ADVERTISEMENT

മാസ്ക്കും സാമൂഹിക അകലവും ഒക്കെയുണ്ടെങ്കിലും കൊറോണ വൈറസിനെ പ്രതിരോധിക്കാൻ വാക്സീനാണ് വഴിയെന്ന തിരിച്ചറിവിലാണ് ലോകം. ഇതിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിലരെയെങ്കിലും ആശങ്കയിൽ നിർത്തുന്ന വാർത്തയാണ് ട്രയൽ ഘട്ടത്തിൽ വൊളന്റീയർമാർക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ.

ഇന്ത്യ ഏറ്റവും പ്രതീക്ഷ കൽപ്പിക്കുന്ന സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (കോവിഷീൽഡ്) മൂന്നാം ഘട്ട ട്രയലിൽ പങ്കെടുത്തവരിൽ ഒരാൾക്കു നാഡിവ്യൂഹ പ്രശ്നമുണ്ടായതു വാക്സീൻ മൂലമല്ലെന്നു കമ്പനിയും സർക്കാരും വിശദീകരിച്ചെങ്കിലും ഇതുസംബന്ധിച്ച വിവാദം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഈ പശ്ചാത്തലത്തിൽ വാക്സീന്റെ സുരക്ഷിതത്വം സംബന്ധിച്ച് അറിയേണ്ടതെല്ലാം വായിക്കാം. 

∙ പല ഘട്ടം കടന്നാലും 

മനുഷ്യരിൽ 3 ഘട്ടത്തിലായി നടക്കുന്ന വാക്സീൻ ട്രയലുകളിലും സുരക്ഷിതത്വം പരിശോധിക്കുന്നുണ്ട്. ഓരോ ഘട്ടത്തിലും ആളെണ്ണം കൂട്ടുന്നത് ഇതു കൂടി പരിഗണിച്ചാണ്. ഒന്നാം ഘട്ടത്തിൽ ആരോഗ്യവാന്മാരായ 100ൽ താഴെ ആളുകളെയാണ് ട്രയലിൽ ഉൾപ്പെടുത്തുക. മനുഷ്യരിൽ നടക്കുന്ന ഈ ആദ്യഘട്ട പരിശോധനയുടെ ലക്ഷ്യം വാക്സീന്റെ സുരക്ഷിതത്വമാണ്.

അടുത്ത ഘട്ടം 2എ, 2ബി എന്നിങ്ങനെ രണ്ടായി നടക്കും. ഇതിൽ ആദ്യത്തേത് നൂറുകണക്കിനു പേരിലേക്ക് നീളും. ഈ ഘട്ടത്തിൽ ആരോഗ്യവാന്മാരായ വൊളന്റീയർമാർക്കൊപ്പം  വാക്സീൻ പ്രധാനമായും ലക്ഷ്യമിടുന്നത് ആരെയാണോ അവരെക്കൂടി ഉൾപ്പെടുത്തും(ഉദാ: കോവിഡിന്റെ കാര്യത്തിൽ റിസ്ക് ഗ്രൂപ്പിൽ പെടുന്ന മുതിർന്നവരെ). എത്ര ഡോസാണ് നൽകേണ്ടതെന്ന തീരുമാനമാണ് ഈ ട്രയൽ ഘട്ടത്തിൽ പ്രധാനമെങ്കിലും സുരക്ഷിതത്വവും പരിശോധിക്കും. 2ബി, മൂന്നാം ഘട്ട ട്രയലുകളിൽ ആയിരക്കണക്കിന് ആളുകളെ പങ്കാളിയാക്കും.വാക്സീന്റെ ഫലപ്രാപ്തി, പ്രതിരോധശേഷി, സുരക്ഷിതത്വം എന്നിവ പൂർണമായും വിലയിരുത്തപ്പെടുന്നത് ഈ ഘട്ടത്തിലാണ്.

നിരന്തരം പരീക്ഷണത്തിനു വിധേയമായി രൂപപ്പെടുന്നതാണ് പുതിയ ചികിത്സയും പ്രതിരോധ മാർഗങ്ങളും. അതുകൊണ്ടു തന്നെ അവയ്ക്ക് റിസ്ക്ക് കൂടിയുണ്ടാകും. ഈ ട്രയലുകളിൽ പങ്കെടുക്കുന്നവർ ബഹുമാനിക്കപ്പെടണം. റിസ്ക് പരമാവധി കുറയ്ക്കാനുള്ള ശ്രമമാണ് ഗവേഷകർ നടത്തേണ്ടത്

ശേഷം അംഗീകാരം നേടിയാലും മരുന്നുകളെ പോലെ വാക്സീനുകളും അപൂർവമായെങ്കിലും വില്ലനാകും. എന്നാൽ, കാര്യമായ ‘റിസ്ക്ക്’ ഉള്ളതാണെന്നു തോന്നിയാൽ അവയ്ക്ക് അനുമതി നൽകാറില്ലെന്ന് ലോകാരോഗ്യ സംഘടനയുടേതടക്കം മാർഗരേഖകൾ വ്യക്തമാക്കുന്നു. 

1200-astrazeneca-vaccine

വിപരീതഫലം ഉണ്ടാകുമോ? 

ഏതു വാക്സീനും ചിലരിലെങ്കിലും ചെറിയ പ്രശ്നങ്ങളുണ്ടാക്കും. ചെറുപ്രായത്തിൽ വാക്സീനെടുത്തിട്ടുള്ളവർക്കെല്ലാം അത് ഓർമയിലുണ്ടാകും. കുത്തിവയ്ക്കുന്ന സ്ഥലങ്ങളിൽ ക്ഷീണം, തടിപ്പ്, കല്ലിപ്പ് എന്നിവയും പനി, തലവേദന എന്നിവ സാധാരണമാണ്. ചിലരിൽ പനി, തലവേദന, തളർച്ച, അസ്വാസ്ഥ്യം, സന്ധിവേദന, ഛർദി തുടങ്ങിയവയിൽ ചിലതും കണ്ടെന്നു വരാം.

എന്നാൽ, അവ ഒരു ദിവസത്തേക്കപ്പുറം നീണ്ട‌ുനിൽക്കില്ലെന്നതും ആശുപത്രി ചികിത്സ വേണ്ടിവരില്ലെന്നതും പരിഗണിച്ച് ഇവയെ നിസ്സാര പ്രശ്നങ്ങളായാണ് വിലയിരുത്തുന്നത്. എന്നാൽ, ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട അവസ്ഥയുണ്ടായാൽ ഗുരുതര വിപരീതഫലമായി പരിഗണിക്കേണ്ടി വരും. കടുത്ത തലച്ചുറ്റൽ, ഗുരുതര അലർജി എന്നിവ ഗുരുതര ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാവാം. എന്നാൽ, വാക്സീന്റെ പിഴവാണോ എന്നതിൽ തീരുമാനമെടുക്കുന്നത് എത്രപേർക്കു സമാനപ്രശ്നമുണ്ടായി എന്നതുൾപ്പെടെ പരിശോധിച്ചാണ്. 

(Photo By Giovanni Cancemi/ShutterStok)
(Photo By Giovanni Cancemi/ShutterStok)

വിപരീതഫലത്തിന് 5 കാരണങ്ങൾ

 1)വാക്സീനിലെ ഘടകവസ്തുക്കളുമായി ബന്ധപ്പെട്ട പിഴവ്(ഉദാ: റോട്ട വാക്സീൻ സ്വീകരിച്ച് ആദ്യ ആഴ്ചയിൽ ചിലയിടങ്ങളിൽ കുട്ടികൾക്ക് കുടൽമറിച്ചിലുണ്ടായത്)

 2)വാക്സീൻ ഗുണനിലവാരത്തിലെ പിഴവ് (ഉദാ: പോളിയോ ൈവറസുകളെ നിർദോഷകാരിയാക്കിയുള്ള–ഇനാക്ടിവേറ്റഡ്–വാക്സീൻ പൂർണമായും ഇനാക്ടിവേറ്റഡ് ആകാതിരുന്നതു മൂലം കുട്ടിക്കു പോളിയോ വന്നത്)

 3 വാക്സീൻ ലായനി മാറിപോകുന്നതടക്കം വാക്സീൻ നൽകുന്നതിൽ പാളിച്ച(ഉദാ: കുഞ്ഞുങ്ങളിൽ പക്ഷാഘാതം പോലും റിപ്പോർട്ട് ചെയ്യപ്പെ‌ട്ടത്)

 4) കുത്തിവയ്പ്പിനെ തുടർന്നുണ്ടാകുന്ന ആശങ്കയും അനുബന്ധ പ്രശ്നങ്ങളും(സ്കൂളിൽ കുട്ടികൾക്ക് കുത്തിവയ്പ്പെടുക്കുമ്പോൾ പേടിയുണ്ടാകുന്നതും തളർന്നുവീഴുന്നതുമായ പ്രശ്നങ്ങൾ)

5) യാദൃശ്ചികമായി സംഭവിക്കുന്നത്(ഉദാ: വാക്സീൻ സ്വീകരിച്ച കുട്ടിക്ക് പിന്നാലെ പനിയുണ്ടായത്, എന്നാൽ പരിശോധനയിൽ ഇതു ഡെങ്കിപ്പനിയാണെന്നു സ്ഥിരീകരിച്ചു).

∙ പ്രശ്നം കണ്ടാൽ 

വാക്സീന്റെ ട്രയൽഘട്ടത്തിൽ പിഴവ് വന്നാൽ വൊളന്റീയർക്ക് പരിചരണവും ആവശ്യമായ ചികിത്സയും ഗവേഷണം സ്പോൺസർ ചെയ്തിരിക്കുന്ന കമ്പനി നിർവഹിക്കണം. പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഇക്കാര്യം ‌അതാതിടത്തെ നൈതിക സമിതിയെ അറിയിക്കണം. ഇവരുടെ വിലയിരുത്തലിനു ശേഷം സ്പോൺസർ കമ്പനി നിയോഗിച്ച സ്വതന്ത്ര സുരക്ഷാ മേൽനോട്ട സമിതി പരിശോധിക്കും. ഇവരാണ് വാക്സീൻ കമ്പനിയേയും ഡ്രഗ്സ് കൺട്രോളറെയും വിപരീതഫലത്തെക്കുറിച്ച് അറിയിക്കുക. ഇവരുടെ റിപ്പോർട്ട് ഡ്രഗ്സ് കൺട്രോളർക്കു കീഴിലെ വിദഗ്ധ സമിതികൾ പരിശോധിക്കും. ഇത് വാക്സീന്റെ ഭാവിയിൽ നിർണായകമാകും. 

1200-oxford-vaccine-reserach
JOHN CAIRNS / UNIVERSITY OF OXFORD / AFP

∙ ജാഗ്രത തുടരും 

വാക്സീന് ഉപയോഗിക്കാൻ തുടങ്ങിയാലും  സുരക്ഷിതത്വം സംബന്ധിച്ച നിരീക്ഷണം തുടരും. ഇതിനായി, അംഗീകാരം നൽകുന്ന വാക്സീനുകൾക്കു നാലാം ഘട്ട നീരീക്ഷണവും പഠനവും നിർബന്ധമാക്കും. അംഗീകാരത്തിനു ശേഷമുള്ള നിരീക്ഷണമാണിത്. മൂന്നു ഘട്ട ‌ട്രയലിനു ശേഷമാണ് സാധാരണ വാക്സീനുകൾക്ക് അംഗീകാരമെങ്കിലും കോവിഡ് വാക്സീന്റെ കാര്യത്തിൽ നാലാം ഘട്ട പഠനം നിർബന്ധമാക്കും. വിപണിയിലെത്തുന്ന മരുന്നുകളുടെയും വാക്സീനുകളുടെയും നിരീക്ഷണത്തിനുള്ള പോസ്റ്റ് മാർക്കറ്റിങ് സർവയലൻസ്(പിഎംഎസ്) അടക്കം നാലാം ഘട്ടത്തിന്റെ ഭാഗമാണ്. വർഷങ്ങൾ നീളുന്ന സാധാരണ വാക്സീൻ ഗവേഷണം, കോവിഡിന്റെ കാര്യത്തിൽ 10 മാസത്തിനുള്ളിൽ പൂർത്തിയാക്കിയെന്നതു പരിഗണിക്കുമ്പോൾ വിശേഷിച്ചും. 

English Summary: Covid-19: What side effects to expect from a vaccine shot? Will it be more painful than flu vaccine?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com