‘മുഖ്യമന്ത്രി സ്ഥാനം: ഊഴം വിലയിരുത്തേണ്ടത് മറ്റുള്ളവർ; എന്റെ പേര് മക്കൾ മുതലെടുക്കില്ല’
എന്റെ മക്കളെക്കുറിച്ച് എനിക്ക് അഭിമാനമേയുള്ളൂ. അവരാരും ആവശ്യമില്ലാത്ത കാര്യങ്ങൾക്കു പിന്നനാലെ പോകാറില്ല. അവരുടെ ജോലി നിർവഹിച്ചുപോകുന്നു.... Ramesh Chennithala, Political Interview, Local Elections 2020, panchayath elections, chief minister, oommen chandy, kodiyeri
എന്റെ മക്കളെക്കുറിച്ച് എനിക്ക് അഭിമാനമേയുള്ളൂ. അവരാരും ആവശ്യമില്ലാത്ത കാര്യങ്ങൾക്കു പിന്നനാലെ പോകാറില്ല. അവരുടെ ജോലി നിർവഹിച്ചുപോകുന്നു.... Ramesh Chennithala, Political Interview, Local Elections 2020, panchayath elections, chief minister, oommen chandy, kodiyeri
എന്റെ മക്കളെക്കുറിച്ച് എനിക്ക് അഭിമാനമേയുള്ളൂ. അവരാരും ആവശ്യമില്ലാത്ത കാര്യങ്ങൾക്കു പിന്നനാലെ പോകാറില്ല. അവരുടെ ജോലി നിർവഹിച്ചുപോകുന്നു.... Ramesh Chennithala, Political Interview, Local Elections 2020, panchayath elections, chief minister, oommen chandy, kodiyeri
തദ്ദേശ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പടക്കളം ഉണർന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ വ്യക്തിത്വങ്ങളുമായി മലയാള മനോരമ തിരുവനന്തപുരം സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരുടെ പ്രത്യേക അഭിമുഖ പരമ്പര ‘ക്രോസ് ഫയർ’ തുടങ്ങുന്നു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായുള്ള അഭിമുഖമാണ് ഇതിൽ ആദ്യം.
∙ നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി താങ്കളാണോ?
അതൊന്നും തീരുമാനിച്ചിട്ടില്ല. കോൺഗ്രസ് ആരെയും മുൻകൂട്ടി അവതരിപ്പിക്കുന്ന രീതിയില്ല. കൂട്ടായ നേതൃത്വമാണു ഞങ്ങൾക്കുള്ളത്. അങ്ങനെ തന്നെ മുന്നോട്ടുപോകും.
∙എങ്കിലും പ്രതിപക്ഷനേതാവ് എന്ന നിലയിൽ അടുത്ത ഊഴം രമേശ് ചെന്നിത്തലയ്ക്കാണെന്നു പറഞ്ഞാൽ?
അതെല്ലാം മറ്റുള്ളവർ വിലയിരുത്തേണ്ട കാര്യമാണ്. പക്ഷേ ഞാൻ അവകാശവാദമൊന്നും വയ്ക്കുന്നില്ല. ജനങ്ങളും പാർട്ടിയും തീരുമാനിക്കും.
∙മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മത്സര രംഗത്തുണ്ടാകില്ലേ?
നിയമസഭാ സ്ഥാനാർഥികളെ കുറിച്ചുള്ള ചർച്ച ആരംഭിച്ചിട്ടില്ലല്ലോ. ഇപ്പോൾ പഞ്ചായത്ത് തിരഞ്ഞെടുപ്പാണു ഞങ്ങളുടെ മുന്നിൽ.
∙ മുഖ്യമന്ത്രി സ്ഥാനം രണ്ടു ടേമായി പങ്കുവയ്ക്കാനുള്ള സാധ്യത കാണുന്നുണ്ടോ?
അതെല്ലാം പാർട്ടി തീരുമാനിക്കേണ്ട കാര്യമല്ലേ? ഇപ്പോൾ അതൊന്നും ഞങ്ങൾ ചിന്തിക്കുന്നില്ല. ഒറ്റക്കെട്ടായി പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പ് ജയിക്കുക എന്ന ലക്ഷ്യമാണ് യുഡിഎഫിനു മുന്നിലുള്ളത്,
∙താങ്കൾ രാഹുൽഗാന്ധിയെ തള്ളിപ്പറഞ്ഞു എന്ന വിവാദം ഇടക്ക് ഉയർന്നു. വ്യക്തിപരമായി അതു വിഷമം ഉണ്ടാക്കിയോ? രാഹുലിനോട് അതു വിശദീകരിച്ചോ?
ആ പ്രചാരണം അവാസ്തവമായിരുന്നു. അദ്ദേഹത്തിന് എന്നെ നന്നായി അറിയാം. അങ്ങനെ എന്നെപ്പറ്റി കരുതുന്നയാളല്ല രാഹുൽജി. അദ്ദേഹത്തിന്റെയും സോണിയാജിയുടെയും വിശ്വാസം ഉള്ളതു കൊണ്ടു തന്നെയാണ് കേരളത്തിലെ പ്രതിപക്ഷനേതാവായി തുടരുന്നത്. ഇന്ദിരാഗാന്ധിയുടെ കാലം മുതൽ ആ കുടുംബവുമായി എനിക്കു ബന്ധമുണ്ട്. ഞാൻ പറഞ്ഞതു വളച്ചൊടിച്ചു ചില മാധ്യമങ്ങൾ അവതരിപ്പിച്ചതാണ്.
∙ചില സർവേകളിൽ മുഖ്യമന്ത്രി സ്ഥാനാർഥി എന്ന നിലയിൽ പ്രതീക്ഷിച്ച പിന്തുണ കിട്ടാത്തത് പ്രയാസം ഉണ്ടാക്കിയിട്ടുണ്ടോ?
ഒരു പ്രയാസവും തോന്നിയിട്ടില്ല. എൽഡിഎഫ് പ്രതിപക്ഷം ആയിരുന്നപ്പോൾ മുഖ്യമന്ത്രി സ്ഥാനാർഥി എന്ന നിലയിൽ പിണറായി വിജയനു 2% പിന്തുണ കിട്ടിയ സന്ദർഭം ഉണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവിൽ ബിഹാറിൽ മഹാസഖ്യം വൻ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നല്ലേ സർവേകളെല്ലാം പറഞ്ഞത്? എന്തായി ഫലം വന്നപ്പോൾ? 100 പേരോടു ചോദ്യം ചോദിച്ചിട്ടു ലക്ഷങ്ങളുടെ അഭിപ്രായമായി അവതരിപ്പിച്ചാൽ അതു ശരിയാകണമെന്നില്ലല്ലോ.
∙പ്രതിപക്ഷനേതാവ് എന്ന നിലയിൽ ഒട്ടേറെ വിഷയങ്ങൾ സർക്കാരിനെതിരെ ഫലപ്രദമായി ഉയർത്തിക്കൊണ്ടുവന്നിട്ടും പ്രതിപക്ഷം പോരാ എന്ന മട്ടിൽ ചില വിമർശനങ്ങൾ സ്വന്തം പാളയത്തിൽനിന്നു തന്നെ വരുന്നുണ്ടല്ലോ?
ഇപ്പോൾ അത്തരം വിമർശനങ്ങളൊന്നുമില്ല. പ്രതിപക്ഷത്തിന്റെ പ്രവർത്തനത്തിൽ എല്ലാവരും സംതൃപ്തരാണ്. ഒരു പ്രതിപക്ഷനേതാവിനു ചെയ്യാൻ കഴിയാവുന്ന പരമാവധി കാര്യങ്ങൾ ഈ നാലരവർഷം ഞാൻ ചെയ്തിട്ടുണ്ട്. പിന്നെ സർക്കാരിന്റെ അഴിമതികളുടെയും പിടിപ്പുകേടിന്റെയും ബാഹുല്യം വലുതായി വലുതായി വരുമ്പോൾ പോരാ, പോരാ എന്നു ചിലർക്കു തോന്നിയേക്കും. കൂടുതൽ ശക്തമായി ശബ്ദിക്കാൻ അതു കരുത്തു നൽകും.
∙ എൽഡിഎഫ് പാടെ പ്രതിരോധത്തിലായ രാഷ്ട്രീയ സാഹചര്യമാണ്. എന്നിട്ടും തദ്ദേശ തിരഞ്ഞെടുപ്പിൽ കാര്യമായ ആത്മവിശ്വാസം യുഡിഎഫിൽ പ്രതിഫലിക്കുന്നില്ലല്ലോ?
ഞങ്ങൾക്കു നല്ല ആത്മവിശ്വാസമുണ്ട്. നാലരവർഷത്തെ എൽഡിഎഫ് ഭരണത്തിനെതിരെ ജനവികാരം ശക്തമാണ്. നിങ്ങൾക്ക് അതു കാണാൻ കഴിയുന്നില്ലായിരിക്കും. ഞങ്ങൾക്കു കാണാൻ കഴിയും. ഇതു തന്നെയാണു ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തും സംഭവിച്ചത്. വൻ മുന്നേറ്റം യുഡിഎഫിന് ഉണ്ടാകും.
∙കഴിഞ്ഞ തവണ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഒരു കോർപറേഷൻ മാത്രമാണു യുഡിഎഫിനു ലഭിച്ചത്. ഇത്തവണ എത്ര കിട്ടും.
മുഴുവൻ കോർപറേഷനിലും നല്ല മുന്നേറ്റം ഉണ്ടാകും. അതനുസരിച്ചുള്ള ചിട്ടയോടെയുള്ള പ്രവർത്തനമാണു നടക്കുന്നത്. സ്ഥാനാർഥികളെ നേരത്തെ തന്നെ പ്രഖ്യാപിച്ചു. പണ്ടൊക്കെ പിൻവലിക്കുന്ന സമയത്താണു യുഡിഎഫ് സ്ഥാനാർഥികളെക്കുറിച്ചു കൃത്യമായ ചിത്രം ലഭിക്കുന്നത്. യുഡിഎഫിന്റെ ഐക്യവും പരസ്പരവിശ്വാസവുമാണ് സീറ്റ് വിഭജന–സ്ഥാനാർഥിത്വത്തിൽ പ്രതിഫലിക്കുന്നത്. ഉയർന്നുവന്ന പ്രശ്നങ്ങളും ഞങ്ങൾ കൂട്ടായി പരിഹരിച്ചു.
∙റിബലുകൾ എല്ലാം കുഴപ്പത്തിലാക്കില്ലേ?
ഇത്തവണ കാര്യമായ റിബൽ ശല്യമില്ല. കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ റിബലുകളെ ഒഴിവാക്കി നിർത്താനുള്ള കൃത്യമായ ശ്രമം നടക്കുന്നുണ്ട്.
∙ പക്ഷേ എല്ലായിടത്തും ഗ്രൂപ്പ് വിതം വയ്പല്ലേ നടക്കുന്നത്?
അതൊക്കെ കുറച്ചൊക്കെ ഉണ്ടാകും. ഗ്രൂപ്പ് യാഥാർഥ്യം തന്നെയാണ്. പക്ഷെ അതിന്റെ അതിപ്രസരമില്ലാതെ യോജിച്ചാണു പാർട്ടി മുന്നോട്ടുപോകുന്നത്.
∙കോവിഡിനെ പേടിച്ച് ജനങ്ങൾ വോട്ടു ചെയ്യാൻ പോകാതിരുന്നാൽ യുഡിഎഫ് വെള്ളത്തിലാകില്ലേ?
എല്ലാവരും വോട്ടു ചെയ്യാൻ പോകും. കുറച്ചു വോട്ടർമാർ മാത്രമുള്ള വാർഡുകളിൽ നടക്കുന്ന തിരഞ്ഞെടുപ്പാണ്. വോട്ടർമാരെ സ്ഥാനാർഥികൾ എങ്ങനെയും വോട്ടു ചെയ്യാനെത്തിക്കും. അവരെല്ലാം പരസ്പരം ബന്ധമുള്ളവരാണ്. പോളിങ് ശതമാനം ഇത്തവണ കൂടത്തേയുള്ളൂ.
∙സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാറി, ഇനി മുഖ്യമന്ത്രി പിണറായി വിജയന്റ ഊഴമാണ് എന്നാണോ പ്രതിപക്ഷം കരുതുന്നത്?
തീർച്ചയായും. കോടിയേരിയേക്കാൾ മുൻപേ രാജിവയ്ക്കേണ്ടതു പിണറായിയായിരുന്നു. ഒരു വിക്കറ്റ് പോയി. അടുത്ത വിക്കറ്റ് താമസംവിനാ വീഴും.
∙സ്വർണക്കടത്ത് വിവാദം വന്നതോടെയാണ് എൽഡിഎഫിന്റെ തുടർഭരണ സാധ്യത പോയതും യുഡിഎഫിനു പ്രതീക്ഷ വച്ചതും അല്ലേ?
അത് തെറ്റായ ധാരണയാണ്. കേരളം എന്നും മാറിമാറി ചിന്തിക്കുന്നവരാണ്. അഞ്ചുവർഷത്തിൽ കൂടുതൽ അവർ ആർക്കും സാധാരണ കൊടുക്കാറില്ല. തുടർഭരണമെന്നു പറഞ്ഞ് നല്ല പിആർ ഏജൻസി പണി നടന്നു. അതൊന്നും ആരും പക്ഷേ, മുഖവിലക്കെടുത്തിട്ടില്ല.
∙കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഉണ്ടാക്കുന്ന ചലനങ്ങളാണു യുഡിഎഫിന് പ്രതീക്ഷയേകുന്നത്. അപ്പോൾ ഇതു ബിജെപി– യുഡിഎഫ് കൂട്ടുകെട്ടല്ലേ?
സത്യത്തിൽ കൂട്ടുകെട്ട് സിപിഎമ്മും ബിജെപിയും തമ്മിലാണ്. ഈ അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നത് അതുകൊണ്ടാണ്. ലാവ്‍ലിൻ കേസ് 20 തവണയല്ലേ മാറ്റിവച്ചത്? ബിജെപി–സിപിഎം ബന്ധത്തിന് ഇതിൽപ്പരം തെളിവു വേണോ? മുഖ്യമന്ത്രി പ്രധാനമന്ത്രിയുടേയോ അമിത് ഷായുടേയോ പേരു പറയാറുണ്ടോ? കേന്ദ്രത്തിനെതിരെ മന്ത്രിമാർ സമരം ചെയ്യുമെന്നു പറഞ്ഞിട്ട് ഇപ്പോൾ പിൻവലിഞ്ഞത് എന്തുകൊണ്ടാണ്? ഇവർ തമ്മിലുള്ള അഡ്ജസ്റ്റ്മെന്റാണ് ഇതെല്ലാം തെളിയിക്കുന്നത്.
∙കോടിയേരിയോട് ഒരു സോഫ്റ്റ് കോർണർ പ്രതിപക്ഷത്തിന് ഉണ്ടായിരുന്നതായി തോന്നിയിട്ടുണ്ട്. പിന്നീട് അത് ഉപേക്ഷിച്ചോ?
കോടിയേരിയെ ഞങ്ങൾ ഒരിക്കലും വ്യക്തിപരമായി ആക്രമിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ മൂത്ത മകന്റെ പ്രശ്നം വന്നപ്പോൾ ഞങ്ങളാരും ഇടപെട്ടില്ല. നിയമസഭയിൽ പോലും ഉന്നയിച്ചില്ല. പക്ഷേ നിരന്തരമായി കോടിയേരി എന്നെയും കുടുംബത്തെയും 23 വർഷം മുൻപ് മരിച്ചുപോയ പിതാവിനെയും ആക്ഷേപിക്കുകയും അപമാനിക്കുകയു ംചെയ്തു. ഞാൻ വാങ്ങാത്ത ഐ ഫോൺ വാങ്ങി എന്നു പറഞ്ഞ് എനിക്കെതിരെ പത്രസമ്മേളനം നടത്തി.
ഞങ്ങൾ കാണിക്കുന്ന മാന്യത തിരിച്ച് അദ്ദേഹം കാണിക്കുന്നില്ലെന്ന് ഞങ്ങൾക്കു ബോധ്യപ്പെട്ടു. അതോടെ ഞങ്ങളും തിരിച്ചുപറയാൻ തുടങ്ങി. പാർട്ടി സെക്രട്ടറിയുടെ വീട്ടിലിരുന്നു ലഹരിമരുന്ന് കച്ചവടത്തിന്റെ പരിപാടികളല്ലേ മകൻ ചെയ്തുകൊണ്ടിരുന്നത്! എന്നിട്ട് ഞങ്ങൾക്കെതിരെ ഇല്ലാത്ത ആരോപണങ്ങൾ അച്ഛൻ ഉന്നയിക്കുന്നു. വസ്തുതകൾ പുറത്തു വന്നപ്പോൾ ഞങ്ങൾക്കു തുറന്നു പറയാതിരിക്കാനും കഴിയില്ലല്ലോ.
∙എതിരാളിയാണെങ്കിലും ആ കുടുംബത്തിൽ 26 മണിക്കൂർ ഇഡി റെയ്ഡ് നടന്നപ്പോൾ സഹതാപം തോന്നിയോ?
അതെല്ലാം ക്ഷണിച്ചുവരുത്തിയതല്ലേ. അദ്ദേഹം താമസിച്ചിരുന്നത് ‘കോടിയേരി’എന്നു പറയുന്ന ആ വീട്ടിൽ അല്ലേ? അവിടം കേന്ദ്രീകരിച്ചല്ലേ ഈ വ്യവസായവും ലഹരിമരുന്നു കച്ചവടവുമെല്ലാം നടന്നത്. പണം വരുന്നത് എങ്ങനെയാണ് എന്നു കോടിയേരി മകനോട് ചോദിക്കേണ്ടേ? അത് ഒരു പിതാവിന്റെ ഉത്തരവാദിത്തമല്ലേ? എന്റെ മകൻ അമിതമായി പണം കൈകാര്യം ചെയ്താൽ ഞാൻ ശ്രദ്ധിക്കില്ലേ? ആ കടമ നിർവഹിക്കാത്തതിന്റെ പ്രശ്നമാണു കോടിയേരി അനുഭവിക്കുന്നത്.
∙കോടിയേരിക്കുള്ളതു പോലെ താങ്കൾക്കും രണ്ട് ആൺമക്കളാണല്ലോ?
എന്റെ മക്കളെക്കുറിച്ച് എനിക്ക് അഭിമാനമേയുള്ളൂ. അവരാരും ആവശ്യമില്ലാത്ത കാര്യങ്ങൾക്കു പിന്നാലെ പോകാറില്ല. അവരുടെ ജോലി നിർവഹിച്ചുപോകുന്നു. എന്റെ ഐഡന്റിറ്റിയിൽ അറിയാൻ അവർക്കു താൽപ്പര്യമുണ്ടെന്നു തോന്നിയിട്ടില്ല. സ്വകാര്യത കാത്തു സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന രണ്ടു വ്യക്തികളാണ് അവർ. കൊച്ചി അമൃതയിൽ പഠിക്കുമ്പോൾ എന്നെ അറിയാവുന്ന ഒരു അധ്യാപകൻ ‘രമേശ് ചെന്നിത്തലയുടെ മകൻ ഈ ക്ലാസിൽ പഠിക്കുന്നുണ്ടല്ലോ, ആരാണ്?’എന്നു ചോദിച്ചപ്പോഴാണ് രോഹിത് എഴുന്നേറ്റു നിന്നത്. ഒരിടത്തും എന്റെ പേര് അവർ മിസ് യൂസ് ചെയ്തിട്ടില്ല.
∙അച്ഛൻ കൃത്യമായി മക്കളെ നിരീക്ഷിച്ചതു കൊണ്ടാണോ?
അമ്മയാണ് അതു കൃത്യമായി ചെയ്യുന്നത്. ഞാൻ ശ്രദ്ധിക്കാറുണ്ട്. പക്ഷേ അമ്മയുടെ ശ്രദ്ധയാണു പ്രധാനമായത്. ഒരിടത്തും അനിത എന്റെ ഭാര്യയെന്ന നിലയിൽ സ്വയം അവതരിപ്പിക്കുന്നതും കണ്ടിട്ടില്ല.
∙സിപിഎമ്മിന്റെ സെക്രട്ടറിയുടെ ചുമതല എൽഡിഎഫ് കൺവീനർ കൂടിയായ എ. വിജയരാഘവനു കൊടുത്തല്ലോ?
അദ്ദേഹം എന്റെ നല്ല സുഹൃത്താണ്. സ്വന്തം പ്രാഗത്ഭ്യം അദ്ദേഹം തെളിയിക്കട്ടെ. രണ്ടു പദവിയും ഒരാൾക്കു നൽകിയത് അസ്വാഭാവികമാണ്. സിപിഎമ്മിനു പരിഹരിക്കാൻ പറ്റാത്ത സങ്കീർണമായ പ്രശ്നങ്ങളുമുണ്ടെന്നാണ് അതു സൂചിപ്പിക്കുന്നത്.
∙കോടിയേരി ബാലകൃഷ്ണൻ തിരിച്ചു വരുമെന്നാണല്ലോ സിപിഎം നേതാക്കൾ പറയുന്നത്.
രോഗം മൂലം മാത്രമാണ് അദ്ദേഹം മാറിയത് എന്നു ഞങ്ങൾ വിശ്വസിക്കുന്നില്ല. അമേരിക്കയിൽ പോയപ്പോൾ പാർട്ടി സെക്രട്ടറിയുടെ ചുമതല മറ്റാർക്കും അദ്ദേഹം കൊടുത്തില്ലല്ലോ. മകനെതിരെയുള്ള കേസിന്റെ പേരിൽ മാറി നിൽക്കാൻ അദ്ദേഹം നിർബന്ധിതനായതാണ്. ആരോപണങ്ങളുടെ കാഠിന്യം നോക്കുമ്പോൾ പാർട്ടി സെക്രട്ടറിയായി തിരിച്ചുവരവ് ഏറെക്കുറെ അസാധ്യമാണ്.
∙തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടായില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ യുഡിഎഫിന് ആശങ്കയാകുമല്ലോ?
ഒരിക്കലുമില്ല. പണ്ട് ജില്ലാ കൗൺസിലിൽ ജയിച്ചപ്പോൾ പെട്ടെന്നു നിയമസഭാ തിരഞ്ഞെടുപ്പ് നടത്തിയ എൽഡിഎഫിന്റെ സ്ഥിതി എന്തായി? രണ്ടും വ്യത്യസ്തമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രാദേശിക, വ്യക്തി, കുടുംബ ബന്ധങ്ങളാണു പ്രധാന ഘടകങ്ങളാകാറുള്ളത്. വെറും രാഷ്ട്രീയ പോരാട്ടം മാത്രമല്ല അത്. രാഷ്ട്രീയത്തിനു പ്രാധാന്യമുണ്ട്. പക്ഷേ നിയമസഭാ തിരഞ്ഞെടുപ്പു പോലെ ഇല്ല. രണ്ടു ഘടകങ്ങളുടെ കാര്യത്തിലും ഇത്തവണ ഞങ്ങൾക്കാണ് ആത്മവിശ്വാസം കൂടുതൽ.
∙ ജോസ് കെ.മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് യുഡിഎഫ് വിട്ട് എൽഡിഎഫിന്റെ ഭാഗമായി മത്സരിക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് വരുന്നത്. മധ്യകേരളത്തിൽ ഇതു യുഡിഎഫിനു തിരിച്ചടിയാകില്ലേ?
ഞങ്ങൾക്ക് ഒരു പ്രശ്നവും അതുകൊണ്ട് ഉണ്ടാകില്ല. കേരള കോൺഗ്രസിൽ വിശ്വാസമർപ്പിച്ചിരിക്കുന്ന ജനവിഭാഗം സാധാരണ ഗതിയിൽ യുഡിഎഫിനു വോട്ടു ചെയ്യുന്നവരാണ്. അവരാരും ഈ തിരഞ്ഞെടുപ്പിലും എൽഡിഎഫിനു വോട്ടു ചെയ്യില്ല. അതു ജോസ് കെ.മാണിക്കു വൈകാതെ മനസിലാകാൻ പോകുകയാണ്.
സുജിത് നായരുടെ രാഷ്ട്രീയ വിശകലനങ്ങൾ പോഡ്കാസ്റ്റായി കേൾക്കാം >>
English Summary: Special Political interview with Opposition Leader Ramesh Chennithala