കശുവണ്ടി ഇറക്കുമതി അഴിമതി: സർക്കാർ വിചാരണ നിഷേധിച്ചത് തെളിവ് പരിശോധിക്കാതെയെന്ന് സിബിഐ
Mail This Article
കൊച്ചി∙ ടാൻസാനിയയിൽ നിന്ന് കശുവണ്ടി വികസന കോർപറേഷൻ കശുവണ്ടി ഇറക്കുമതി ചെയ്തതിലെ അഴിമതി ചൂണ്ടിക്കാണിച്ചിട്ടും സർക്കാർ വിചാരണ നിഷേധിച്ചതായി സിബിഐ ഹൈക്കോടതിയിൽ. കേസ് റജിസ്റ്റർ ചെയ്യുമ്പോൾ പ്രതികൾക്ക് ഔദ്യോഗിക ചുമതലകൾ ഉണ്ടായിരുന്നില്ല എന്നതിനാൽ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്നും സിബിഐ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. പ്രതികളെ വിചാരണ ചെയ്യുന്നതിനുള്ള അനുമതി നിഷേധിച്ചതിനെതിരെ പരാതിക്കാരനായ കടകംപള്ളി മനോജ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി പരിഗണിക്കുമ്പോഴാണ് സിബിഐ സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചത്.
കശുവണ്ടി കോർപറേഷൻ മുൻ എംഡി കെ.എ. രതീഷും മുൻ ചെയർമാൻ ആർ. ചന്ദ്രശേഖറും ഉൾപ്പെടെയുള്ളവർ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ കണ്ടെത്തൽ. ഇരുവരും സർക്കാർ പദവികൾ വഹിക്കുന്നില്ലാത്തതിനാൽ കേസുമായി മുന്നോട്ടു പോകുന്നതിന് സർക്കാർ അനുമതി ആവശ്യമില്ലെന്നാണ് സിബിഐ വാദം. തെളിവുകൾ പരിശോധിക്കാതെയും തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചുമാണ് അനുമതി നിഷേധിച്ചതെന്ന് സിബിഐ പറയുന്നു.
തെളിവുകളുടെ അഭാവത്തിൽ പ്രോസിക്യൂഷൻ അനുമതിയില്ലെന്നായിരുന്നു വ്യവസായ വകുപ്പിന്റെ മറുപടി. തോട്ടണ്ടി ഇറക്കുമതിയിൽ 500 കോടിയിലേറെ രൂപയുടെ അഴിമതി നടന്നെന്ന ഹർജിയിൽ ഹൈക്കോടതി നിർദേശത്തെ തുടർന്നായിരുന്നു സിബിഐ അന്വേഷണം.
Content highlights: Cashew Development Corporation's corruption: CBI