പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ ഇഡി റെയ്ഡ്; പണമിടപാടുകള്‍ പരിശോധിക്കുന്നു
Mail This Article
കൊച്ചി∙ പോപ്പുലർ ഫ്രണ്ട് മുൻനിര നേതാക്കളുടെ വീടുകളിൽ സംസ്ഥാന വ്യാപകമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) റെയ്ഡ്. ഇവരുടെ പണം ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ കണ്ടെടുക്കുന്നതിനാണു പരിശോധന എന്നാണ് അറിയുന്നത്. ഇന്നു രാവിലെ എട്ടുമണിയോടെയാണ് കൊച്ചി, മലപ്പുറം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ നേതാക്കളുടെ വീടുകളിൽ റെയ്ഡ് ആരംഭിച്ചത്. കൊച്ചി കളമശേരിയിൽ പോപ്പുലർ ഫ്രണ്ടിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ ഇ.എം. അബ്ദുൽ റഹ്മാന്റെ വീട്ടിൽ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. കരമന അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.
പോപ്പുലർ ഫ്രണ്ട് ദേശീയ ചെയർമാൻ ഒഎംഎ സലാമിന്റെ മഞ്ചേരി മാടൻകോട്ടെ വീട്ടിൽ രാവിലെ 8.30ന് എത്തിയ സംഘം ഇപ്പോഴും പരിശോധന തുടരുന്നു. രേഖകളും ലാപ്ടോപ്പും ശേഖരിച്ചതായി സൂചന. ദേശീയ സെക്രട്ടറി നാസറുദ്ദീൻ എളമരത്തിന്റെ വീട്ടിൽ രാവിലെ 8.30ന് തുടങ്ങിയ റെയ്ഡ് 9.30 വരെ നീണ്ടു. ലാപ്ടോപ് കൊണ്ടുപോയി. വീട്ടിൽ ആളുണ്ടായിരുന്നില്ല.
കൊച്ചിയിൽനിന്നുള്ള സംഘമാണ് ഇവിടങ്ങളിൽ പരിശോധന നടത്തുന്നത് എന്നാണ് അറിയുന്നത്. ചില സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകളും പണമിടപാട് സംബന്ധിച്ച വിവരങ്ങളും പോപ്പുലർ ഫ്രണ്ട് മുൻനിര നേതാക്കളിൽനിന്ന് ഇഡി ചോദിച്ചറിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് മുൻനിര നേതാക്കളുടെ എല്ലാം വീടുകളിൽ ഒരേസമയം പരിശോധന നടത്തുന്നത്. കൂടുതൽ നേതാക്കളുടെ വീടുകളിൽ പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം.
English Summay: ED raids in Popular Front Of India (PFI) Kerala leaders houses