‘ബാർ കോഴയിലും കേന്ദ്ര അന്വേഷണം വേണം; തിരുവനന്തപുരം നേടും, ശോഭയെ ഒതുക്കിയില്ല’
ഊരാളുങ്കൽ സൊസൈറ്റിയും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധം എന്താണെന്ന് അവർക്ക് അറിയാം. രവീന്ദ്രന്റെ ചോദ്യം ചെയ്യൽ പൂർത്തിയാകുമ്പോൾ ഇതിലെല്ലാം കൂടുതൽ വ്യക്തത വരും. മുഖ്യമന്ത്രി അറിയാതെയല്ല K.Surendran, BJP, Politics, local elections, crossfire, sujith nair
ഊരാളുങ്കൽ സൊസൈറ്റിയും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധം എന്താണെന്ന് അവർക്ക് അറിയാം. രവീന്ദ്രന്റെ ചോദ്യം ചെയ്യൽ പൂർത്തിയാകുമ്പോൾ ഇതിലെല്ലാം കൂടുതൽ വ്യക്തത വരും. മുഖ്യമന്ത്രി അറിയാതെയല്ല K.Surendran, BJP, Politics, local elections, crossfire, sujith nair
ഊരാളുങ്കൽ സൊസൈറ്റിയും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധം എന്താണെന്ന് അവർക്ക് അറിയാം. രവീന്ദ്രന്റെ ചോദ്യം ചെയ്യൽ പൂർത്തിയാകുമ്പോൾ ഇതിലെല്ലാം കൂടുതൽ വ്യക്തത വരും. മുഖ്യമന്ത്രി അറിയാതെയല്ല K.Surendran, BJP, Politics, local elections, crossfire, sujith nair
പ്രസിഡന്റിനു നിശ്ചയിച്ച മുറിയിലിരുന്നു പാർട്ടിയെ നയിക്കുന്ന ശൈലി അല്ലെ കെ.സുരേന്ദ്രന്റേത്. കളത്തിലിറങ്ങി നിന്നു കേരളത്തിലെ ബിജെപിക്ക് ആക്രമണോത്സുക നേതൃത്വം കൊടുക്കുന്ന സംസ്ഥാന പ്രസിഡന്റാണ് അദ്ദേഹം. ആ മൂർച്ചയുള്ള നാവ് കേരള രാഷ്ട്രീയം ഏറെ ശ്രദ്ധിക്കുന്നു. തിരഞ്ഞെടുപ്പ് സാധ്യതകളെയും പാർട്ടിയിലെയും മുന്നണിയിലെയും പ്രശ്നങ്ങളെയും കുറിച്ച് മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ സുരേന്ദ്രൻ സംസാരിക്കുന്നു.
∙നിലവിലെ 1300 വാർഡുകൾ ആറായിരം ആയി ഉയർത്തുകയാണു ബിജെപിയുടെ ലക്ഷ്യമെന്നു കേട്ടു. ശക്തരായ മുന്നണികൾക്കിടയിൽ ആ നേട്ടം കൈവരിക്കുമോ?
മുൻകാല ലോക്സഭാ– നിയമസഭാ പാറ്റേൺ ആയിരിക്കില്ല ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ. പലയിടത്തും എൽഡിഎഫും ബിജെപിയും തമ്മിലാണു മത്സരം.വിഷയങ്ങളും സ്ഥാനാർഥികളും വളരെ നിർണായകമാണ്. സംഘടനാ പ്രവർത്തനത്തിന്റെ കാര്യത്തിലും നല്ല ആത്മവിശ്വാസമുണ്ട്. ഭരിക്കുന്ന കക്ഷിക്കെതിരെയുള്ള വികാരം പ്രതിപക്ഷമാണു സാധാരണ മുതലാക്കാറുള്ളത്. കേരളത്തിൽ രണ്ടു കൂട്ടരും വിശ്വാസ്യതാ തകർച്ചയിലാണ്.
∙തിരുവനന്തപുരം കോർപറേഷൻ ബിജെപി പിടിക്കുമോ?
തീർച്ചയായും. തൃശൂർ കോർപറേഷനിലും നല്ല പ്രതീക്ഷയുണ്ട്. കൊച്ചിയും കോഴിക്കോടും വൻ മുന്നേറ്റം ഉണ്ടാകും.
∙ന്യൂനപക്ഷ വോട്ടു കിട്ടാതെ ഇതെല്ലാം നടക്കുമോ?
ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട എത്രയോ പേർ ഞങ്ങളുടെ സ്ഥാനാർഥികളായി. മുസ്‌ലിം സ്ത്രീകളടക്കം ന്യൂനപക്ഷ വിഭാഗത്തിലെ നാനൂറിലധികം സ്ഥാനാർഥികളുണ്ട്. ക്രിസ്ത്യൻ ന്യൂനപക്ഷം പതിവിൽ നിന്നു വ്യത്യസ്തമായ നിലപാടാണു സ്വീകരിക്കുന്നത്. യുഡിഎഫിനകത്തെ മുസ്‌ലിം ലീഗിന്റെ അപ്രമാദിത്വത്തിൽ അവർക്ക് ആശങ്കയുണ്ട്. ജമാ അത്തെ ഇസ്ലാമിയുമായി യുഡിഎഫ് കൈകോർത്തതു ക്രിസ്ത്യൻ വിഭാഗത്തെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചു. എൽഡിഎഫിനേക്കാൾ യോജിക്കാവുന്നതു ബിജെപിയാണ് എന്നും അവർക്കറിയാം.
∙ഇതൊക്കെയാണെങ്കിലും മുഴുവൻ വാർഡുകളിലും സ്ഥാനാർഥികൾ ഇല്ലല്ലോ? .
ശരിയാണ്. മലപ്പുറം, കണ്ണൂർ, കോട്ടയം ജില്ലകളിലെ ചില സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശ്രമിച്ചിട്ടും മുഴുവൻ സ്ഥലത്തും സ്ഥാനാർഥികൾ ആയില്ല. മലപ്പുറത്തെ ചിലയിടത്തു പാർട്ടിക്ക് എത്തിപ്പെടാനായിട്ടില്ല. കണ്ണൂരിൽ ചില കേന്ദ്രങ്ങളിൽ മത്സരിക്കാൻ പറ്റിയില്ല. പക്ഷേ, കേരളത്തിൽ ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ ഉള്ളത് ബിജെപിക്കാണ്. 2015 നേക്കാൾ 5000 കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്നു.
∙ എല്ലാം ആർഎസ്എസിന്റെ നിയന്ത്രണത്തിലാണ് എന്ന വിമർശനം ഉണ്ടല്ലോ.
സംഘ പരിവാറാകെ ഒരുമിച്ചു നിൽക്കുന്നതു നല്ല മാറ്റത്തിനു സഹായകരമാകുമെന്ന വിലയിരുത്തലുണ്ട്. സ്ഥാനാർഥി നിർണയവും മറ്റും ബിജെപിയുടെ താഴേത്തട്ടിൽ തന്നെയാണു നടന്നത്.
∙സംസ്ഥാനസർക്കാരിനെതിരെ നടക്കുന്ന കേന്ദ്ര ഏജൻസികളുടെ അന്വേഷണം തികച്ചും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എന്ന വിമർശനത്തെക്കുറിച്ച് എന്തു പറയുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്തു കേസും ബെംഗളൂരു മയക്കുമരുന്നു കേസും ആകസ്മികമായി ഉണ്ടായതാണ്. അതിനെ തുടർന്നുള്ള അന്വേഷണങ്ങളിലാണു പലതിലേക്കും പോയത്.അതുകൊണ്ട് ബിജെപി രാഷ്ട്രീയം കാണിച്ചു എന്ന് ആരോപിക്കാൻ കഴിയില്ല. കോൺഗ്രസ് സർക്കാരിനെ മറിച്ചിട്ടു ബിജെപി സർക്കാർ ഉണ്ടാക്കാൻ പോകുന്നു എന്ന തരത്തിൽ ചില സംസ്ഥാനങ്ങളിൽ പറഞ്ഞാൽ ആ ആരോപണം വിശ്വസിക്കുമായിരിക്കും. കേരളത്തിൽ ഞങ്ങൾക്ക് ഒരു നിയമസഭാ അംഗമാണുള്ളത്. മൂന്നോ നാലോ മാസം ആയുസ്സുള്ള സർക്കാരിനെ മറിച്ചിടേണ്ട കാര്യവുമില്ല. കേരളം പോലെ ഒരു സംസ്ഥാനത്തു കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു രാഷ്ട്രീയം കളിക്കുക എന്നു പറഞ്ഞാൽ അതു നടക്കില്ല. ഞങ്ങളും അതേക്കുറിച്ചു ബോധവാന്മാരാണ്. സത്യസന്ധമല്ലാത്ത ഒരു കാര്യം ചെയ്താൽ അടുത്തയാഴ്ച കോടതിയിൽ തളളിപ്പോകും.
∙അന്വേഷണത്തിന്റെ രാഷ്ട്രീയ ലാഭത്തിലല്ലേ പക്ഷേ, ബിജെപിയുടെ പ്രതീക്ഷ?
അന്വേഷണം പുരോഗമിക്കുന്നതോടെ നേരത്തെ ഞങ്ങൾ പറഞ്ഞതു പലതും ശരിയാണെന്നു ബോധ്യപ്പെടുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും പങ്ക് ഞങ്ങളാണ് ആദ്യം ചൂണ്ടിക്കാട്ടിയത്. സെക്രട്ടേറിയറ്റിൽ ഉണ്ടായതു തീപിടിത്തമല്ല, കത്തിക്കൽ ആണെന്നും ഞങ്ങൾ ആദ്യം പറഞ്ഞു. ഇപ്പോൾ ഫൊറൻസിക് റിപ്പോർട്ട് അതിലേക്കു വിരൽ ചൂണ്ടുന്നു. സത്യം പറഞ്ഞു എന്നതു കൊണ്ടു ബിജെപിയുടെ തിരക്കഥയ്ക്ക് അനുസരിച്ചാണു കേന്ദ്ര ഏജൻസി നീങ്ങുന്നത് എന്നു പറഞ്ഞാൽ അതിൽ കാര്യമില്ല.
∙ശക്തരായ രണ്ടു മുന്നണികളെ തോൽപ്പിക്കാൻ പറ്റില്ല.അതുകൊണ്ടു കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അവരെ മോശക്കാരാക്കി ബിജെപിക്കു വഴിയൊരുക്കാൻ നോക്കുന്നു എന്നതല്ലേ വസ്തുത?
രണ്ടു കൂട്ടർക്കും എതിരെ അന്വേഷണം ഉണ്ടാകുന്നതാണ്. മുസ്‌ലിം ലീഗിലെ കെ.എം.ഷാജിക്കെതിരെ അന്വേഷണം നടക്കുന്നത് ഞങ്ങൾ ഇടപെട്ടിട്ട് അല്ലല്ലോ? പാലാരിവട്ടം പാലം പൊളിഞ്ഞു വീണതു ഞങ്ങളുടെ കുഴപ്പം കൊണ്ടല്ല. ഇപ്പോൾ ബിജു രമേശ് പുതിയ ആരോപണങ്ങളുമായി വന്നതു ഞങ്ങൾ പറഞ്ഞിട്ടാണോ? കേസുകളുണ്ടാകുമ്പോൾ പുതിയ വിവരങ്ങൾ പുറത്തുവരും.
∙ബിജു രമേശ് ആവശ്യപ്പെട്ടതു പോലെ പ്രതിപക്ഷത്തിനെതിരെ ബാർ കോഴയിലും കേന്ദ്ര അന്വേഷണം വരും എന്നാണോ?
അദ്ദേഹത്തിന്റെ പോയിന്റ് നിലനിലനിൽക്കുന്നതാണ്. കൈക്കൂലി നൽകാനായി പണം ബാറുടമകളിൽ നിന്നു സമാഹരിച്ചു എന്നതു വസ്തുതയാണല്ലോ. ആ കള്ളപ്പണം എങ്ങോട്ട് പോയി? സംസ്ഥാന വിജിലൻസ് അതു കണ്ടെത്തുന്നില്ലെങ്കിൽ കേന്ദ്ര ഏജൻസികളുടെ സഹായം തേടണം.
∙സർക്കാരിനെതിരെ ബിജപി ഉണ്ടാക്കുന്ന ഈ കോലാഹലങ്ങളെല്ലാം രാഷ്ട്രീയമായി പ്രയോജനപ്പെടുന്നതു യുഡിഎഫിന് ആകില്ലേ? ലോക്സഭാ തിരഞ്ഞെടുപ്പിലെ പോലെ?
അന്നു ശബരിമല വിഷയത്തിൽ ഭൂരിപക്ഷ വിഭാഗം പിണറായി വിജയനെ പാഠം പഠിപ്പിക്കാൻ തീരുമാനിച്ചിരുന്നു. രണ്ടു ന്യൂനപക്ഷ വിഭാഗങ്ങളും യുഡിഎഫിനെ പിന്തുണയ്ക്കുകയും ചെയ്തു. ഇന്ന് അതല്ല സ്ഥിതി. തിരുവനന്തപുരം കോർപറേഷനിൽ പത്തോ പതിനഞ്ചോ വാർഡിലേ കാര്യമായ കോൺഗ്രസ് സാന്നിധ്യം തന്നെ ഉള്ളൂ. ഭരണ വിരുദ്ധ വികാരം സംസ്ഥാന വ്യാപകമായി യുഡിഎഫിനു പോകില്ല. ആ വികാരത്തെ ഓരോ തദ്ദേശ സ്ഥാപനത്തിലും ആർക്കാണോ മുതലെടുക്കാൻ സാധിക്കുന്നത്, അവർക്കാകും നേട്ടം.
∙എൽഡിഎഫാണോ യുഡിഎഫാണോ ബിജെപിക്കു മുഖ്യശത്രു?
രണ്ടു പേരും തുല്യ ശത്രുക്കളാണ്. പക്ഷേ മത്സരം പലയിടത്തും എൽഡിഎഫും ബിജെപിയും തമ്മിലാണ്.
∙മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫിസിനും എതിരെ കെ.സുരേന്ദ്രൻ ഉന്നയിക്കുന്ന ആരോപണങ്ങൾ എന്തെങ്കിലും തെളിവിന്റെ അടിസ്ഥാനത്തിലാണോ?
സിപിഎമ്മിനകത്തു വരെ ഞാൻ പറയുന്നതു പലരും അംഗീകരിക്കുന്നുണ്ട്. മലബാറിൽ ജീവിക്കുന്ന ഏതു പൊതുപ്രവർത്തകനും മുഖ്യമന്ത്രിക്കു വേണ്ടി സി.എം. രവീന്ദ്രൻ എന്താണു ചെയ്യുന്നത് എന്നറിയാം. ഊരാളുങ്കൽ സൊസൈറ്റിയും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധം എന്താണെന്ന് അവർക്ക് അറിയാം. രവീന്ദ്രന്റെ ചോദ്യം ചെയ്യൽ പൂർത്തിയാകുമ്പോൾ ഇതിലെല്ലാം കൂടുതൽ വ്യക്തത വരും. മുഖ്യമന്ത്രി അറിയാതെയല്ല ഇതെല്ലാം നടന്നത്. ശിവശങ്കറിന് തട്ടിപ്പുകളിൽ ബന്ധമില്ല എന്നായിരുന്നല്ലോ ആദ്യത്തെ പ്രചാരണം. ഇപ്പോൾ തെളിഞ്ഞില്ലേ? ശിവശങ്കറും മുഖ്യമന്ത്രിയും, രവീന്ദ്രനും മുഖ്യമന്ത്രിയും എല്ലാം തമ്മിലെ ബന്ധത്തിന്റെ ആഴം അറിയുന്നവർക്കു മുഖ്യമന്ത്രി തന്നെയാണ് ഇതിനെല്ലാം പിന്നിൽ എന്നു ബോധ്യമുണ്ട്. മുഖ്യമന്ത്രി നിർദ്ദേശം കൊടുത്തു എന്നു ഞാൻ ഇപ്പോൾ പറയില്ല. പക്ഷേ അദ്ദേഹം അറിയാതെ ഇതൊന്നും നടക്കില്ല.
∙കെ.സുരേന്ദ്രൻ വിടുവായിത്തം പറയുന്നു എന്നു മുഖ്യമന്ത്രി പരിഹസിച്ചിട്ടുണ്ട്, താങ്കൾ നിലവാരമില്ലാത്ത നേതാവാണ് എന്നു ‘ക്രോസ് ഫയറിൽ’ മന്ത്രി ഇ.പി ജയരാജൻ ആരോപിച്ചു, പ്രതിപക്ഷ നേതാവ് അടക്കം താങ്കളെ ആക്ഷേപിക്കാറുണ്ട്. ഇതിനെ എങ്ങനെ കാണുന്നു?
ഈ വിമർശനങ്ങളെ അവരുടെ അസ്വസ്ഥതയായിട്ടാണു കാണുന്നത്. ഞാൻ പറയുന്ന കാര്യമാണു പലപ്പോഴും രണ്ടു ദിവസം കഴിഞ്ഞു രമേശ് ചെന്നിത്തല പറയുന്നത്. ഞാൻ പറഞ്ഞതിൽ വസ്തുതാപരമായി എന്തെങ്കിലും പിശകുണ്ടോ എന്നതാണു നോക്കേണ്ടത്, അസ്വസ്ഥതപ്പെട്ടിട്ടു കാര്യമില്ല. നിലവാരം അളക്കാൻ പറ്റിയ ആളാണല്ലോ മന്ത്രി ജയരാജൻ! അദ്ദേഹത്തിന്റെ സർട്ടിഫിക്കറ്റ് എനിക്ക് ആവശ്യമില്ല.
∙എൻഡിഎ എന്ന സംവിധാനത്തിലെ പോരായ്മകൾ പരിഹരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലല്ലോ? ശക്തരായ സഖ്യകക്ഷികൾ പാർട്ടിക്കില്ല.പി.സി.തോമസും സി.കെ. ജാനുവും മറ്റും ഉപേക്ഷിച്ചും പോയി.
പി.സി.തോമസ്, സി.കെ. ജാനു തുടങ്ങിയവരുടെ പേരിനു നേതാക്കൾ എന്ന നിലയിൽ നല്ല പ്രസക്തിയുണ്ട്. പക്ഷേ അവരുടെ പാർട്ടിക്ക് ആ ബലമില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിനുശേഷം പുതിയ കക്ഷികൾ എൻഡിഎയിലേക്കു വരും. കോൺഗ്രസിലും സിപിഎമ്മിലും നിന്ന് ഒഴുക്കുണ്ടാകും. കോൺഗ്രസ് നേതൃനിരയിൽ ഉള്ളവരടക്കം ഇങ്ങോട്ടു വരും. തദ്ദേശ തിരഞ്ഞെടുപ്പിലെ ബിജെപി പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വലിയ രാഷ്ട്രീയമാറ്റം ഉണ്ടാകും .കോൺഗ്രസിന്റെ സ്ഥിതി പരമ ദയനീമായിരിക്കും. സിപിഎമ്മിന്റെ കയ്യിൽ നിന്നു സീറ്റ് പിടിക്കാൻ പോകുന്നതു ബിജെപിയാണ്.
∙കേന്ദ്രസർക്കാരിൽ നിന്നു പദവികൾ കിട്ടാഞ്ഞതല്ലേ സഖ്യ കക്ഷികളിൽ പലരെയും മടുപ്പിച്ചത്?
ചില കാര്യങ്ങളെല്ലാം വാങ്ങി കൊടുത്തിട്ടുണ്ട്. പക്ഷേ ചോദിക്കുന്ന കാര്യങ്ങളുടെ വ്യാപ്തിയും കിട്ടുന്ന കാര്യങ്ങളും നോക്കുമ്പോൾ അന്തരമുണ്ട്. കേരളത്തിനു പരമാവധി കാര്യങ്ങൾ കേന്ദ്രം ചെയ്യുന്നുണ്ട്. പക്ഷേ ആവശ്യങ്ങൾ കൂടുതലാണ്.
∙താഴേത്തട്ടിലുള്ളവർക്കു താമര മതി, മറ്റു ചിഹ്നങ്ങൾ വേണ്ട, ബിജെപി മതി എൻഡിഎ വേണ്ട എന്ന വിചാരമുണ്ടോ?
ഞങ്ങൾക്കു മുന്നണി രാഷ്ട്രീയത്തിൽ അനുഭവസമ്പത്തിന്റെ കുറവുണ്ട് എന്നതു സമ്മതിക്കുന്നു. എൻഡിഎ ഏതാനും വർഷം മാത്രം മുൻപല്ലേ ഉണ്ടായത്. മുന്നണിക്ക് അകത്തു സ്വീകരിക്കേണ്ട ചിട്ടവട്ടങ്ങൾ, വിശാല മനസ്കത എന്നിവയയെക്കുറിച്ചു പാർട്ടിക്കാർക്കു കുറച്ചു കൂടി ബോധ്യം ഉണ്ടാകണം. ഇത്തവണ കുറേ ശ്രദ്ധ പുലർത്തിയിട്ടുണ്ട് ഇത് ഒറ്റയടിക്കു തീരുന്ന പ്രശ്നമല്ല.
∙ബിഡിജെഎസിന്റെ പ്രവർത്തനം, സ്ഥാനാർഥി നിർണയം എന്നിവയിൽ ബിജെപി തൃപ്തരാണോ?
അവരെ പരമാവധി സ്ഥലത്ത് ഉൾക്കൊള്ളാൻ ശ്രമിച്ചിട്ടുണ്ട് പക്ഷേ, എത്ര സ്ഥലത്ത് ബിഡിജെഎസിനു മത്സരിക്കാമായിരുന്നു, എത്രയിടത്തു മത്സരിച്ചിട്ടുണ്ട് എന്നെല്ലാം തിരഞ്ഞെടുപ്പിനുശേഷം വിലയിരുത്തുമ്പോൾ മാത്രമേ മുന്നണി തലത്തിലെ സഹായം അങ്ങോട്ടും ഇങ്ങോട്ടും എത്രമാത്രം ലഭിച്ചു എന്നു പറയാൻ കഴിയൂ.
∙ബിജെപിയിലെ എല്ലാ വിഭാഗം നേതാക്കളെയും ഒരുമിപ്പിച്ചു കൊണ്ടുപോകുന്നതിൽ കെ.സുരേന്ദ്രനു പോരായ്മ വന്നോ?
എല്ലാവരെയും ഒരുമിപ്പിച്ചുകൊണ്ടുപോകാൻ ആത്മാർഥമായ ശ്രമമാണു നടത്തിയത്. പുതിയവർക്കു നല്ല പ്രാതിനിധ്യം കൊടുത്തു. ഭാരവാഹിപ്പട്ടിക തയാറാക്കിയപ്പോൾ മാധ്യമങ്ങൾ നല്ലതാണ് എഴുതിയത്. ഒഴിവാക്കപ്പെട്ട പി.എം.വേലായുധനെപ്പോലുള്ളവരുടെ പരാതി അപരിഹാര്യമായ വിഷയമാണ്. എന്നെക്കൊണ്ടു പരിഹരിക്കാൻ കഴിയുന്നതല്ല അക്കാര്യം. അത്രയും വർഷം പരിചയമുള്ളവരെ എല്ലാം നിലനിർത്തിയാൽ പാർട്ടിയിലെ യുവരക്തങ്ങളെയോ കോൺഗ്രസിൽ നിന്നും മറ്റും വന്നവരെയോ പരിഗണിക്കാൻ കഴിയില്ല.
∙ശോഭാ സുരേന്ദ്രനെ കോർ കമ്മിറ്റിയിൽ നിന്നടക്കം ഒഴിവാക്കിയതിനെ കുറിച്ചോ?
അതു മാധ്യമങ്ങൾ വിചാരിക്കുന്നതു പോലെയല്ല. എല്ലാ സംസ്ഥാനങ്ങളിലും കോർകമ്മിറ്റിയെ തീരുമാനിക്കുന്നതു കേന്ദ്ര നേതൃത്വമാണ്. അതിൽ സംസ്ഥാനത്തിന് ഒരു പ്രത്യേക നിർദ്ദേശവും ഉണ്ടായിരുന്നില്ല. പുനഃസംഘടനയുടെ എല്ലാ വശങ്ങളും കേന്ദ്ര നേതൃത്വവുമായി ചർച്ച ചെയ്തതാണ്. അതുകൊണ്ടാണ് ഒൻപതു മാസമായി പരാതി ഉണ്ടാകാഞ്ഞത. പുനഃസംഘടന കഴിഞ്ഞാൽ ഉടനെ ആണല്ലോ സാധാരണ പരാതി. ഇക്കാര്യത്തിൽ എനിക്ക് ഒന്നും മറച്ചുവയ്ക്കാനില്ല. സംഘടനയെ മുന്നോട്ടു കൊണ്ടുപോകുമ്പോൾ സാധാരണ ഉണ്ടാകുന്ന ചില പരാതികൾ മാത്രമാണ് ഇതെന്നു ബന്ധപ്പെട്ടവർക്കു മനസ്സിലായിട്ടുണ്ട്.
∙ ഈ ഒൻപതു മാസവും വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ താങ്കൾ വിളിച്ച നേതൃയോഗങ്ങളിൽ നിന്നു വിട്ടു നിൽക്കുകയായിരുന്നു. ഏക വനിതാ ജനറൽസെക്രട്ടറിയായിരുന്ന അവരെ വൈസ് പ്രസിഡന്റായി ഒതുക്കി എന്നാണ് ആക്ഷേപം.
പട്ടികജാതിക്കാരനായ ഒരാൾ ആദ്യമായി ഇത്തവണ ബിജെപി ജനറൽസെക്രട്ടറിയായി. ന്യൂനപക്ഷത്തിൽ നിന്ന് ഒരാളെ ജനറൽ സെക്രട്ടറിയാക്കി. ഇതു രണ്ടും 1980 മുതൽ കേരള ബിജെപിയിൽ ഉണ്ടായിട്ടില്ല. ആകെ നാലു ജനറൽസെക്രട്ടറിമാരാണ് എന്നതിനാൽ പിന്നെ രണ്ടു സ്ഥാനങ്ങളെ ഉള്ളൂ. മുൻഗണനകൾ മാറി എന്നതാണു സംഭവിച്ചത്. അല്ലാതെ ആരെയും ഒതുക്കിയിട്ടില്ല. വനിതകൾ ഇത്രയും ശക്തമായി പാർട്ടിയിൽ സജീവമായ ഒരു കാലം ഉണ്ടായിട്ടില്ല. വനിതാ മുന്നേറ്റം തന്നെയാണുള്ളത്.
∙ശോഭാ സുരേന്ദ്രൻ മുന്നിൽ നിന്നു നയിക്കും എന്നു താങ്കൾ പറഞ്ഞു. പ്രചാരണ രംഗത്ത് അവരെ കാണാൻ ഇല്ലല്ലോ?
അങ്ങനെയല്ല പറഞ്ഞത്. ശോഭാ സുരേന്ദ്രൻ അടക്കമുളള നേതാക്കൾ തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടിയെ നയിക്കും എന്നാണു പറഞ്ഞത്. ഞങ്ങൾ ഒരു ടീമാണ് എന്ന്. അത് ഉണ്ടാകുമെന്നു തന്നെയാണു കരുതുന്നത്. ഞാൻ ശുഭാപ്തി വിശ്വാസിയാണ്.
∙കേന്ദ്രമന്ത്രി വി.മുരളീധരനെയും കെ.സുരേന്ദ്രനെയും അനുകൂലിക്കുന്നവർ ബിജെപിയിൽ മതി എന്ന സ്ഥിതിയുണ്ടെന്നു ചിലർ ഒളിഞ്ഞും തെളിഞ്ഞും വിമർശിക്കുന്നുണ്ട്.
എന്റെ ടീമിനെ വിലയിരുത്തുന്നവർ അങ്ങനെ പറയുമോ? എല്ലാവർക്കും ഇതിൽ അവസരമുണ്ട്. ഒരു സ്ഥാനത്തു നിന്നു മാറുന്നവരെ മറ്റൊന്നിലേക്കു പരിഗണിച്ചിട്ടുണ്ട്. ചിലർക്കു പോഷക സംഘടനകളിൽ അവസരം നൽകി. ജില്ലാ പ്രസിഡന്റുമാര്ക്കു പ്രായ പരിധി നിശ്ചയിച്ചപ്പോൾ 10–12 പേർ ഒരുമിച്ചു മാറി. അവരെ ഉൾക്കൊള്ളേണ്ടേ? പ്രായോഗികമായ പ്രശ്നങ്ങൾ പരമാവധി പ്രായോഗികമായി പരിഹരിക്കാൻ ശ്രമിച്ചു. മറ്റുള്ളതു മാധ്യമങ്ങളുടെ വ്യാഖ്യാനം മാത്രമാണ്.
∙ശോഭാ സുരേന്ദ്രനെ നേരിട്ടു വിളിച്ചു ചർച്ച ചെയ്താൽ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളൂ എന്നു ചൂണ്ടിക്കാട്ടുന്നവരുണ്ട്.
അത്തരം കാര്യങ്ങൾ പാർട്ടിക്ക് അകത്താണു ചർച്ച ചെയ്യേണ്ടത്. അതെല്ലാം തദ്ദേശ തിരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കും. യുഡിഎഫ്–എൽഡിഎഫ് എന്ന സ്ഥിതിക്കു മാറ്റം വരുത്തി തുടങ്ങുന്ന തിരഞ്ഞെടുപ്പിനാണ് ഇപ്പോൾ മുൻഗണന.
English Summary: Crossfire interview with BJP State President K Surendran