സീറ്റ്! അഭിമാനിയായ നിതീഷ് പാർട്ടി പ്രകടനത്തിന്റെ ധാർമിക ഉത്തരവാദിത്തമെടുത്ത് മുഖ്യമന്ത്രി സ്ഥാനം രാജി വച്ചു. അന്നു വരെ പുറത്തു പേരു കേട്ടിട്ടില്ലാത്ത വിശ്വസ്തൻ ജിതിൻ റാം മാഞ്ചിയെ മുഖ്യമന്ത്രിയാക്കി. കോ‍ൺഗ്രസും ആർജെഡ‍ിയും പുറത്തുനിന്നു പിന്തുണച്ചു.

പക്ഷേ, സ്ഥാനമില്ലാതെ നിൽക്കുക നിതീഷിന് എളുപ്പമല്ലല്ലോ. 2015 ഫെബ്രുവരിയിൽ മാഞ്ചിയോട് രാജി വയ്ക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹം തയാറായില്ല. പാർട്ടിയിൽനിന്നു മാഞ്ചിയെ പുറത്താക്കി. നിതീഷ് വീണ്ടും മുഖ്യമന്ത്രിയായി. അങ്ങനെ 2015 ലെ തിരഞ്ഞെടുപ്പു വന്നു. നിതീഷ്, ലാലുവിന്റെ ആർജെഡിയും കോൺഗ്രസുമായി ചേർന്ന് മഹാസഖ്യമുണ്ടാക്കി. ഭരണവിരുദ്ധ വികാരമൊക്കെ തൂത്തെറിഞ്ഞ്, എല്ലാ അഭിപ്രായ–എക്സിറ്റ് പോൾ ഫലങ്ങളെയും അട്ടിമറിച്ച് മഹാസഖ്യം വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തി. പക്ഷേ, ആർജെഡിയാണ് ഏറ്റവും വലിയ കക്ഷിയായത് – 80 സീറ്റ്. ജെഡിയുവിന് 71. എന്നിട്ടും മുൻ ധാരണ പ്രകാരം നിതീഷ് മുഖ്യനായി. അതാണ് അദ്ദേഹത്തിന്റെ യോഗമെന്നു തുടക്കത്തിൽ പറഞ്ഞത്! ലാലുവിന്റെ മകൻ തേജ്വസി രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഉപമുഖ്യമന്ത്രിയായി.

എവിടെയെങ്കിലും ജൂനിയർ പാർട്ണറായി നിൽക്കുക നിതീഷിന് അത്ര സ്വീകാര്യമല്ല. അപ്പോഴാണ്, തേജ്വസി യാദവിനെതിരെ അഴിമതിയാരോപണമുണ്ടായത്. രാജി വയ്ക്കാൻ നിതീഷ് പറഞ്ഞു. സ്വാഭാവികമായും തേജ്വസി തയാറായില്ല. പകരം നിതീഷ് രാജിവച്ചു. മഹാസഖ്യം പൊളിച്ച് നേരെ പോയി ബിജെപിയുടെ തോളിൽ വീണ്ടും കയ്യിട്ടു. അങ്ങനെ ബിഹാറിൽ വീണ്ടും കാര്യമായ എൻഡിഎയുണ്ടായി. മണിക്കൂറുകൾക്കുള്ളിൽ നിതീഷ് പിന്നെയും മുഖ്യമന്ത്രിയായി.

ഇങ്ങനെ, എങ്ങനെ ചാടിയാലും എങ്ങോട്ടു തിരിഞ്ഞാലും മുഖ്യമന്ത്രിയാകുന്ന നിതീഷ് എന്ന കുലപതിയുടെ യഥാർഥ പതനമാണ് ഇത്തവണ കാർഡിൽ തെളിയുന്നത്; ഭരണത്തിലെത്തിയാലും ഇല്ലെങ്കിലും. ഒരിക്കൽ ഏറ്റവും മികച്ച മുഖ്യമന്ത്രിയെന്നും പ്രധാനമന്ത്രിയാകാൻ ഏറ്റവും യോഗ്യനായ ആളെന്നും വിലയിരുത്തപ്പെട്ട നിതീഷിന്റെ ഭാവിയെന്ത് എന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ കൗതുകങ്ങളിലൊന്നായിരിക്കും, വരുംദിനങ്ങളിൽ.

ഹെലികോപ്റ്ററിലെ നിതീഷ്

വ്യക്തിപരമായ ഒരു ഓർമ കൂടി പങ്കു വയ്ക്കട്ടെ. 2009 ൽ നിതീഷ് ഏറ്റവും തിളങ്ങി നിൽക്കുന്ന ഘട്ടത്തിലാണ് അദ്ദേഹത്തെ നേരിട്ടു കാണാൻ അവസരമുണ്ടായത്. ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണം റിപ്പോർട്ടു ചെയ്യാൻ ബിഹാറിലെത്തിയതായിരുന്നു. ഒരുദിനം മുഖ്യമന്ത്രിക്കൊപ്പം സഞ്ചരിക്കാൻ അവസരം കിട്ടി. ഹെലികോപ്ടറിലാണു യാത്ര.

ഒരു വീട്ടുകാരണവരെപ്പോലെ സ്നേഹസമ്പന്നമായ പെരുമാറ്റമായിരുന്നു, കണ്ടാൽ ഗൗരവക്കാരനെന്നു തോന്നുമെങ്കിലും അദ്ദേഹത്തിന്റേത്. അന്ന് ‘മലയാള മനോരമ’ യിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അതേപടി ഇവിടെ ചേർക്കുന്നു. അന്നത്തെ രാഷ്ട്രീയത്തിന്റെ പൊതുനിലയും അതിൽ നിതീഷ് കുമാറിന്റെ തലപ്പൊക്കം ഇതിൽ വ്യക്തമാകും. (അന്നത്തെ അൽപം പശ്ചാത്തലം: അന്ന് ലാലു പ്രസാദ് യാദവ് കേന്ദ്ര റയിൽവേ മന്ത്രി, നിതീഷ് മുഖ്യമന്ത്രി, എൽ.കെ. അഡ്വാനി ലോക്സഭയിലെ പ്രതിപക്ഷനേതാവ്. നിതീഷും പാർട്ടിയും എൻഡിഎയിൽ)

2009 മേയ് 1 ലെ മനോരമയിൽ വന്നത്:

അഡ്വാനിയുടെ ആകാശപ്പറവയിലേറി ബീഹാറിന്റെ വികസനപ്പുരുഷൻ

ചിരിക്കുന്ന നിതീഷ് കുമാറിനെ കുട്ടികൾ കണ്ടാൽ മലയാളത്തിൽ ഇങ്ങനെ വിളിക്കും: അപ്പൂപ്പാ...!.
പക്ഷേ, പറഞ്ഞിട്ടെന്തു കാര്യം, എ.കെ. ആന്റണിയെപ്പോലെ വാച്ചും ഉമ്മൻ ചാണ്ടിയെപ്പോലെ മൊബൈലും ഉപയോഗിക്കാത്ത ബിഹാറിന്റെ മുഖ്യമന്ത്രി നിതീഷ്‌ കുമാർ, വി.എസ്. അച്യുതാനന്ദനെപ്പോലെ വളരെ പിശുക്കിയേ ചിരിക്കൂ.
വേണമെങ്കിൽ മനസ്സുതുറന്നൊന്നു ചിരിക്കാവുന്ന രാഷ്‌ട്രീയ അന്തരീക്ഷമാണു ബിഹാറിൽ ഇപ്പോഴുള്ളത്. പക്ഷേ, അടിമുടി കാര്യമാത്ര പ്രസക്‌തമാണ് ഈ മുഖ്യമന്ത്രിയുടെ കാര്യം.

ബിഹാറിലെ മൂന്നാംഘട്ട തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന്റെ അവസാന ദിവസമാണ്. പട്‌നയിൽനിന്നു മൂന്നുറ്റൻപതു കിലോമീറ്റർ അകലെ കടിഹാർ മണ്ഡലത്തിലാണ് നിതീഷ്‌കുമാറിന്റെ ആദ്യത്തെ പ്രചാരണയോഗം. യാത്ര ഹെലികോപ്‌റ്ററിൽ. തിരുവനന്തപുരം സ്വദേശി എസ്. മഹേഷാണു കോപ്‌റ്റർ ക്യാപ്‌റ്റൻ. പ്രതിപക്ഷ നേതാവ് എൽ.കെ. അഡ്വാനിക്കു വേണ്ടി പ്രത്യേകം തയാറാക്കിയ കോപ്‌റ്ററാണിത്. ഇന്നലെ വരെ അഡ്വാനിയോടൊപ്പമായിരുന്നു. അദ്ദേഹം അഹമ്മദാബാദിലേക്കു പോയപ്പോൾ നിതീഷിനു വേണ്ടി ഇവിടേക്ക് അയച്ചതാണ് – മഹേഷ് പറഞ്ഞു.

രാവിലെ പത്തുമണിയോടെ പട്‌ന വിമാനത്താവളത്തോടു ചേർന്നുള്ള സ്‌റ്റേറ്റ് ഹെലിപാഡിൽ നിന്നാണു മുഖ്യമന്ത്രിയെയും കൊണ്ടു മഹേഷിന്റെ ഹെലികോപ്‌റ്റർ പുറപ്പെടുന്നത്. മാധ്യമപ്രവർത്തകർ കൂടി നിൽപ്പുണ്ട്: മുഖ്യമന്ത്രിയിൽ നിന്ന് എന്തെങ്കിലും കിട്ടുമോ?
എങ്ങനെ കിട്ടാൻ!
കാറിൽ നിന്നിറങ്ങിയ നിതീഷ് നേരെ ഹെലികോപ്‌റ്ററിലേക്കു കയറി. വാതിൽക്കൽ മൈക്കു നീട്ടി രണ്ടു ചാനൽ പെൺകുട്ടികൾ, ‘സർ, ഒറ്റ വാക്കുമതി. സമയമൊട്ടുമെടുക്കില്ല’. ഏതു നേതാവും വീണു പോകുന്ന അഭ്യർഥനയ്‌ക്കു മുന്നിലും നിതീഷ്‌കുമാറിന്റെ മനസ്സലിഞ്ഞില്ല.

ഹെലികോപ്‌റ്ററിന്റെ വാതിലുകൾ അടഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: ‘എത്ര ഇന്റർവ്യൂ കൊടുക്കും ഒരു ദിവസം. അവരോടൊക്കെ ആവശ്യത്തിലേറെ ഞാൻ സംസാരിച്ചതാണ്. ഒരുദിവസം ഒപ്പം കൊണ്ടുപോയതുമാണ്.’ നിതീഷ്‌കുമാറിന്റെ രീതി അതാണ്. മാധ്യമങ്ങളുമായി അങ്ങേയറ്റം സൗഹൃദത്തിലാണു മുഖ്യനെങ്കിലും ആവശ്യമില്ലാത്ത സംസാരമില്ല. അനാവശ്യമായ വിവാദങ്ങൾക്കുമില്ല.

നിമിഷനേരം കൊണ്ട് ആകാശപ്പറവ മുകളിലേക്കുയർന്നു. ബിഹാർ മുഖ്യമന്ത്രിയുടെ ഈ ദിവസത്തെ യാത്ര തുടങ്ങുകയായി. ഒന്നേകാൽ മണിക്കൂർ പറക്കലുണ്ട് ആദ്യത്തെ യോഗസ്‌ഥലത്തേക്ക്. നിതീഷ് പതുക്കെ പത്രങ്ങളിലേക്കു തലപൂഴ്‌ത്തി. ആദ്യം ഇംഗ്ലിഷ്. പിന്നെ ഹിന്ദി. ഒപ്പം, അന്നത്തെ പ്രധാന വാർത്തകൾ വായിച്ചും ടിവിയിൽ കണ്ടും പഴ്‌സനൽ സ്‌റ്റാഫ് തയാറാക്കിയ ഫയലുമുണ്ട്. പത്രത്തിൽ നിന്നു കണ്ണെടുക്കാതെ നിതീഷ് പറഞ്ഞു, ‘നാലുഘട്ടം തിരഞ്ഞെടുപ്പായതു കൊണ്ട് ഒരു മാസമായി വിശ്രമമില്ല. പത്രം വായനപോലും ഇങ്ങനെയാണ്. മേയ് ഏഴു കഴിഞ്ഞാലേ കുറച്ചെങ്കിലും സമാധാനമുണ്ടാകൂ...’.

ഹെലികോപ്‌റ്റർ ജാലകത്തിലൂടെ നോക്കുമ്പോൾ കാണുന്ന, കൂറ്റനൊരു പാമ്പ് പൊഴിച്ചിട്ട പടംപോലെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന പുഴയുടെ പേരു മുഖ്യമന്ത്രി തന്നെ പറഞ്ഞുതന്നു: കോസി. നേപ്പാളിൽ ഉത്ഭവിച്ച് ഗംഗയിലേക്കു ചേരുന്ന കോസി ബിഹാറിൽ തിരഞ്ഞെടുപ്പു വിഷയമാണ് ഇത്തവണ. കഴിഞ്ഞ വർഷം കോസിയിലുണ്ടായ മഹാപ്രളയം നാലഞ്ചു ബിഹാർ ജില്ലകളെ അപ്പാടേ ഒഴുക്കിക്കളഞ്ഞിരുന്നു. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മികവ് ഭരണമുന്നണി വിഷയമാക്കുമ്പോൾ, സർക്കാർ പരാജയപ്പെട്ടുവെന്നു പ്രതിപക്ഷം ആരോപിക്കുന്നു.

കടിഹാർ മണ്ഡലത്തിലെ മണിഹരി ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ഹെലികോപ്‌റ്റർ ഇറങ്ങി. മുഖ്യമന്ത്രി പുറത്തേക്കിറങ്ങുമ്പോൾ കേട്ട കാതടപ്പിക്കുന്ന മുദ്രാവാക്യങ്ങളിൽ ഒന്ന് ഇങ്ങനെയായിരുന്നു: ‘വികസനപുരുഷൻ നിതീഷ്‌കുമാർ സിന്ദാബാദ്!’. നിതീഷ്‌കുമാറിന്റെ പ്രസംഗങ്ങളിലുമുണ്ട് വിശദമായി വികസനത്തിന്റെ വീരഗാഥ. എണ്ണിപ്പറയാനേറെയുണ്ട് നിധീഷിന്.

വികസനം വിട്ടാൽ പിന്നെ വിമർശനം. ‘റയിൽവേയിൽ ലാലു മാജിക് കാണിച്ചുവെന്നാണു പറയുന്നത്. ലാലവും ഭാര്യയും കൂടി പത്തുപതിനഞ്ചു വർഷം ബിഹാർ ഭരിച്ചിട്ട് ഇവിടെ എന്തു മാജിക്കാണു കാണിച്ചത്? സ്വന്തം നാടിനെ രക്ഷിക്കാൻ കഴിയാത്തവരാണോ റയിൽവേയെ രക്ഷിച്ചുവെന്നു പറയുന്നത്. കഴിഞ്ഞ എൻഡിഎ സർക്കാർ ചെയ്‌ത കാര്യങ്ങളുടെ ഫലമാണു ലാലു കൊയ്‌തത്. (നിതീഷായിരുന്നു എൻഡിഎ സർക്കാരിലെ റയിൽവേ മന്ത്രി). ഞങ്ങളന്നേ പറഞ്ഞതാണ്, അടുത്ത സർക്കാരിലെ റയിൽവേ മന്ത്രിക്കു തെങ്ങിൽനിന്നു കരിക്കുവെട്ടി കുടിച്ചാൽ മാത്രം മതിയെന്ന്!!’.

ലാലുവിനും പാസ്വാനുമെതിരെ ആഞ്ഞടിക്കുന്ന നിധീഷ് പക്ഷേ, കോൺഗ്രസിനെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടുന്നില്ല. നിതീഷിന്റെ പാർട്ടി ജെഡിയുവിന്റെ ദേശീയ അധ്യക്ഷൻ ശരത് യാദവ് കോൺഗ്രസ് നേതൃത്വവുമായി ചർച്ചകൾ നടത്തിയെന്ന അണിയറ വർത്തമാനം നാട്ടിലാകെ പ്രചരിക്കുന്നുമുണ്ട്. അഞ്ചു പൊതുയോഗങ്ങൾക്കിടയിലെ ഹെലികോപ്‌റ്റർ യാത്രയുടെ ഇടവേളയിൽ നിതീഷ് അൽപ്പം രാഷ്‌ട്രീയം സംസാരിച്ചു. കാതടപ്പിക്കുന്ന ശബ്‌ദമാണു ഹെലികോപ്‌റ്റർ ക്യാബിനുള്ളിൽ. നീണ്ട സംസാരത്തിനു സാധ്യതയില്ല. നിതീഷാവട്ടെ, അത്തരം സംസാരത്തിന്റെ ആളുമല്ല.

അഭിമുഖത്തിൽ നിന്ന്:

∙ പ്രസംഗങ്ങളിൽ ദേശീയ വിഷയങ്ങളൊന്നും സ്‌പർശിക്കുന്നില്ലല്ലോ, ഇതു ലോക്‌സഭാ തിരഞ്ഞെടുപ്പല്ലേ?

ദേശീയ വിഷയങ്ങളും പറയുന്നുണ്ട്. പിന്നെ ഇവിടെ ബിഹാറിലെ കാര്യങ്ങൾ പറഞ്ഞല്ലേ പറ്റൂ. ഇവിടെ വികസനത്തിന്റെ വിഷയങ്ങളുണ്ട്. വെള്ളപ്പൊക്കത്തിന്റെ പ്രശ്‌നമുണ്ട്. അതെല്ലാം പ്രധാനമാണ്. അത്തരം കാര്യങ്ങൾ പറഞ്ഞേ പറ്റൂ.

∙ ബിഹാറിലെ ജനങ്ങൾ നിങ്ങൾക്കു വോട്ടു ചെയ്യേണ്ടത്, കേന്ദ്രത്തിൽ എൻഡിഎ സർക്കാർ വരാൻ വേണ്ടിയോ, അതോ ഇവിടെ താങ്കളുടെ സർക്കാർ ചെയ്‌ത കാര്യങ്ങൾക്കു വേണ്ടിയോ?

രണ്ടുമുണ്ട്. കഴിഞ്ഞ നാലുവർഷത്തെ ഭരണത്തിന്റെ അടിസ്‌ഥാനത്തിലാണു ഞങ്ങൾ വോട്ടു ചോദിക്കുന്നത്. ബിഹാറിൽ ഭരണമുണ്ടെന്നു ജനങ്ങൾക്കു ബോധ്യമായത് ഇപ്പോഴാണ്. ദാരിദ്ര്യത്തിന്റെയും അക്രമങ്ങളുടെയുമൊക്കെ പേരിൽ ‘കുപ്രസിദ്ധി’ നേടിയ ബിഹാർ ഇപ്പോൾ അതിന്റെ പേരിലൊന്നുമല്ല അറിയപ്പെടുന്നത്. ബിഹാറിലെ സ്‌ത്രീ സംവരണ കാര്യം ഇപ്പോൾ രാജ്യം ചർച്ചചെയ്യുന്നു. വിദ്യാഭ്യാസ മാതൃക, പ്രത്യേകിച്ചും പെൺകുട്ടികളുടേതു ചർച്ചയാകുന്നു. കഴിഞ്ഞ മൂന്നുവർഷത്തിനിടെ മൂവായിരം കുറ്റവാളികളെ കോടതിയുടെ മുന്നിൽ കൊണ്ടു വന്നു. ഇവിടെ നിയമവാഴ്‌ചയുണ്ടെന്ന സ്‌ഥിതി വന്നു. ബിഹാർ ഇനി ചീത്തപ്പേരുള്ള ഒരു സംസ്‌ഥാനമല്ല. പെർഫോം ചെയ്യുന്ന ഒരു സർക്കാർ ഇതുപോലെ കേന്ദ്രത്തിലുമുണ്ടാവണം.

∙ താങ്കളുടെ ദേശീയ പ്രസിഡന്റ് കോൺഗ്രസുമായി ചർച്ചകൾ നടത്തിയെന്ന് അഭ്യൂഹമുണ്ടല്ലോ.
ജെഡിയു തിരഞ്ഞെടുപ്പിനുശേഷം എൻഡിഎയിൽ തന്നെ ഉണ്ടാവുമോ?

വെറും ഊഹാപോഹങ്ങളുടെ അടിസ്‌ഥാനത്തിലുള്ള വാർത്തകളാണ് ഇതൊക്കെ. ജെഡിയു എൻഡിഎ മുന്നണിയുടെ ഭാഗമായാണ് ഈ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്. അതിൽ മാറ്റവുമുണ്ടാവില്ല.

∙ റയിൽവേയുടെ വികസനത്തിനു വേണ്ടി ലാലുപ്രസാദ് യാദവ് ഒന്നും ചെയ്‌തിട്ടില്ലെന്നാണല്ലോ പ്രസംഗങ്ങളിൽ പറയുന്നത്?

ലാലു മാനേജ്‌മെന്റ് ഗുരുവാണെന്നാണു പറയുന്നത്. അങ്ങനെയെങ്കിൽ 15 വർഷത്തെ ഭരണം കൊണ്ടു ബിഹാറിനെ സ്വർഗതുല്യമാക്കേണ്ടതായിരുന്നല്ലോ. ലാലു മാനേജ്‌മെന്റ് ഗുരുവല്ല, മിസ്‌മാനേജ്‌മെന്റ് ഗുരുവാണ്.

∙ ബിഹാറിൽ കോൺഗ്രസ് ഒറ്റയ്ക്കാണല്ലോ ഇത്തവണ. ഇതു സംസ്‌ഥാനത്തു രാഷ്‌ട്രീയമായി
എന്തു മാറ്റങ്ങളാണുണ്ടാക്കുക?

കോൺഗ്രസിന് ഇവിടെ കാര്യമായ സ്വാധീനമില്ലല്ലോ. പല പാർട്ടികളിൽ നിന്നുള്ളവരെ സ്വീകരിച്ചാണ് അവർ സ്‌ഥാനാർഥികളെപ്പോലും നിർണയിച്ചത്. ഞങ്ങളുടെ പാർട്ടിയിൽ നിന്നുള്ളവരെപ്പോലും അവർ സ്‌ഥാനാർഥികളാക്കി. അതൊന്നും വലിയ മാറ്റമുണ്ടാക്കില്ല.

∙ ഈ ഹെലികോപ്‌റ്റർ, എൽ.കെ അഡ്വാനിക്കു വേണ്ടി പ്രത്യേകം ഡിസൈൻ ചെയ്‌തതാണെന്നു പൈലറ്റ് പറയുന്നു. കഴിഞ്ഞദിവസം വരെ ഇതിൽ എൻഡിഎയുടെ പ്രധാനമന്ത്രിസ്‌ഥാനാർഥി അഡ്വാനിയാണു സഞ്ചരിച്ചത്. 2014ലെ പ്രധാനമന്ത്രിയാരാവും എന്ന ചർച്ചയാവട്ടെ, ഇപ്പോൾ തന്നെ തുടങ്ങിയിട്ടുമുണ്ട്. 2014ൽ നിതീഷ്‌ കുമാറുണ്ടാവുമോ പ്രധാനമന്ത്രിപദത്തിനു വേണ്ടിയുള്ള മൽസരത്തിന്?

(പതിയെ വിടരുന്ന ചിരിയോടെ) അതിനൊന്നും ഞാനില്ല. ബിഹാറിന്റെ വികസനമെന്ന വലിയ ഉത്തരവാദിത്തമാണ് ഇപ്പോൾ എനിക്കുള്ളത്. ബാക്കിയെല്ലാം പിന്നെ.

ഹെലികോപ്‌റ്റർ പട്‌ന വിമാനത്താവളത്തിലേക്കു താഴുകയാണ്. സീറ്റ് ബെൽറ്റിട്ടു മുഖ്യമന്ത്രി ലാൻഡിങ്ങിനു തയാറായി. ബെൽറ്റ് മുറുക്കിയോ എന്നു കരുതലോടെ അന്വേഷിച്ചു. താഴെ സന്ധ്യവീഴുന്ന ഹെലിപാഡിലേക്കു ബിഹാറിന്റെ മുഖ്യമന്ത്രിയെയും വഹിച്ച്, പ്രധാനമന്ത്രി സ്‌ഥാനാർഥിയുടെ ഹെലികോപ്‌റ്റർ ചിറകൊതുക്കുന്നു.

(മലയാള മനോരമ സോഷ്യൽ മീഡിയ എഡിറ്ററാണ് ലേഖകൻ.)